A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

രത്നാവതിയുടെ പ്രേതക്കോട്ടയിലേക്ക്









2015 മാർച്ച്‌ കാലയളവിൽ ജോലി സംബന്ധമായ കുറച്ചു കാര്യങ്ങളുമായി ഡൽഹി വരെ പോയ ശേഷം...വെറുതെ തോന്നിയ ഒരു ആകാംക്ഷയുടെ പുറത്തു ഞാൻ ഈ കോട്ട സന്ദർശിക്കുകയുണ്ടായി... അന്ന് പലരിൽ നിന്നായി അറിഞ്ഞ പല കഥകളും ഒന്നായി ചേർത്ത് ഇന്ത്യയിലെ തന്നെ No:1,ലോകത്തിലെ 3ാമത്തെ ചുരുളഴിയാത്ത രഹസ്യത്തെ... ഭാരതത്തിന്റെ പ്രേതകോട്ടയെ,നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.....
ഭാരതത്തിന്റെ ഡ്രാക്കുളക്കോട്ടയാണ് ഭാൻഗഢ് കോട്ട. പ്രേതകഥകളും പ്രകൃത്യാതീത ശക്തികളുടെ താണ്ഡവങ്ങളുമായി ഭയവും കൗതുകവും കലർത്തി സഞ്ചാരികളെ വശീകരിക്കുന്നുണ്ട് ഭാൻഗഢ് . most haunted places in India എന്നൊന്നന്വേഷിക്കാൻ ഗൂഗിളിനോട് പറഞ്ഞാൽ ആദ്യം പൊക്കിക്കാണിക്കുന്നത് ഭാൻഗഢ് കോട്ടയായിരിക്കും. ഭാൻഗഢിനെക്കുറിച്ച് ചോദിച്ചാൽ വിക്കിച്ചേട്ടനും ഗൂഗിളമ്മായിക്കും നൂറ് നാവാണ്.
ജയ്പ്പൂരിൽ നിന്ന് നൂറിനടുത്ത് കിലോമീറ്റർ അകലെയാണ് ആൽവാർ ജില്ലയിലെ ഈ ഗ്രാമം.ഹൈവേ വഴി പോരാതെ രാംഗഢ് വഴിയുള്ള അത്ര സുഖകരമല്ലാത്ത യാത്രയായിരുന്നു ആന്തി ഗ്രാമം വരെ. പ്രശസ്തമായ ഷോലെ ചിത്രീകരിച്ചതു് രാംഗഢിലാണത്രെ.ഇപ്പോൾ രാംഗഢിൽ മഴയില്ല. ഡാമിൽ വെള്ളമില്ല. കൃഷിയില്ല. പച്ചപ്പില്ല. വർഷങ്ങളായി രാംഗഢ് ഇങ്ങനെ വരണ്ടുണങ്ങിക്കിടക്കുകയാണ്. ചെറിയൊരു പട്ടണത്തിന്റെ പൊങ്ങച്ചങ്ങളുണ്ടായിരുന്ന രംഗഢിൽ ഇപ്പോഴുള്ളത് ഒന്നു രണ്ട് മാടക്കടകളും കുറേ വാനരന്മാരും ഡാമിലെ ആൽഗേ നിറഞ്ഞ അല്പം വെള്ളത്തിൽ പെട്ടു പോയ ഏതാനും മുതലുകളുമാണ്.രാജസ്ഥാനിൽ പലഭാഗങ്ങളിലും ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങളുടെ ചമയങ്ങൾ ഊരിവെച്ച് ദരിദ്രഗ്രാമങ്ങളുടെ സങ്കടങ്ങളിലേക്ക് തലവര മാറി വരഞ്ഞ പല പ്രദേശങ്ങളും വഴിമാറുന്നുണ്ട്. ഭാൻഗഢിനും ഇതു തന്നെയാണ് സംഭവിച്ചത്.