നല്ലൊരു ഭാവി തേടിയാണ് ഫിന്നിഷ് പൗരനായ യൂഹ പനൂല, 1893ല്‍, തന്‍റെ ജന്മദേശമായ ലിഹാര്‍മയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്.
വിവാഹിതരായ ഉടനെ തന്നെ ഭാര്യയേയും, പറക്കമുറ്റാത്ത കുഞ്ഞിനേയും കൊണ്ടാണ്, ഫിന്‍ലന്‍ഡില്‍ നിന്ന് തീവണ്ടി കയറി ലണ്ടനിലേക്കും, അവിടന്ന് കപ്പലില്‍ ന്യൂയോര്‍ക്കിലേക്കും യൂഹ എത്തുന്നത്.
ദാരിദ്ര്യത്തിന്‍റെ പിടിയില്‍ നിന്ന് തല്ക്കാലം രക്ഷപ്പെട്ടെങ്കിലും, ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പിന്നെയും ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടി വന്നു. അങ്ങിനെ 1910ലാണ് അവര്‍ക്ക് സ്വന്തമായി മിഷിഗണില്‍ ഒരു വീടായത്. അപ്പോഴേക്കും, അമേരിക്കയിലെ ജീവിതത്തോടുള്ള ഇഷ്ടക്കുറവ് കൊണ്ടോ, അവിടെ വച്ച് ജനിച്ച ബാക്കി ഏഴ് കുട്ടികളെയും തന്‍റെ മാതാപിതാക്കളെ കാണിക്കണമെന്ന ആഗ്രഹം കൊണ്ടോ, മരിയ, അവരെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.
പിന്നീട് രണ്ട് വര്‍ഷത്തോളം നീണ്ട കത്തിടപാടുകള്‍ക്ക് ശേഷമാണ്, അവര്‍, യൂഹയുടെ ആഗ്രഹപ്രകാരം, എല്ലാ ഫിന്നിഷ് വേരുകളും മുറിച്ച് അമേരിക്കയിലേക്ക് തിരികെവരാന്‍ തയ്യാറായത്.
അങ്ങിനെ നാട്ടിലെ വീടും, ഫാമും ഒക്കെ കിട്ടിയ വിലയ്ക്ക് വിറ്റ്, മരിയയും കുട്ടികളും ലണ്ടനിലേക്ക് വണ്ടികയറി. അവരുടെ കൂടെ അയല്‍ക്കാരടക്കം, അമേരിക്കയിലേക്ക് കുടിയേറാന്‍, നിരവധി ഫിന്നിഷ് പൗരന്മാരും വേറെയുണ്ടായിരുന്നു.
കഷ്ടകാലമെന്നല്ലാതെ എന്ത് പറയാന്‍. യാത്രയ്ക്കിടെ, നടുക്കടലില്‍ വച്ച് അവരുടെ കപ്പല്‍ അപകടത്തില്‍ പെട്ടു.
അപ്പോള്‍ മരിയയുടെ കൂടെ ആകെയുണ്ടായിരുന്നത് ഇളയ രണ്ട് കുട്ടികള്‍ മാത്രം. ബാക്കിയുള്ളവര്‍ക്ക് മുറി കിട്ടിയത്, കപ്പലിലെ വേറെ വേറെ ഇടങ്ങളില്‍.
രാത്രിയിലെ മരംകോച്ചുന്ന തണുപ്പും, ഇരച്ചുകയറുന്ന വെള്ളവും, കൂരിരുട്ടും വകവയ്ക്കാതെ, മരിയ, ആ രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ചുകൊണ്ട് ബാക്കിയുള്ളവരെയും തേടി കപ്പലാകെ അലഞ്ഞു. ഒടുവില്‍ അവരെ കണ്ടെത്തിയപ്പോഴേക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ പകുതിവഴി പിന്നിട്ടിരുന്നു, ലൈഫ്ബോട്ടുകളുടെ പകുതിയിലധികവും നിറഞ്ഞ് കവിഞ്ഞു.
ഡെക്കിലൂടെ തന്‍റെ ഏഴ് മക്കളെയും കൊണ്ട് (ഒരാള്‍ നാട്ടില്‍ വച്ച് മുങ്ങി മരിച്ചിരുന്നു) ഓടിനടന്ന മരിയ, ഒടുക്കം, അധികം തിരക്കില്ലാത്ത ഒരു ബോട്ട് കണ്ടെത്തിയെങ്കിലും, മരിയയ്ക്കും, ഇളയ രണ്ടുപേര്‍ക്കും മാത്രമായിരുന്നു അതില്‍ സ്ഥാനം കിട്ടിയത്. അല്പം മുതിര്‍ന്നവരായതിനാല്‍, മറ്റു കുട്ടികള്‍, അടുത്ത ബോട്ട് ഒഴിയുന്നത് വരെ കാത്തിരിക്കണം.
