പോർവിമാനങ്ങളുടെ കച്ചവടo ലോകത്തെ ഏറ്റവും സാങ്കേതിക പ്രശ്നങ്ങൾ നിറഞ്ഞ കച്ചവടമായാണ് കരുതപ്പെടുന്നത് . അത്യാധുനിക പോർവിമാനങ്ങളുടെ കാര്യത്തിൽ വാങ്ങുന്നവർക്ക് വലിയ ചോയ്‌സ് ഒന്നുമില്ല .യു എസ് , റഷ്യ , ഫ്രാൻസ് , യൂറോപ്യൻ യൂണിയൻ എന്ന കൂട്ട് സഖ്യം എന്നിവർ മാത്രമാണ് നിലവാരമുള്ള ആധുനിക പോർവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്നത് . ഇതിൽ തന്നെ ഫ്രാൻസിനും യൂറോപ്യൻ യൂണിയനും ഒരു പ്രോഡക്ട് വീതം മാത്രമേ ഉളൂ . യൂറോഫൈറ്റർ ടൈഫൂൺ യൂറോപ്യൻ യൂണിയനും , റഫാൽ ഫ്രാൻസും നിർമിക്കുന്നു . യു എസ് ഉം റഷ്യയും മാത്രമാണ് പല തരത്തിലുള്ള ആധുനിക പോർവിമാനങ്ങൾ നിർമിക്കുന്നത് . യു എസ് അവരുടെ F- സീരീസിലുള്ള പോർവിമാനങ്ങളും ,റഷ്യ സുഖോയ് ( Sukhoi), മിഗ്ഗ്( Mig) എന്നീ സീരീസിലുള്ള പോർവിമാനങ്ങളും നിർമിക്കുന്നു .
.
പപ്പോഴും പോർവിമാനങ്ങളുടെ വാങ്ങൽ വളരെ നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയാണ് .ഏതെങ്കിലും ഷോറൂമിൽ പോയി ഒരു കാറോ ബൈക്കോ പണം കൊടുത്തു വാങ്ങുന്നത് പോലെ അത്ര എളുപ്പമല്ല പോർവിമാനങ്ങൾ വാങ്ങുന്നത് . പലപ്പോഴും വാങ്ങുന്നവർക്ക് മാത്രം ആവശ്യമായ സംവിധാനങ്ങൾ അവയിൽ ഉൾപ്പെടുത്തേണ്ടി വരും . ഉദാഹരണത്തിന് റഷ്യയിൽ നിന്നും സുഖോയ് -30 പോർവിമാനങ്ങൾ ഓർഡർ ചെയ്തപ്പോൾ ത്രസ്റ് വെക്റ്ററിങ് ( Thrust Vectoring)എഞ്ചിനുകളോട് കൂടിയ വിമാനങ്ങളാണ് നാം ഓർഡർ ചെയ്തത് . അക്കാലത്തു റഷ്യൻ വ്യോമസേന പോലും അത്തരം ആധുനിക വിമാന എഞ്ചിനുകൾ ഉപയോഗിച്ചിരുന്നില്ല . നമ്മുടെ ആവശ്യപ്രകാരമാണ് ത്രസ്റ് വെക്റ്ററിങ് എഞ്ചിനുക ൾ റഷ്യ സുഖോയ് -30 വികസിപ്പിച്ചത് . ആ തീരുമാനത്തിന്റെ ഫലം വളരെ മികച്ചതായിരുന്നു . ഇന്ന് ലോകത്തെ ഏറ്റവും മികച്ച എയർ സുപ്പീരിയോരിറ്റി ഫൈറ്ററുകളിലൊന്നാണ്( Air Superiority Fighter) സുഖോയ് -30MKI. പരിശീലന യുദ്ധങ്ങളിൽ യു എസ് , യൂറോപ്യൻ പോർവിമാനങ്ങളെ സ്ഥിരമായി നമ്മുടെ സുഖോയ് -30MKI. കൾ മലർത്തിയടിക്കാറുണ്ട് .
