A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

തേനീച്ചക്കോളനിയിലെ വിശേഷങ്ങള്‍




സെവന്‍ കോഴ്സ് ഡിന്നര്‍ കഴിക്കുന്ന റാണിയും,പഴങ്കഞ്ഞിയും മീന്‍ചാറുമായി കഴിഞ്ഞു കൂടുന്ന വേലക്കാരി ഈച്ചകളും,ബകന്‍മാരായ മടിയന്‍ ആണീച്ചകളുടേയും ലോകം ഒരല്‍പ്പം പരിചയപ്പെടാം.
മനുഷ്യന് ആഹാരമാക്കാന്‍ കഴിയുന്ന എന്തെങ്കിലും ഉത്പാദിപ്പിക്കുന്ന ഏക ഷഡ്പദമാണ് തേനീച്ചകള്‍.സാമൂഹിക ജീവിയാണ് ഇവ.
ചുരുളഴിയാത്തതല്ല എങ്കിലും കൗതുകകരവും രസകരവുമായ ഒരല്‍പ്പം തേനീച്ച വിശേഷങ്ങള്‍.
-------------------------------------------------------------------
★തേനീച്ച കോളനിയുടെ ഉള്ളിലേക്ക്.
ഒരു തേനീച്ചക്കോളനിയില്‍ ഒരു റാണിയും,നൂറ് കണക്കിന് ആണ്‍ ഈച്ചകളും,ആയിരക്കണക്കിന് വേലക്കാരി ഈച്ചകളും ഉണ്ടാകും.തേനീച്ചക്കുടുംബത്തിന്‍റെ മുഴുവന്‍ നിയന്ത്രണവും റാണിക്കാണ്.
★റാണി ഈച്ച (Queen)
ഒരു തേനീച്ചക്കൂട്ടില്‍ ഒരേയൊരു റാണി മാത്രമേ ഉണ്ടാകൂ.റാണിയുടെ ശരീരത്തിന് മറ്റീച്ചകളുടെ ശരീരത്തേക്കാള്‍ ചുവപ്പു നിറം കൂടുതലായിരിക്കും.റാണി ഈച്ച സമാധിയില്‍ നിന്നും ഉണര്‍ന്ന് 7 ദിവസത്തിനകം ആണീച്ചകളുമായി അന്തരീക്ഷത്തിലേക്ക് പറന്നുയരുകയും ഏറ്റവും ഉയരത്തില്‍ പറക്കുന്ന ആണീച്ചയുമായി ഇണ ചേരുകയും ചെയ്യുന്നു.റാണിത്തേനീച്ച കൂട്ടില്‍ തിരികെയെത്തി ഏഴാം ദിവസം മുതല്‍ മുട്ടകളിടാന്‍ തുടങ്ങുന്നു.മുട്ടകളിടുവാന്‍ പ്രത്യേകം അറകള്‍ ഉണ്ടാകും.ഒരു ദിവസം 150 മുതല്‍ 300 വരെ മുട്ടകളാണ് ഇടുന്നത്.ഇവയില്‍ ബീജസങ്കലനം നടന്ന മുട്ടകളും അല്ലാത്തവയും ഉണ്ടാകും.ബീജസങ്കലനം നടന്ന മുട്ടകളില്‍ നിന്ന് റാണിയും വേലക്കാരി ഈച്ചകളും നടക്കാത്തവയില്‍ നിന്ന് ആണീച്ചകളും ഉണ്ടാവുന്നു.
3 വര്‍ഷം വരെയാണ് റാണി ഈച്ചകളുടെ ആയുസ്സ്.റാണിക്ക് മുട്ടയിടാനുള്ള ശേഷി കുറയുന്നതോടെ പുതിയ റാണിയെ വളര്‍ത്താനുള്ള റാണി അറ കൂട്ടിലെ തേനറയുടെ വശത്തായി കെട്ടുന്നു.ഇത് ബാക്കിയുള്ള മുട്ട അറകളില്‍ നിന്ന് അല്‍പം വലുതായിരിക്കും.അതില്‍ റാണി മുട്ടയിടും.റാണി ആകാനുള്ള മുട്ട വിരിയുന്നതോടെ അതിനെ വേലക്കാരി ഈച്ചകളുടെ തലയിലെ പ്രത്യേക ഗ്രന്ഥിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 'റോയല്‍ ജെല്ലി' എന്ന പ്രത്യേക ഭക്ഷണം കൊടുത്ത് വളര്‍ത്തുന്നു. (ഭക്ഷണ വിശേഷങ്ങള്‍ താഴേക്ക് പ്രത്യേകം പറയുന്നുണ്ട്)
ഇതോടെ നിലവിലുള്ള റാണി ഈച്ച ഏതാനും ചില വേലക്കാരി ഈച്ചകളേയും ആണ്‍ ഈച്ചകളേയും കൂട്ടി കൂടു വിട്ടു പോകും.
