ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ്, എന്തിന് ഗാന്ധി ഇന്ത്യയിലേക്ക് തിരികെ എത്തുന്നതിന് മുമ്പ് പ്രകാശിക്കാന്‍ തുടങ്ങിയതാണ് ഈ ബള്‍ബ് മുത്തശ്ശി, കൃത്യമായി പറഞ്ഞാല്‍ 113 വര്‍ഷങ്ങള്‍ക്ക് മുമ്പ്. അതായത് 1901 ല്‍. കാലിഫൊര്‍ണിയയിലെ എല്‍ തെരുവിലെ ലിവറൂമിലെ ആറാം നമ്പര്‍ ഫയര്‍ സ്റ്റേഷനിലാണ് ഈ ബള്‍ബ് മുത്തശ്ശി ഒരു നൂറ്റാണ്ടിലേറയായി ചിരിച്ചു നില്ക്കുന്നത്
രാത്രികാലങ്ങളിലെ സര്‍വീസുകള്‍ക്ക് വേണ്ടി വെളളം നിറയ്ക്കാനും മറ്റുമുളള സൗകര്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് അന്നത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രയോഗത്തിലാക്കിയത്. അഡോള്‍ഫ് എ. ചായ്‌ലെറ്റ് കണ്ടുപിടിച്ച ബള്‍ബ് ഷെല്ലി ബി ഇലക്ട്രിക്കല്‍ കമ്പനിയില്‍ നിന്നായിരുന്നു വാങ്ങിയത്. കാര്‍ബണ്‍ ഫിലേെമെന്റാടുകൂടിയ ബള്‍ബിന് 10 വാട്ടോ അധിലധികമോ പ്രകാശം ചൊരിയാനുളള കഴിവുണ്ട്.
സ്ഥാപിച്ച കാലം മുതല്‍ ഓഫു ചെയ്യാത്ത ബള്‍ബ് 40,150 ദിവസം തുടര്‍ച്ചയായി കത്തിക്കാണുമെന്നാണ് കണക്കാക്കുന്നത്! ഇതിനിടെ പവര്‍ കട്ടും നവീകരണ പ്രവര്‍ത്തനങ്ങളുമൊക്കെയായി കൂടിവന്നാല്‍ ഏഴ് മണിക്കൂര്‍ മാത്രമായിരിക്കും ഈ ബള്‍ബ് അണഞ്ഞു കിടന്നത്! ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രകാശിച്ച ബള്‍ബ് എന്ന നിലയില്‍ ഗിന്നസ് റിക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട് ഈ പ്രകാശിക്കുന്ന സുന്ദരി.
ഈ പ്രകാശം ഒരിക്കലും നിലക്കരുതെന്നാണ് അധികൃതരുടെ ആഗ്രഹം. അതിനായി അവര്‍ തികച്ചും ജാഗരൂകരാണ്. നേരത്തെ രണ്ടോ മൂന്നോ തവണ ഓഫീസ് മാറിയിട്ടുളള സുന്ദരി ബള്‍ബിനെ നാല് വര്‍ഷം മുന്‍പാണ് അവസാനമായി സ്ഥലം മാറ്റിയത്. നഗരത്തിലെ മുഖ്യ ഇലക്ട്രീഷ്യന്‍ വന്നാണ് ബള്‍ബ് അഴിച്ചെടുത്തത്. പ്രത്യേകം തയ്യാറാക്കിയ പെട്ടിക്കുളളില്‍ വച്ച് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും അകമ്പടിയോടെയായിരുന്നു ഈസ്റ്റ് അവന്യുവിലെ ഓഫീസിലേക്കുളള ആ സ്ഥലം മാറ്റം..! രണ്ടര മിനിറ്റിനുളളില്‍ പുതിയ ഓഫീസില്‍ വീണ്ടും പ്രകാശിച്ചു തുടങ്ങിയ ചരിത്രയാത്ര ഇപ്പോഴും തുടരുന്നു.