വെക്കേഷന് ശേഷമുള്ള ഒരു പ്രവര്‍ത്തിദിനമായിരുന്നു അന്ന്.
അവള്‍ക്ക് ക്ലാസ്സില്‍ ഒട്ടും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ചുറ്റും തന്നെ നോക്കി എന്തൊക്കെയോ പറഞ്ഞ് അടക്കിച്ചിരിക്കുന്ന സഹപാഠികള്‍, ഇടയ്ക്കിടെ ദേഹത്ത് വന്ന് വീഴുന്ന പേപ്പര്‍ ബോളുകള്‍, മിട്ടായി കവറുകള്‍. കിമിക്കോ, ആകെ അസ്വസ്ഥയായിരുന്നു.
സത്യത്തില്‍ ആദ്യത്തെ പീരിയഡിന് ശേഷമുള്ള ഒഴിവ് സമയമാകാന്‍ കാത്തിരിക്കുകയായിരുന്നു അവരെല്ലാവരും, പുതുതായി വന്നവളെ റാഗ് ചെയ്യാന്‍.
ക്ലാസ്സിന് ശേഷം, ടീച്ചര്‍ മുറിയില്‍ നിന്ന് ഇറങ്ങിയില്ല, അപ്പോഴേക്കും പത്തിലധികം പെണ്‍കുട്ടികള്‍, കിമിക്കോയുടെ ഡെസ്ക്കിന് ചുറ്റുമായി നിലയുറപ്പിച്ച് കഴിഞ്ഞിരുന്നു.
"നിനക്ക് ഞങ്ങളുടെ കൂടെ കൂടണോ? അതോ എന്നും ഇതുപോലെ ഒറ്റപ്പെട്ട് നടക്കണോ?"
തലേന്ന് കേട്ട അതേ ചോദ്യം. കിമിക്കോ തലയുയര്‍ത്തി, ചോദ്യം ചോദിച്ച പെണ്‍കുട്ടിയുടെ മുഖത്തേക്ക് നോക്കി.
"ഞങ്ങള്‍ പറയുന്നത് ചെയ്യാന്‍ നീ തയ്യാറാണോ?"
അവള്‍ 'അതെ' എന്ന് തലയാട്ടി.
സമ്മതം കിട്ടിയ ഉടനെ, മറ്റു വിദ്യാര്‍ഥിനികള്‍, ആഘോഷത്തോടെ അവളെ, സ്കൂളിന്‍റെ മൂന്നാമത്തെ നിലയിലേക്ക് ആനയിച്ചു.
ഷിന്‍ജുക്കുവില്‍ നിന്ന് ടോക്കുഷിമ നഗരത്തിന് പുറത്തുള്ള ആ സ്കൂളിലേക്ക് പുതുതായി മാറി വന്ന വിദ്യാര്‍ഥിനിയാണ് കിമിക്കോ.
വലിയ നഗരത്തില്‍ നിന്ന് ഒരു കൊച്ചു ടൗണിലേക്ക് പറിച്ച് നടപ്പെട്ടതിനേക്കാള്‍, തന്‍റെ പുതിയ സ്കൂളില്‍ അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടലായിരുന്നു അവളെ ശരിക്കും അലട്ടിയിരുന്നത്. വന്ന അന്ന് തന്നെ അവള്‍ക്ക് മനസ്സിലായി, നഗരത്തിലെ പഴയ സുഹൃത്തുക്കളെ പോലെയല്ല ഇവിടത്തെ തന്‍റെ സഹപാഠികള്‍. അവരുടെ കൂടെ കൂടണമെങ്കില്‍, അവര്‍ പറയുന്ന ഒരു വിചിത്രമായ കാര്യം താന്‍ ചെയ്യണം. അതാണെങ്കിലോ, പണ്ടെങ്ങോ ഏതോ മാസികയില്‍ വായിച്ച്, അന്ധവിശ്വാസമെന്ന നിലയ്ക്ക് തള്ളിക്കളഞ്ഞ ഒരു സംഭവവും.
