(1) കണ്ണില്‍ കാണുന്നവയിലെല്ലാം ശുദ്ധാശുദ്ധങ്ങളും ഗുണദോഷങ്ങളും കല്‍പ്പിച്ച് 'ശാസ്ത്രം വിശാലമാക്കുക'എന്നത് കൊപേ ശാസ്ത്രങ്ങളുടെ പൊതുസ്വഭാവമാണ്. മനുഷ്യാലയ ചന്ദ്രികയില്‍ വീടിനും ചുറ്റുമുള്ള വൃക്ഷങ്ങളെ സംബന്ധിച്ച് ചില കൊപേ സമവാക്യങ്ങളുണ്ട്. വീടിനു തൊട്ടടുത്തു മരങ്ങള്‍ പാടില്ല. വീടിന്റെ ഉയരത്തിന്റെ അത്രയും ദൂരത്തില്‍ മാത്രമേ മരങ്ങള്‍ നട്ടുവളര്‍ത്താവൂ. അന്തഃസാരം, ബഹിസ്സാരം, സര്‍വസാരം, നിസ്സാരം എന്നിങ്ങനെ മരം നാലുതരമുണ്ട്. ഇവയില്‍ കാതല്‍ മാത്രമേ ഉപയോഗിക്കാവൂ. തൂണ്‍, കട്ടിളക്കാല്‍ എന്നിവ മരം നില്‍ക്കുന്ന പ്രകാരത്തില്‍ അഗ്രം മേല്‍പ്പോട്ടായിത്തന്നെ നില്‍ക്കണം. ഒരു ഗൃഹത്തിന് കഴിയുന്നത്ര ഒരേയിനം മരംതന്നെ ഉപയോഗിക്കണം.
(2) വീടിന്റെ മുന്‍ഭാഗം ഒഴികെ മറ്റു ഭാഗങ്ങളില്‍ വെറ്റിലക്കൊടി വെച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. വീട്ടുവളപ്പില്‍ മുള്ളുള്ള വൃക്ഷങ്ങള്‍ വന്നാല്‍ അതു ശത്രുതയ്ക്ക് ഹേതുവാകും. പാലുള്ള വൃക്ഷങ്ങള്‍ ധനനാശത്തിനു കാരണമാകും. അരയാല്‍ വീടിന്റെ പടിഞ്ഞാറ് ഭാഗത്തു മാത്രമേ വരാവൂ. ഇത്തി വടക്കും പേരാല്‍ കിഴക്കും അത്തി തെക്കും വരണം..........മനുഷ്യാലയചന്
(3) ഈ നിയമങ്ങളൊക്കെ എത്രമാത്രം പ്രായോഗികമാണെന്ന് ചിന്തിക്കുക. വാസ്തുമണ്ഡലത്തിനുള്ളില്‍ കറിവേപ്പോ ചെടികളോ വരാന്‍ പാടില്ല. വീടിന്റെ ഉയരം കണക്കാക്കി അത്രയും ദൂരത്തില്‍ മാത്രമേ മരങ്ങള്‍ വരാവൂ എന്നു പറയുമ്പോള്‍ രണ്ടു നില കെട്ടിടമുള്ള ഒരാള്‍ക്ക് കുറഞ്ഞത് 8-10 മീറ്റര്‍ അകലത്തേ മരം വെച്ചു പിടിപ്പിക്കാവൂ. ഇത്രയും ഭൂമിയുള്ളവര്‍ വൃക്ഷത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നു സാരം. മനുഷ്യാലയചന്ദ്രിക എഴുതപ്പെട്ട കാലത്തു ഉണ്ടായിരുന്ന വൃക്ഷങ്ങള്‍ മാത്രമേ നിയമപരിധിയില്‍ വരുന്നുള്ളൂ എന്നൊരു ആശ്വാസമുണ്ട്. ബാക്കിയൊക്കെ എവിടെ വെച്ചു പിടിപ്പിക്കാം എന്നതിനെക്കുറിച്ച് വാസ്തുക്കാരന്‍ പ്രശ്‌നംവെച്ചു പറയും!
(4) കേരളത്തില്‍ തെങ്ങ് സാധാരണ എല്ലാ ദിക്കിലും വളരുന്ന വൃക്ഷമാണ്. വാസ്തുശാസ്ത്രമനുസരിച്ച് പടിഞ്ഞാറു മാത്രമേ തെങ്ങു വരാവൂ. തെങ്ങിന്‍തോപ്പില്‍ വീടുവെക്കുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. എത്ര തെങ്ങുകള്‍ വെട്ടേണ്ടി വരും? വീടിനു ചുറ്റും കുലച്ചു നില്‍ക്കുന്ന തെങ്ങുകള്‍ ഐശ്വര്യമായി കാണുന്ന ആധുനിക മലയാളിക്ക് ഇതിന്റെ പിന്നിലെ ശാസ്ത്രം ദഹിക്കാന്‍ ഇത്തിരി പ്രയാസമായിരിക്കും.
(5) ഏതെങ്കിലും വിഷയത്തില്‍ രണ്ടു വാസ്തുക്കാര്‍ ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ഭീഷണിക്കായിരിക്കും വിശ്വാസിയുടെ മനസ്സ് പൊതുവെ പ്രാധാന്യം കൊടുക്കുക. സ്വഭാവികമായും തെങ്ങിന്റെ കാര്യത്തില്‍ വാസ്തുക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ളതിനാല്‍ വാസ്തുവിശ്വാസികള്‍ പടിഞ്ഞാറു ഭാഗത്തു ഒഴികെയുള്ള തെങ്ങുകള്‍ നശിപ്പിച്ചിരിക്കും.
