അകത്ത് കയറിയാല്‍ പുറത്തേക്ക് പോകാനാകാത്ത തരത്തില്‍ കെണികളും, കുടുക്കുകളും, കുഴയ്ക്കുന്ന വഴികളും, ഇടനാഴികളും ഉള്ള കെട്ടിടങ്ങളെയാണ് രാവണന്‍ കോട്ട എന്ന് വിളിക്കുന്നത്. പണ്ട് കാലത്ത് പല രാജാക്കന്മാരും, ജീവന് ഭീഷണിയുള്ള സമയങ്ങളില്‍ ഇത്തരം കോട്ടകളിലാണ് താമസിച്ചിരുന്നത്. അതാകുമ്പോള്‍ കാവല്‍ക്കാരെ വെട്ടിച്ച് അകത്ത് കടന്നാലും, രാജാവിനെ പെട്ടെന്നൊന്നും അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കില്ല. ഈ സമയം കൊണ്ട് രാജാവിന് രക്ഷപ്പെടുകയും ചെയ്യാം.
അത്തരത്തില്‍ മനുഷ്യരെ വട്ടം ചുറ്റിക്കുന്ന നിരവധി കെട്ടിടങ്ങള്‍, പല രാജ്യങ്ങളിലായിട്ട് ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. അതില്‍ പലതിന്‍റെയും കഥകള്‍ നമുക്ക് അറിയുകയും ചെയ്യാം. എന്നാല്‍ പ്രേതങ്ങളെ കുടുക്കാന്‍ വേണ്ടി നിര്‍മ്മിച്ച ഒരു കെട്ടിടത്തെകുറിച്ച് കേട്ടിട്ടുണ്ടോ?
1884ലാണ് സാറ എന്ന സ്ത്രീ, കാലിഫോര്‍ണിയയിലെ പണിതീരാത്ത ഒരു വലിയ ബംഗ്ലാവ് വിലയ്ക്ക് വാങ്ങുന്നത്.
മരാസ്മസ് ബാധിച്ച് മകളും, വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷയം ബാധിച്ച് ഭര്‍ത്താവും മരണപ്പെട്ട ശേഷം തനിച്ചായ സാറ, തന്‍റെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടാനായി ഒരിക്കല്‍ Adam Coons എന്നൊരു വ്യക്തിയെ പോയി കണ്ടിരുന്നു. മരിച്ചവരുമായി സംസാരിക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്ന Coons, ഉടന്‍ തന്നെ സാറയുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ്, അദ്ദേഹത്തിന്‍റെ ഈ സന്ദേശം സാറയെ അറിയിച്ചു.
'താന്‍ മൂലം മരണപ്പെട്ടവരുടെ ആത്മാക്കള്‍, എന്നും തന്‍റെ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കും. അവര്‍ തന്നെയാണ് തന്‍റെയും, മകളുടെയും മരണത്തിന് കാരണക്കാര്‍. അതിനാല്‍ ആത്മാക്കള്‍ക്ക് ഒരിക്കലും സാറയെ കണ്ടെത്താനും, ഉപദ്രവിക്കാനും കഴിയാത്ത തരത്തില്‍ ഒരു വീട് പണിത്, അവിടെ വേണം ഇനിയുള്ള കാലം താമസിക്കാന്‍.'
അങ്ങിനെയാണ് ഈ വീട്ടിലേക്ക് എത്തുന്നത്.
വീട് വാങ്ങിയ സാറ, വേഗം അതിന്‍റെ നടന്നുകൊണ്ടിരുന്ന പണികള്‍ തീര്‍ത്തെങ്കിലും ശരിക്കുള്ള പണി തുടങ്ങാന്‍ ഇരിക്കുകയായിരുന്നു.
ആര്‍ക്കിട്ടെക്റ്റിന്‍റെ ചുമതല സ്വയം ഏറ്റെടുത്ത സാറ, ദിവസവും ഓരോ പ്ലാനുകള്‍ മാറ്റി മാറ്റി വരച്ചുകൊണ്ടിരുന്നു. അതനുസരിച്ച് മുറികളുടെ എണ്ണവും, വീടിന്‍റെ വലുപ്പവും ഒരു സ്ഥിരതയില്ലാതെ കൂടിയും, കുറഞ്ഞും ഇരുന്നു. ഇന്ന് പണിയുന്നത് ചിലപ്പോള്‍ നാളെ മാറ്റിപ്പണിയും, അല്ലെങ്കില്‍ പൂര്‍ണ്ണമായി പൊളിച്ച് നീക്കി അവിടെ വാതില് മാത്രമോ, മതിലോ പണിയും. അത്ര സങ്കീര്‍ണ്ണമായിരുന്നു സാറയുടെ പ്ലാനുകള്‍.
ജോലിക്കാര്‍ക്ക് ആദ്യമൊക്കെ ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും നല്ല കാശും, സുഖകരമായ ജോലി സാഹചര്യങ്ങളും സാറ ഒരുക്കിയിരുന്നത് കൊണ്ട് ആത്മാര്‍ഥമായിത്തന്നെ അവര്‍ പണിയെടുത്തു. അവര്‍ക്ക് വേണ്ടി മാത്രമായി, ദിനംപ്രതി അനവധി ലോഡ് മരങ്ങളും, ഗ്ലാസ്സുമാണ് കമ്പനികള്‍ എത്തിച്ചിരുന്നത്.