പതിനാറാം നൂറ്റാണ്ടിലാണ് ആമറിലെ ഭരണാധികാരിയും അക്ബറിന്റെ ദിവാനുമായിരുന്ന രാജാ ഭഗവാൻ ദാസ് ഭാൻഗഢ് നഗരം പണിയുന്നത്. മുഗളന്മാരുടെ സാമന്ത രാജ്യമായിരുന്നു അന്ന് ആമർ (Amer/Amber) രജപുത്രരിലെ കച്ച് വാ ഗോത്രക്കാരായിരുന്നു ആമർ രാജാക്കന്മാർ .യുദ്ധവീരരായ ഇവരെ മുഗൾ സാമ്രാജ്യം കീഴടക്കിയത് സൈന്യബലം കൊണ്ട് മാത്രമല്ല,അവരുമായി ബന്ധുബലം സ്ഥാപിച്ചുകൊണ്ടുമായിരുന്നു.ഒരു വെടിക്ക് രണ്ടു പക്ഷിയെന്നോ ഒരു പക്ഷിക്ക് രണ്ടു വെടിയെന്നോ ഈ നയതന്ത്രത്തെ വ്യാഖ്യാനിക്കാം.
ആമർ രാജാവായിരുന്ന രാജാ ബാർമലിന്റെ മകനാണ് ഭാൻഗഡ് സ്ഥാപിച്ച ഈ രാജാ ഭഗവാൻ ദാസ്.ഇദ്ദേഹത്തിന്റെ സഹോദരി ജോധാ ബായി മുഗൾ ചക്രവർത്തി അക്ബറിന്റെ പത്നിയായിരുന്നു.ഭഗവാൻ ദാസിന്റെ മകളെ വിവാഹം ചെയ്തിരുന്നത് സലീം രാജകുമാരനായിരുന്നു.ഈ രാജകുമാരൻ പിൽക്കാലത്ത് ജഹന്ഗീർ എന്ന പേരിൽ ചക്രവർത്തിയായി. ഭഗവാൻ ദാസിന്റെ ഇളയ മകൻ മാധോസിങ്ങ് ആണ് ഭാൻഗഡ് കോട്ടയിലിരുന്ന് ഭരണമാരംഭിച്ചത്.മാധോസിങ്ങിനെപ്പോലെ മിടുക്കനായിരുന്നില്ല പിന്നാലെ വന്ന ചത്തർസിങ്ങ് .ചത്തർ സിങ്ങിനു ശേഷം വന്നവരെ ചരിത്രം തന്നെ ഓർക്കുന്നില്ല. ഭാൻഗഢ് ക്ഷയിച്ചു കൊണ്ടിരുന്നു. മുഗളന്മാരുടെ സഹായത്തോടെ കോട്ട മാത്രം സംരക്ഷിക്കപ്പെട്ടു. ഔറംഗസേബിന്റെ കാലശേഷം മുഗൾ സാമ്രാജ്യം ക്ഷയിച്ചു തുടങ്ങി, കോട്ട തകർന്നും തുടങ്ങി. സംരക്ഷകരില്ലാതെ പോയ ഭാൻഗഢിനെ 1720 ൽ ജയ് സിങ്ങ് രണ്ടാമൻ ജയ്പൂരിനോട് ചേർത്തു.(ഇദ്ദേഹമാണ് ജയ്പൂർ നഗരം നിർമ്മിച്ചത്. ജയ്സിങ്ങിൽ നിന്നാണ് ജയ്പൂരിന് ആ പേര് കിട്ടുന്നത്.) എന്നിട്ടും ഭാൻഗഢിന്റെ കഷ്ടകാലം കഴിഞ്ഞില്ല. വടക്കേയിന്ത്യയെ മുഴുവൻ പട്ടിണിക്കിട്ട 1783ലെ വൻ ക്ഷാമം ഭാൻഗഢ് കോട്ടയെ അനാഥമാക്കി, ഭാൻഗഢിനെ ശൂന്യമാക്കി.
