A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ക്യു.ആര്‍ കോഡ്



ക്യു.ആര്‍ കോഡ് ഇന്ന് നമുക്ക് പരിചിതമായ സംഗതിയാണ്.അത്ര ചുരുളഴിക്കാനായി ഒന്നുമില്ലെങ്കിലും(പരസ്യമായ കാര്യമാണ്) താല്‍പര്യമുള്ളവര്‍ക്കായി ചുരുക്കം ചില ക്യൂ.ആര്‍ കോഡ് വിശേഷങ്ങള്‍ പങ്കു വയ്ക്കാം.
കുറപ്പും വെളുപ്പും കലര്‍ന്ന, തപാല്‍ സ്റ്റാമ്പിന്റെ വലിപ്പം മാത്രമുള്ള ഒരു ചതുരം. ക്യു.ആര്‍. കോഡിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ വിവരിക്കാം. എന്നാല്‍ ഒരായിരം വാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആര്‍. കോഡ് നമ്മുടെ ജീവിതങ്ങളില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍.ഇന്നിപ്പോള്‍ നമ്മള്‍ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാന്‍ തുടങ്ങിയിരിക്കുകയാണ് ഈ അദ്ഭുതചതുരം.
പത്രങ്ങളിലും മാസികകളിലും ചുമരുകളിലും പരസ്യങ്ങളിലും എല്ലാം നമുക്കിവനെ കാണാം.
★ക്യൂ.ആര്‍ = ക്വിക് റെസ്‌പോണ്‍സ്
-----------------------------------------------------
കറുത്ത വരകളുള്ള സാധാരണ ബാര്‍ കോഡുകള്‍ ഏവര്‍ക്കും പരിചിതമാണ്. എന്നാല്‍, പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് ബാര്‍കോഡുകളാണ് 'ക്വിക് റെസ്‌പോണ്‍സ് കോഡുകള്‍' അഥവാ ക്യു.ആര്‍. കോഡുകള്‍. പരമ്പരാഗത ബാര്‍കോഡുകളേക്കാള്‍ നൂറുമടങ്ങ് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ക്യു.ആര്‍. കോഡുകള്‍ക്കാകും.
ക്യു.ആര്‍. റീഡര്‍ അപ്ലിക്കേഷനുകളില്‍ ഏതെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകളില്‍ ഇതിന്റെ ചിത്രമെടുത്താല്‍ ഉടന്‍ തന്നെ അതിലുള്ള ഡാറ്റ നമ്മുടെ ഫോണിലേക്ക് വരും. അതു ചിലപ്പോള്‍ ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്കോ, വീഡിയോയോ ആകാം.
മലയാളപത്രങ്ങളില്‍ ഇന്നിപ്പോള്‍ പല പരസ്യങ്ങളിലും ക്യു.ആര്‍. കോഡ് കൂടി ഉള്‍പ്പെടുത്തിയിരുന്നു. ക്യു.ആര്‍. കോഡ് റീഡറുള്ള മൊബൈല്‍ ഫോണില്‍ അതിന്റെ ചിത്രമെടുക്കുമ്പോള്‍ ഉടന്‍ തന്നെ ആ ഉത്പന്നത്തിന്‍റെ വെബ്‌സൈറ്റ് വിലാസമാണ് ഫോണില്‍ ലഭിക്കുക.ആ വെബ്ബ്‌സൈറ്റിലേക്ക് ഫോണിലൂടെ അസായാസം പോകാം. പത്രപരസ്യത്തില്‍ കാണാന്‍ സാധിക്കാത്ത ഉത്പന്നങ്ങളുടെ വീഡിയോകളിലേക്കും വ്യത്യസ്തമോഡലുകളുടെ ചിത്രങ്ങളിലേക്കുമെല്ലാം അങ്ങനെ വായനക്കാര്‍ക്ക് ക്യു.ആര്‍. കോഡിന്റെ സഹായത്തോടെ എളുപ്പത്തില്‍ എത്താം.
പരമ്പരാഗത അച്ചടി മാധ്യമത്തെയും പുതിയ ഓണ്‍ലൈന്‍ മാധ്യമത്തെയും ബന്ധിപ്പിക്കുന്ന പാലമാകാന്‍ ഈ ചതുരത്തിന് കഴിയുന്നുവെന്ന് സാരം.ഇത് ക്യു.ആര്‍. കോഡിന്റെ ഒരു സാധ്യത മാത്രം. ഇത്തരം നൂറായിരം സാധ്യതകളാണ് ക്യു.ആര്‍. കോഡ് തുറന്നുതരുന്നത്.