സ്കൂളിന്‍റെ മൂന്നാമത്തെ നിലയിലെ ക്ലാസ് മുറികള്‍ എല്ലാം വളരെ പഴക്കമുള്ളതും, റിപ്പയറുകള്‍ ചെയ്യാത്തതിനാല്‍ ഉപയോഗശൂന്യവും ആയിരുന്നു. ഒന്ന് രണ്ട് മുറികള്‍ മാത്രം പഴയ ബെഞ്ചും, ഡെസ്ക്കും എടുത്തുവയ്ക്കാനായി ഉപയോഗിക്കുന്നു എന്നല്ലാതെ ആരും, അങ്ങിനെ ആ നിലയിലേക്ക് കയറാറില്ല.
പടികള്‍ കയറി മൂന്നാമത്തെ നിലയില്‍ എത്തിയപ്പോള്‍, സഹപാടികളുടെ നേതാവായ അകാരി പറഞ്ഞു.
"ഇനി നീ തനിച്ച് വേണം പോകാന്‍.... ടോയിലെറ്റിലെ, മൂന്നാമത്തെ കാബിന്‍റെ വാതിലില്‍ നീ മൂന്ന് തവണ മുട്ടുന്ന ശബ്ദം ഞങ്ങള്‍ക്ക് ഇവിടെ കേള്‍ക്കണം."
മുകളിലെ അവസ്ഥകള്‍ കണ്ടപ്പോള്‍ മുതല്‍, കിമിക്കോയുടെ ഉള്ളില്‍ കലശലായ ഭയം വന്ന് തുടങ്ങിയിരുന്നു.
"അതിനകത്ത് ആളുണ്ടെങ്കില്‍...... ഞാന്‍.... എന്താണ് ചെയ്യേണ്ടത്?"
ഭയത്തോടെ അവള്‍ ചോദിച്ചു.
"നീ ഒന്നും ചെയ്യേണ്ട...." കൂട്ടത്തിലുള്ള ആരോ വിളിച്ചുപറഞ്ഞു. "ചെയ്യാനുള്ളതൊക്കെ ഹനാക്കോ ചെയ്തോളും...."
അതുകേട്ട് എല്ലാരും പൊട്ടിച്ചിരിച്ചു.
കിമിക്കോയും അവരുടെ കൂടെ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. ഒടുക്കം ചെറുതായി ഒന്ന് ചിരിച്ചു എന്നുവരുത്തി അവള്‍, പതിയെ ടോയിലെറ്റിലേക്ക് നടന്നു.
സ്വന്തം ഹൃദയമിടിപ്പിന്‍റെ ശബ്ദത്തില്‍, പിന്നില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന സഹപാഠികളുടെ അടക്കിപ്പിടിച്ച സംസാരം അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവള്‍ പതുക്കെ ടോയിലെറ്റിലേക്ക് നടന്നെത്തി.
വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിന്‍റെ എല്ലാ ലക്ഷണങ്ങളും ആ ടോയിലെറ്റില്‍ കാണുന്നുണ്ടായിരുന്നു. തുരുമ്പിച്ച പൈപ്പുകളും, കറപിടിച്ച സിങ്കുകളും, പൊട്ടിയ കണ്ണാടിയും അവളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു. കൃത്യം നാല് കാബിനുകളാണ് അതിനകത്ത് ഉണ്ടായിരുന്നത്.
'ഇനി ചിലപ്പോള്‍ മൂന്നാമത്തേതില്‍ ആരെങ്കിലും കാണുമോ?'
താഴെക്കൂടെ നോക്കിയാല്‍ തന്‍റെ സംശയം തീരും, ആരെങ്കിലും ഉണ്ടെങ്കില്‍ കാലുകള്‍ കാണാമല്ലോ. പക്ഷെ നോക്കാനുള്ള ധൈര്യമില്ല, എന്നതാണ് പ്രശ്നം.
പതുക്കെ അവള്‍, ആദ്യത്തെ കാബിന് നേരെ നടന്നു. പൊട്ടിയ ടൈലുകളില്‍ ചവുട്ടി നടക്കുന്നതനുസരിച്ച്, അവ, അസഹ്യമായ ശബ്ദത്തില്‍ കരഞ്ഞുകൊണ്ടിരുന്നു.
അവള്‍ ധൈര്യം സംഭരിച്ച് താഴേക്ക് നോക്കി; ഭാഗ്യം, ഒരു മനുഷ്യജീവി പോലും, ഒരു കാബിന്‍റെ അകത്തും ഇല്ല. ശ്വാസം നേരെ വീണ സന്തോഷത്തില്‍, കിമിക്കോ, മൂന്നാമത്തെ കാബിന്‍ ലക്ഷ്യമാക്കി നീങ്ങി.
