A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വോയേജർ പേടകങ്ങൾ - സൗരയൂഥത്തിലെ വിദൂര ഗ്രഹങ്ങളുടെ സൂക്ഷ്മ നിരീക്ഷണം നടത്തിയ യന്ത്ര വിസ്മയങ്ങൾ


നാല്പതു വര്ഷം മുൻപ് വരെ സൗരയൂഥത്തിലെ വിദൂര ഗ്രഹങ്ങളെപ്പറ്റിയുളള വിവരങ്ങളെല്ലാം തന്നെ ഭൗമോപരിതലത്തിലെ ദൂരദർശിനികൾ ഉപയോഗിച്ചുള്ളവയായിരുന്നു . ഭൗമോപരിതല ദൂര ദർശിനികൾക്ക് പല പരിമിതികളുമുണ്ട് . ഭൗമാന്തരീക്ഷത്തിന്റെ അസ്ഥിരതകൾ നിമിത്തം ഭൗമോപരിതല ദൂര ദർശിനികൾക്ക് വിദൂര വസ്തുക്കളുടെ വളരെ കൃത്യമായ ചിത്രങ്ങൾ പകർത്താനാവില്ല . അതിനാൽ തന്നെ നിരീക്ഷണ പേടകങ്ങൾ അയച്ചു പഠനം നടത്തുക മാത്രമാണ് വിദൂര ഗ്രഹങ്ങളെക്കുറിച്ചു കൂടുതൽ കൃത്യതയുളള വിവരങ്ങൾ ലഭിക്കാനുള്ള ഏക മാർഗം .
.
അറുപതുകളിൽ തന്നെ ചന്ദ്രനിലേക്കും , ഭൂമിയുടെ തൊട്ടടുത്ത ഗ്രഹങ്ങളായ ശുക്രനിലേക്കും , ചൊവ്വയിലേക്കും നിരീക്ഷണ പേടകങ്ങൾ അയക്കപ്പെട്ടിരുന്നു . സോവ്യറ്റ് യൂണിയൻ അയച്ച വെനീറ സീരീസിൽ പെട്ട പേടകങ്ങൾ ശുക്രനിലും , യു എസ് അയച്ച വൈക്കിംഗ് പേടകങ്ങൾ ചൊവ്വയിലും ഇറങ്ങി തന്നെ പഠനങ്ങൾ നടത്തുകയും ഈ ഗ്രഹങ്ങളെപ്പറ്റി വളരെയധികം വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നു .
.
പക്ഷെ വിദൂര ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണം ചൊവ്വ പര്യവേക്ഷണത്തേക്കാളും വളരെ ദുർഗ്രഹമാണ് . ഒന്നാമത്തെ പ്രശ്നം പര്യവേക്ഷണ പേടകങ്ങൾ ശരിയായി പ്രവർത്തിക്കേണ്ട ദീർഘമായ കാലയളവാണ് . അടുത്തുള്ള ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണപേടകങ്ങൾ ഏതാനും വര്ഷം ശരിയായി പ്രവർത്തിച്ചാൽ മതിയാകും . പക്ഷെ വിദൂരഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണപേടകങ്ങൾ ദശകങ്ങൾ തന്നെ പ്രവർത്തിക്കേണ്ടി വരും . മറ്റൊരു പ്രശ്നം പേടകങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമുള്ള വൈദ്യുത ഊർജ്ജം സ്വരൂപിക്കലാണ് . സൗരയൂഥത്തിന്റെ വിദൂര മേഖലകളിൽ സൂര്യപ്രകാശത്തിന്റെ തീവ്രത വളരെ കുറവായതിനാൽ സൗര പാനലുകളിലൂടെ വൈദ്യുത ഊർജ്ജം സ്വരൂപിക്കാനാവില്ല . വളരെ വേഗത്തിൽ വിഘടിക്കുന്ന . റേഡിയോ ഐസോടോപ്പുകളുടെ വിഘടനത്തിൽ നിന്നുള്ള താപോർജ്ജത്തിൽ നിന്നും വെദ്യുതി നിർമിക്കുന്ന റേഡിയോ ഐസോടോപ്പ് തെർമോ ഇലക്ട്രിക് ജനറേറ്ററുകളിലൂടെയാണ് ഊർജ്ജ പ്രശ്നം പരിഹരിച്ചത് . സുപ്രധാനമായ എല്ലാ ഉപകരണങ്ങളുടെയും മൂന്നും നാലും പകർപ്പുകൾ സമാന്തരമായി ഘടിപ്പിച്ചു കൊണ്ടാണ് പേടകങ്ങളുടെ ദീർഘകാല വിശ്വാസ്യത ഉറപ്പാക്കിയത് .
