കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മധ്യ കേരളം കണ്ട പ്രളയം കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രളയമായി വിലയിരുത്തപ്പെടുന്നുണ്ട് . പക്ഷെ മഴയുടെ കാര്യം നോക്കിയാൽ ജൂൺ ഒന്നുമുതൽ ഇരുപതു വരെ കേരളത്തിൽ പെയ്ത മഴ ഈ കാലയളവിൽ സാധാരണ തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ ലഭിക്കുന്ന ശരാശരി മഴയെക്കാൾ ഏതാണ്ട് 20% മാത്രമേ അധികമായിട്ടുളൂ . സാങ്കേതികമായി പറഞ്ഞാൽ ഈ കാലയളവിലെ തെക്കുപടിഞ്ഞാറൻ കാലവർഷം ഒരു സാധാരണ കാലവർഷമോ അല്ലെങ്കിൽ നേരിയ തോതിൽ വർധിച്ച കാലവർഷമോ ആണ്. അത്തരം ഒരു '' നിയർ നോർമൽ '' (Near Normal ) കാലവർഷം എങ്ങിനെയാണ് ഇത്രവലിയ പ്രളയം സൃഷ്ടിച്ചത് എന്ന കാര്യം കൂലങ്കഷമായി വിശകലനം ചെയേണ്ടതാണ് . ആ ദിശയിലുളള ഒരു ചെറിയ ഉദ്യമത്തിനാണ് ഈ ലേഖനം മുതിരുന്നത് .
.
കേരളത്തിലെ ഏറ്റവും ശക്തമായ മഴക്കാലമാണ് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷം . കേരളത്തിന് ലഭിക്കുന്ന മഴയുടെ 60 മുതൽ 75 ശതമാനം വരെ തെക്കുപടിഞ്ഞാറൻ കാലവർഷം വഴിയാണ് ലഭിക്കുന്നത് . കേരളത്തിന്റെ ഏറ്റവും തെക്കൻ മേഖലയിൽ 70-100 സെന്റീമീറ്റർ മഴ തെക്കുപടിഞ്ഞാറൻ കാലവർഷം വഴി ലഭിക്കുമ്പോൾ വടക്കൻ മേഖലയിൽ അത് 250-300 സെന്റീമീറ്റർ വരെയാകുന്നു . പശ്ചിമഘട്ടത്തിന്റെ ഉന്നതമേഖലയി ൽ വര്ഷപാതം 400 സെന്റീമീറ്റർ കടക്കാറുമുണ്ട് .മാർച്ചുമുതൽ മെയ് വരെയുള്ള പ്രീ മൺസൂൺ കാലഘട്ടം മിതമായ മഴ ലഭിക്കുന്ന സമയമാണ് . ശരാശരി നാല്പതു സെന്റീമീറ്റർ മഴയാണ് കേരളത്തിൽ ഈ കാലഘട്ടത്തിൽ ലഭിക്കുനന്ത് .
.
കേരളത്തിലെ മൺസൂൺ സ്ഥിരമായ തോതിൽ പെയ്യുന്ന ഒരു മഴയല്ല. ശക്തമായ വർഷപാത പൾസുകളായാണ് കേരളത്തിൽ മൺസൂൺ മഴ പെയ്യിക്കുന്നത് . ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ മൂന്ന് മുതൽ ഏഴുവരെ ശക്തമായ മൺസൂൺ പൾസുകളാണ് കേരളത്തിൽ പെയ്തിറങ്ങുന്നത് . ഓരോ പൾസും ശരാശരി 20-40 സെന്റീമീറ്റർ മഴ പെയ്യിക്കുകയും മൂന്നുമുതൽ ഏഴുദിവസം വരെ നീണ്ടുനിൽക്കുകയും ചെയ്യും . വിരളമായി മൺസൂണിനു മുന്നോടിയായി മൺസൂൺ മഴക്ക് സമാനമായ ഒരു പ്രീ മൺസൂൺ പൾസും ഉണ്ടാവാറുണ്ട് . ഇക്കൊല്ലം അത്തരം ശക്തമായ ഒരു പ്രീ മൺസൂൺ പൾസ് ഉണ്ടായിരുന്നു . മെയ് ഇരുപതിനും മുപ്പതിനും ഇടക്ക് ഒരു ശക്തമായ മൺസൂൺ പൾസിന് സമാനമായ മഴയാണ് കേരകലത്തിൽ ലഭിച്ചത് . ചുരുക്കത്തിൽ സാങ്കേതികമായി മൺസൂൺ ആരംഭിച്ചത് ജൂൺ ഒന്നിനായിരുന്നു വെങ്കിലും അതിനു മുൻപ് തന്നെ ശക്തമായ കേരളത്തിൽ ആരംഭിച്ചിരുന്നു . പ്രീ മൺസൂൺ മഴ കേരളത്തിൽ ഇക്കൊല്ലം 37% അധികമായിരുന്നു എന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ( India Meteorological Department )കണക്കുകൾ വ്യക്തമാക്കുന്നത് .ചുരുക്കത്തിൽ ഈ വര്ഷം മെയ്മാസഅവസാനം ആകുമ്പോഴേക്ക് നമ്മുടെ മണ്ണ് സാധാരണയിലും കൂടിയ അളവിൽ ജലത്താൽ പൂരിതമായിരുന്നു .