പക്ഷെ പെട്ടെന്നാണത് സംഭവിച്ചത്. കിമിക്കോയെ ഞെട്ടിച്ചുകൊണ്ട്, ടോയിലെറ്റിന്‍റെ വാതില്‍, വലിയൊരു ശബ്ദത്തില്‍ അടഞ്ഞു.
ഒരു നിമിഷം തന്‍റെ ശ്വാസം നിലച്ചത് പോലെ അവള്‍ക്ക് തോന്നി.
അത്രമാത്രമുണ്ടായിരുന്നു ആ ശബ്ദം.
പതുക്കെ തന്‍റെ സംയമനം വീണ്ടെടുത്ത കിമിക്കോയ്ക്ക് മനസ്സിലായി, ഇത് പുറത്ത് നില്‍ക്കുന്നവരുടെ പണിയാണ്. ഇപ്പോള്‍, അവളുടെയുള്ളില്‍ കുറേക്കൂടി ധൈര്യം വന്നുചേര്‍ന്നിരുന്നു, അവിടെ ഭയപ്പെടാനും മാത്രം ഒന്നുമില്ലെന്ന് മനസ്സിലായല്ലോ.
അവള്‍ പതുക്കെ മൂന്നാമത്തെ കാബിന്‍റെ വാതിലില്‍ മൂന്ന് തവണ മുട്ടിയിട്ട് ചോദിച്ചു.
"ഹനാക്കോ സാന്‍.... നീ അകത്തുണ്ടോ?"
അകത്ത് നിന്ന് മറുപടിയൊന്നും ഇല്ല, സത്യത്തില്‍ അവള്‍ ഒന്നും പ്രതീക്ഷിക്കുന്നുമില്ല.
"ഹനാക്കോ സാന്‍ നീ അകത്തുണ്ടോ?"
വീണ്ടും നിശബ്ദദ മാത്രം.....
"ഹനാക്കോ സാന്‍ നീ അകത്തുണ്ടോ?"
മൂന്നാമത്തെ തവണ കിമിക്കോ അത് പറഞ്ഞിട്ട് ഒന്ന് നിന്നു, ഇനി എന്താണ് നടക്കുന്നതെന്ന് കാണാല്ലോ.. പക്ഷെ എങ്ങും നിശബ്ദത മാത്രമായിരുന്നു ഉണ്ടായിരുന്നത്, ആ കാബിന്‍റെ അകത്തുനിന്നും, ടോയിലെറ്റിന്‍റെ പുറത്ത് നിന്നും, ഒന്നും ഒരു ശബ്ദവും കേള്‍ക്കുന്നില്ല.
പതുക്കെ ആ നിശബ്ദത, അവളെ അലോസരപ്പെടുത്താന്‍ തുടങ്ങി. ഇനി എന്ത് ചെയ്യണമെന്ന്, ആരും അവളോട് പറഞ്ഞിട്ടില്ലല്ലോ. പക്ഷെ അധികനേരം അവള്‍ക്കവിടെ വെറുതെ നില്‍ക്കേണ്ടി വന്നില്ല.
തൊട്ടടുത്ത നിമിഷം കാത് പൊട്ടിക്കുന്ന ഒരലര്‍ച്ച അവിടമാകെ വന്ന് നിറഞ്ഞു. അലര്‍ച്ചയുടെ ഞെട്ടലില്‍, കഷ്ടപ്പെട്ട് ആ പൊട്ടിയ ടൈലുകളില്‍ ചവുട്ടി നിന്നിരുന്ന കിമിക്കൊയുടെ അടി തെറ്റി, അവള്‍ പിന്നിലെ സിങ്കിലേക്ക് മറിഞ്ഞ് വീണു. ഭാഗ്യത്തിന് സിങ്കിന്‍റെ മൂലയ്ക്ക് അവളുടെ കയ്യുറപ്പിക്കാന്‍ പറ്റിയത് കൊണ്ട്, അവള്‍ വീണില്ല. ഒരുവിധം അവിടെ പിടിച്ചവള്‍ നിന്നു.