ഇത്രയും ചരിത്രത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റൗട്ട്. ഇനിയുള്ളത് നാട്ടുകേൾവികളുടെയും കെട്ടുകഥകളുടെയും ഈസ്റ്റ്മാൻ കളർ ഹൊറർ തിരച്ചിത്രമാണ്. ചരിത്രത്തിന്റെ നരച്ച ലിപികളിൽ ഗ്രാമീണർക്ക് താല്പര്യമില്ല.അവർ പാടത്തും വരമ്പത്തുമിരുന്നു മക്കളോടും കൊച്ചുമക്കളോടും പറയാൻ നിറമുള്ള നാടോടിക്കഥകൾ മെനഞ്ഞെടുത്തു.കഥപറഞ്ഞു പറഞ്ഞു കാലം പുതിയ കഥാപാത്രങ്ങളെ പ്രസവിച്ചു. രത്നവതിയും ദുർമന്ത്രവാദിയും .ബാലോനാഥും കോട്ടയുടെ നിഴലും.അങ്ങനെ ഒരു കോട്ട നിറയെ കഥകൾ.
പഴയ ഭാൻഗഢിലെ സന്യാസിയോ അവധൂതനോ ആയിരുന്നിരിക്കാം ബാലോനാഥ്.ആരവല്ലിയുടെ സ്വച്ഛവും സുന്ദരവുമായ താഴ്വാരം അദ്ദേഹം ധ്യാനത്തിന് തെരെഞ്ഞെടുത്തു. ധ്യാനവും സന്യാസവുമായി സ്വസ്ഥമായിക്കഴിയുന്നതിനിടക്കാണ് ഭാൻഗഢിൽ കോട്ടവരുന്നത്. അനുവാദം അന്വേഷിച്ചു വന്ന രാജാവിനോട് സന്യാസി പറഞ്ഞു - കോട്ടയുടെ നിഴൽ എന്റെ ധ്യാന സ്ഥലത്തേക്ക് എത്തരുത്. അങ്ങനെ വന്നാൽ എന്റെ ശാപം ഈ കോട്ടയിലും പ്രജകളിലും പതിക്കും.ഒരു പക്ഷേ കോട്ടയിലെ ബഹളങ്ങളും അധികരിക്കുന്ന ജനസാന്നിധ്യവും തന്റെ ഏകാന്തതയെ ബാധിക്കരുതെന്നായിരിക്കും മൂപ്പര് ആഗ്രഹിച്ചത്. ഏതായാലും കോട്ട നാലുനിലയിൽ നിർത്തി ധ്യാനസ്ഥലം നിഴൽബാധയിൽ നിന്നൊഴിവാക്കി രാജാക്കന്മാർ . വർഷങ്ങൾ കഴിഞ്ഞുപോയി. രാജാക്കന്മാർ മാറി വന്നു. നാട് അഭിവൃദ്ധിപ്പെട്ടു.രാജവരുമാനം കൂടി. മരണമില്ലാതെ ധ്യാനത്തിൽ മുഴുകിയ ബാലോനാഥിനെ ഭാൻഗഢ് മറന്നു. കോട്ടയുടെ നിലകൾ കൂടിക്കൂടി വന്നു. അഞ്ച്, ആറ് ,ഏഴ്. നീണ്ടുവന്നു വീണ നിഴലിൽ ബാലോനാഥ് പൊട്ടിത്തെറിച്ചു. ശാപവാക്കുകൾ കോട്ടയിലും നാട്ടിലും വന്നു വീണു. കോട്ടയുടെ ഉയർന്ന നിലകൾ തകർന്നു. അനേകം പേർ മരിച്ചു. ബാക്കിയുള്ളവർ ഭാൻഗഢ് ഉപേക്ഷിച്ചു പോയി. ശൂന്യമായ ഭാൻഗഢിൽ ബാലോനാഥ് പിന്നേയും ധ്യാനനിരതനായി. പിന്നീടെപ്പോഴോ ദിവംഗതനായി.കോട്ട പരിസരങ്ങളിലെവിടെയോ ബാലോനാഥ് നിത്യധ്യാനത്തിലാണെന്നു വിശ്വസിക്കപ്പെടുന്നു.