.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ആദ്യത്തെ ശക്തമായ പൾസ് ജൂൺ ഏഴു മുതൽ ജൂൺ പതിനഞ്ചു വരെയായിരുന്നു . എട്ടു തുടർച്ചയായ ദിവസങ്ങളിൽ കേരളത്തിൽ ശരാശരിയിലും കൂടിയ മഴ പെയ്തു . അതിൽ തന്നെ നാലുദിവസങ്ങളിൽ ശരാശരിയുടെ ഇരട്ടി മഴയാണ് പെയ്തത് .ജൂൺ പതിനഞ്ചിന് അവസാനിച്ച ആദ്യ മൺസൂൺ പൾസിന് ശേഷം ജൂലൈ എട്ടു വരെ കേരളത്തിൽ സാധാരണ മഴ മാത്രമാണ് പെയ്തത് . ഈ കാലയളവിൽ രണ്ടോ മൂന്നോ ദിവസങ്ങളിൽ മാത്രമാണ് ശരാശരിയിലും വലിയ മഴപെയ്തത്.
.
ജൂലൈ എട്ടിനാരംഭിച്ച രണ്ടാമത്തെ മൺസൂൺ പൾസ് സമീപകാലങ്ങളിലെ ഏറ്റവും ശക്തമായ മൺസൂൺ പൾസുകളിൽ ഒന്നായിരുന്നു . ഒരു സാധാരണ മൺസൂൺ പൾസ് ഏറിയാൽ ഏഴോ എട്ടോ ദിവസമാണ് നീണ്ടുനിൽക്കുന്നത് . എന്നാൽ ജൂൺ എട്ടിന് തുടങ്ങിയ മഴ അതിശക്തമായി ജൂൺ ഇരുപതു വരെ അതിശക്തമായി നിലനിന്നു .പതിമൂന്നു ദിവസം നീണ്ടുനിന്ന ഈ വലിയ മൺസൂൺ പൾസിൽ മിക്കദിവസങ്ങളിലും ശരാശരി പെയ്യേണ്ട മഴയുടെ ഇരട്ടിയാണ് പെയ്തത് . അതിൽ തന്നെ ജൂലൈ 10,11,12,16 എന്നീ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് പെയ്തത് . ജൂലൈ പതിനാറിന് ശരാശരിയിലും മൂന്നിരട്ടിയിലധികം മഴയാണ് പെയ്തത് . ഈ നാലുദിവസങ്ങളിലെ പെരുമഴ ഭൂമിക്കു താങ്ങാവുനനത്തിലും ഏറെയായിരുന്നു . ശക്തമായ പ്രീ മൺസൂൺ മഴയാലും അതുവരെയുള്ള നല്ല മൺസൂൺ മഴകൊണ്ടും ജലത്താൽ പൂരിതമായ നമ്മുടെ മണ്ണിനു ജൂലൈ 10,11,12,16 എന്നീ ദിവസങ്ങളിൽ പെയ്ത മഴയെ നല്ലതോതിൽ ആഗിരണം ചെയ്യാനായില്ല . മധ്യകേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമുദ്രനിരപ്പിന് വളരെയൊന്നും മുകളിലില്ലാത്ത സാഹചര്യത്തിൽ പശ്ചിമഘട്ടത്തിൽ നിന്നും ഒലിച്ചിറങ്ങിയ മഴവെള്ളം ഒരു പ്രളയം തന്നെ സൃഷ്ടിച്ചു .