അപ്പോഴേക്കും പുറത്തുനിന്ന് പൊട്ടിച്ചിരികളും, ആരൊക്കെയോ ഓടിപ്പോകുന്ന ശബ്ദവും അവള്‍ കേട്ടു. വീണതിന്‍റെ ഷോക്ക് ഉണ്ടെങ്കിലും കിമിക്കോയ്ക്ക് അപ്പോള്‍ ചിരിയാണ് വന്നത്, തന്നെ പേടിപ്പിക്കാനുള്ള അവരുടെ ശ്രമം വിഫലമയല്ലോ.
എന്തായാലും പേടിച്ച്, വിളറി വിറച്ച് ഇറങ്ങി വരുന്ന തന്നെയും പ്രതീക്ഷിച്ച് നില്‍ക്കുന്ന അവരുടെ മുന്നിലേക്ക്, ധൈര്യത്തോടെ തലയുയര്‍ത്തി തന്നെ ചെല്ലണം. എല്ലാം മനസ്സില്‍ പറഞ്ഞുറപ്പിച്ച്, അവള്‍ ടോയിലെറ്റില്‍ നിന്ന് പുറത്തേക്ക് നടന്നു.
വാതില്‍ക്കലെത്തി, അത് തുടക്കാനായി അവള്‍ കൈ നീട്ടിയില്ല. പെട്ടെന്നാണ് പിറകില്‍ നിന്ന് എന്തോ ഒരു ശബ്ദം കേള്‍ക്കുന്നത്, ആരോ മൂളുന്നത് പോലെ.
അവള്‍ തിരിഞ്ഞ് നോക്കി, പിന്നിലതാ ഒരു കാബിന്‍റെ ഡോര്‍ പതുക്കെ അവളുടെ മുന്നിലേക്ക് തുറന്ന് വരികയാണ്.
കിമിക്കോയ്ക്ക് ആ കാഴ്ച വിശ്വസിക്കാന്‍ കഴിഞ്ഞില്ല, അവള്‍ തന്‍റെ കണ്ണുകള്‍ തിരുമ്മിക്കൊണ്ട് നോക്കി. അതെ, മൂന്നാമത്തെ കാബിന്‍റെ വാതിലാണ് ആ തുറന്നുകിടക്കുന്നത്.
അത് പോയി നോക്കണോ, അത് അവിടന്ന് പോകണോ? ഒരു തീരുമാനം എടുക്കാനാവാതെ അവള്‍ കുഴങ്ങി. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളുടെ ചിന്തകള്‍ വീണ്ടും ഉണരാന്‍ തുടങ്ങി.
"ഇനി ഇതവരുടെ പുതിയ വല്ല പരീക്ഷണവും ആയിരിക്കുമോ?"
എന്തായാലും പോയി നോക്കാമെന്ന് തന്നെ കരുതി, അവള്‍ പതുക്കെ ആ കാബിനിലേക്ക് നടന്നു. പക്ഷെ പഴയ ധൈര്യമൊന്നും ഇപ്പോഴില്ല, നന്നായി വിറയ്ക്കുന്നുമുണ്ട്. തുറന്നു വന്ന ആ കാബിന്‍റെ വാതില്‍, ആട്ടത്തിന്‍റെ ശക്തി കൊണ്ട്, പതുക്കെ അടയുകയും, തുറയുകയും ചെയ്തുകൊണ്ടിരുന്നു. അവള്‍ പതുക്കെ ആ കാബിന്‍റെ മുന്നിലെത്തി, വാതിലില്‍ പിടിച്ച്, അത് മലര്‍ക്കെ തുറന്നു.
വാതില്‍ തുറന്ന്, അതിനകത്തേക്ക് ഒരു തവണയേ അവള്‍ നോക്കിയൊള്ളൂ.... തൊട്ടടുത്ത നിമിഷം, അവള്‍ ഭയത്തോടെ തന്‍റെ കണ്ണുകള്‍ ഇറുക്കിയടച്ചു. അതിനകത്ത് അവളെ കാത്തിരുന്നത് ഒരു പെണ്‍കുട്ടിയായിരുന്നു.
കിമിക്കോയുടെ ഭയം കണ്ടിട്ടാകണം, ആ പെണ്‍കുട്ടി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഞാന്‍ കളിക്കാന്‍ വേണ്ടി കയറിയിരുന്നതാ.... പേടിക്കണ്ട..."
