1962 ലെ ഒരു കുളിരുള്ള പ്രഭാതത്തിൽ, വത്തിക്കാനിലെ ബെൽവേഡർ നിർമ്മിതിയുടെ മുറ്റത്തു കുഴിച്ചു കൊണ്ടിരുന്ന പണിക്കാർ ചില എല്ലുകളും പല്ലുകളും കണ്ടെടുത്തു. ദിനോസറിന്റെ ഫോസിൽ ആണ് തങ്ങൾ കണ്ടെത്തിയതെന്ന് വിശ്വസിച്ച ആ തൊഴിലാളികൾ അതുമായി വത്തിക്കാൻ ലൈബ്രറി അധികാരിയെ സമീപിച്ചു. അവശിഷ്ടങ്ങൾ പരിശോധിച്ച അദ്ദേഹം അത് ഫോസ്സിലുകളേ അല്ല എന്ന് തിരിച്ചറിഞ്ഞു. എന്നാലും അത് ഒരു ആനയുടെ പല്ലുകളും താടിയുടെ അസ്ഥിയും ആണെന്ന അറിവ് അത്ഭുതമുളവാക്കി. വത്തിക്കാന്റെ മണ്ണിനടിയിൽ യൂറോപ്പിൽ അപൂർവമായ ആനയുടെ ഭൗതികാവശിഷ്ടം കണ്ടെത്തിയ വാർത്ത കാട്ടുതീ പോലെ പരന്നു...
448 വർഷങ്ങൾക്കു മുൻപ്...
**********************************
**********************************
അന്ന് റോമിൽ ജീവിച്ചിരുന്ന ആളുകൾ ഒരു അഭുത ജീവിയെ കണ്ടു. റോമാക്കാർക്കു കേട്ടു കേൾവി മാത്രമുള്ള കരയിലെ ഏറ്റവും വലിയ ജീവി, ആന! ആ കൂട്ടത്തിലുള്ള ആരും ആനയെ ജീവനോടെ കണ്ടിരുന്നില്ല. റോമൻ സാമ്രാജ്യത്തോടൊപ്പം ഇറ്റലിയിൽ ഉണ്ടായിരുന്ന ആനകളും അപ്രക്ത്യക്ഷരായിരുന്നു. അതിനും നൂറ്റാണ്ടുകൾ മുൻപ് ഹാന്നിബാൾ എന്നൊരു പോരാളി തന്റെ ആനകളെയും തെളിച്ചു കൊണ്ട് ആൽപ്സ് പർവത നിരകൾ താണ്ടി വന്നിരുന്നു, ഇറ്റലിയെ ആക്രമിക്കാൻ! തെരുവുകളിൽ ആളുകൾ കൗതുകപൂർവം നാലടി ഉയരം മാത്രമുള്ള ആ കുഞ്ഞൻ ആനയെ നോക്കി നിന്നു. കൂടെ കറുത്ത് മെലിഞ്ഞ ആ ചെറുപ്പക്കാരനും. അവന്റെ താളത്തിനൊപ്പം ആണ് ആ ജീവി നടന്നിരുന്നത്. അവനായിരുന്നു അതിന്റെ പാപ്പാൻ. അവൻ പറഞ്ഞു 'തന്റെ ഓമന മൃഗത്തിന്റെ പേര് 'ആന' എന്നാണെന്ന്. ഇറ്റലിക്കാർ അതിനെ 'ഹാനോ' (hanno) എന്ന് വിളിച്ചു.
ഹാനോവിന്റെ വരവ് അങ്ങ് ദൂരെ ഇന്ത്യയിൽ (അവൻ ഒരു മലയാളി ആന അവനാണ് സാധ്യത!) നിന്നായിരുന്നു. ലിസ്ബണിലെ തുറമുഖത്തു കപ്പലിറങ്ങിയ ഹാനോ ഒരുപാടു ദൂരം താണ്ടി റോമിലെത്തിയിരിക്കുന്നതു പോപ്പിനെ കാണാനാണ്! ക്ഷീണിതരായിരുന്നെങ്കിലും ഹാനോവും അവന്റെ പ്രിയ പാപ്പാനും നടപ്പ് തുടർന്നു. ആ കൗതുക ജീവിയെ നീളമുള്ള ഒരു വടിയാൽ മാത്രം നിയന്ത്രിച്ചിരുന്ന ആ ചെറുപ്പക്കാരനെ റോമൻ പെൺകൊടികൾ ആരാധനയോടെ നോക്കി നിന്നു കാണണം!
