ഭൂമിയില്‍ ജീവിക്കുന്ന ജീവികളില്‍ ഏറ്റവും വിചിത്രമായ പ്രത്യേകതകള്‍ ഉള്ള ഒരു ജീവിയാണ് എക്കിട്ന -Echidna-. കാഴ്ചയില്‍ ഉറുമ്പ്തീനിയെ പോലെയോ മുള്ളന്‍ പന്നിയെപ്പോലെയോ തോന്നുന്ന ഇവ തികച്ചും വ്യത്യസ്തമായ ഒരു ജീവി വര്‍ഗ്ഗത്തിന്‍റെ പ്രതിനിധികള്‍ ആണ് !! നീളമുള്ള -കുഴല്‍ രൂപത്തിലുള്ള -മുഖവും, കൂര്‍ത്ത നഖങ്ങളും ശരീരം മുഴുവന്‍ പൊതിഞ്ഞു നില്‍ക്കുന്ന കൂര്‍ത്ത മുള്ളുകളും ഉള്ള ഇവ കാഴ്ചയില്‍ മുള്ളന്‍പന്നിയെ അനുസ്മരിപ്പിക്കുന്നു. ഉറുമ്പുകളും ചിതലുകളും ആണ് ഇവയുടെ പ്രധാന ആഹാരം..
എന്താണ് എക്കിട്നയുടെ ഏറ്റവും വലിയ പ്രത്യേകത !! ഇവ ഒരേ സമയം പക്ഷികളെ/ഉരഗങ്ങളെ പോലെ മുട്ടയിടുകയും, സസ്തനികളെ പോലെ കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്നു!!
ഇവ എവിടെയാണ് ഉള്ളത് ? ഓസ്ട്രേലിയയിലും പാപ്പുവ ന്യൂ ഗിനിയ ദ്വീപുകളിലും ആണ് ഇവ കാണപ്പെടുന്നത്. നീളം കുറഞ്ഞ കാലുകളില്‍ ഉള്ള ബലമേറിയ നഖങ്ങള്‍ ഉപയോഗിച്ച് ഇവ ഉറുമ്പ്കളെയും ചിതലുകളെയും കണ്ടുപിടിക്കുകയും, നീളമുള്ള - പശയുള്ള നാക്കുപയോഗിച്ചു ശാപ്പിടുകയും ചെയ്യുന്നു.,
പ്രതുല്‍പ്പാദന കാലത്ത് പെണ്‍ എക്കിട്നയുടെ ഉദരഭാഗത്ത് ഒരു സഞ്ചി രൂപപ്പെടുകയും മുട്ടകള്‍ അതിലേക്ക് നിക്ഷേപിക്കപെടുകയും ചെയ്യുന്നു. മുട്ടകള്‍ സഞ്ചിക്കുള്ളില്‍ വച്ച് വിരിയുകയും അത്യാവശ്യം വളര്‍ച്ച ആകുന്നതുവരെ കുഞ്ഞുങ്ങളെ സഞ്ചിക്കുള്ളില്‍ തന്നെ വളര്‍ത്തുകയും ചെയ്യുന്നു ..