പത്രമാസികകളില്‍ വരുന്ന ലേഖനങ്ങളുടെ വെബ്‌സൈറ്റ് ലിങ്കുകള്‍ അതിനൊപ്പം നല്‍കിയിട്ടുണ്ടാകും. എന്നാല്‍ ലിങ്ക് പലപ്പോഴും നീളമേറിയതിനാല്‍ മൊബൈല്‍ഫോണില്‍ അത് തെറ്റുകൂടാതെ ടൈപ്പ് ചെയ്യുക ശ്രമകരമാകും.അതിനുപകരം ക്യു.ആര്‍. കോഡാണ് നല്‍കുന്നതെങ്കില്‍ ആവശ്യക്കാര്‍ക്ക് മൊബൈലില്‍ ഫോട്ടോെയടുത്താല്‍ ആ ലിങ്കിലേക്ക് ഉടന്‍ പ്രവേശിക്കാനാകും.
ന്യൂയോര്‍ക്ക്, ടോക്യോ പോലുള്ള മഹാനഗരങ്ങളിലെ തെരുവു പരസ്യപലകകളില്‍ ഇപ്പോള്‍ ക്യു.ആര്‍. കോഡുകള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. വലിയൊരു ഹോര്‍ഡിങില്‍ ചിലപ്പോള്‍ ആകെയുണ്ടാകുക ഒരു ക്യു.ആര്‍. കോഡ് മാത്രമാകും. എന്താണ് അതെന്നറിയാന്‍ മൊബൈലില്‍ ഫോട്ടോയെടുത്താല്‍ മതി.
വിദേശരാജ്യങ്ങളിലെ ലൈബ്രറികളിലും ഹോട്ടലുകളിലും ക്രൈസ്തവദേവാലയങ്ങളില്‍ പോലും ക്യു.ആര്‍. കോഡുകള്‍ ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു. ഒക്‌ലഹോമയിലെ എഡ്മണ്ട് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് ആദ്യമായി ക്യു.ആര്‍. കോഡ് ഉപയോഗിച്ച ദേവാലയമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത്.
നമ്മുടെ അഡ്രസും ഫോണ്‍നമ്പറുകളും ഈമെയില്‍ വിലാസവുമെല്ലാം അടങ്ങിയ ക്യു.ആര്‍. കോഡുകള്‍ വിസിറ്റിങ് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നവരുമുണ്ട്. ഫോണില്‍ ഒരു ഫോട്ടോയെടുത്താല്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ഒറ്റയടിക്ക് മൊബൈലിലെത്തും.
അല്‍പ്പം കൗതുകകരവും ഉപകാരപ്രദവുമായ മറ്റൊരു ഇടത്തും ക്യൂ.ആര്‍ സാദ്ധ്യതകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
2008മുതല്‍ ജപ്പാനിലെ ചില സെമിത്തേരികളില്‍ കല്ലറക്കല്ലില്‍ ക്യൂ.ആര്‍ കോഡുകള്‍ പ്രിന്‍റ് ചെയ്തു തുടങ്ങി.സ്കാന്‍ ചെയ്താല്‍ അതിനുള്ളില്‍ അടക്കം ചെയ്തിരിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുന്ന വിധത്തിലാണ് സംവിധാനം.
★ഉത്ഭവം ജപ്പാനില്‍
-------------------------------
കണ്ടുപിടുത്തങ്ങളുടെ ആശാന്‍മാരായ ജപ്പാന്‍കാര്‍ തന്നെയാണ് ക്യു.ആര്‍. കോഡുകളുടെയും സൃഷ്ടാക്കള്‍. 1994-ല്‍ ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമായ ഡെന്‍സോ-വേവിലാണ് ഈ സംവിധാനം ആദ്യമായി നിലവില്‍ വന്നത്. വാഹനനിര്‍മാണത്തിനാവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്.
സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ഈ സാങ്കേതികവിദ്യക്ക് പുതിയ മാനങ്ങള്‍ കൈവന്നു. എല്ലാവിധ ലൈസന്‍സുകളില്‍ നിന്നും സ്വതന്ത്ര്യമാണ് ക്യു.ആര്‍. കോഡ്. ഇതിന്റെ അവകാശങ്ങള്‍ ഡെന്‍സോ-വേവ് കമ്പനിക്കാണെങ്കിലും ഇത് സ്വതന്ത്രമായ ഉപയോഗത്തിന് നല്‍കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.
★ക്യൂ.ആര്‍ കോഡ് നിര്‍മാണം
-----------------------------------------------
http://qrcode.kaywa.com/, www.qrstuff.com, goqr.me തുടങ്ങി ഒട്ടേറെ സൈറ്റുകള്‍ നമുക്കാവശ്യമായ ക്യു.ആര്‍. കോഡുകള്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. കോഡില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവരങ്ങള്‍ ടൈപ്പ്‌ചെയ്താല്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ കോഡ് തയ്യാറാകും. ആ കോഡ് നമുക്കെവിടെവേണമെങ്കിലും അച്ചടിക്കാം.
ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്‌ബെറി, ഐഫോണ്‍ അപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍ നിലവില്‍ നൂറുകണക്കിന് ക്യു.ആര്‍. കോഡ് റീഡറുകള്‍ ലഭ്യമാണ്. അവയിലേതെങ്കിലുമൊന്ന് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ക്യു.ആര്‍.കോഡുകള്‍ വായിക്കാനാകും.
സ്മാര്‍ട്ട്‌ഫോണുകള്‍ സാര്‍വത്രികമായതോടെ ക്യു.ആര്‍. കോഡുകള്‍ നമ്മുടെ നാട്ടിലും വ്യാപകമാകുമെന്നതില്‍ സംശയം വേണ്ട.
കേരളത്തിലും ക്യൂ.ആര്‍ സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗം തുടങ്ങിയിട്ട് നാളുകളായി.
ക്യൂ.ആര്‍ കോഡഡ് ടിക്കറ്റുകളാണ് കൊച്ചി മെട്രോയില്‍ ഉപയോഗിക്കുന്നത്.കൂടാതെ ഓണ്‍ലൈന്‍ പേയ്മെന്‍റുകള്‍ എളുപ്പത്തിലാക്കുവാനായി ബിസിനസ് സ്ഥാപനങ്ങളിലും ക്യൂ.ആര്‍ സംവിധാനം പ്രചാരത്തിലുണ്ട്.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും വൈദീകര്‍ക്കും വേണ്ടി ക്യൂ-ആര്‍ കോഡ്‌ സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയിട്ടുള്ള സഭയുടെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ വിതരണം ഈ കഴിഞ്ഞ വര്‍ഷം(2016 August) ആരംഭിച്ചു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം.
ഇങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇവ പടിപടിയായി സ്വാധീനം ചെലുത്തുമെന്ന് ഉറപ്പിക്കാം.
'ചുരുളഴിയാത്ത രഹസ്യം' ഗ്രൂപ്പിലേക്ക് എത്താനുള്ള ക്യൂ.ആര്‍ കോഡ് ജനറേറ്റ് ചെയ്തതാണ് പോസ്റ്റിന് ഒപ്പമുള്ള ഫോട്ടോകളില്‍ ആദ്യത്തേത്.
ഇതേ പോലെ ഏതൊരു സാധാരണക്കാരനും ക്യൂ.ആര്‍ കോഡുകള്‍ നിഷ്പ്രയാസം സൃഷ്ടിക്കാം.
ശുഭദിനം നേരുന്നു.. :-)
Murali Krishnan.M
9745779069
____________________________________________
As per the Ref-
http://archives.mathrubhumi.com/
http://www.denso-wave.com/qrcode/aboutqr-e.html
ചിത്രങ്ങള്‍-
1.ചുരുളഴിയാത്ത രഹസ്യങ്ങള്‍ ഗ്രൂപ്പ് ക്യൂ.ആര്‍ കോഡ്
2.ക്യൂ.ആര്‍ കോഡഡ് ബില്‍ ബോര്‍ഡ്-പരസ്യ ബോര്‍ഡ്
3.ക്യൂ.ആര്‍ കോഡഡ് ട്രെയിന്‍ ടിക്കറ്റ്
ചിത്രങ്ങള്‍ക്ക് കടപ്പാട്-
ScanForDeal.com
Wikimediacommons