അത് കേട്ടപ്പോള്‍ കിമിക്കോയ്ക്ക് പാതി സമാധാനമായെങ്കിലും, ഭയം അപ്പോഴും വിട്ടുമാറിയിരുന്നില്ല.
"ക... ക... കളിക്കാനോ? ഇതിനകത്ത് ഒറ്റയ്ക്കോ?"
അവള്‍ വിക്കി വിക്കി ചോദിച്ചു. അത് കേട്ടപ്പോള്‍ ആ പെണ്‍കുട്ടിയുടെ മുഖം മാറി. സങ്കടത്തോടെ അവള്‍ പറഞ്ഞു.
"എന്നെ ആരും കളിക്കാന്‍ കൂട്ടാറില്ല......." പെട്ടെന്ന് അവളുടെ കണ്ണുകള്‍ വിടര്‍ന്നു. കിമിക്കോയെ നോക്കി, കൊഞ്ചുന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു. "എന്‍റെ കൂടെ കളിക്കാമോ.... എന്‍റെ കൂടെ കളിക്കാമോ... എന്‍റെ കൂടെ കളിക്കാമോ..."
കിമിക്കോയ്ക്ക് പെട്ടെന്ന് എന്ത് പറയണമെന്ന് അറിയാണ്ടായി, ആ കുട്ടിയാണെങ്കില്‍ നിര്‍ത്താതെ പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഒടുക്കം അവളുടെ ഒച്ച സഹിക്കവയ്യാതെ കിമിക്കോ സമ്മതിച്ചു.
"ശരി... ശരി.... ഞാന്‍ നിന്‍റെ കൂടെ കളിക്കാം....."
അത് കേട്ടതും, അവള്‍ നിശബ്ദയായി. പതുക്കെ ക്ലോസെറ്റിന് മേലേക്ക് കയറിയിരുന്ന് കൊണ്ട്, അവള്‍ കിമിക്കോയെ അങ്ങോട്ട് ക്ഷണിച്ചു.
"വാ......"
കിമിക്കോയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ ചോദിച്ചു.
"എങ്ങോട്ട്...."
ഉടനെ വന്നു അവളുടെ മറുപടി.
"കളിക്കാന്‍...."
പക്ഷെ അവളുടെ മുഖത്ത്, നേരത്തെ കണ്ട കുട്ടിത്തവും, കൊഞ്ചലും ഒന്നും ഉണ്ടായിരുന്നില്ല.
അപ്പോഴാണ് കിമിക്കോ അവളുടെ വേഷം ശ്രദ്ധിച്ചത്, വെള്ള ഷര്‍ട്ടും, നല്ല ചുവന്ന ഫ്രോക്കുമാണ് അവള്‍ ധരിച്ചിരുന്നത്. ആ സ്കൂളിലെ യൂണിഫോമിന്‍റെ നിറം അതായിരുന്നില്ല......"
"നീ ഈ സ്കൂളിലെ തന്നെയാണോ? ഏത് ക്ലാസ്സിലാണ് പഠിക്കുന്നത്? എന്താ നിന്‍റെ പേര്...."
ആ ചോദ്യം കേട്ടതും, അവളുടെ മുഖത്താകെ കോപം വന്ന് നിറയാന്‍ തുടങ്ങി. ഭയത്തോടെ കിമിക്കോ നോക്കി നില്‍ക്കെ, ഒരുതരം പുച്ഛത്തോടെ അവളെ നോക്കിക്കൊണ്ട് ആ പെണ്‍കുട്ടി, വല്ലാത്തൊരു ശബ്ദത്തില്‍ തന്‍റെ പേര് വിളിച്ച് പറഞ്ഞു.
"ഹനാക്കോ.........."
ആ പേര് കേട്ടതും കിമിക്കോ നടുങ്ങി. ഞെട്ടലോടെ അവള്‍, അവിടന്ന് പോകാനായി പിന്തിരിഞ്ഞു. പക്ഷെ ഹനാക്കോ സമ്മതിച്ചില്ല, അവള്‍ വേഗം കിമിക്കോയുടെ കയ്യില്‍ കയറിപ്പിടിച്ചു.
"എന്നെയും കൂട്ടാതെയാണോ പോകുന്നത്...."