മരിയ സമ്മതിച്ചില്ല. രക്ഷപ്പെടുന്നെങ്കില്‍ ഒരുമിച്ച്, അതല്ലാ മരണമാണെങ്കില്‍ അതും ഒരുമിച്ച്.
അയല്‍ക്കാരടക്കം കൂടെ വന്നവരില്‍ പലരും രക്ഷപ്പെടുന്നതും നോക്കി, മരിയയും കുട്ടികളും ആ ഡെക്കില്‍ത്തന്നെ നിന്നു. കൈകള്‍ പരസ്പരം ചേര്‍ത്ത് പിടിച്ച്, അവസാനം വരെ, ഏതെങ്കിലും ഒരു ബോട്ടില്‍, തങ്ങള്‍ക്കും അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍.
ഈ വാര്‍ത്തകള്‍ ഒന്നുമറിയാതെ, അങ്ങ് അമേരിക്കയില്‍ തന്‍റെ കുടുംബത്തെയും കാത്തിരിക്കുകയായിരുന്നു യൂഹാ.
ന്യൂയോര്‍ക്കില്‍ കപ്പലിറങ്ങിയാല്‍ ഉടന്‍ അവരുടെ ടെലിഗ്രാം വരുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ തള്ളിനീക്കിയ ആ മനുഷ്യന്‍റെ മുന്നിലേക്ക്, കപ്പലപകടത്തില്‍ മരണപ്പെട്ട ഫിന്നിഷ് പൗരന്മാരുടെ പേരുകള്‍ അടങ്ങിയ ഒരു ലിസ്റ്റ് ആണ് എത്തിയത്.
വേദനയോടെ യൂഹാ മനസിലാക്കി, തന്‍റെ കുടുംബം മുഴുവനായി അറ്റ്‌ലാന്‍റിക്കിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയിരിക്കുന്നു. അവര്‍ കയറിയ ടൈറ്റാനിക്ക് എന്ന ആവിക്കപ്പലിനോടൊപ്പം.
ടൈറ്റാനിക്ക് അപകടത്തില്‍പ്പെട്ട വാര്‍ത്ത യൂഹാ നേരത്തെ അറിഞ്ഞിരുന്നെങ്കിലും, മരിയയും കുട്ടികളും അതിലാണ് കയറിയതെന്ന് ആള്‍ക്ക് അറിയില്ലായിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷം യൂഹായെ തേടിയെത്തിയ, മരിയയുടെ കൂടെയുണ്ടായിരുന്ന അയല്‍ക്കാരി പറഞ്ഞു.
'താന്‍ അവസാനമായി കാണുമ്പോള്‍; ഫിന്‍ലന്‍ഡില്‍ വച്ച് ഒരു കുഞ്ഞ് മുങ്ങിമരിച്ചത് പോലെ, തന്‍റെ എല്ലാ മക്കളും ഇവിടെ മുങ്ങിമരിക്കുമല്ലോ എന്നും പറഞ്ഞ് ഏങ്ങലടിച്ച് കരയുകയായിരുന്നു മരിയ.'
ഈ സമയം, ആ അയല്‍ക്കാരി കയറിയ ലൈഫ്ബോട്ട്, വെള്ളത്തിലേക്ക് ഇറക്കുകയായിരുന്നു.
മരിയയും കുട്ടികളും കണ്ണില്‍ നിന്ന് മറയുന്ന നേരം അവര്‍ അവസാനമായി കേട്ടത്, കരയുന്ന അമ്മയെ സമാധാനിപ്പിച്ച് കൊണ്ടുള്ള മൂത്ത കുട്ടികളുടെ വാക്കുകള്‍ ആയിരുന്നു.
"അമ്മ വിഷമിക്കണ്ട, നമ്മള്‍ എന്തായാലും ഇപ്പോള്‍ ഒരുമിച്ചല്ലേ. നമുക്ക് ഒരുമിച്ച് തന്നെ മരിക്കാം."
മരിയയുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്നേവരെ കണ്ടെത്തിയിട്ടില്ല. ടൈറ്റാനിക്ക് ദുരന്തത്തില്‍ മരണപ്പെട്ട മറ്റനേകം ആത്മാക്കളോടൊപ്പം, അവരും അറ്റ്‌ലാന്‍റിക്കിന്‍റെ ആഴങ്ങളില്‍ ഉറങ്ങുന്നുണ്ടാകും.
by Ares Gautham
അമേരിക്കയില്‍ വച്ച് എടുത്ത അവരുടെ പഴയ ഒരു കുടുംബ ചിത്രമാണ്. പഴക്കം കാരണം restore ചെയ്യപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നത്.