അങ്ങിനെ പണിത് പണിത് ഏഴ് നിലയിലേക്ക് പൊങ്ങിയ ആ കെട്ടിടത്തില്‍, മുപ്പത്തിയെട്ട് വര്‍ഷത്തോളം നീണ്ട പണികളാണ് അവര്‍ നടത്തിയത്. ഒരു മനുഷ്യായുസ്സിന്‍റെ നല്ലൊരു ഭാഗവും ഇല്ലാത്ത ശാപത്തിന് വേണ്ടി ചിലവഴിക്കുക.
ഇനി കെട്ടിടത്തിന്‍റെ അകത്തെ വിശേഷങ്ങള്‍ കേള്‍ക്കാം.
നൂറ്റിയറുപതോളം മുറികള്‍, അതില്‍ത്തന്നെ നാല്‍പ്പതും ബെഡ് റൂമുകള്‍. മൂന്ന് ലിഫ്റ്റുകള്‍, പതിനേഴ് ചിമ്മിനികള്‍, നാല്‍പ്പത്തിയേഴ് നെരിപ്പോടുകള്‍, പതിമൂന്ന് ബാത്ത്റൂമുകള്‍, ആറ് അടുക്കളകള്‍, നൂറുകണക്കിന് വാതിലുകള്‍, രണ്ടായിരത്തോളം ജനലുകള്‍. പിന്നെ സ്വര്‍ണ്ണത്തിലും, വെള്ളിയിലും തീര്‍ത്ത രണ്ട് വലിയ വിളക്കുകളും.
ഇതൊന്നും പോരാഞ്ഞിട്ട് എങ്ങും എത്താത്ത, വളഞ്ഞുപുളഞ്ഞ നിരവധി ഇടനാഴികളും, കയറിക്കയറി ഒടുക്കം മച്ചില്‍ കയറുന്നയാളുടെ തലയിടിച്ച് അവസാനിക്കുന്ന പടിക്കെട്ടുകളും ഒരുപാടുണ്ട്. ഒരു പ്രത്യേക വാതില്‍ തുറന്ന് കയറാന്‍ നോക്കിയാല്‍, പത്തടി താഴ്ചയിലുള്ള വലിയ ടാങ്കിലേക്കായിരിക്കും ചെന്ന് വീഴുക. മറ്റൊന്നിലൂടെ ഇറങ്ങിയാല്‍, മുകളില്‍ നിന്ന് തോട്ടത്തിലേക്ക് ചെന്ന് പതിക്കും. അതുപോലെ മതിലിലേക്ക് തുറക്കുന്ന വാതിലുകളും, ജനലുകളും ഒട്ടും കുറവല്ല. 2016ല്‍ വരെ ഒരു രഹസ്യമുറി, അവിടെ കണ്ടെത്തിയിരുന്നു.
എണ്‍പതിനായിരത്തോളം ലിറ്റര്‍ പെയിന്‍റാണ് ആ വീട്ടില്‍ മൊത്തം അടിച്ചിരിക്കുന്നത്.
കാര്യം മണ്ടത്തരം ആണെങ്കിലും, അന്നത്തെക്കാലത്ത് ഒരു വലിയ സംഭവം തന്നെയായിരുന്നു ആ കെട്ടിടം.
ഇത്രയും വലിയ വീടിനകത്ത് മുഴുവനും പ്ലംബിങ്ങ് നടത്തി, എല്ലായിടത്തേക്കും വെള്ളം എത്തിക്കുന്നത് അന്ന് നടക്കുന്ന കാര്യമായിരുന്നില്ല. പിന്നെ അന്ന് പ്രചാരത്തില്‍ വന്നിട്ടില്ലാത്ത സ്വിച്ച് ഇട്ടാല്‍ കത്തുന്ന വിളക്കുകള്‍, അതും കരണ്ടിലല്ല, ഗ്യാസില്‍. കൂടാതെ തണുപ്പ് കാലത്ത് നീരാവി വച്ച് വീടിനകം ചൂടാക്കുന്ന ഹീറ്റര്‍, സാറയ്ക്ക് വേണ്ടി പ്രത്യേകം വെള്ളം തിളപ്പിക്കാന്‍ വാട്ടര്‍ ഹീറ്റര്‍. ഒപ്പം ലോകത്തിലെ ആദ്യകാല ഇലക്ട്രിക് ലിഫ്റ്റുകളില്‍ ഒന്നും.
രണ്ട് തവണയുണ്ടായ ഭൂകമ്പങ്ങളില്‍, കെട്ടിടത്തിന്‍റെ ഉയരം നാല് നിലയായി കുറഞ്ഞെങ്കിലും സാറ തളര്‍ന്നില്ല. തകര്‍ന്ന ഭാഗങ്ങളില്‍ ചിലതൊക്കെ ഒഴിവാക്കി, വേറെ പുതിയ ഭാഗങ്ങള്‍ കൂടെ പ്ലാനില്‍ ചേര്‍ത്ത് വീട് വീണ്ടും വലുതാക്കി.