അമാനുഷികമായ ശക്തിയില്‍, ഹനാക്കോ, അവളെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ തുടങ്ങി. വേദന കൊണ്ട് പുളഞ്ഞ കിമിക്കോ തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടത്, തീയും പുകയും വമിക്കുന്ന ആ ക്ലോസറ്റിനകത്തേക്ക്, തന്നെയും വലിച്ചുകൊണ്ട് ഇറങ്ങാന്‍ ശ്രമിക്കുന്ന ഹനാക്കോയെ ആണ്.
നരകവാതില്‍ പോലെ, ചുവന്ന തീക്കനലുകള്‍ ആ ക്ലോസറ്റിനകത്ത് നിന്ന് പുറത്തേക്ക് തെറിക്കുന്നുണ്ടായിരുന്നു. പയ്യെ പയ്യെ, കിമിക്കോയെ തന്‍റെ മേലേക്ക് വലിച്ചടുപ്പിക്കുന്നതിനൊപ്പം, ഹനാക്കോ കുറേശ്ശെയായി അതിനകത്തേക്ക് ഇറങ്ങിക്കൊണ്ടിരുന്നു.
കിമിക്കോ ഉറക്കെ കരഞ്ഞെങ്കിലും, അത് കേള്‍ക്കാനവിടെ ആരും ഉണ്ടായിരുന്നില്ല. സര്‍വ്വശക്തിയുമെടുത്ത്, അവള്‍ കുതറിയോടാന്‍ ശ്രമിച്ചു. പക്ഷെ ഹനാക്കോ പിടിവിട്ടില്ല, അത്രമാത്രം ശക്തിയായിരുന്നു ആ പിടുത്തത്തിന്. കിമിക്കോ ഓരോ തവണ കുതറാന്‍ ശ്രമിക്കുമ്പോഴും, ഹനാക്കൊയുടെ നഖങ്ങള്‍, കിമിക്കോയുടെ കയ്യില്‍ ആഴത്തില്‍ തുളഞ്ഞുകൊണ്ടിരുന്നു. നിമിഷങ്ങള്‍ കൊണ്ട് കിമിക്കോയുടെ രക്തം അവിടമാകെ ചീറ്റിചിതറി. ചുവരുകളും, നിലവും എല്ലാം രക്തം കൊണ്ട് കഴുകപ്പെട്ടു.
സ്വന്തം രക്തത്തില്‍ ചവുട്ടി, കാലുകള്‍ തെന്നി, അവള്‍ക്ക് ഓടാനാവാതെയായി. ക്ഷീണിച്ച് തുടങ്ങിയ അവള്‍, പതിയെ പതിയെ തറയിലേക്ക് താഴ്ന്ന്, അവസാനം തന്‍റെ വിധിക്ക് തന്നെ കീഴടങ്ങി. ബോധം മറയാന്‍ തുടങ്ങിയ കിമിക്കോയേയും വലിച്ചു കൊണ്ട്, ഹനാക്കോ, ക്ലോസറ്റിനകത്തെ നരകത്തിലേക്ക് ഇറങ്ങി.
പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന കാര്യങ്ങളില്‍ ഒന്നായിരുന്നു; തനിച്ച്, ടോയിലെറ്റില്‍ പോവുക എന്നത്.
കാരണം, അതിനകത്ത് ചിലപ്പോള്‍ അവളുണ്ടാകും, ഹനാക്കോ സാന്‍.
സ്കൂളിലെ പെണ്‍കുട്ടികളുടെ ടോയിലെറ്റില്‍, പ്രത്യേകിച്ച് ടോയിലേറ്റ് മൂന്നാമത്തെ നിലയിലാണെങ്കില്‍, ആരുമില്ലാത്ത സമയം, ആ ടോയിലെറ്റിന്‍റെ മൂന്നാമത്തെ സ്റ്റാളില്‍, മൂന്നു തവണ മുട്ടി ഇങ്ങനെ ചോദിക്കണം.
"ഹനാക്കോ സാന്‍, നീ അകത്തുണ്ടോ?"