.
പോർവിമാനങ്ങളുടെ വിലയിടൽ തന്നെ വളരെ സങ്കീർണമാണ് . ഒരു പോർവിമാനത്തിനു അതിന്റെ പ്രയോഗികതകക്കനുസരിച്ചു പല വിലകൾ ഉണ്ട് . അതിൽ ഏറ്റവും പ്രാഥമികമായ വിലയാണ് ഫ്ലൈ എവേ കോസ്റ്റ് (fly away cost ).ഫ്ലൈ എവേ കോസ്റ്റ് ൽ വാങ്ങുന്ന യുദ്ധവിമാനത്തിന് ഇന്ധനം നിറച്ചാൽ പറക്കാം എന്നെയുളൂ .ഒരായുധവും അതിൽ ഘടിപ്പിച്ചിട്ടുണ്ടാകില്ല . ആയുധങ്ങൾ വേറെ വാങ്ങണം . ആധുനിക വിമാനങ്ങൾ വഹിക്കുന്ന ആയുധങ്ങൾക്ക് കനത്ത വിലയാണ് . ഉദാഹരണത്തിന് യൂറോപ്പ് ഉപയോഗിക്കുന്ന സ്റ്റോമ് ഷാഡോ ( Storm Shadow ) മിസൈലിന്റെ വില തന്നെ ഏതാണ്ട് പതിനഞ്ചു കോടി രൂപ ( 2 മില്യൺ ഡോളർ) വരും . നമ്മുടെ ബ്രഹ്മോസ് മിസൈലിന്റെ വിലയും കോടികൾ വരും . ഒരു മുൻനിര പോർവിമാനത്തിന് എയർ ടു എയർ ( Air to Air ) , എയർ ടു ഗ്രൗണ്ട് (Air to Ground )മിസൈലുകളും ,സ്മാർട്ട് ബോംബുകളുമൊക്കെ ആയുധങ്ങളായുണ്ടാവും ഇത്തരത്തിലുള്ള അനേകം മിസൈലുകൾ ഒരു യുദ്ധവിമാനത്തിനായി വാങ്ങേണ്ടി വരും . എന്തൊക്കെ വാങ്ങി എന്നത് രഹസ്യമാക്കി വച്ചില്ലെങ്കിൽ ആ ആയുധം കൊണ്ട് പ്രയോജനം ഇല്ല .
അത് പോലെ തന്നെ പ്രധാനമാണ് വിമാനത്തിലെ റഡാറും എലെക്ട്രോണിക് യുദ്ധ സംവിധാനങ്ങളും . ഏറ്റവും നൂതനമായ ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളുടെ വിലയെപ്പറ്റി ഊഹങ്ങൾ മാത്രമേ ഉളൂ . ഉറപ്പുള്ള ഒരു കാര്യം അവയില്ലതെ ആധുനിക യുഗത്തിൽ ആകാശയുദ്ധത്തിൽ മേൽകൈ നേടാനാവില്ല എനന്ത് മാത്രമാണ് . ഉദാഹരണത്തിന് സിറിയയിൽ ഏതാനും പോർവിമാനങ്ങളുപയോഗിച്ചു റഷ്യ നേടിയ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കരുതുന്നത് അവരുടെ ഇലക്ട്രോണിക്ക് യുദ്ധസന്നാഹങ്ങളാണ് . അവർ ഉപയോഗിക്കുന്ന ഖിബ്‌നി (Khibiny)എന്ന എലെക്ട്രോണിക്ക്ക് യുദ്ധ സന്നാഹത്തിന്റെ സാങ്കേതിക വിവരങ്ങളുടെ പൊടി പോലും ഇന്റർനെറ്റ് മുഴുവൻ അരിച്ചു പെറുക്കിയാലും കിട്ടില്ല . അത്ര രഹസ്യാത്മകമാണ് ആധുനിക ഇലക്ട്രോണിക് യുദ്ധസന്നാഹങ്ങളുടെ രഹസ്യാത്മകത . ആധുനിക ആയുധങ്ങളും എലെക്ട്രോണിക്ക് യുദ്ധസന്നാഹങ്ങളും