. ഏറ്റവും അവലക്ഷണം പിടിച്ചതാണ് നമ്മുടെ കണ്ണിന്റെ ഡിസൈന്‍. കണ്ണിന്റെ ലെന്‍സിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ഏറ്റവും മോശം ക്യാമറയില്‍പ്പോലും ഇതിനേക്കാള്‍ നല്ല ലെന്‍സുണ്ടാകും.പ്രകാശത്തിലെ പച്ച,നീല ചുവപ്പ് ഭാഗങ്ങള്‍ ഒരിക്കലും ഒരേ സ്ഥലത്ത് ഫോക്കസ് ചെയ്യില്ല എന്നറിയാമല്ലോ.(അറിയാത്തവര്‍ പഴയ ഹൈസ്കൂള്‍ ഫിസിക്സ് പുസ്തകം എടുത്തു നോക്കുക:-))മനുഷ്യന്‍ ഡിസൈന്‍ ചെയ്ത ക്യാമറയില്‍ ഒന്നില്‍ കൂടുതല്‍ ലെന്‍സുകള്‍ ഉപയോഗിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്. സര്‍വ്വശക്തന്‍ ഈ പ്രശ്നം
പരിഹരിച്ചത്,റെറ്റിനയുടെ നടുവില്‍, അതായതു പ്രധാനഭാഗത്തുതന്നെ(macula lutea--latin for yellow spot)നീലയുടെ സെന്‍സിറ്റിവിറ്റി കുറച്ചും മഞ്ഞയുടെ സെന്‍സിറ്റിവിറ്റി കൂട്ടിയുമാണ്.
കണ്ണിന്റെ മറ്റു ചില പ്രശ്നങ്ങള്‍.. .....ഇത് വായിക്കുന്നവരില്‍ 25-40% പേര്‍ (45 വയസ്സ് കഴിഞ്ഞവരാണെങ്കില്‍ ഏതാണ്ട് എല്ലാവരും തന്നെ)കണ്ണട ഉപയോഗിക്കുന്നുണ്ടായിരിക്കും.(ലെന്‍സ് ശരിയായി ഫോക്കസ് ചെയ്യുന്നില്ല)ഏകദേശം 30% പേര്‍ക്ക് 'astigmatism' ഉണ്ടായിരിക്കും.(ലെന്‍സിന്റെ ആകൃതി ശരിയല്ല)10% പേര്‍ക്ക് നിറങ്ങള്‍ തിരിച്ചറിയില്ല (red/green color blindness.)പ്രായമായവരില്‍ നല്ലൊരുശതമാനം പേര്‍ക്കും തിമിരം ബാധിച്ചിരിക്കും.(സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാനുള്ള സംവിധാനങ്ങളൊന്നും കണ്ണിനില്ലാത്തതുകൊണ്ട് പ്രായംകൂടുംതോറും ലെന്‍സിന്റെ
സുതാര്യത നഷ്ടപ്പെടും.(ലെന്‍സ് നിര്‍മ്മിച്ചിരിക്കുന്ന പ്രോട്ടീന്‍ കട്ടപിടിക്കും. ചൂടുവെള്ളത്തില്‍ വീണ മുട്ടയുടെ വെള്ള പോലെ:-)) അല്ലെങ്കില്‍തന്നെ പ്രായമാകുമ്പോള്‍ ലെന്‍സ് അല്പം മഞ്ഞനിറമാകും.
ദൈവം സുലഭമായി തന്നിട്ടുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യന് കാണാനാവില്ല.മനുഷ്യന് കിട്ടാത്ത,അള്‍ട്രാ വയലറ്റ് രശ്മികള്‍ കാണാനുള്ള ആ സൗകര്യം തേനീച്ചകള്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ കാണുന്നതിനേക്കാള്‍ മനോഹരങ്ങളാണ് മിക്ക പൂക്കളും.ആ കാഴ്ചകള്‍ ദൈവം, മനുഷ്യന് നിഷേധിച്ചത് എന്തു കൊണ്ടായിരിക്കും?ഈ സുന്ദരകാഴ്ചകള്‍ പക്ഷെ ദൈവത്തിന്റെ അനുവാദം കൂടാതെതന്നെ മനുഷ്യന് കാണാന്‍ സാധിക്കും,അള്‍ട്രാ വയലറ്റ് ഫോട്ടോഗ്രാഫിയിലൂടെ.
