മെന്‍റലിസ്റ്റ് - ഒരു തീക്ഷ്ണ നോട്ടം കൊണ്ട് അയാള്‍ നമ്മുടെ ചിന്തകള്‍ വായിച്ചെടുക്കും..ഒരു കരസ്പര്‍ശം കൊണ്ട് അയാള്‍ക്ക് മുന്‍പില്‍ നമ്മളൊരു കളിപ്പാവയാകും..മനസ്സിന്‍റെ കോണിലെവിടെയോ കോറിയിട്ട ആദ്യ പ്രണയത്തിന്‍റെ ഓര്‍മ്മകളെ മിഴിയനക്കങ്ങളില്‍ നിന്ന് വായിച്ചെടുക്കും..
മെന്‍റലിസം എന്ന വാക്ക് മലയാളികള്‍ക്ക് സുപരിചിതമായിട്ട് അധികം നാളുകളായിട്ടില്ല..വാക്ക് മാത്രം..
ചിലത് അങ്ങനെയാണല്ലോ കണ്ണിന് മുന്‍പില്‍ ദിവസവും കാണുന്നതോ കേള്‍ക്കുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങളുടെ പോലും പുറകിലുള്ളത് എന്തെന്ന് നമുക്ക് അറിയില്ല,പലപ്പോഴും ചില ഊഹാപോഹങ്ങള്‍ മാത്രം മനസ്സില്‍ അവശേഷിപ്പിച്ച് അവ അങ്ങനെത്തന്നെ തുടരും.അങ്ങനെ സംശയാലു ആയ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ മനുഷ്യന്‍ അത്തരം കാര്യങ്ങള്‍ക്ക് അതിമാനുഷികതയോ ദിവ്യത്വമോ കല്‍പ്പിച്ചു നല്‍കാറുണ്ട്.നമ്മളില്‍ പലരുടേയും മനസില്‍ മെന്‍റലിസവും അത്തരത്തില്‍ ഒന്നിലേക്കുള്ള യാത്രയിലേക്കാണോ??
മെന്‍റലിസം മന്ത്രവാദമോ?സൂപ്പര്‍ നാച്ചുറലോ?ശാസ്ത്രമോ,മാജിക്കോ,ഹിപ്നോട്ടിസമോ??
വരൂ..നമുക്ക് മെന്‍റലിസത്തിന്‍റെ ചുരുളുകള്‍ അല്‍പ്പം അഴിക്കാം..
NB:ആഴത്തിലുള്ളതോ ബൗദ്ധികതയുടെ നെല്ലിപ്പടിയില്‍ തൊടുന്നതോ ആയ ലേഖനം പ്രതീക്ഷിക്കുന്നവര്‍ നിരാശരാകേണ്ടി വരും.
എന്താണ് മെന്‍റലിസം..ഒരു definition നല്‍കാന്‍ ശ്രമിക്കാം.
''ശാരീരികവും മാനസികവുമായ പ്രതിഭാസങ്ങളെ
സൃഷ്ടിപരവും വിശകലനാത്മകവുമായ ഒരു മനസ്സു കൊണ്ട് വിശദീകരിക്കാന്‍ കഴിയുന്ന പ്രതിഭാസം ആണ് മെന്‍റലിസം അഥവാ മനസ്സുകളെ കുറിച്ചുള്ള വിശകലനാത്മകവും സൃഷ്ടിപരവുമായ പഠനം.''
മെന്‍റലിസ്റ്റുകള്‍ ആര്??
മെന്‍റലിസം ഒരു പ്രദര്‍ശന കല അല്ലെങ്കില്‍ performing art ആണ്.മാനസിക വ്യാപാരങ്ങളെ കൃത്യമായി വിശകലനം ചെയ്തുകൊണ്ട് ഈ കല കൈകാര്യം ചെയ്യുന്ന,ഉയര്‍ന്ന മാനസികശേഷിയും മാനസികാവബോധവും ഉള്ളവരാണ് മെന്‍റലിസ്റ്റുകള്‍.
ഹിപ്നോട്ടിസം,ടെലിപ്പതി,അതീന്ദ്രിയ ജ്ഞാനം,പ്രവചനം,സൈക്കോകൈനസിസ്,മനോനിയന്ത്രണം,മനോവികാരങ്ങള്‍,വ്യക്തികളുടെ മനക്കരുത്തിന്‍റെ നില,ദ്രുതഗണിതം ഇവയൊക്കെ ഉപയോഗപ്പെടുത്തി മനസുകളെ വായിക്കുന്ന കലയെ കൈകാര്യം ചെയ്യുന്നവര്‍ ആരോ അവരാണ് മെന്‍റലിസ്റ്റുകള്‍.
