വാമനൻ തന്‍റെ കാല്‍ മഹാബലിയുടെ ശിരസ്സില്‍ പതിക്കുന്നതിന് മുന്‍പ് "എന്ത് വരം വേണമെന്ന്' വാമനമൂര്‍ത്തി ചോദിച്ചു.
"
"വര്‍ഷത്തിലൊരിക്കല്‍ എന്‍റെ പ്രിയ പ്രജകളെക്കാണാന്‍ വരാനുള്ള അനുവാദമാണ് മഹാബലി വരമായി ആവശ്യപ്പെട്ടത്.... എന്ന് ആണ് നമ്മൾ വിചാരിച്ചു വച്ചിരിക്കുന്നത്... എന്നാൽ അത്അല്ല... മഹാബലി ഫസ്റ്റ് ആവശ്യം അതിനു മുൻപ് വേറെ ഒരു വരം ചോദിച്ചു😮🤔 അത് അത് ആണ് ഞാൻ ഇവിടെ പറയുന്നത്... ഓണവില്ല്
😏
ഓണം പോലെ സുന്ദരമാണ് അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും. കഥകളും ഉപകഥകളും മെനയുന്ന മനോഹാരിതയാണ് ഓണത്തെ മലയാളിയുടെ ലാവണ്യോത്സവമാക്കുന്നത്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിരവധി ആചാരങ്ങളും വിശ്വാസങ്ങളും ഓണവുമായി ബന്ധപ്പെട്ട്
ആചരിച്ചു പോരുന്നു.
പദ്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ആചാരത്തിന്.
വിശ്വകർമ്മ ദേവൻ സൃഷ്ടിച്ച അതിവിശിഷ്ടമായ ഒരു ചിത്രരചനാ ശിൽപ്പമാണ് ഓണവില്ല്. തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശിൽപ്പികളുടെ പാരമ്പര്യത്തിൽപ്പെട്ട ധാരാളം വിശ്വകർമ്മജൻ(പഞ്ചകർമ്മികൾ) തിങ്ങിപ്പാർക്കുന്ന കരമനയിലാണ് തലമുറകളായി ഓണവില്ല് തയ്യാറാക്കിപ്പോരുന്നത്. ഒരു കുടുംബപശ്ചാത്തലത്തിൽ മാത്രം തലമുറകളായി നിലനിൽക്കുന്ന ഒരാചാമാണിത്. ഒരു കുടുംബത്തിൽ നിന്നും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നടക്കുന്ന ഒരേയൊരു ചടങ്ങെന്ന പ്രത്യേകതയും ഓണവില്ല് നിർമ്മാണത്തിന് പിന്നിലുണ്ട്.
ചിങ്ങമാസത്തിലെ തിരുവോണനാളിൽ പുലർച്ചെ പത്മനാഭസ്വാമിക്ഷേത്രത്തിൽ നടക്കുന്ന ഒരു ചടങ്ങാണ് ഓണവില്ല് സമർപ്പണം. കൊല്ലവർഷം 677 ൽ അതായത് എ.ഡി. 1502 ൽ ക്ഷേത്രപുനരുദ്ധാരണ വേളയിൽ പള്ളിവില്ല് സമർപ്പണം പുനഃരാരംഭിച്ചു എന്ന് മതിലകം രേഖകളിൽ കാണുന്നു.