ഭാൻഗഢിന്റെ ചരിത്രത്തിലൊന്നും കണ്ടെത്താനാവാത്ത രത്നവതി രാജകുമാരിയാണ് രണ്ടാമത്തെ കഥയിലെ നായിക. അവളെ തീവ്രമായി ആഗ്രഹിച്ച സിംഗിയ എന്ന ദുർമന്ത്രവാദി വില്ലൻ. ഒരിക്കൽ രത്നവതിയുടെ ദാസിയിലൂടെ വശീകരണത്തൈലം കൊടുത്തു വിടുന്നു അയാൾ. ദുർമന്ത്രവാദിയുടെ ദുരുദ്ദേശം മനസ്സിലാക്കാനുള്ള ജ്ഞാനദൃഷ്ടിയുണ്ടായിരുന്നു രാജകുമാരിക്ക് .അവരത് നിലത്തൊഴിച്ചു കളഞ്ഞു. അതിൽ നിന്ന് രൂപം കൊണ്ട ഭീമൻ പാറ ഉരുണ്ടുചെന്ന് സിംഗിയയെ കൊന്നുകളഞ്ഞു. മരിക്കുന്നതിന് മുമ്പ് സിംഗിയയും ശാപം പാസ്സാക്കി.
രാജകുമാരി കൊല്ലപ്പെടുമെന്നും രാജ്യം നശിക്കുമെന്നും .അടുത്ത വർഷം അജാബ്ഗഡുമായുള്ള യുദ്ധത്തിൽ രത്നവതി കൊല്ലപ്പെട്ടു.രാജ്യം ഛിന്നഭിന്നമായി. രത്നവതി പുനർജ്ജനിക്കുമെന്നും അപ്പോൾ ഭാൻഗഢ് പഴയ പോലെ സമ്പന്നമാകുമെന്നും ഗ്രാമം വിശ്വസിക്കുന്നു. രത്നവതിക്കഥക്കു തന്നെ ധാരാളം വകഭേദങ്ങളുണ്ടാക്കിയിട്ടുണ്ട് ഗ്രാമീണ രസികർ. ഭാൻഗഢിലെ നാടൻ കഥപ്പുരകൾ ഇപ്പോഴും തിരക്കിലാണ്.
കോട്ടയിൽ അതിസാഹസികതക്ക് ശ്രമിച്ചവർക്കുണ്ടായ തിക്താനുഭവങ്ങൾ. രാത്രി കോട്ടയിൽ തങ്ങി മരണപ്പെട്ടവരുടെ കഥകൾ. ഇരുളും ഭയവും മരണവും ചാലിച്ച കഥകൾ കറുത്തിറങ്ങുകയാണ്. കോട്ടയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടി ക്കൊണ്ടിരിക്കയാണ്. ഗ്രാമം ഒന്നു മിനുങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഇരുവശത്തും നെടുവീർപ്പിട്ടു നിൽക്കുന്ന പൊളിഞ്ഞ ചുമരുകളുടെയും തൂണുകളുടെയും കടമുറികളുടെയും ഇടയിലൂടെ കോട്ടയിലേക്കുള്ള നടവഴി സങ്കടപ്പെട്ടു നടന്നുപോകുന്നു.ചുറ്റിലും പരിസരത്തിന് പഴമയുടെയും പരിഭ്രാന്തിയുടെയും ഭാവം പകർന്ന് താടിയും മുടിയും നീട്ടി ആൽമരങ്ങൾ.വിചിത്രാകാരങ്ങളിലേക്ക് തായ്ത്തടിയും കൊമ്പുകളും വളർത്തി പേര് പറയാത്ത വേറെയും മരങ്ങൾ.ഒറ്റക്കും തെറ്റക്കും കുരങ്ങന്മാർ.ആരവല്ലി മലനിരകളിൽനിന്നു വയറു നിറച്ചെത്തുന്ന കാറ്റിന്റെ നീളൻ ഏമ്പക്കങ്ങൾ.