മെന്‍റലിസത്തിന്‍റെ ചരിത്രത്തിലേക്ക് നോക്കിയാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഇതിന്‍റെ 'ഗോള്‍ഡന്‍ കാലം' എന്ന് കാണാം.ഈ കാലഘട്ടത്തില്‍ ഒട്ടനവധി പ്രതിഭകള്‍ ഈ മേഖലയില്‍ ഉയര്‍ന്നു വന്നു.ഇവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് അതീന്ദ്രിയ ശക്തികള്‍ ഉണ്ടെന്നും ആ ശക്തി ഉപയോഗിച്ച് ചില ഭൂത-പ്രേതാത്മാക്കളെ അവരുടെ വരുതിയില്‍ കൊണ്ടു വന്ന് അവരുടെ സഹായത്തോടെയാണ് മെന്‍റലിസം ചെയ്യുന്നത് എന്ന് അവകാശപ്പെട്ടിരുന്നു.സാധാരണ ജനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മെന്‍റലിസ്റ്റുകള്‍ക്ക് പ്രകൃത്യാതീത ശക്തികളും ദുര്‍ഭൂത സേവയും ഉണ്ട് എന്നായിരുന്നു ജനങ്ങളുടെ വിശ്വാസം.
രേഖപ്പെടുത്തപ്പെട്ട ചരിത്രം അനുസരിച്ച് 1572ല്‍ ജെറലമോ സ്കോട്ടോ എന്ന മെന്‍റലിസ്റ്റ് ആണ് മെന്‍റലിസത്തിനെ ഒരു ആര്‍ട്ട് ആയി അവതരിപ്പിച്ചു തുടങ്ങിയത്.അവിടെ നിന്ന് ഇങ്ങോട്ട് പല പല പ്രതിഭകളിലൂടെ മെന്‍റലിസത്തിന്‍റെ രൂപവും ഭാവവും കടഞ്ഞെടുക്കപ്പെട്ടു.
മെന്‍റലിസ്റ്റുകള്‍ അവരുടെ മനസിന്‍റെ വികസിപ്പിച്ചെടുത്ത കഴിവുകളെ ഉപയോഗിച്ചാണ് മറ്റുള്ളവരുടെ മനസ് കാണുന്നത്.ഒരാളുടെ ബോഡി ലാംഗ്വേജിലാണ് മെന്‍റലിസം തുടങ്ങുന്നത്.പിന്നീട് മുഖത്തെ സൂക്ഷ്മ ചലനങ്ങള്‍(micro expressions) പഠിച്ചെടുക്കും.ഇവ രണ്ടും ആയാല്‍ കൈയ്യടക്കം,മാജിക്,മിസ് ഡയറക്ഷന്‍,പ്രദര്‍ശന വൈദഗ്ധ്യം ഇവയിലും പരിശീലനം നേടും.നിരന്തരമായ പരിശീലനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വിവിധ തരക്കാരും സംസ്കാരക്കാരുമായ ആളുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയും അവര്‍ തങ്ങളുടെ മനസിനെ വളര്‍ത്തിയെടുക്കും.
നിസാര സംഗതിയല്ല.ശരിയായ രീതിയില്‍ മിടുക്ക് നേടാന്‍ 12 മുതല്‍ 15 വര്‍ഷം വരെ പരിശീലിക്കേണ്ടതുണ്ട്.
അതീന്ദ്രിയ ശക്തികളുടെ സഹായത്തോടെ ചെയ്യുന്നു എന്ന നാട്യത്തോടെയാണ് പണ്ടു കാലങ്ങളില്‍ മെന്‍റലിസ്റ്റുകള്‍ പ്രകടനം നടത്തിയിരുന്നത്.എന്നാല്‍ ആധുനിക മെന്‍റലിസ്റ്റ് മനശാസ്ത്രത്തേയും മനുഷ്യന്‍റെ ശരീരഭാഷയേയും പുതിയ കാലത്തിന്‍റെ സാധ്യതകളേയും ഉപയോഗപ്പെടുത്തി അവതരിപ്പിക്കുന്ന പെര്‍ഫോമന്‍സായാണ് മെന്‍റലിസത്തെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നത്.