.
എൺപതുകളിൽ വളരെ ദീർഘമായ കാലയളവിൽ സംഭവിക്കുന്ന ഒരു പ്രതിഭാസം സംഭവിക്കുമെന്ന് മുൻപ്പ് തന്നെ അറിവുള്ളതായിരുന്നു . സൗരയൂഥത്തിലെ വിദൂര ഗ്രഹങ്ങളെല്ലാം തന്നെ ഒരു നേർരേഖയിൽ വരുന്ന പ്രതിഭാസമായിരുന്നു അത് . . ഈ പ്രതിഭാസം ഒരു പേടകം ഉപയോഗിച്ചുതന്നെ വ്യാഴം , ശനി ,യുറാനസ്, നെപ്ട്യൂൺ എന്നെ വിദൂരഗ്രഹങ്ങളെ അവലോകനം ചെയ്യാനുളള സാധ്യത തുറന്നിട്ടു . ഗ്രാവിറ്റേഷനൽ സ്ലിങ് ഷോട്ട് കൗശലങ്ങളിലൂടെ ഇന്ധനം കൂടുതൽ ചെലവാക്കാതെ പേടകങ്ങളുടെ വേഗത വർധിപ്പിക്കാനുള്ള വിദ്യകളും അക്കാല ത്തോടെ നിലവിൽ വന്നിരുന്നു .ചുരുക്കത്തിൽ വിദൂര ഗ്രഹങ്ങളിലേക്ക് ഒരു വിപുലമായ പര്യവേക്ഷണം നടത്താനുളള എല്ലാ സന്നാഹങ്ങളും എഴുപതുകളുടെ മധ്യത്തോടെ നിലവിൽവന്നു കഴിഞ്ഞിരുന്നു .
.
രണ്ടു പേടകങ്ങളാണ് വോയേജർ പദ്ധതിയിൽ ഉണ്ടായിരുന്നത് വോയേജർ -1 ഉം വോയേജർ- 2 വും .ഏതാണ്ട് ഒരേപോലെയുള്ളവയായിരുന്നു ഇവ രണ്ടും .ആദ്യം വിക്ഷേപിക്കപ്പെട്ടത് വോയേജർ -2 ആണ്. 1977 ഓഗസ്റ് 20 നാണ് വോയേജർ -2 വിക്ഷേപിച്ചത് . പതിനഞ്ചു ദിവസത്തിന് ശേഷം വോയേജർ -1 ഉം വിക്ഷേപിക്കപ്പെട്ടു . യു എസ് ലെ കേപ്പ് കനാവരൽ വിക്ഷേപണ കേന്ദ്രത്തിൽനിന്നും ടൈറ്റൻ -3 വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ചാണ് രണ്ടു പേടകങ്ങളെയും വിക്ഷേപിച്ചത് .
.
വ്യാഴം , ശനി എന്നീ ഗ്രഹങ്ങളെ സമീപിച്ചു പഠനം നടത്തുകയായിരുന്നു വോയേജർ ഒന്നിന്റെ ലക്‌ഷ്യം . വോയേജർ -2 ആകട്ടെ വ്യാഴം ശനി , യുറാനസ് , നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെ എന്നീ ഗ്രഹങ്ങളെ സമീപിച്ചു പഠനം നടത്താൻ ഉദ്ദേശിച്ചു വിക്ഷേപിക്കപ്പെട്ടതായിരുന്നു . വോയേജർ -1 ,1979 ൽ വ്യാഴത്തെയും 1980 ൽ ശനിയെയും സമീപിച്ചു പഠനങ്ങൾ നടത്തി . ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ കനത്ത അന്തരീക്ഷത്തിന്റെ ആദ്യ വിവരങ്ങൾ വോയേജർ -1 ൽ നിന്നാണ് ലഭിച്ചത് ..2012 ൽ വോയേജർ -1 സൂര്യനിൽ നിന്നും ഏകദേശം 120 A U അകലെയുള്ള ഹീലിയോപാസ് എന്ന മേഖല പിന്നിട്ടു . സൗരവാതങ്ങളുടെ അധീശത്വം അവസാനിക്കുനന് മേഖലയാണ് ഹീലിയോ പാസ് .