നീണ്ടു പോകുന്ന വഴിക്കറ്റത്തു മുറിവേറ്റു വീണ രാക്ഷസനെപ്പോലെ കോട്ട.കോട്ടയെ മടിയിലേക്കെടുത്തു വെക്കുന്നു മൂന്നുവശത്തു നിന്നും ചരിഞ്ഞിറങ്ങുന്ന ആരവല്ലി.കോട്ടയുടെ വലതു വശത്തു മലയുടെ നിറുകയിൽ ഒരു ഛത്രി കാണാം.പഴയ നിരീക്ഷണഗോപുരമാവാം.മലകയറിച്ചെല്ലാൻ നമ്മെ മോഹിപ്പിക്കും വിധം ഗംഭീരമാണ് അതിന്റെ നിൽപ്പ്.പൊടിവീണ് ചെമ്പിച്ച ചെറിയ മരങ്ങൾ ഛത്രിയിലേക്ക് അലസം കയറിപ്പോകുന്നുണ്ട്.ആരവല്ലി പലയിടത്തും ഇത്തരം ഛത്രികളെ സൂക്ഷിക്കുന്നുണ്ട്.
രാജസ്ഥാൻ ശിലകൾ നല്കുന്ന ഗരിമ ഈ കോട്ടമതിലിനുമുണ്ട്.ഇവിടെ നിന്ന് കോട്ടയുടെ പടിപ്പുരയിലേക്കുള്ള വഴി ചെരിഞ്ഞ് കയറുന്നു.ഇരുമ്പഴികളിട്ട വലിയ പടിപ്പുരവാതിൽ കയറുമ്പോൾ തടവറയിലേക്ക് കടക്കുന്ന ജീവപര്യന്തക്കാരന്റെയത്രയും വ്യസനങ്ങൾ എവിടെ നിന്നോ മനസ്സിൽ വന്നു തൂങ്ങി. വാതിൽ കടന്നാൽ ഇരുവശത്തുമുള്ള ഉയർന്ന തറയിൽ ഇരിക്കാം, വർഷങ്ങൾ ദ്രവിച്ചടിഞ്ഞ പൊടി നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ .കേരളത്തിൽ ഇത്തരം സ്ഥലങ്ങളിൽ കാണാവുന്ന സാമൂഹ്യ വിരുദ്ധരുടെ അസന്മാർഗ്ഗിക അവശേഷിപ്പുകൾ ഇവിടെ കാണുന്നില്ല. സുമൻ +സുമി സമവാക്യങ്ങളോ 'ഹൃദയഭേദക' ചിത്രങ്ങളോ അശ്ലീലലിഖിതങ്ങളോ ഇല്ല. രത്നവതിയും ബാലുനാഥും ഭൂതഗണങ്ങളും ആർക്കിയോളജി വകുപ്പിലെ ജീവനക്കാരും കോട്ടയെ കാത്തു പോരുന്നുണ്ട്
കോട്ടയിലേക്ക് പൊളിഞ്ഞു തുടങ്ങിയ പടികൾ കയറുമ്പോൾ കേട്ട പ്രേതകഥകളുടെ ഇരുളൊക്കെ ഒഴിഞ്ഞ് പോകും. ഉച്ചയുടെ തിളക്കുന്ന വെയിലിൽ ,ധാരാളം ഇടനാഴികളും വരാന്തകളും അഴികളില്ലാത്ത ജനലുകളും തുറപ്പുകളുമായി രഹസ്യമൊന്നുമില്ലെന്ന് മലർന്നു കിടക്കുകയാണ് കോട്ട. കോട്ടയുടെ അടിയിലേക്ക് ചില കുഞ്ഞൻ മാളങ്ങൾ തുറക്കുന്നുണ്ട്. കൂരിരുട്ടിന്റെ നാട്ടുരാജ്യത്തിലേക്കിറങ്ങാൻ ശ്രമിച്ച് ഭയപ്പെടുന്നുണ്ട് ചില പോക്കിരി സഞ്ചാരികൾ .മൊബൈലുകളുടെ പുത്തൻ വെളിച്ചം നൂറ്റാണ്ടുകൾ സ്വരുക്കൂട്ടിവെച്ച പഴയ ഇരുളിനോട് തോല്ക്കുന്നു . ഇടനാഴികളുടെ അറ്റത്തും ഇത്തരം ഇരുട്ടറകൾ കാണാം. അവിടേക്ക് കടന്ന് നോക്കുന്നത് ബുദ്ധിയല്ല. ഭൂതപ്രേതങ്ങളൊന്നുമില്ലെങ്കിലും പാമ്പുകളും മറ്റു വിഷജന്തുക്കളുമുണ്ടാവാം.
