അഹിംസയെന്ന മഹാ മന്ത്രം ലോകത്തിനു നല്‍കിയ സാക്ഷാല്‍ ഗൗതമ ബുദ്ധന്റെ നാട്ടില്‍ നൂറ്റാണ്ടുകളായി ജീവിത ചരിത്രമുള്ള റോഹിങ്ക്യന്‍ ഭാഷ സംസാരിക്കുന്ന, ഇസ്ലാം മത വിശ്വാസികളുമായ ഒരു ജനവിഭാഗമാണ് റോഹിങ്ക്യകള്‍. നിലവില്‍ ഏകദേശം പത്ത് ലക്ഷത്തോളം റോഹിംഗ്യകളാണ് മ്യാന്‍മറില്‍ ജീവിക്കുന്നത്. റോഹിങ്ക്യ, റുയിങ്ക എന്ന ഗ്രാമഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. മ്യാന്‍മറിലുള്ള 135 ഗോത്ര ഗ്രൂപ്പുകളില്‍ പരിഗണിക്കാത്ത റോഹിങ്ക്യകള്‍ക്കു 1982 മുതല്‍ മ്യാന്‍മറില്‍ പൗരത്വമില്ല. ഇവര്‍ ജീവിക്കുന്നതാകട്ടെ രാജ്യത്തെ ഏറ്റവും ദരിദ്ര്യ സംസ്ഥാനങ്ങളിലൊന്നായ റാഖിനിലും. ഇങ്ങനെയൊക്കെയാണെങ്കിലും ഇവര്‍ക്ക് ഇവിടം വിടണമെങ്കില്‍ മ്യാന്മര്‍ സര്‍ക്കാറിന്റെ അനുമതി വേണം. മ്യാന്മറിലെ പട്ടാളവും ബുദ്ധിസ്റ്റുകളും ചേര്‍ന്ന് അക്രമവും അനീതിയും അഴിച്ചു വിട്ടപ്പോള്‍ പതിനായിരക്കണക്കിനു റോഹിങ്ക്യകളാണ് മറ്റു രാജ്യങ്ങളിലേക്കു അഭയാര്‍ത്ഥികളായി നാടുവിട്ടതും വിട്ടുകൊണ്ടിരിക്കുന്നതും.
12ാം നൂറ്റാണ്ടു മുതല്‍ ഇവിടെ അതായത് ഇപ്പോള്‍ അറിയപ്പെടുന്ന മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ ജീവിച്ചിരുന്നുവെന്നാണ് ചരിത്രകാരന്മാരും റോഹിങ്ക്യ ഗ്രൂപ്പുകളും സാക്ഷ്യപ്പെടുത്തുന്നത്. സ്മരണാതീത കാലങ്ങള്‍ക്കപ്പുറം റോഹിങ്ക്യകള്‍ മ്യാന്‍മറില്‍ താമസിച്ചിരുന്നു. അതുകൊണ്ടാണ് റാഖിന്‍ എന്ന പേര് ഈ പ്രദേശത്തിനു വന്നതെന്നുമാണ് അറാക്കന്‍ റോഹിങ്ക്യ നാഷണല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നത്.
1824 മുതല്‍ 1948 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും തൊഴിലാളി കുടിയേറ്റമുണ്ടായതോടെയാണ് ഇന്നത്തെ മ്യാന്‍മര്‍ പിന്നീട് രൂപപ്പെടുന്നത്. ഇന്ത്യയുടെ പ്രവിശ്യയായി കരുതപ്പെട്ടിരുന്ന മ്യാന്‍മറില്‍ അക്കാലത്തെ കുടിയേറ്റം ആഭ്യന്തരമായാണ് കണക്കാക്കിയിരുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു.
ബ്രട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടിയ മ്യാന്‍മര്‍ പിന്നീട് ഇക്കാലത്തുള്ള കുടിയേറ്റം അനധികൃതമാക്കി. റോഹിങ്ക്യകളെയും കുടിയേറ്റക്കാരുടെ പട്ടികയില്‍ പെടുത്തിയതോടെ ഇവര്‍ക്കു പൗരത്വം ഇല്ലാതായി. റോഹിങ്ക്യകളെ 'ബംഗാളികളായി' കാണാന്‍ ബുദ്ധിസ്റ്റുകള്‍ക്കു ഇതുമതിയായിരുന്നു. റോഹിങ്ക്യകള്‍ ഇപ്പോള്‍ കുടിയേറി വന്നതാണെന്നും പറഞ്ഞു അവര്‍ ഇതിനെ രാഷ്ട്രീയ കാരണമാക്കി മാറ്റി
1948ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച മ്യാന്‍മറില്‍ യൂണിയന്‍ സിറ്റിസണ്‍ഷിപ്പ് നിയമം പാസാക്കി. ഏതുതരം ഗോത്രക്കാര്‍ക്കും പൗരത്വം നല്‍കുന്നതായിരുന്നു നിയമം. യേല്‍ ലോ സ്‌കൂളിലെ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ് ക്ലിനിക്കിന്റെ 2015ലെ റിപ്പോര്‍ട്ട് പ്രകാരം റോഹിങ്ക്യകളെ മാത്രം ഇതില്‍ ഉള്‍പ്പെടുത്തിയില്ല. രണ്ടു തലമുറകളായി മ്യാന്‍മറില്‍ തന്നെയാണ് താമസം എന്നു തെളിയിച്ചാല്‍ തിരിച്ചറിയല്‍ രേഖ നല്‍കാമെന്നാണ് നിയമത്തില്‍ പറഞ്ഞിരുന്നത്.