.
ചുരുക്കത്തിൽ മധ്യകേരളം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ച പ്രളയത്തിന് കാരണമായ വസ്തുതകൾ താഴെപ്പറയുന്നവയാണ് .
.
1. ശക്തമായ പ്രീ മൺസൂൺ മഴ - നാല്പതുശതമാനം അധിക പ്രീ മൺസൂൺ മഴയാണ് ഈ വര്ഷം പെയ്തത് . തെക്കുപടിഞ്ഞാറൻ കാലവർഷം തുടങ്ങുന്നതിനുമുമ്പ് തന്നെ മണ്ണ് ജലപൂരിത അവസ്ഥയിലായിരുന്നു .
.
2. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ ഒന്നാമത്തെ പൾസ് തന്നെ ശക്തമായ ഒന്നായിരുന്നു .
.
3.തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ രണ്ടാമത്തെ പൾസ് അതിശക്തമായിരുന്നു എന്ന് മാത്രമല്ല പതിമൂന്നു ദിവസം നീണ്ടുനിൽക്കുകയും ചെയ്തു .
.
ശക്തമായ പ്രീ മൺസൂൺ മഴയും , മൺസൂണിന്റെ ശക്തമായ ഒന്നാം പൾസും മധ്യകേരളത്തിൽ ഒരു പ്രളയത്തിന് പച്ഛാത്തലമൊരുക്കുന്നു . മൺസൂണിന്റെ രണ്ടാം പൾസ് അതിശക്തമായാൽ പ്രളയം നിശ്ചിതമാകുന്നു . ഈ മൂന്നവസ്ഥകളും ഒരുമിച്ച് ഒരു വര്ഷം പ്രത്യക്ഷപ്പെടുന്നത് വിരളമായിരിക്കും ഏതാനും പതിറ്റാണ്ടുകളിൽ ഒരിക്കൽ മാത്രമാവും ഇത്തരം അവസ്ഥ സംജാതമാകുക . തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ രണ്ടോ മൂന്നോ പൾസുകൾകൂടി വരുന്ന രണ്ടു മാസങ്ങളിൽ പ്രതീക്ഷിക്കാം . അതിൽ അടുത്ത പൾസ് ഓഗസ്റ് പകുതിക്കുമുപ് ശക്തമായി കടന്നുവന്നാൽ ഇനിയുമൊരു പ്രളയത്തിന് കൂടി സാധ്യതയുണ്ട് .വെറുമൊരു സാങ്കേതിക സംഭവ്യതയാണെങ്കിൽകൂടി അതിനുള്ള സാധ്യത പൂജ്യമാണെന്നു പറയാനാകില്ല .
---
ref:
---
1.https://www.imdtvm.gov.in/…/stori…/dwr/swm%20rf%20kerala.jpg
2.https://www.imdtvm.gov.in/index.php…
3.https://www.imdtvm.gov.in/index.php…
4.https://www.imdtvm.gov.in/images/stories/dwr/dwr2.pdf
5.https://www.imdtvm.gov.in/images/stories/dwr/wwr2.pdf
6.https://www.imdtvm.gov.in/…/wbyw%20performance%20swm%202018…
7.http://hydro.imd.gov.in/hydrometweb/(S(ca5trn55soyuqr2gee4p4amx))/landing.aspx
8.https://www.imdtvm.gov.in/…/cumulative%20rainfall%20for%20k…
--
This post is based on information gathered from cited references-rishidas s
--
ചിത്രങ്ങൾ : ഇക്കൊല്ലത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴയുടെ വിതരണം ,ജൂലൈ പന്ത്രണ്ടിൽ ഇന്ത്യയുൾപ്പെടുന്ന തെക്കൻ ഏഷ്യയുടെ ഉപഗ്രഹചിത്രം ചിത്രങ്ങൾ കടപ്പാട് :https://www.imdtvm.gov.in/