ഘടിപ്പിക്കുമ്പോഴാണ് ഒരു പോർവിമാനം യുദ്ധഗതിയെ സ്വാധീനിക്കാൻ പോന്ന ഒരായുധമായി മാറുന്നത് . നമ്മുടെ പോർവിമാനം എത്ര ശക്തിയേറിയതാണെന്ന് നമുക്ക് തീരുമാനിക്കാം . മുൻനിര സന്നാഹങ്ങൾ ഘടിപ്പിക്കണമെങ്കിൽ ഫ്ലൈ എവേ കോസ്റ്റ് (fly away cost ) ഇന്റെ ഒന്നരമടങ്ങു പണം കൂടി ചെലവാക്കണമെന്നാണ് US വ്യോമസേനയുടെ ഏകദേശ കണക്ക് . ചുരുക്കത്തിൽ ഒരു പോർവിമാനത്തിന്റെ ഫ്ലൈ എവേ കോസ്റ്റ് 100 മില്യൺ ഡോളറാണെങ്കിൽ , അതിനെ ഒരു മുൻനിര യുദ്ധായന്ത്രമാക്കാൻ ഫ്ലൈ എവേ കോസ്റ്റ് നേക്കാൾ കൂടുതൽ പണം (100 മില്യൺ ഡോളറിലധികം തുക ) മുടക്കേണ്ടി വരും .
.
യുദ്ധവിമാനങ്ങൾ നിരന്തരം മെയിന്റൈൻ ചെയ്തുകൊണ്ടിരുന്നില്ലെങ്കിൽ അവയെ സുരക്ഷിതമായി ഉപയോഗിക്കാനാവില്ല . പ്രധാനമായും എഞ്ചിനുകൾ ഏതാണ്ട് 300-400 മണിക്കൂർ ഉപയോഗത്തിന് ശേഷം പൂർണമായി ഓവർ ഹാൾ ചെയേണ്ടി വരും . ഒരു പോർവിമാനത്തിന്റെ ശരാശരി ആയുർ ദൈർഖ്യം എണ്ണായിരം മുതൽ പതിനായിരം വരെ പറക്കും മണിക്കൂറുകൾ ( Flying Hours )
ആണെന്നാണ് അനുമാനം . പക്ഷെ എഞ്ചിനുകളുടെ ആയുസ്സ് അതിന്റെ മൂന്നിലൊന്നേ വരൂ . അതിനാൽ തന്നെ ഉപയോഗ കാലയളവിൽ എഞ്ചിനുകൾ രണ്ടോ മൂന്നോ തവണ മാറ്റേണ്ടി വരും . പത്തോ പതിനഞ്ചോ കൊല്ലം കൂടുമ്പോൾ റഡാറുകളും എലെക്ട്രോണിക്ക് യുദ്ധസന്നാഹങ്ങളും പരിഷ്കരിക്കേണ്ടി വരും . നമ്മുടെ വ്യോമസേനയിൽ പതിനഞ്ചു കൊല്ലം മുൻപ്പ് രംഗത്തിറക്കിയ സുഖോയ് -30 MKI കളെ ഇപ്പോൾ ഇങ്ങനെ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ് . ഇത്തരം പരിഷ്കരണത്തിന് വേണ്ടി വരുന്ന ചെലവുകൾ ലൈഫ് സൈക്കിൾ കോസ്റ്റ് ( Life Cycle Cost) എന്നാണ് പറയുക . ഫ്ലൈ എവേ കോസ്റ്റും , ആയുധങ്ങളുടെ വിലയും , ലൈഫ് സൈക്കിൾ കോസ്റ്റും ഒക്കെ ചേർന്നതാണ് ഒരു പോർവിമാനത്തിന്റെ മൊത്തത്തിലുള്ള വില . ഈ വിലയിൽ ഒരു നിശ്ചിത ശതമാനം പോർവിമാനം ഉപയോഗിക്കുന്ന രാജ്യത്തിലെ കമ്പനികൾക്ക് നല്കുന്നതിനായാണ് പോർവിമാനകരാറുകളിൽ ഓഫ്‌സെറ്റ് ക്ലാസ്സ് ( Offset Clause) കൂട്ടിച്ചേർക്കുന്നത് .
