പാറ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങള്‍ നമുക്ക് അപരിചിതം അല്ലെങ്കിലും തിരുച്ചിറപ്പള്ളിയിലെ ഈ ക്ഷേത്രങ്ങള്‍ ആരെയും അതിശയിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഒത്ത മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പാറയും ആ പാറ തുരന്ന് കോട്ടയുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളും തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. തിരുച്ചിറപ്പള്ളിയുടെ അടയാളം അല്ലെങ്കില്‍ ലാന്‍ഡ് മാര്‍ക്ക് എന്നു പറയുന്ന, റോക്ക് ഫോര്‍ട്ട് ടെമ്പിള്‍ അഥവാ പാറക്കോട്ടൈ കോവിലിന്റെ വിശേഷങ്ങള്‍...
കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തിരുച്ചിറപ്പള്ളി പാറകളുടെ നഗരം എന്നാണ് അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലൊന്നായ തിരുച്ചിറപ്പള്ളി പാറകളുടെ നഗരം എന്നറിയപ്പെടുന്നതിനുള്ള പ്രധാന കാരണം ഇവിടെ ധാരാളമായി കാണുന്ന പാറകളാണ്. പ്രത്യേകമായി പറയുകയാണെങ്കില്‍ 3800 ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറകളാണ് ഇവിടെ ഉള്ളത്. അതായത് ഹിമാലയത്തിലെ പാറകളെക്കാളും പഴക്കമുള്ള പാറയാണ് തിരുച്ചിറപ്പള്ളിയിലുള്ളത് എന്ന് ചുരുക്കം.
തിരുച്ചിറപ്പള്ളിയിലെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത് ഇവിടെ കാണുന്ന റോക്ക് ഫോര്‍ട്ട് അഥവാ പാറക്കോട്ടൈ കോവിലാണ്. തിരുച്ചിറപ്പള്ളി നഗരത്തിന്റെ മധ്യത്തില്‍ കാണപ്പെടുന്ന പാറയുടെ മുകളില്‍ കോട്ടയുടെ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചള്‍ ഒരുക്കുന്ന സ്ഥലം കൂടിയാണ് ഈ പാറ. കാവേരി തീരക്കായി സ്ഥിതി ചെയ്യുന്ന തിരുച്ചിറപ്പള്ളിയില്‍ ഈ പാറയെ ചുറ്റിയാണ് കാവേരി ഒഴുകുന്നത്.
183 മീറ്റര്‍ ഉയരത്തില്‍ (273) അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാറ തുരന്നും കല്ലുകള്‍ അടുക്കിയുമാണ് ഇവിടെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ പാറക്കൂട്ടത്തിനു മുകളില്‍ ക്ഷേത്രം വന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്.അതിലൊന്നാണ് സര്‍പ്പ രാജാവായ ആദിശേഷനും വായു ഭഗവാനും തമ്മിലുണ്ടായ യുദ്ധത്തിന്റെ ഫലമായ ഹിമാലയത്തില്‍ നിന്നും അടര്‍ന്നു വീണ പാറയാണ് ഇവിടുത്തേത് എന്ന വിശ്വാസം.
പാറക്കോട്ടൈ കോവില്‍ എന്നു പറയുന്ന് ഒരു ക്ഷേത്രമല്ല, ഇത് മൂന്നു ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. പാറയുടെ അടിവാരത്ത് മാണിക്യവിനായകര്‍ കോവിലും അഗ്രഭാഗത്തായി ഉച്ചി പിള്ളയാര്‍ കോവിലും നടുഭാഗത്ത് തായ്മാനവര്‍ കോവില്‍ ശിവസ്ഥലവുമാണ് ഉള്ളത്. കുത്തനെ 420 നടകള്‍ കയറിയാല്‍ മാത്രമേ പാറയുടെ ഉച്ചിയില്‍ എത്താന്‍ സാധിക്കൂ. കുത്തനെയുള്ള പടികളായതിനാല്‍ ശ്രദ്ധിച്ച് മാത്രമേ കയറാന്‍ സാധിക്കു. കൈപ്പടികള്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായും ശ്രദ്ധിച്ചുവേണം ഇവിടേക്ക് കയറാന്‍. ശക്തിയേറിയ കാറ്റ് അടിക്കുന്ന സ്ഥലമായതിനാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കാന്‍ ഓര്‍മ്മിക്കുക.
പാറക്കോട്ടൈ കോവിലിലെ പാറകള്‍ പരിശോധിക്കുകയാണെണെങ്കില്‍രസകരമായ ഒട്ടേറെ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഹിമാലയത്തിലെ പാറകളെക്കാള്‍ പഴക്കം ഇവിടുത്തെ പാറകള്‍ക്ക് ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഏകദേശം 3800 ദശലക്ഷം വര്‍ഷം പഴക്കമുള്ളവയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. 183 മീറ്റര്‍ ഉയരമുള്ള ഈ പാറയുടെ ഉള്‍വശം തുറന്നിട്ടാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന കാര്യവും ഇക്കൂട്ടത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.
വിജയ നഗര രാജാക്കന്‍മാര്‍ ഈ പ്രദേശത്തിന്റെ സൈനിക മേന്‍മകള്‍ മനസ്സിലാക്കി ഇവിടെ ഒരു കോട്ട നിര്‍മ്മിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. തിരുച്ചിറപ്പള്ളി പാറക്കോട്ടൈ കോവിലിന്റെ നിര്‍മ്മാണത്തിന് യഥാര്‍ഥത്തില്‍ തുടക്കമിട്ടത് പല്ലവ രാജാക്കന്‍മാരാണ്. ഈ കോട്ടയില്‍ ആദ്യം ഒരു ഗൂഹാക്ഷേത്രം പണിതത് 580 ല്‍ പല്ലവന്‍മാരായിരുന്നു. പിന്നീട് വിവിധ രാജവംശങ്ങള്‍ക്കും ഭരണത്തിനും ശേഷം ഭരണത്തിലേറിയ നായക്കന്‍മാരാണ് . ഇന്ന് കാണുന്ന രീതിയില്‍ പാറക്കോട്ടൈ കോവില്‍ നിര്‍മ്മിച്ചതിന്റെ സകല അവകാശങ്ങളും നായക്കന്‍മാര്‍ക്കാണ്.
പാറക്കോട്ടൈ കോവിലിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് എത്തിയാല്‍ വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെ കാത്തിരിക്കുന്നത്. തിരുച്ചിറപ്പള്ളി പട്ടണം മുഴുവനായും ഇവിടെ നിന്നും കാണാന്‍ സാധിക്കും. അതു കൂടാതെ കാവേരി നദിയുടെ മറുകരയിലെ ക്ഷേത്രങ്ങളും പട്ടണങ്ങളും ഇവിടുത്തെ നല്ലൊരു കാഴ്ച തന്നെയാണ്.
കോഴിക്കോട് നിന്നും പാലക്കാട്-കോയമ്പത്തൂര്‍-കരൂര്‍-ശ്രീരംഗം വഴി തിരുച്ചിറപ്പള്ളിക്ക് 386 കിലോമീറ്ററാണ് ദൂരം.തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടുമ്പോള്‍ കുട്രാലം-രാജപാളയം-തിരുമംഗലം-മേലൂര്‍ വഴിയാണ് തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചേരുക. ഈ യാത്രയ്ക്ക് 400 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്.