പോർച്ചുഗീസ് രാജാവായിരുന്ന മാന്വൽ ഒന്നാമൻ ഒരു വർഷം മുൻപ് മാത്രം (C.E.1513 ) പോപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട ലിയോ പത്താമനു നൽകിയിരുന്ന സമ്മാനമായിരിരുന്നു ആ അപൂർവ ജീവി. തന്റെ സാമ്രാജ്യത്തിന്റെ അതിർത്തികൾ വികസിപ്പിക്കാൻ പോർട്ടുഗീസ് രാജാക്കൻമാർക്ക് പോപ്പ് കൂടെ വേണമായിരുന്നു. പോപ്പിന് കലാകാലങ്ങളിൽ അപൂർവ വസ്തുക്കൾ സമ്മാനിക്കുക പോർട്ടുഗീസ് രാജാക്കന്മാരുടെ പതിവായിരുന്നു. ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ സുഗന്ധ വ്യഞ്ജനങ്ങളും വനസമ്പത്തും യൂറോപ്പിലേക്കൊഴുകിയിരുന്നു. അതിന്റെ ഒരു ഭാഗം പോപ്പിന്റെ വസതിയിലും എത്തി. അങ്ങനെയാണ് നമ്മുടെ ഹാനോ ആനയും വത്തിക്കാനിലെത്തിയത്.
പോപ്പിനെയും ഹാനോവിന്റെയും ആദ്യസമാഗമം ഹാനോയെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തെ അതിശയിപ്പിച്ചു. നന്നായി പരിശീലനം കിട്ടിയിരുന്ന ഹാനോ പോപ്പിന്റെ മുന്നിൽ മുട്ടു കുത്തി തുമ്പികൈ ഉയർത്തി നമസ്കരിച്ചു. പിന്നെ തുമ്പിക്കയ്യിൽ വെള്ളം എടുത്ത് വെഞ്ചരിക്കുന്ന പോലെ അവിടെ തെറിപ്പിച്ചു. പോപ്പിനെ മാത്രമല്ല, ഇറ്റലിയിലെ ജനങ്ങളെ മുഴുവൻ ആ നാലു വയസ്സുകാരൻ കുട്ടിയാന തന്റെ ആരാധകരാക്കി മാറ്റി. പോപ്പ് തന്റെ പ്രിയപ്പെട്ട ഹാനോവിന് വേണ്ടി ബെൽവേഡർ സ്ക്വയറിനടുത് ഒരു വസതിയൊരുക്കി. ആഴ്ചയിലൊരിക്കൽ അവിടെ സന്ദർശകരെ അനുവദിച്ചു. വിശേഷപ്പെട്ട അവസരങ്ങളിൽ ഇറ്റാലിയൻ തെരുവുകളിലൂടെ ഹാനോവിനെയും കൊണ്ട് വിചിത്ര ഭാഷ സംസാരിക്കുന്ന ആ ചെറുപ്പക്കാരൻ നടന്നു നീങ്ങി. അങ്ങനെയുള്ള അവസരങ്ങളിൽ എപ്പോഴോ ഹാനോ വിരണ്ടതായും തിക്കിലും തിരക്കിലും പെട്ട് കുറച്ചു ആളുകൾക്ക് മരണം സംഭവിച്ചതായും കഥകളുണ്ട്.
ഹാനോ യൂറോപ്പിലെത്തി മൂന്നു കൊല്ലം കഴിഞ്ഞു. ഇന്ത്യയിലെ ഉഷ്ണമേഖലാ പ്രദേശത്തു നിന്നു പൊതുവെ തണുപ്പുള്ള യൂറോപ്പിലെത്തിയ ഹാനോവിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. ഹാനോവിന് ശ്വാസതടസ്സം ഒരു നിത്യസംഭവം ആയി. ആന ചികിത്സയിൽ ഒരു ധാരണയും ഇല്ല്ലാത്ത ഇറ്റാലിയൻ ഡോക്ടർമാരുടെ ചികിത്സ ഹാനോവിന് താങ്ങാനായില്ല. അന്നത്തെ ചികിത്സയുടെ ഒരു പ്രധാന ഘടകമായ സ്വർണം കൂടിയ അളവിൽ അകത്തു ചെന്നതായിരുന്നു മരണകാരണം. തന്റെ പ്രിയപ്പെട്ട ആനയുടെ മരണം പോപ്പിനെ ദുഃഖത്തിലാഴ്ത്തി. ഔദ്യോദിക ബഹുമതികളിലോടെ വത്തിക്കാൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ ആനയ്ക്ക് ബെൽവേഡർ സ്ക്വയറിനടുത്തു തന്നെ അന്ത്യവിശ്രമം സ്ഥലം ഒരുങ്ങി.