നമ്മുടെകേരളത്തില്‍ നിന്ന് ഈ മേഖലയിലെ സജീവ സാനിദ്ധ്യമായ മെന്‍റലിസ്റ്റ് ആദി ചില ഇന്‍റര്‍വ്യൂകളില്‍ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ പറയുന്നുണ്ട്.അദ്ദേഹത്തിന്‍റെ അഭിപ്രായം എന്തെന്നാല്‍ ''നിങ്ങള്‍ ചിന്തിക്കുന്നതെല്ലാം എനിക്കോ ലോകത്ത് വേറെ ഒരാള്‍ക്കോ മനസിലാക്കാന്‍ സാധിക്കില്ല.ഞാന്‍ ഡിസൈൈന്‍ ചെയ്തു വച്ചിരിക്കുന്ന ഒരിടത്തേക്ക് നിങ്ങളുടെ മനസിനെ ക്ഷണിച്ചുകൊണ്ടു വരുകയാണ്.അങ്ങനെ മനസിലാക്കിയെടുക്കുന്ന നിങ്ങളുടെ ചിന്തകളെയാണ് ഞാന്‍ പറയുന്നത്.അതിന് എന്‍റെ സംഭാഷണ ചാതുര്യവും മെന്‍റലിസത്തിന്‍റെ ട്രിക്കുകളേയും ഞാന്‍ ഉപയോഗിക്കും.നിങ്ങളുടെെ ശരീരഭാഷയും എക്സ്പ്രഷന്‍സും മെന്‍റലിസ്റ്റുകളുടെ ആയുധങ്ങളാണ്''
ഷെര്‍ലക് ഹോംസ് കഥകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് നിരീക്ഷണപാടവത്തിലൂടെ ഹോംസ് നടത്തുന്ന പ്രവചനങ്ങള്‍ പരിചയമുണ്ടാകുമല്ലോ.ഷെർലക്ക് ഹോംസിനെ ആളുകൾ ഇഷ്ടപ്പെടാൻ ഒരു കാരണമുണ്ട്, ഷെർലക്ക് ഹോംസ് ഒരാളെ കാണുമ്പോൾ അയാൾ ചെയ്യുന്ന ജോലി, എവിടുന്നു വരുന്നു, എങ്ങോട്ടു പോകുന്നു തുടങ്ങിയവ പറഞ്ഞ് അമ്പരപ്പിക്കാറുണ്ട്. എന്നാൽ കഥയുടെ അവസാനം, അതിന്റെ രഹസ്യം വെളിപ്പെടുത്താറുമുണ്ട്.എന്തായാലും ഇത്തരത്തിലുള്ള അസാമാന്യമായ നിരീക്ഷണപാടവം ആണ് മെന്‍റലിസ്റ്റുകളുടെ കൈയ്യിലെ ക്രൂയിസ് മിസൈല്‍.
ഒരു ഗ്രാന്‍ഡ്മാസ്റ്റര്‍ ചെസ് കളിക്കുമ്പോള്‍ അടുത്ത 15-20 നീക്കങ്ങളൊക്കെ മുന്‍പില്‍ കാണുന്നതു പോലെ ഒരു സാമാന്യ മനുഷ്യന്‍റെ മനോനോലകള്‍ ഊഹിച്ചെടുത്ത് അവരുടെ മനസിനെ വായിക്കുന്ന ഒരു ഗെയിം പോലെയാണ് മെന്‍റലിസം.
മണിച്ചിത്രത്താഴ് സിനിമയിലെ ഡയലോഗ് പോലെ ''മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ'' മെന്‍റലിസം ട്രിക്കുകളും,മനശാസ്ത്രവും,മാജിക്കും എല്ലാ തരാതരം പോലെ മിക്സ് ചെയ്ത് മനസ്സുകളെ ചോര്‍ത്തിയെടുക്കുന്നതാണ് ഈ വിദ്യ.
മെന്‍റലിസ്റ്റ് ആദിയുടെ വാക്കുകളിലൂടെ തന്നെ അവസാനിപ്പിക്കട്ടേ..
''മെന്‍റലിസം ഒരു കളിയാണ്..പകിട കളി.നിങ്ങളുടെ മനസ്സും എന്‍റെ മനസും തമ്മിലുള്ള ഒരു പകിട കളി''
ശുഭദിനം നേരുന്നു ചങ്ങാതികളേ.. :-)
Murali krishnsn M
9745779069
____________________________________________
Based on References-:
http://www.mathrubhumi.com/…/aadi-reads-mind-as-you-read-th…
https://www.mentalismzone.com/
http://www.mathrubhumi.com/mobile/grihalakshmi/