.
വോയേജർ -2 ആകട്ടെ കൂടുതൽ വിശദമായ ഒരു പര്യവേക്ഷണമാണ് നടത്തിയത് 1979 ൽ വാഴത്തെയും 1981 ൽ ശനിയെയും 1986 ൽ യുറാനസിനെയും 1989 ൽ നെപ്ട്യൂണിനെയും സമീപിച്ച വോയേജർ വിശദമായ നിരീക്ഷണങ്ങൾ നടത്തി .വോയേജിറുകൾക്ക് ശേഷം വ്യാഴത്തെയും ശനിയെയും പറ്റി കൂടുതൽ പഠനങ്ങൾ പര്യവേക്ഷണ പേടകങ്ങളിലൂടെ നടത്തിയിട്ടുണ്ടെങ്കി ലും യുറാനസിനെയും നെപ്ട്യൂണിനെയും തൊട്ടറിഞ്ഞ ഏക പര്യവേക്ഷണപേടകം ഇന്നും വോയേജർ-2 തന്നെ .ഈ ഗ്രഹങ്ങളുടെ സമീ പത്തുകൂടി സഞ്ചരിച്ചപ്പോൾ വോയേജർ -2 ഗ്രാവിറ്റേഷനൽ സ്ലിങ് ഷോട്ട് വിദ്യയിലൂടെ കൂടുതൽ വേഗത കരസ്ഥമാക്കുകയും ചെയ്തു . അതിനാലാണ് നാല് വിദൂര ഗ്രഹങ്ങളെ പന്ത്രണ്ടു വര്ഷം കൊണ്ട് താണ്ടാൻ വോയേജർ -2 നായത് .ഇപ്പോൾ ഭൂമിയിൽനിന്നും ഏതാണ്ട് 118 A U അകലെയാണ് വോയേജർ-2.
.
വോയേജർ പേടകങ്ങൾ വിക്ഷേപിക്കപ്പെട്ടിട്ട് ഇപ്പോൾ നാല്പതിലേറെ വര്ഷങ്ങളായി . ഇവ യില്നിന്നുള്ള സിഗ്നലുകൾക്ക് ഭൂമിയിലെത്താൻ ഏതാണ്ട് ഒരു ദിവസം വേണം . എന്നാലും ഇവ ഇപ്പോഴും പ്രവർത്തിക്കുന്നു . സൗരയൂഥത്തിന്റെ വിദൂര മേഖലകളെക്കുറിച്ചുളള വിവരങ്ങൾ വളരെ സാവധാനത്തിലെങ്കിലും ഈ പേടകങ്ങളിൽ നിന്നും ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു .2025 ആകുമ്പോഴേക്കും ഈ പേടകങ്ങളിലെ റേഡിയോ ഐസോടോപ്പ് തെർമോ ഇലക്ട്രിക് ജനറേറ്ററുകളിൽ നിന്നുളള ഊർജ്ജ ഉൽപ്പാദനം ഈ പേടകങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങളെ പ്രവർത്തിപ്പിക്കാനാവശ്യമായതിലും താഴുമെന്നും , അതോടെ ഈ പേടകത്തിൽനിന്നുള്ള സിഗ്നലുകൾ ലഭ്യമല്ലാതാവുകയും ചെയുമെന്നാണ് കരുതപ്പെടുന്നത് .. അപ്പോഴേക്കും ഈ ഉപകരണങ്ങൾ ഏതാണ്ട് അമ്പതു വര്ഷം ഇടതടവി ല്ലാതെ സജീവമായി പ്രവർത്തിച്ചിട്ടുണ്ടാവും . മനുഷ്യ നിർമിതമായ യന്ത്രങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ തന്നെയാണ് വോയേജർ -1 ഉം വോയേജർ-2 ഉം .
---
ചിത്രങ്ങൾ വോയേജർ 1 , വോയേജർ-2 , അവയുടെ പഥം: ചിത്രം കടപ്പസ് വിക്കിമീഡിയ കോമൺസ്
--
REF
1.https://voyager.jpl.nasa.gov/
2.https://voyager.jpl.nasa.gov/mission/
3.https://voyager.jpl.nasa.gov/mission/status/
--
This post is based on references cited-rishidas.s