ഇപ്പോൾ ഫുട്ബോൾ ലോകകപ്പ് വിജയികൾക്ക് സമ്മാനമായി നല്കുനന്നത് ഫിഫ വേൾഡ് കപ്പ് എന്ന ട്രോഫിയാണ് .1974 മുതലാണ് ആറു കിലോ സ്വർണത്തിൽ നിർമിച്ച ഈ കപ്പ് ഫുട്ബോൾ ലോകകപ്പിന്റെ പ്രതീകമായത് .
.
1974 നുമുന്പ് മറ്റൊരു ട്രോഫിയാണ് ഫുട്ട്ബോൾ ലോക കപ്പ് വിജയികൾക്ക് സമാനമായി നൽകിയിരുന്നത് .ഫിഫയുടെ മൂന്നാം പ്രെസിഡന്റായ യുൾ റിമെ ( Jules Rimet ) യുടെ കാലത്താണ് ഫുടബോളിന് ഒരു ലോകകപ്പ് എന്ന ആശയം ഉടലെടുത്തത് .അദ്ദേഹത്തിന്റെ കാർമികത്വത്തിലാണ് ആദ്യ ലോകകപ്പ് ഫുട്ട്ബോൾ 1930 ൽ ഉറുഗ്വേയിൽ വച്ച് നടത്തപ്പെട്ടത് .
.
ഫ്രഞ്ച് ശില്പിയായ ആബേൽ ലാഫ്‌ളെയർ ( Abel Lafleur ) ആണ് ആദ്യ ലോകകപ്പിന്റെ നിർമാതാവ് . വെള്ളിയിൽ നിർമിച്ചു സ്വർണം പൂശിയതായിരുന്നു മൂന്ന് കിലോഗ്രാമിലേറെ ഭാരമുള്ള ആദ്യ ലോകകപ്പ് . ഗ്രീക്ക് വിജയ ദേവതയായ നെക്കി ( Nike ) യുടെ സങ്കല്പ ത്തിലാണ് കപ്പ് നിർമിച്ചത് . ആദ്യകാലങ്ങളിൽ ''ലോക കപ്പ് '' എന്ന് വിളിക്കപ്പെട്ടിരുന്ന ഈ ട്രോഫി ,പിന്നീട് യുൾ റിമെ യുടെ ബഹുമാനാർത്ഥം യുൾ റിമെ ലോക കപ്പ് എന്നറിയപ്പെടാൻ തുടങ്ങി . 1938 ൽ ഇറ്റലി ആണ് ലോകകപ്പ് ജേതാക്കളായത് . തൊട്ടടുത്തവര്ഷം തന്നെ രണ്ടാം ലോകമഹായുദ്ധവും പൊട്ടിപ്പുറപ്പെട്ടു .ആ കാലത്ത് ഒരു ഇറ്റാലിയൻ ഉദ്യോഗസ്ഥൻ ഈ ട്രോഫി നാസികളുടെ പിടിയിലകപ്പെടാതെ ഒളിപ്പിച്ചു സംരക്ഷിച്ചു .
.
1966 ലോകകപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് ഈ ട്രോഫി മോഷണം പോയി . ഭാഗ്യ വശാൽ തിരികെ ലഭിച്ചുവെങ്കിലും ,യഥാർത്ഥ ട്രോഫിയുടെ പ്രതിരൂപം ഉണ്ടാക്കി വിജയികൾക്ക് സമ്മാനിക്കുന്ന പതിവിനു തുടക്കമിടാൻ ആ സംഭവം കാരണമായി .മൂന്ന് തവണ ലോകകപ്പ് ജയിക്കുന്ന രാജ്യത്തിന് ഒറിജിനൽ ട്രോഫി എന്നെന്നേക്കുമായി
സമ്മാനിക്കണം എന്നായിരുന്നു യുൾ റിമേയുടെ നിർദേശം അതിനാൽ തന്നെ 1970 ൽ ബ്രസീൽ മൂന്നാം തവണ ഫൂട്ട് ബോൾ ലോകകപ്പ് ജയിച്ചപ്പോൾ യുൾ റിമെ കപ്പ് ബ്രസീലിന്റെ സ്വത്തായി മാറി . അടുത്ത ലോകകപ്പ് മുതൽ വിജയികൾക്ക് സമ്മാനിക്കാനായി ഫിഫ നിർമിച്ച കപ്പാണ് ഇപ്പോൾ ലോകകപ്പ് വിജയികൾക്ക് സമ്മാനിക്കുന്നത് . ഈ കപ്പ് ഫിഫ നിയമാവലി പ്രകാരം ഒരിക്കലും ഒരു രാജ്യത്തിന്റെ സ്വത്തായി മാറില്ല .
.
1983 ൽ ബ്രസീലിൽ സൂക്ഷിച്ചിരുന്ന ഒറിജിനൽ യുൾ റിമെ കപ്പ് വീണ്ടും മോഷണം പോയി . ഇത്തവണ അത് തിരികെ വന്നില്ല . കള്ളന്മാർ മോഷ്ടിച്ച ഉടനെ അതുരുക്കി സ്വർണവും വെള്ളിയും വേർതിരിച്ചു കച്ചവടമാക്കി എന്നാണ് കരുതപ്പെടുന്നത് . മോഷണം പോയ കപ്പിന്റെ ഒരു പ്രതിരൂപം സ്വർണത്തിലുണ്ടാക്കി സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ .
--
ചിത്രങ്ങൾ : യുൾ റിമെ കപ്പ് , യുൾ റിമെ ,നിലവിലെ ഫിഫ ലോക കപ്പ് : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ് .