മറ്റൊരു പ്രധാന പ്രശ്നം പ്രധാനം റെറ്റിനയാണ്.റെറ്റിനയിലെ പ്രകാശം സ്വീകരിക്കേണ്ട കോശങ്ങള്‍ പ്രകാശത്തിനു പുറംതിരിഞ്ഞാണ് ഇരിക്കുന്നത്!!! (ചിത്രം)അതായത് റെറ്റിനയില്‍ വീഴേണ്ട പ്രകാശം ശരിയായി ഉപയോഗിക്കാന്‍ കഴിയുന്നില്ല.റെറ്റിനയുടെ ഏകദേശം മധ്യത്തിലുള്ള ഭാഗംതന്നെ 'ബ്ളയ്ന്റ് സ്പോട്ട്' അപഹരിക്കുന്നു. അവിടെ കാഴ്ചയില്ല. അത് തിരിച്ചറിയാത്ത വിതം ബ്രെയിന്‍ അഡ്ജസ്റ്റ് ചെയ്യുന്നതാണ്. റെറ്റിന ഇങ്ങനെ തല തിരിച്ചു പിടിപ്പിച്ചതുകൊണ്ടുള്ള മറ്റൊരു പ്രശ്നം റെറ്റിന കണ്ണിന്റെ പിന്നില്‍ ബലമായി ഉറപ്പിച്ചിട്ടില്ലാത്തതുകൊണ്ട് റെറ്റിന ഇളകിപ്പോരാനുള്ള സാധ്യത താരതമ്യേന
കൂടുതലാണ്.(detachment of retina)
ഒരു ഗ്ലാസ് ഷീറ്റില്‍ നിറയെ വാസലീന്‍ തേച്ചതിനുശേഷം നടുവില്‍ നിന്നുമാത്രം അല്പം തുടച്ചു കളയുക.ഇതില്‍ക്കൂടെ നോക്കുന്നതുപോലെയാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ കണ്ണിന്റെ അവസ്ഥ. പിന്നെന്തുകൊണ്ട് ഈ പ്രശ്നങ്ങളൊന്നും നമുക്ക് അനുഭവപ്പെടുന്നില്ല എന്ന ന്യായമായ ചോദ്യം വരാം.കണ്ണുകള്‍ തുടര്‍ച്ചയായി ചലിപ്പിച്ചുകൊണ്ടാണ് നമ്മള്‍ കാണുന്നത്(Saccades). ബ്രെയിനിലെ 'ഓട്ടോമാറ്റിക്ക് ഫോട്ടോഷോപ്പ് 'അതൊക്കെ കൂട്ടിച്ചേര്‍ത്തതാണ് നാം കാഴ്ച എന്ന് മനസ്സിലാക്കുന്നത്. മറ്റൊരു കാര്യം രക്തകുഴലുകള്‍ റെറ്റിനയുടെ പുറത്തുകൂടി പോകുന്നതിനാല്‍ അവയുടെ നിഴലും റെറ്റിനയില്‍ പതിയും.അതും സാധാരണ നാം ശ്രദ്ധിക്കാറില്ല.വിലകുറഞ്ഞ ഡിജിറ്റല്‍ ക്യാമറകളിലെ (ചിലപ്പോളൊക്കെ വിലകൂടിയ ക്യാമറകളുടെയും) ലെന്‍സിന്റെയും സെന്‍സറിന്റെയും പ്രവര്‍ത്തനദോഷം( നോയ്സും,ക്രൊമാറ്റിക്ക് അബറേഷനും മറ്റും) സോഫ്റ്റ്‌വെയര്‍ അഥവാ ഫോട്ടോ എഡിറ്റര്‍ കുറച്ചു കാണിക്കുന്നതുപോലെയാണ് ഇത്.ക്യാമറ കമ്പനികള്‍ ചെലവു കുറയ്ക്കാന്‍ ,അഥവാ
ശാസ്ത്രത്തിന്റെ ചില അടിസ്ഥാന നിയമങ്ങള്‍ മറികടക്കാനാകാത്തതുകൊണ്ടാണ് ഇത്തരം കോമ്പ്രിമൈസുകള്‍ക്കു ശ്രമിക്കേണ്ടിവരുന്നത്. സര്‍വ്വശക്തനോ?.