നാലര നൂറ്റാണ്ടുകൾക്കു ശേഷം...
***************************************
ഹാനോവിന്റെ കഥ എല്ലാവരും മറന്നിരുന്നു. അപ്പോഴാണ് ആ പണിക്കാർ ഹാനോവിന്റെ ഭൗതികാവശിഷ്ടങ്ങൾ കുഴിച്ചെടുത്തത്. ശ്രദ്ധേയമായ ഒരു കാര്യം, ആ കൊമ്പുകൾ മാത്രം കണ്ടെടുക്കാനായില്ല. ഒരു പക്ഷെ കുഴിച്ചിടുന്നതിനു മുന്നേ ഊരി മാറ്റിയിരിക്കണം. ഹാനോവിന്റെ അവശിഷ്ടങ്ങൾ കിട്ടി ഇരുപതോ മുപ്പതോ വർഷത്തിന് ശേഷമാണ് അതിന്റെ ചരിത്രം സിൽവിയോ ബെദിനി എന്ന ചരിത്രകാരൻ തേടിയിറങ്ങുന്നത്. വത്തിക്കാൻ രേഖകളിൽ നിന്നു കിട്ടിയ അറിവുകൾ വെച്ച് അദ്ദേഹം തന്റെ 'പോപ്പിന്റെ ആന' എന്ന പുസ്തകം 1997-ഇൽ പുറത്തിറക്കി. ഹാനോ എന്ന പോപ്പിന്റെ ആന ചരിത്രത്തിൽ ഇടം നേടി.
***************************************
ഹാനോവിന്റെ കഥ എല്ലാവരും മറന്നിരുന്നു. അപ്പോഴാണ് ആ പണിക്കാർ ഹാനോവിന്റെ ഭൗതികാവശിഷ്ടങ്ങൾ കുഴിച്ചെടുത്തത്. ശ്രദ്ധേയമായ ഒരു കാര്യം, ആ കൊമ്പുകൾ മാത്രം കണ്ടെടുക്കാനായില്ല. ഒരു പക്ഷെ കുഴിച്ചിടുന്നതിനു മുന്നേ ഊരി മാറ്റിയിരിക്കണം. ഹാനോവിന്റെ അവശിഷ്ടങ്ങൾ കിട്ടി ഇരുപതോ മുപ്പതോ വർഷത്തിന് ശേഷമാണ് അതിന്റെ ചരിത്രം സിൽവിയോ ബെദിനി എന്ന ചരിത്രകാരൻ തേടിയിറങ്ങുന്നത്. വത്തിക്കാൻ രേഖകളിൽ നിന്നു കിട്ടിയ അറിവുകൾ വെച്ച് അദ്ദേഹം തന്റെ 'പോപ്പിന്റെ ആന' എന്ന പുസ്തകം 1997-ഇൽ പുറത്തിറക്കി. ഹാനോ എന്ന പോപ്പിന്റെ ആന ചരിത്രത്തിൽ ഇടം നേടി.
പിൻകുറിപ്പ്- ആ കറുത്ത മെലിഞ്ഞ ചെറുപ്പക്കാരന് എന്ത് പറ്റിയിരിക്കാം? തന്റെ ആരാധികയായ ഒരു ഇറ്റലിക്കാരിയെ വിവാഹം കഴിച്ചു അവിടെ തന്നെ കൂടി എന്നാണ് . പിന്നീട് ആ കാലാവസ്ഥയോടു പൊരുത്തപെടാനാവാതെ ഹാനോവിന്റെ പാപ്പാനും യാത്രയായിരിക്കണം.