എന്തൊക്കെ പറഞ്ഞാലും വീട്ടിലെ ഒരേയൊരു ടോയിലെറ്റ് മാത്രമായിരുന്നു പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ പറ്റിയിരുന്നത്. ബാക്കിയുള്ളതൊക്കെ പ്രേതങ്ങളെ പറ്റിക്കാന്‍ ഉണ്ടാക്കിയ ഡമ്മികളായിരുന്നു. ഓരോ ദിവസവും ഓരോ മുറിയില്‍ ഉറങ്ങിയിരുന്ന സാറ, മരിക്കുന്നത് വരെ ആ ടോയിലെറ്റില്‍ മാത്രമാണ് പോയിരുന്നത്. അതിനാകട്ടെ, സാറയെ അവരുടെ നര്‍സിന പുറത്ത് നിന്ന് കാണാവുന്ന തരത്തില്‍ ഒരു ചെറിയ കിളിവാതിലും പിടിപ്പിച്ചിരുന്നു.
ഇത്രയൊക്കെ സൌകര്യങ്ങള്‍ ഉണ്ടെങ്കിലും, സാറയുടെ മരണശേഷം ആ വീട് സ്വന്തമാക്കിയ അവരുടെ അനന്തിരവള്‍ അവിടെ താമസിക്കാന്‍ കൂട്ടാക്കിയില്ല. സാറയുടെ സാധനങ്ങളില്‍ അവര്‍ക്ക് വേണ്ടതെല്ലാം എടുത്തിട്ട് ബാക്കിയൊക്കെ ലേലത്തില്‍ വില്‍ക്കുകയാണ് ചെയ്തത്.
ആറ് ട്രക്കുകള്‍, ദിവസത്തില്‍ എട്ട് മണിക്കൂര്‍ വച്ച് ഓടിയിട്ടും, അവിടത്തെ സാധനങ്ങള്‍ മാറ്റാന്‍ ആറ് ദിവസത്തോളം എടുത്തു എന്ന് കേള്‍ക്കുമ്പോള്‍ മനസിലാക്കാം, തന്‍റെ ജീവനില്‍ സാറയ്ക്ക് എത്രത്തോളം ഭയമുണ്ടായിരുന്നു എന്ന്. മുറികള്‍ കാലിയായി കിടന്നാല്‍ പ്രേതങ്ങള്‍ക്ക് മനസ്സിലാകില്ലേ അത് കെണിയാണെന്ന്. പിന്നെ ദിവസവും കിടക്കാനായി മുറികള്‍ മാറണമെങ്കില്‍ എല്ലായിടത്തും ആവശ്യമുള്ള ഫര്‍ണീച്ചറുകളും വേണ്ടേ.
ഇനി, ഇത്രയൊക്കെ പണിയാനുള്ള പണം എവിടെന്നാണെന്നല്ലേ.
ഭര്‍ത്താവിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ സ്വത്തിന് പുറമേ, കമ്പനിയില്‍ നിന്നുള്ള ലാഭവിഹിതവും, ദിവസവും അവര്‍ക്ക് കിട്ടിയിരുന്നു. ഇന്നത്തെ കണക്ക് വച്ച് നോക്കുമ്പോള്‍ ആ സ്വത്തിന്‍റെ ആസ്തി അഞ്ഞൂറ് മില്യന്‍ ഡോളറാണ്. ദിവസം കിട്ടിയിരുന്ന ലാഭവിഹിതമാകട്ടെ, ഇരുപത്തയ്യായിരം ഡോളറും.
ഇനി സാറയുടെ ഭര്‍ത്താവിനെ ഒന്ന് പരിചയപ്പെടാം.
അദ്ദേഹത്തിന്‍റെ പേരാണ് വില്ല്യം വിഞ്ചസ്റ്റര്‍. Gun that won the west എന്നറിയപ്പെടുന്ന സാക്ഷാല്‍ വിഞ്ചസ്റ്റര്‍ റിപ്പീറ്റിങ്ങ് റൈഫിള്‍ കമ്പനിയുടെ ഉടമ, ഒലിവര്‍ വിഞ്ചസ്റ്ററുടെ മകന്‍.
വിഞ്ചസ്റ്റര്‍ തോക്കുകള്‍ കൊണ്ട് കൊല്ലപ്പെട്ട എണ്ണമറ്റ ആളുകളുടെ പ്രേതങ്ങളെയും ഭയന്നാണ്, സാറ വിഞ്ചസ്റ്റര്‍, 1922ല്‍ തന്‍റെ മരണം വന്ന് വിളിക്കുന്നത് വരെ അവിടെ ജീവിച്ചിരുന്നത്.
by Ares Gautham
ഇപ്പോള്‍ വിഞ്ചസ്റ്റര്‍ ഇന്‍വെസ്റ്റ്‌മെന്‍റ്സ് കമ്പനിയുടെ കൈവശമുള്ള ഈ കെട്ടിടം 2017 മുതല്‍, ടൂറിസ്റ്റുകള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ട്.