അപ്പോള്‍ അകത്ത് നിന്ന് 'അതെ' എന്ന് മറുപടി കേള്‍ക്കാം. തുറന്നു നോക്കുമ്പോള്‍ ചുവന്ന ഫ്രോക്ക് ധരിച്ച, മുടി ബോബ് ചെയ്ത ഒരു ചെറിയ പെണ്‍കുട്ടിയെയും കാണാം. അവളാണ് ഹനാക്കോ.
ചിലപ്പോള്‍ വിളിക്കാതെ തന്നെ നിങ്ങളെയും കാത്ത് ഹനാക്കോ അതിനകത്ത് ഇരിക്കുന്നുണ്ടാകും. ടോയിലെറ്റിലേക്ക് കടക്കുമ്പോഴായിരിക്കും, പൊട്ടിച്ചിരികളോടെ അവള്‍ നിങ്ങളെ വരവേല്‍ക്കുക.
ആദ്യം അവള്‍ ചിലപ്പോള്‍, കൂടെ കളിക്കാന്‍ ക്ഷണിക്കും. പക്ഷെ പതുക്കെപ്പതുക്കെ അവളുടെ രൂപം മാറാന്‍ തുടങ്ങും. അവസാനം ചോരപുരണ്ട കൈകളുമായി, അവള്‍, നിങ്ങളെ, ക്ലോസറ്റിനകത്തേക്ക് വലിച്ചിട്ട്, നരകത്തിലേക്ക് കൊണ്ടുപോകും. ചിലപ്പോള്‍, വാതില്‍ തുറക്കുമ്പോള്‍ കാണുന്നത് പെണ്‍കുട്ടിയെ ആയിരിക്കില്ല, പകരം, അവളുടെ ശബ്ദത്തില്‍ സംസരിക്കുന്ന, മൂന്ന് തലയുള്ള ഒരു വലിയ പല്ലിയെയായിരിക്കും.
ലോകപ്രശസ്ത അമേരിക്കന്‍ കെട്ടുകഥയായ ബ്ലഡി മേരിയുടെ ജാപ്പനീസ് പതിപ്പായിരുന്നു ഹനാക്കോ സാന്‍'ന്‍റെ കഥ. സ്കൂളില്‍ പുതുതായി വരുന്ന സഹപാഠികളുടെ ധൈര്യമളക്കാനായിരുന്നു ഈ കഥ ഏറ്റവുമധികം ഉപയോഗിച്ചിരുന്നത്. ചരിത്രത്തിന്‍റെ പിന്‍ബലമില്ലെങ്കിലും, ഹനാക്കോയുടേതെന്ന് പറയപ്പെടുന്ന ഒരു കഥ വളരെയധികം സങ്കടപ്പെടുത്തുന്നതാണ്.
രണ്ടാം ലോകമഹായുദ്ധ സമയത്താണ് ഈ കഥ നടക്കുന്നത്.
ജപ്പാന്‍, യുദ്ധത്തിന്‍റെ നിഴലില്‍ പേടിച്ചരണ്ട് ജീവിച്ചിരുന്ന കാലം. എപ്പോഴാണ് അമേരിക്കന്‍ ഫൈറ്റര്‍ വിമാനങ്ങള്‍, കാതടപ്പിക്കുന്ന ഇരമ്പലോടെ തലയ്ക്ക് മുകളില്‍ ബോംബ് കൊണ്ടുവന്ന് വര്‍ഷിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ ഭീഷണികള്‍ക്ക് നടുവിലും, ദൈനംദിന കാര്യങ്ങള്‍, കൃത്യമായി അവിടെ നടന്ന് പോന്നിരുന്നു. അതായിരുന്നു ഹനാക്കോ ജീവിച്ചിരുന്നപ്പോഴുള്ള അവസ്ഥ.
ബോംബര്‍ വിമാനങ്ങള്‍ വരുമ്പോള്‍, ഷെല്‍റ്ററുകളില്‍ ഒളിച്ചും. അല്ലാത്തപ്പോള്‍ പാഠങ്ങള്‍ പഠിപ്പിച്ചുമാണ്, അക്കാലത്ത് സ്കൂളുകള്‍ നടന്നിരുന്നത്.