1962ലെ സൈനിക അട്ടിമറിക്കു ശേഷമാണ് റോഹിങ്ക്യകള്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്. ദേശീയ രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ പൗരന്മാര്‍ക്കു നല്‍കപ്പെട്ടപ്പോള്‍ റോഹിങ്ക്യകള്‍ക്കു നല്‍കിയ വിദേശ ഐഡന്റി കാര്‍ഡ്. ഇതോടെ ഇവരുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസാവസരങ്ങളും പരിമിധമായി.
1982ല്‍ വീണ്ടും പുതിയ സിറ്റിസണ്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ റോഹിങ്ക്യകള്‍ ഒരു രാജ്യത്തിലെയും പൗരന്മാരല്ലാത്തവരായി. മൂന്ന് രീതികളിലുള്ള സിറ്റിസണ്‍ഷിപ്പാണ് പുതിയ നിയമത്തില്‍ വിഭാവനം ചെയ്തിരുന്നത്. ഇതില്‍ ഏറ്റവും അടിസ്ഥാന ലെവലിലുള്ള പൗരത്വത്തിനു അപേക്ഷ നല്‍കാന്‍ 1948 മുതല്‍ മ്യാന്‍മറിലാണ് താമസിക്കുന്നതെന്ന രേഖകളും മ്യാന്‍മര്‍ ഭാഷയിലുള്ള സ്ഫുടതയുമാണ് കണക്കാക്കിയിരുന്നത്. അധികാര ഇടനാഴിയില്‍ കാലങ്ങളായി പുറത്തു നിര്‍ത്തപ്പെട്ട റോഹിങ്ക്യകളെ അപേക്ഷിച്ചു ഇതു രണ്ടും അപ്രാപ്യമായിരുന്നു. ഇതെല്ലാം കടന്നു വന്ന റോഹിങ്ക്യകളെ മെഡിസിന്‍, നിയമം തുടങ്ങിയ ജോലികളില്‍ നിന്നും അകറ്റി നിര്‍ത്തി.
വിദ്യാഭ്യാസത്തിനുള്ള അവകാശം, തൊഴില്‍, ജീവിതം, വിവാഹം, ആരോഗ്യം, മതം തുടങ്ങിയവയ്ക്കു പുതിയ നിയമത്തില്‍ നിയന്ത്രണങ്ങള്‍ വന്നു. 1970 മുതല്‍ റാഖനിനില്‍ റോഹിങ്ക്യകളെ അടിച്ചമര്‍ത്താന്‍ മ്യാന്‍മര്‍ സുരക്ഷാ സൈന്യം തുടങ്ങിയതോടെ ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലന്റ് തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കു ഇവര്‍ പാലായനം ചെയ്യാന്‍ തുടങ്ങി. ഈ അടിച്ചമര്‍ത്തലില്‍ വ്യാപക ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും റോഹിങ്ക്യകള്‍ ഇരയായി.
തുടര്‍ന്ന്, മ്യാന്‍മര്‍ സര്‍ക്കാര്‍ പറയുന്ന സായുധ റോഹിങ്ക്യ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാരോപിച്ച് റാഖിനില്‍ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന ഇവിടെ ഗോത്ര ഉന്മൂലനം സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതായും കുട്ടികളെയും സ്ത്രീകളെുയും ഉള്‍പ്പടെ മ്യാന്‍മര്‍ സുരക്ഷാ സൈന്യം വെടിവെച്ചു കൊല്ലുന്നുവെന്നും ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മ്യാന്‍മര്‍ സര്‍ക്കാര്‍ ഇതെല്ലാം നിഷേധിച്ചു.
1970കളുടെ അവസാനം മുതല്‍ ഏകദേശം പത്ത് ലക്ഷം റോഹിങ്ക്യകള്‍ മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2012 മുതല്‍ ഈ വര്‍ഷം മെയ് വരെ 168,000 ആളുകള്‍ പാലായനം ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 2012 മുതല്‍ 2015 വരെ 112,000 റോഹിങ്ക്യകള്‍ ജീവന്‍ പണയം വെച്ച് മീന്‍പിടുത്ത ബോട്ടില്‍ കടല്‍മാര്‍ഗം പലായനം നടത്തിയെന്നും പറയുന്നു.