കോട്ടയുടെ നടുവിലൂടെ മുകൾ നിലകളിലേക്കുള്ള പടിക്കെട്ട് കയറിപ്പോകുന്നു. വശങ്ങളിൽ ഭൂതകാലത്തിൽ നിന്നുണർന്ന് അന്തം വിട്ട് നില്‌ക്കുന്ന കുറേ മുറികളുണ്ട്. അവിടെ നിന്ന് പൊടിയുടേയും ഈർപ്പത്തിന്റേയും ഗന്ധം സൂര്യ വെളിച്ചത്തിലേക്ക് എത്തി നോക്കുന്നുണ്ട്. ചില മുറികളിൽ വവ്വാലുകൾ ശീർഷാസനത്തിലാണ്.നാലുനിലകളും കയറി മുകളിലെത്തിയപ്പോഴേക്കും വശംകെട്ടു പോയിരുന്നു. എന്റെ നീളൻ മുടി ഊർന്ന് വീണ് മുഖത്തെ വിയർപ്പിൽ ഒട്ടിപ്പിടിച്ചു.ഏഴു നിലകളോടെ 'സപ്ത മഹൽ ' എന്നറിയപ്പെട്ടിരുന്ന കോട്ട ഇന്ന് നാല് നിലകളോടെ ഭൂത് മഹൽ എന്നാക്ഷേപിക്കപ്പെടുന്നു.ബാലു നാഥിന്റെ സന്യാസത്തിലേക്ക് നിഴൽ നീട്ടിയ മൂന്ന് നിലകൾ തകർന്നു പോയിരിക്കുന്നു . മേൽത്തളത്തിൽ കോട്ടച്ചുമരുകളിൽ നിന്നും പിണങ്ങി വീണ കല്ലുകളുടേയും ഇഷ്ടികളുടേയും കൂമ്പാരങ്ങളാണ്. ചിലയിടങ്ങളിൽ എവിടേക്കാണ് കയറിപ്പോകുന്നതെന്നു മറന്ന് പെട്ടെന്ന് നിന്ന്പോയ ചവിട്ടുപടികൾ. ഇവിടെ നിന്ന് മുന്നിലേക്ക് നോക്കിയാൽ കോട്ടയുടെ വിസ്തൃതിയും പൊളിഞ്ഞും പൊളിയാതെയും കിടക്കുന്ന കുറേ ക്ഷേത്രങ്ങളും കാവൽ ഗോപുരങ്ങളും കാണാം. കോട്ടയുടെ പുറം മതിലിനും പുറത്ത് വലിയൊരു മക്ബറയുണ്ട്. കച്ച്വാ രാജകുടുംബത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറിപ്പോയ ഏതോ രാജാവോ രാജകുമാരനോ അവിടെയുറങ്ങുന്നു. പുതിയ കഥകളിൽ ഇത് ബാലുനാഥിന്റെ സാമാധിയായിക്കൊണ്ടിരിക്കുന്നുണ്ട്. ഹനുമാൻ ഗേററ് കടന്ന് ആളുകൾ കോട്ടയിലേക്ക് വരുന്നതു കാണാം.ഡെൽഹി ഗേററ്, ലാഹോറിഗേററ്, ഫുൽബാരിഗേററ്, അജ്മീർ ഗേററ് എന്നിങ്ങനെ നാല് കോട്ട വാതിലുകൾ കൂടിയുണ്ട്.കോട്ടയുടെ പിന്നിലേക്ക് നോക്കുമ്പോൾ കെട്ടിപ്പിടിക്കാവുന്ന ദൂരത്തിൽ ആരവല്ലി. അടുത്ത് തന്നെ സിരിസ്ക്ക കടുവാ സംരക്ഷണ ദേശീയ പാർക്ക് തുടങ്ങുന്നു.