ഒരു സ്കൂള്‍ ദിവസം, ക്ലാസ്സിനിടെ ഹനാക്കോ ടോയിലെറ്റില്‍ പോയിരുന്ന സമയത്താണ്, ഒരു ബോംബര്‍ വിമാനം, ആ പ്രദേശത്തിന് മേലെയായി പ്രത്യക്ഷപ്പെടുന്നത്. ഉടനെ തന്നെ അപായ മണി മുഴങ്ങുകയും, അധ്യാപകര്‍, വിദ്യാര്‍ഥികളെ, മിസൈല്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ, പാവം ഹനാക്കൊയുടെ കാര്യം മാത്രം ആരും ഓര്‍ത്തില്ല.
ആക്രമണം തുടങ്ങിയപ്പോള്‍, കൃത്യമായി വിമാത്തില്‍ നിന്ന് താഴേക്കിട്ട ഒരു ബോംബ്, സ്കൂളിന്‍റെ നല്ലൊരു ഭാഗവും തകര്‍ത്തുകൊണ്ടാണ് നിലംപതിച്ചത്. ഭാഗ്യത്തിന് ഹനാക്കോയ്ക്ക് നിസ്സാര പരിക്കുകള്‍ മാത്രമേ സംഭവിച്ചൊള്ളൂവെങ്കിലും, തകര്‍ന്ന ആ ടോയിലെറ്റിനകത്ത്, അവള്‍ അനങ്ങാനാവത്ത വിധം പെട്ടുപോയി. ടോയിലെറ്റ് സ്ഥിതിചെയ്തിരുന്നത് സ്കൂളിന്‍റെ മൂന്നാമത്തെ നിലയിലായിരുന്നതിനാല്‍, സഹായത്തിന് വേണ്ടിയുള്ള അവളുടെ കരച്ചിലുകള്‍, ആരും തന്നെ കേട്ടില്ല. മിസൈല്‍ ഭീഷണി കാരണം ഭൂരിഭാഗം ആളുകളും, തൊട്ടടുത്ത ദിവസങ്ങളില്‍, അവിടന്ന് ഒഴിഞ്ഞത് കൊണ്ട് പേരിന് പോലും ഒരു രക്ഷാപ്രവര്‍ത്തനം അവിടെ നടന്നതുമില്ല. ഫലത്തില്‍ ദിവസങ്ങളോളം രക്ഷയ്ക്കായി കരഞ്ഞുവിളിച്ച ആ പാവം പെണ്‍കുട്ടി, യാതൊരു സഹായങ്ങളും ലഭിക്കാതെ അതിനകത്ത് വച്ച് തന്നെ മരണപ്പെട്ടു.
പിന്നീട്, ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം, ആ കെട്ടിടം പൊളിക്കാന്‍ വന്ന ജോലിക്കാരാണ്, ജീര്‍ണ്ണിച്ച് ക്ലോസറ്റിനകത്തേക്ക് ഇറങ്ങിക്കിടന്നിരുന്ന അവളുടെ മൃതദേഹം കണ്ടെടുത്തത്. ആ അവസ്ഥയില്‍ പുറത്തേക്ക് ഇറക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട്, അവളെ, അതിനകത്ത് തന്നെ ഇട്ട് അവര്‍ക്ക് മൂടെണ്ടി വന്നു.
മൃതദേഹത്തിന് മേല്‍ സൂര്യപ്രകാശം ഏറ്റ ആ ദിവസത്തിന് ശേഷമാണ്, ഹനാക്കോ പ്രേതമായി ഉയര്‍ത്തെഴുന്നേറ്റ്, തന്നെ സഹായിക്കാത്ത ലോകത്തോട് പ്രതികാരം ചെയ്യാന്‍ തുടങ്ങിയതെന്നാണ് വിശ്വാസം.
ഹനാക്കോയെകുറിച്ചുള്ള കഥകളും, ചരിത്രങ്ങളും ധാരാളം കേള്‍ക്കുന്നുണ്ടെങ്കിലും, ഹനാക്കോ പിടിച്ച് മരിച്ചതായിട്ട് ഒരു കേസോ, അപകടമോ, ഇന്നേവരെ ജപ്പാനില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.
by Ares Gautham
ഇപ്പൊ പണിത് കൊണ്ടിരിക്കുന്ന ഒരു horror anthology ബുക്കിന്‍റെ ആദ്യത്തെ അദ്ധ്യായമാണ്. സുഹൃത്തുക്കളുടെ അഭിപ്രായം അറിയാനായി പോസ്റ്റ് ചെയ്യുന്നു.