★ആണീച്ചകള്‍ (The Drones)
മടിയന്‍ ഈച്ചകള്‍ എന്ന് ചീത്തപ്പേരുള്ള ഈ പാവങ്ങള്‍ സത്യത്തില്‍ മടി കൊണ്ടല്ല പൂവുകള്‍ തേടി പോവാത്തത്.ഉരുണ്ടു തടിച്ച ശരീരമുള്ള ആണീച്ചകള്‍ക്ക് പൂമ്പൊടി ശേഖരിക്കാന്‍ പറ്റിയ തരത്തിലുള്ള കാലുകളോ,പൂക്കളില്‍ നിന്നും തേന്‍ ശേഖരിക്കാനുള്ള നാക്കോ ഇല്ല.പ്രത്യുത്പാദനത്തില്‍ റാണിയെ സഹായിക്കുക എന്നതു മാത്രമാണ് ഇവയുടെ ധര്‍മ്മം.40 മുതല്‍ 60 ദിവസം വരെയൊണ് ഇവയുടെ ആയുസ്.
ചില സമയങ്ങളില്‍ ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടിയും, ഭക്ഷണം സംരക്ഷിക്കുന്നതിന് വേണ്ടിയും ജോലിക്കാരി തേനീച്ചകള്‍ മടിയന്മാ‍രെ കൂട്ടിൽനിന്ന് പുറത്താക്കും.
★വേലക്കാരി ഈച്ചകള്‍ (Worker)
മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വെച്ച ഒരു ജീവിതമാണ് ഇവയുടേത്.മുട്ടയിടാനുള്ള അവയവങ്ങള്‍ക്ക് വേണ്ടത്ര വികസിക്കാത്ത പെണ്‍ ഈച്ചകളാണിവ.
ജീവിതത്തിന്‍റെ ആദ്യ പകുതിയില്‍ റോയല്‍ ജെല്ലി ഉത്പാദനം,പുഴുക്കള്‍ക്ക് ഭക്ഷണം കൊടുക്കല്‍,റാണിയുടെ പരിചരണം,മെഴുകു നിര്‍മ്മാണം അട നിര്‍മ്മിക്കല്‍,കൂട് വൃത്തിയാക്കല്‍,തേന്‍ ശേഖരിക്കല്‍ മുതലായവയാണ് ചെയ്യുന്നത്.
ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തിലാണ് ഇവര്‍ തേന്‍,പൂമ്പൊടി ഇവയുടെ അന്വേഷണം,ശേഖരണം എന്നിവയ്ക്കായി കൂടിന് വെളിയില്‍ അലയുന്നത്.ഫീല്‍ഡ് ബീകള്‍ ആയി ഇവ മാറും എന്ന് വിവക്ഷ.40 മുതല്‍ 60 ദിവസങ്ങള്‍ വരെയാണ് ഇവയുടെ ആയുസ്സ്.
★ഭക്ഷണവിശേഷങ്ങള്‍
പന്തിയില്‍ പക്ഷഭേദമുള്ള ഭക്ഷണരീതിയാണ് തേനീച്ചക്കോളനിയിലേത്.
റാണി ആകാനുള്ള മുട്ട വിരിഞ്ഞെത്തുന്ന പുഴുവിന് സെവന്‍ സ്റ്റാര്‍ ഭക്ഷണമാണ് കിട്ടുക. 'റോയല്‍ ജെല്ലി' എന്ന ദിവ്യൗഷധം.
വേലക്കാരി തേനീച്ചകളുടെ തലയിലെ പ്രത്യേക ഗ്രന്ഥിയില്‍ നിന്നും വരുന്ന റോയല്‍ ജെല്ലിയില്‍ പ്രോട്ടീനുകളും ജീവകങ്ങളും,ഫോളിക് ആസിഡും അടങ്ങിയിരിക്കുന്നു.
ശരീരത്തിലെ ജരാനരകളെ പ്രതിരോധിക്കാന്‍ റോയല്‍ ജെല്ലിക്ക് ആകുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.റോയല്‍ ജെല്ലി ഗുളികകള്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാണ്.
റാണി ആകാനുള്ള പുഴുവിന് ആദ്യ 5 ദിവസങ്ങളില്‍ റോയല്‍ ജെല്ലി മാത്രമാണ് ഭക്ഷണമായി നല്‍കുന്നത്.ഈ പുഴു 5 ദിവസം കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തുകയും തുടര്‍ന്ന് സമാധിയിലേക്ക് നീങ്ങുകയും ചെയ്യുന്നു.സമാധിയില്‍ നിന്നും പതിനഞ്ചാം ദിവസം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ റാണിത്തേനീച്ചയായി അവള്‍ പുറത്തെത്തും.
ആണീച്ചകളാണ് തേനീച്ചക്കോളനിയിലെ പെരുവയറന്‍മാര്‍.മുട്ട വിരിഞ്ഞ് ആണീച്ചകളാകാനുള്ള പുഴുക്കള്‍ക്ക് ആദ്യ 5 ദിവസം 'ബീ ബ്രഡ്' എന്ന ഭക്ഷണമാണ് കൊടുക്കുക.പൂമ്പൊടിയും തേനും കലര്‍ന്ന മിശ്രിതമാണിത്.
കൂട്ടിലെ തേനിന്‍റെ നല്ലൊരംശവും ആണ്‍ ഈച്ചകള്‍ കുടിച്ചു തീര്‍ക്കും.