കൗതുകം കൊണ്ട് വരുന്ന സഞ്ചാരികൾ മാത്രമല്ല ഹനുമാൻ ഗേറ്റ് കടക്കുന്നത് .അദൃശ്യ അമാനുഷ അസാധാരണ ( ദുഷ്ട) ശക്തികളെക്കുറിച്ച് പഠനത്തിലേർപ്പെട്ടവർ, കോട്ടയുടെ വിപണനമൂല്യമറിയുന്ന ടിവി ചാനലുകാർ, പ്രേതങ്ങളില്ലെന്ന് തെളിയിക്കാൻ വെമ്പുന്ന അതിസാഹസികർ ,ഭാൻഗഢിനെ പശ്ചാത്തലമാക്കുന്ന എഴുത്തുകാർ, സിനിമാക്കാർ.അങ്ങനെ ഒരു പാടുപേരെ ബാലുനാഥും രത്നവതിയും ആകർഷിക്കുന്നു.
നാല് മണിയോടെ ഞങ്ങൾ താഴേക്കിറങ്ങി. അഞ്ചു കഴിഞ്ഞാൽ ജോലിക്കാർ ആളുകളെ പുറത്താക്കിത്തുടങ്ങും. സൂര്യഭഗവാന്റെ സാന്നിധ്യത്തിലല്ലാതെ കോട്ടയിൽ തങ്ങരുതെന്നാണ് ആർക്കിയോളജി വകുപ്പിന്റെ ഉത്തരവ്. ഉദയം മുതൽ അസ്തമയം വരെ മാത്രം പ്രവേശനം. രാത്രി സമയങ്ങൾ പ്രേതഭൂതങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നു. ഒരു പക്ഷേ പ്രേതബാധിതം എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ഏക കോട്ടയാകാം ഭാൻഗഢ്. കോട്ടയിലും പരിസരങ്ങളിലും വൈദ്യുതവിളക്കുകളില്ല. ആർക്കിയോളജി സംഘം (ASl-Archeology Society of India) ഇവിടെ ഒരോഫീസ് പോലും തുറക്കാതെ കോട്ടയയെ ഇരുട്ടിലുപേക്ഷിച്ച് മുങ്ങിയിരിക്കുകയാണ്.
അന്ധവിശ്വാസങ്ങളും അബദ്ധവിശ്വാസങ്ങളും പാഴാവുന്നില്ല.

#Place : Alwar district, Rajasthan
#Best Season : October to February
#Significance : The fort is considered India's 'most haunted' place.
#Timing : 6 am-6pm
#How #to #Reach
Bhangarh lies between Jaipur and Alwal. Route from Delhi : Delhi-Gurgaon-Bhiwadi-Alwar-Sariska-Thanagazhi-Pratapgarh-Ajabgarh-Bhangarh. It's a nearly 300-km drive.