(6) മരങ്ങള്‍ മുറിച്ചു മാറ്റുന്നത് ആചാരപരമായിരിക്കണമെന്ന് വാസ്തുശാസ്ത്രം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.
(7) പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉത്തമദൃഷ്ടാന്തമായി ഈ അനുവാദം ചോദിക്കല്‍ ചടങ്ങ് ഉയര്‍ത്തിക്കാട്ടാറുണ്ട്. ബലിമൃഗത്തോട് അനുവാദം ചോദിക്കുക എന്നത് ഒരു മതനിയമമാണ്. ബലിമൃഗം നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന വാഗ്ദാനവുമുണ്ട്. അങ്ങനെയെങ്കില്‍ വിശ്വാസികള്‍ എന്തുകൊണ്ട് സ്വന്തം പിതാവിനെ ബലി നല്‍കി അവരെ നേരിട്ടു സ്വര്‍ഗ്ഗത്ത് എത്തിക്കുന്നില്ല എന്ന ചോദ്യം ചാര്‍വാകന്‍മാരെകൊണ്ട് ചോദിപ്പിച്ചത് ഈ വ്യാഖ്യാനമാണ്.
(8) അറവു മൃഗത്തോട് സമ്മതം ചോദിച്ച് ബിസ്മി ചൊല്ലി അറുത്ത മാംസം മാത്രമേ ഇസ്ലാം ഉത്തമം ആയി കാണുന്നുള്ളൂ. അറവുമൃഗത്തിന്റെ തലയിലും ചെവിയിലും കുറച്ചു വെള്ളം തളിച്ച് ഏതാനും മതവാചകങ്ങള്‍ ഉരുവിടുന്നു. തലയിലും ചെവിയിലും വെള്ളം കയറുന്ന മൃഗം തല കുലുക്കി വെള്ളം പുറത്തുകളയാന്‍ ശ്രമിക്കുന്നു. ഇതായിരിക്കാം മൃഗത്തിന്റെ സമ്മതമായി തെറ്റിദ്ധരിക്കപ്പെടുന്നത്!
(9) വാസ്തവത്തില്‍ മരത്തോടും മൃഗത്തോടും അനുവാദം ചോദിക്കുന്ന മത കാപട്യം ക്രൂരതയാണ്. രണ്ടായാലും മരണം ഉറപ്പാണ്. ആരെക്കാണിക്കാനാണ് ഈ കോപ്രായം? വെട്ടിക്കോളാന്‍ മരമോ മൃഗമോ സമ്മതിക്കുമോ? അതല്ല അവര്‍ സമ്മതം തന്നില്ലെങ്കില്‍ ഹിംസ ഒഴിവാക്കുമോ?! അവര്‍ക്കു എന്തെങ്കിലും മനസ്സിലാകുന്നുവെങ്കില്‍ മുന്‍കൂട്ടി അറിയിക്കാതെ ഒറ്റയടിക്കു കൊല്ലുന്നതല്ലേ കൂടുതല്‍ ദയാപരം? മരംവെട്ടല്‍ ഒരു മതചടങ്ങാക്കി മാറ്റി അതില്‍ നിന്നു കൂടി ദ്രവ്യം ഉണ്ടാക്കാനാവുമോ എന്ന പൗരോഹിത്യത്തിന്റെ അന്വേഷണമാണ് ഈ അനുവാദംചോദിക്കലിന്റെ പിന്നിലുള്ളതെന്ന് വ്യക്തമാണ്.
(10) സ്വന്തം പുരയിടത്തില്‍ നില്‍ക്കുന്ന മരംവെട്ടുന്നതിന് പുരോഹിതനെ കൊണ്ടു വന്നു പൂജ നടത്തുന്നവന്‍ മതനിയമം അനുസരിച്ചു ദക്ഷിണ കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്. മരം വെട്ടുന്നതിനും അവനെ ആനയിക്കണം, അവന്റെ കീശ നിറയ്ക്കണം! മറ്റൊരു തൊഴിലുറപ്പു പദ്ധതി!! കിഴക്കോട്ടോ വടക്കോട്ടോ മാത്രമേ മരം മുറിച്ചിടാവൂ എന്ന നിബന്ധന പലപ്പോഴും വമ്പന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. വീടിനും പടിഞ്ഞാറും തെക്കും നില്‍ക്കുന്ന മരങ്ങള്‍ വീടിനു മുകളില്‍ വീഴാതെ വേണം വെട്ടിയിടാന്‍. അപ്പോള്‍ ഫലത്തില്‍ അവ വെട്ടിയിടാന്‍ ഒരേയൊരു ദിശയേ വാസ്തുശാസ്ത്രം അനുവദിക്കുന്നുള്ളൂ. പലപ്പോഴും സൗകര്യം മറ്റു ദിക്കുകളിലേക്ക് മുറിച്ചിടുന്നതാവും. ഇതിനെയൊക്കെ പ്രകൃതിസ്‌നേഹമെന്നും മരസ്‌നേഹമെന്നും വാഴ്ത്തുന്നതാണ് അതിശയകരം!