കടഞ്ഞെടുത്ത പലകയില്‍ ആദ്യം മഞ്ഞ പൂശും, പിന്നെ ചിത്രം വരയ്ക്കുന്ന ഭാഗത്ത് മാത്രമായി ചുവപ്പ്, ഒടുവില്‍ പഞ്ചവര്‍ണങ്ങള്‍ കൊണ്ട് ദേവന്മാരുടെ മുഖങ്ങളും… വിരിച്ചിട്ട പുല്‍പ്പായില്‍ കൊളുത്തി വച്ച വിളക്കിനു മുമ്പില്‍ ഒന്നൊന്നായി ഓണവില്ലുകള്‍ ഒരുങ്ങി..അനന്തപദ്മനാഭനു സമര്‍പ്പിക്കാനായി. 41 ദിവസത്തിന്‍റെ കഠിനവ്രതത്തില്‍ ചീകിമിനുക്കിയെടുത്ത കടമ്പിന്‍റെയും മഹാഗണിയുടെയും പലകയില്‍ ചായക്കൂട്ടുകളുമായി പുരാണേതിഹാസ ചിത്രങ്ങള്‍ ആവാഹിക്കുമ്പോള്‍ ഭദ്രാരത്നം ആര്‍ബികെ ആചാരിക്കും സഹോദരങ്ങള്‍ക്കും ഓണവില്ല് കേവലം ആചാരത്തിന്‍റെ അടയാളമല്ല, മറിച്ച് തലമുറകളുടെ പുണ്യംകൂടിയാണ്. തിരുവോണത്തിനു അനന്തശായി ശ്രീ പദ്മനാഭനു ചാര്‍ത്താനുള്ള ഓണവില്ലുകളുടെ നിര്‍മാണം കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഏഴുതലമുറകളായി വിളയില്‍ കുടുംബക്കാരാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള ഓണവില്ലു നിര്‍മിച്ചു സമര്‍പ്പിക്കുന്നത്.
ഐതിഹ്യം
തിരുവോണവുമായി ബന്ധപ്പെട്ട് തന്നെയാണ് ഓണവില്ലിന്‍റെ കഥകളും ആരംഭിക്കുന്നത്. തന്നെ ചവിട്ടിത്താഴ്ത്താനൊരുങ്ങുന്ന വാമനരൂപിയായ മഹാവിഷ്ണുവിനോട് ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാനവസരമുണ്ടാക്കണമെന്നതിനു പുറമേ കാലാകാലങ്ങളിലായി ഭഗവാന്‍റെ ദശാവതാരം കാണണമെന്നുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ബലിയുടെ ആഗ്രഹം സാധിച്ചു നല്‍കുന്നതിനായി ഭഗവാന്‍ പ്രപഞ്ച ശില്‍പിയായ വിശ്വകര്‍മ ദേവനോട് അപേക്ഷിച്ചതിന്‍ പ്രകാരം മഹാവിഷ്ണുവിന്‍റെ ദശാവതാരം വരച്ചു കാണിക്കുന്നു. തുടര്‍ന്ന് വിശ്വകര്‍മ ദേവന്‍ തന്‍റെ അനുചരന്മാരെക്കൊണ്ട് കാലാകാലങ്ങളില്‍ വിഷ്ണുവിന്‍റെ അവതാരങ്ങള്‍ ചിത്രങ്ങളായി വരച്ച് വിഷ്ണു സന്നിധിയില്‍ സമര്‍പ്പിക്കാമെന്നും അവിടെ വന്നു ബലിക്ക് ഇതു ദര്‍ശിക്കാമെന്നും വാഗ്ദാനം നല്‍കുകയും ചെയ്തു. അന്നുമുതല്‍ നടക്കുന്ന ചടങ്ങാണത്രേ ഓണവില്ലു സമര്‍പ്പണം.
ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍
ഭഗവാന് ഏറെ പ്രിയപ്പെട്ട കടമ്പ്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയിലാണ് ഓണവില്ല് തീര്‍ക്കുന്നത്. പക്ഷിലതാദികളോടും മറ്റു ജീവജാലങ്ങളോടും അനുവാദം വാങ്ങിയ ശേഷം മാത്രമേ ഈ മരങ്ങള്‍ മുറിക്കാന്‍ പാടുള്ളൂ. ആറുതരം ഓണവില്ലുകളാണ് നിര്‍മിക്കുന്നത്. അനന്തശയനം, ദശാവതാരം, രാമപട്ടാഭിഷേകം, ശ്രീ കൃഷ്ണ ലീല, ശാസ്താവ്, വിനായകന്‍ എന്നിവയാണവ. പ്രധാന ദേവനായ ശ്രീപദ്മനാഭ സ്വാമിയുടെ ചിത്രം വയ്ക്കുന്നത് 4.5 അടി നീളവും ആറിഞ്ചു വീതിയുമുള്ള പലകയിലാണ്. മറ്റു ദേവന്മാരായ നരസിംഹ മൂര്‍ത്തി, ശ്രീരാമ സ്വാമി, ശാസ്താവ് എന്നീ ദേവന്മാരുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതിനു നാലടി നീളവും അഞ്ചിഞ്ചു വീതിയും ഉപയോഗിക്കുന്നു. ഇങ്ങനെ ഓരോ ദേവന്മാര്‍ക്കും ഓരോ അളവുകളിലുള്ള പലകകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയ പലകയില്‍ വഞ്ചിയുടെ മാതൃകയില്‍ ഓണവില്ലുകള്‍ നിര്‍മിക്കുന്നു. ഇവയ്ക്ക് കേരളത്തിന്‍റെ രൂപസാദൃശ്യവുമുണ്ട്. രണ്ടു വശങ്ങള്‍ മഴവില്ലുപോലെ വളഞ്ഞിരിക്കുന്നതിനാലാണ് വില്ല് എന്നറിയപ്പെടുന്നത്.
പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ പഞ്ചവര്‍ണങ്ങള്‍ ഉപയോഗിച്ചാണ് ദേവന്മാരുടെ ചിത്രം വരയ്ക്കുന്നത്. നിറക്കൂട്ടുകള്‍ തയ്യാറാക്കുന്നതിലും പ്രത്യേകതയുണ്ട്. വെള്ളമണ്ണ്, ചെമ്മണ്ണ്, കരിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇലച്ചാറുകള്‍ എന്നിവയാണ് പൂര്‍വികര്‍ പള്ളിവില്ലില്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിച്ചിരുന്നത്. നിറങ്ങള്‍ എരുക്കിന്‍റെ കറയില്‍ കുഴച്ചെടുക്കുന്നു. ഇപ്പോള്‍ കളമെഴുത്തിന് ഉപയോഗിക്കുന്ന പ്രകൃതി വര്‍ണങ്ങളും ഉപയോഗിക്കുന്നു.
ആചാരത്തിലെ മഹനീയത
ചിങ്ങമാസത്തിലെ ഉത്രാടത്തിനു മുന്‍പേ പണി തീരുന്ന ഓണവില്ല് പണിപ്പുരയില്‍ നിന്ന് വിശ്വാസപ്രമാണങ്ങളോടെ കുടുംബ ക്ഷേത്രത്തിലേക്കു മാറ്റും. ഉത്രാട നാളില്‍ പുലര്‍ച്ചെ മുതല്‍ ഓണവില്ലു കാണാന്‍ നിരവധിപ്പേര്‍ ആര്‍ബികെ ആചാരിയുടെ കരമനയിലെ കുടുംബ ക്ഷേത്രത്തിലെത്താറുണ്ട്. തിരുവോണ നാളില്‍ പുലര്‍ച്ചെ മുതിര്‍ന്ന കാരണവന്‍മാര്‍ക്കു ദക്ഷിണയും വസ്ത്രവും നല്‍കി വില്ല് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കു കൊണ്ടു പോകും.
ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരത്തിന്‍റെ മുന്‍വശത്തെത്തുന്ന ഓണവില്ലും വഹിച്ചുവരുന്ന ആചാരിയെയും കുടുംബത്തിനെയും പാണി വിളക്കിന്‍റെയും പഞ്ചവാദ്യത്തിന്‍റെയും അകമ്പടിയോടെ ക്ഷേത്ര ഭാരവാഹികളും പൂജാരികളും സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് ഭഗവാന്‍റെ മുന്‍പില്‍ കോടി മുണ്ട് നിലത്തു വിരിക്കുന്നു. അതിനു ശേഷം മൂത്താചാരി പദ്മനാഭ സ്വാമിയെ വണങ്ങി അനുവാദം വാങ്ങിയ ശേഷം വില്ലുകളില്‍ പ്രധാനിയായ അനന്തശയന വില്ല് മുതിര്‍ന്ന കാരണവരുടെ കാല്‍തൊട്ടു വന്ദിച്ച് വാങ്ങി ഭഗവാന് അഭിമുഖമായി വില്ല് ഉയര്‍ത്തിക്കാണിക്കുന്നു. മൂന്നുപ്രാവശ്യം ചുറ്റികാണിച്ച് നിലത്തുവിരിച്ചിരിക്കുന്ന കോടി മുണ്ടില്‍ വയ്ക്കുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കൊണ്ടുവന്ന വില്ലുകളെല്ലാം ഭഗവാനെ കാണിച്ച് നിലത്തുവയ്ച്ച് ഭഗവാനെ തൊഴും. ഭഗവാന്‍റെ അനുവാദം വാങ്ങി നില്‍ക്കുന്ന കാവല്‍ക്കുറുപ്പിനെ മൂത്താചാരി വില്ലുകള്‍ ഏല്‍പ്പിക്കുന്നു. തുടര്‍ന്ന് കുറുപ്പ് വില്ലുകള്‍ അഭിശ്രവണ മണ്ഡപത്തില്‍ വച്ചിട്ടുള്ള പലകയില്‍ വയ്ക്കും. എന്നിട്ട് പോറ്റിമാര്‍ ഓരോ വില്ലിലും കുരുത്തോലയും കുഞ്ചലവും ഞാണും കെട്ടി അലങ്കരിക്കുന്നു. വില്ലുകള്‍ക്ക് കെട്ടുന്ന കുഞ്ചലവും ഞാണും നിര്‍മിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ പുരുഷ അന്തേവാസികളാണ്. വ്രതശുദ്ധിയോടെയാണു ഇതു തയ്യാറാക്കുന്നത്. അലങ്കരിച്ച വില്ലുകള്‍ നമ്പിമാര്‍ അതാതു മൂര്‍ത്തികള്‍ക്കു ചാര്‍ത്താനായി എടുക്കുന്നു. ഇവ തിരുവോണം മുതല്‍ ചതയം നാളുവരെ അതാത് സ്ഥാനങ്ങളില്‍ ചാര്‍ത്തും. പിന്നീട് ഇവ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ കാരണവരുടെ പൂജാമുറിയില്‍ സൂക്ഷിക്കും.
ഓണവില്ല് ചാര്‍ത്തിയ ഭഗവാനെ ആദ്യം ദര്‍ശിക്കാനുള്ള അവകാശം രാജകുടുംബത്തിനും അവ നിര്‍മിച്ച ശില്പികള്‍ക്കുമാണ്. വില്ലിന്‍റെ പണിക്കിടെയുണ്ടായ തെറ്റുകള്‍ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കാനുള്ള അവസരമാണു ശില്പികള്‍ക്കിത്.
Iതുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഓണവില്ല് ചാർത്തിയ ശ്രീപത്മനാഭനെ കാണാനുള്ള ഭക്തജനങ്ങളുടെ തിരക്കായിരിക്കും ക്ഷേത്രത്തിൽ.
തലമുറകളായി തിരുവനന്തപുരം കരമന വാണിയംമൂല മേലാറന്നൂർ വിളയിൽ വീട് മൂത്താചാരി കുടുംബക്കാരാണ് ഓണവില്ല് നിർമ്മിച്ച് വരച്ച് നൽകാനുള്ള പാരമ്പര്യവും അവകാശവും കൈയ്യാളിപ്പോരുന്നത്.
ഓണവില്ല് ആവശ്യമുള്ളവർ ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. ഓണവില്ല് സ്വന്തമാക്കുന്നവർ അത് സൂക്ഷിക്കേണ്ടതിനും ചില നിഷ്ക്കർഷകളൊക്കെയുണ്ട്. കിഴക്കോട്ട് ദർശനമായി വെക്കുക, ഞാൺ കുഞ്ചലം എന്നിവ അഴിച്ച് മാറ്റരുത്, ഓണവില്ലിൽ ആണി തറയ്ക്കരുത്, എന്നിങ്ങനെ പോകുന്നു ആ നിബന്ധനകൾ.