വീട്ടിലും പറമ്പിലുമെല്ലാം മൂളിപ്പാറി നടക്കുന്ന കടന്നലുകളെ കണ്ടിട്ടില്ലേ. തങ്ങളുടെ ജൈവ ശ്രേണിയിലെ ഇരപിടിയൻമാരായ കൊലയാളികളാണ്ഇ വരെന്ന് നിങ്ങൾക്ക് അറിയാമോ? കൊലയാളികൾ മാത്രമല്ല, ജീവികളുടെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തി, അവയുടെ സ്വയം പ്രവർത്തിക്കാൻ ഉള്ള ശേഷി നശിപ്പിച്ച് സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന തരം അഡ്വാൻസ്‌ഡ് ഭീകരന്മാരാണ് ഇവർ. എങ്ങനെയാണെന്നല്ലേ.
ഒരു ഇരയെ കണ്ടുപിടിച്ച ശേഷം അവയുടെ ഉള്ളിൽ മുട്ടയിട്ട് വിരിയിക്കുന്നതാണ് ചില കടന്നലുകളുടെ രീതി. മുട്ട ഇട്ട ശേഷം ഇരയെ കൊല്ലാതെ ജീവനോടെ വിടുന്നു. പിന്നീട് ഇര തിന്നുന്ന ഭക്ഷണം കട്ടുതിന്ന് ലാർവ്വ വളരുന്നു. ചില സന്ദർഭങ്ങളിൽ, ഇരയെ ഉള്ളിൽ നിന്ന് കാർന്നു തിന്ന് ലാർവ്വ വളരും. രണ്ടായാലും കടന്നൽ മുട്ടയിട്ടാൽ, ആ പ്രാണിയുടെ കാര്യത്തിൽ ഒരു തീരുമാനമാകും. ചില തരം കടന്നലുകൾ തങ്ങളുടെ എതിരാളികളുടെ മുട്ടകൾ കൂട്ടി വച്ചിരിക്കുന്ന സ്ഥലത്തു പോയി മുട്ടയിടും. എതിരാളിയുടെ മുട്ടകൾ തിന്ന് കടന്നൽ കുട്ടി വളരും. ശത്രുക്കളെ മുളയിലേ നുള്ളി കളയാനുള്ള ഒരു എളുപ്പ മാർഗ്ഗം!
പക്ഷേ, ക്രൂരതയുടേയും അവിശ്വസനീയതയുടേയും കാര്യത്തിൽ മരതകക്കടന്നലുകൾ എന്ന എമറാൾഡ് ജുവൽ കടന്നലുകളെ ആർക്കും തോല്പിക്കാൻ കഴിയില്ല. ഇസ്രായേലിലെ ബെൻ ഗുരിയോൻ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ ഈ സ്വഭാവം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മുട്ടയിടാൻ തയ്യാറെടുക്കുന്ന കടന്നൽ ആദ്യമായി ഒരു പാറ്റയെ കണ്ടുപിടിക്കും. തന്റെ ലാർവ്വയ്ക്ക് ഭക്ഷണമാക്കാൻ ആണ് ഇത്.
തന്നെക്കാൾ നാലിരട്ടി വരുന്ന പാറ്റയെ ഒരൊറ്റ കുത്തിൽ താഴെ വീഴ്ത്തും. പിന്നീടാണ് അദ്ഭുതകരമായ ഒരു ശസ്ത്രക്രിയ ഇവിടെ നടക്കുന്നത്. തന്റെ നീളൻ കൊമ്പുകൊണ്ട് വളരെ കൃത്യമായി, പാറ്റയുടെ തലച്ചോറിലേക്ക്ഡോ പ്പാമിൻ വരുന്ന ഭാഗം മരതകക്കടന്നൽ അറുത്തു മാറ്റും. സ്വയം പ്രവർത്തിക്കാനുള്ള പാറ്റയുടെ ശേഷി ഇതോടെ നഷ്ടപ്പെടും. ഇതിനു ശേഷം മൂക്കുകയർ ഇട്ട് പശുവിനെ തെളിക്കും പോലെ, കടന്നൽ ഈ ജീവനുള്ള പാറ്റ റോബോട്ടിനെ സ്വന്തം കൂട്ടിലേയ്‌ക്ക് കൊണ്ടുവരും. ശേഷം, അതിന്റെ ശരീരത്തിൽ മുട്ടയിടും. ജീവനുള്ള, എന്നാൽ സ്വയം ചലന ശേഷി നഷ്ടമായ പാറ്റയുടെ ഉൾഭാഗം തുരന്ന് ലാർവ്വ വളരും. ഒടുവിൽ, നരസിംഹം തൂണു പിളർന്ന് വരുന്നത് പോലെ, പൂർണ്ണ വളർച്ചയെത്തിയ കടന്നൽ പാറ്റയുടെ ശരീരം തുളച്ച് പുറത്തേക്ക് വരും.
കടന്നൽ ലാർവ്വയ്ക്ക് മാത്രമാണ് പൊതുവേ ഖരപദാർഥങ്ങൾ കഴിക്കാനുള്ള കഴിവ് ഉളളത്. മുതിർന്ന കടന്നലുകൾ പൂമ്പൊടിയും മറ്റുമാണ്ക ഴിക്കാറുള്ളത്. അതുകൊണ്ട്, ഒരു കടന്നൽ പാറ്റയെയോ പുഴുവിനെയോ പ്രാണികളെയോ പിടിക്കുന്നത് കണ്ടാൽ ഉറപ്പിക്കാം, അത് ലാർവ്വക്കുഞ്ഞിനുള്ള തീറ്റയാണെന്ന്.
ജാപ്പനീസ് ഹോർണെറ്റ് എന്ന് അറിയപ്പെടുന്ന 5 സെന്റീമീറ്റർ വലിപ്പമുള്ള ഭീകരൻ, തൊട്ടടുത്ത തേനീച്ചക്കോളനി കണ്ടു പിടിച്ച് തേനീച്ചകളെയെല്ലാം ഒന്നൊന്നായി കൊന്നു തള്ളും. പത്ത് കടന്നലുകൾക്ക് പതിനായിരം തേനീച്ചകളെ കൊല്ലാൻ വെറും മൂന്നു മണിക്കൂർ മതിയാകും. ഒരു കോളനിയിലെ താമസക്കാരെ മൊത്തം വംശഹത്യ നടത്തുന്നത് അവരുടെ മാംസം കഴിക്കാനല്ല. കൊന്നു തള്ളിയ തേനീച്ചകളുടെ കൂമ്പാരത്തിന്മു കളിലൂടെ കൂട്ടിൽ കേറി തേനീച്ചയുടെ ലാർവ്വക്കുഞ്ഞുങ്ങളെ വേട്ടയാടാനാണ്.
ഇതിലൊരു പങ്ക് കടന്നൽ ലാർവ്വകൾക്കും ലഭിക്കും. പതിനായിരക്കണക്കിന് തരത്തിലെ കടന്നലുകളെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. പല വലിപ്പത്തിലും, പല നിറങ്ങളിലും, പല സ്വഭാവങ്ങളിലും നമുക്ക് അവയെ കാണാൻ സാധിക്കും. ഇടുങ്ങിയ വയർ ഭാഗമാണ് ഈ പടച്ചട്ടയിട്ട പോരാളികളെ വ്യത്യസ്തരാക്കുന്നത്.