.
വലിയ സങ്കീർണതകൾ ഉളളതിനാലാണ് പോർവിമാന കരാറുകൾക്കായുളള ചർച്ചകൾ വർഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് . ശരിയായ കരാർ അല്ലെങ്കിൽ ആവശ്യമുളളപ്പോൾ പോർവിമാനം ഹാങ്ങറുകളിൽ വിശ്രമിക്കും . ആധുനിക കാലത്ത് ഇത്തരം സംഭവങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട് .
---
Ref
https://defenseissues.net/…/…/modern-aircraft-flyaway-costs/
---
image: https://commons.wikimedia.org/…/File:Rafale_Theodore_Roosev…
---
PS:
പോർവിമാനങ്ങൾ സാധാരണ ഗതിമാറ്റം വരുത്തുന്നത് കൺട്രോൾ സർഫേസുകൾ എന്നറിയപ്പെടുന്ന സംവിധാനങ്ങൾ ചലിപ്പിച്ചാണ് . ഇവ സാധാരണയായി ചിറകുകളുടെ പിൻഭാഗത്തും വെർട്ടിക്കൽ സ്റ്റെബിലൈസെർ ( വാൽ ) ഇന്റെ പിന്ഭാഗത്തുമാണ് ഘടിപ്പിച്ചിരിക്കുന്നത് . ഇത് കൂടാതെ ജെറ്റ് എൻജിനിൽ നിന്നും വരുന്ന വലിയ താപനിലയിലുള്ള എക്സോസ്റ് വാതകങ്ങളുടെ ഗതി തിരിച്ചുവിട്ടും ഗതിമാറ്റം വരുത്താം . ഇത്തരത്തിലുള്ള ഗതിമാറ്റം കൺട്രോൾ സർഫേസുകൾ ഉപയോഗിച്ചുള്ള ഗതിമാറ്റത്തേക്കാൾ വളരെ വേഗതയേറിയതും ,ഫലപ്രദവുമാണ് . ഇങ്ങിനെ എക്സോസ്റ് വാതകങ്ങളുടെ ഗതി തിരിച്ചു വിട്ടു ഗതിമാറ്റം വരുത്തുന്ന പ്രക്രിയയെയാണ് ത്രസ്റ്റ് വെക്റ്ററിങ് എന്ന് പറയുന്നത് . പക്ഷെ വലിയ താപനിലയിലുള്ള എക്സോസ്റ് വാതകങ്ങളുടെ ഗതി തിരിച്ചു വിടുക അത്ര എളുപ്പമല്ല , അതിനാൽ തന്നെ ത്രസ്റ്റ് വെക്റ്ററിങ് ജെറ്റ് എൻജിനുകൾ സാധാരണ ജെറ്റ് എഞ്ചിനുകളെക്കാൾ വളരെ സങ്കീര്ണതയുള്ളതാണ് . ത്രസ്റ്റ് വെക്റ്ററിങ് ജെറ്റ് എൻജിനുകൾ അഞ്ചാം തലമുറ പോർ വിമാനങ്ങൾക്ക് അനിവാര്യമാണ് . ത്രസ്റ്റ് വെക്റ്ററിങ് എൻജിനുകൾ ഉപയോഗിക്കുന്ന ആദ്യ ആധുനിക പോർവിമാനം നമ്മുടെ SU-30 MKI ആണ്, F-22 ആണ് ത്രസ്റ്റ് വെക്റ്ററിങ് ജെറ്റ് എൻജിനുകൾ ഉപയോഗിക്കുന്ന ആദ്യ യു എസ് പോർവിമാനം .