ആണീച്ചകളാകാനുള്ള പുഴുക്കള്‍ 7 ദിവസങ്ങള്‍ കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തി സമാധിയിലേക്ക് പോകും.24 ദിവസം ആകുമ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ തേനീച്ചയായി പുറത്തു വരും.
വേലക്കാരി തേനീച്ചകളാകാനുള്ള പുഴുക്കള്‍ക്ക് തേനും പൂമ്പൊടിയും അല്‍പം റോയല്‍ ജെല്ലിയും കലര്‍ന്ന ഭക്ഷണമാണ് കൊടുക്കുന്നത്.ഇവയുടെ പുഴുക്കള്‍ 6 ദിവസം കൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തി ശേഷം സമാധിയിലേക്ക് നീങ്ങും.21 ദിവസം കഴിയുമ്പോള്‍ വേലക്കാരി ഈച്ചകള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി സമാധിയില്‍ നിന്നും പുറത്തിറങ്ങും.
തേനീച്ചകളുടെ ഏകദേശ ജീവിതചക്രവും ഈ ഭക്ഷണവിശേഷങ്ങള്‍ക്കിടയില്‍ വായിച്ചെടുക്കാമെന്ന് വിശ്വസിക്കുന്നു.
★തേനീച്ച നൃത്തം
സവിശേഷമായ ആശയ വിനിമയ സംവിധാനങ്ങളുള്ള ജീവി വര്‍ഗ്ഗമാണിവ.
തേന്‍ ശേഖരിക്കാന്‍ പുറത്തു പോകുന്ന വേലക്കാരി തേനീച്ചകളില്‍ തേന്‍ അന്വേഷിക്കുന്നവര്‍,തേന്‍ ശേഖരിക്കുന്നവര്‍ എന്നിങ്ങനെ 2 വിഭാഗങ്ങളായി തിരിഞ്ഞാണ് കൂട്ടില്‍ തേന്‍ എത്തിക്കുന്നത്.
'റൗണ്ട് ഡാന്‍സ്' (Round dance)
--------------------------
തേനും പൂമ്പൊടിയും കണ്ടെത്തിക്കഴിഞ്ഞാല്‍ തേനീച്ചകള്‍ കൂടിനടുത്തേക്ക് പറന്നു വന്ന് വൃത്താകൃതിയില്‍ പ്രത്യേക നൃത്തം വെയ്ക്കും.'റൗണ്ട് ഡാന്‍സ്' എന്നാണ് ഇതിന് പേര്.ഈ നൃത്തത്തിലൂടെ തേനിന്‍റെ ഉറവിടം അടുത്താണെന്നും അവിടേക്കുള്ള ദിശ,ദൂരം എന്നിവ മറ്റു തേനീച്ചകള്‍ക്ക് മനസിലാക്കുവാനും കഴിയുന്നു.
'വാഗിള്‍ ഡാന്‍സ്' (Waggle dance)
--------------------------------------------------------
കൂട്ടില്‍ നിന്നും അകലെയാണ് തേന്‍ ലഭിക്കുന്ന സ്ഥലമെങ്കില്‍ തേനീച്ചകള്‍ ഉദരഭാഗം രണ്ട് വശങ്ങളിലേക്കും ഇളക്കി മുന്നോട്ടു പോരുകയും തിരികെ പിന്നോട്ട് വരുകയും ചെയ്യുന്ന രീതിയില്‍ കൂടിനരികില്‍ നൃത്തം വയ്ക്കുന്നു.'വാഗിള്‍ ഡാന്‍സ്' എന്നാണ് ഇത് അറിയപ്പെടുന്നത്.
ഈ നൃത്തങ്ങള്‍ക്കിടയില്‍ ഈ അവ അവയുടെ വാൽ വിറപ്പിച്ചുകൊണ്ടിരിക്കും.ഒരു മിനിട്ടിൽ എത്ര സമയം ഇത് ആവർത്തിക്കുന്നു എന്നതിനുസരിച്ചായിരിക്കും കൂട്ടിൽ നിന്നും ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം. വേഗതയിലുള്ള നൃത്തമാണെങ്കിൽ കൂട്ടിൽ നിന്നും അടുത്തായിരിക്കും, പതുക്കെയുള്ള ഡാൻസ് ആണെങ്കിൽ കൂടിൽ നിന്നും കൂടുതൽ അകലെയായിരിക്കും.
ദൂരത്തിന്‍റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ഈ രണ്ട് നൃത്തങ്ങളുടേയും സമ്മിശ്രരൂപവും കണ്ടു വരാറുണ്ട്.
സൂര്യനെ അവലംബിച്ചാണ് ഇവകള്‍ ദിശാനിര്‍ണ്ണയം നടത്തുന്നത്.
-------------------------------------------------------------------
മറ്റു ജീവി വര്‍ഗ്ഗങ്ങളില്‍ നിന്നും പല സവിശേഷതകളുമുള്ള തേനീച്ചകളെ പറ്റി ഇനിയുമേറെ പറയുവാനുണ്ട്.അവയുടെ പരാഗണം,അതിജീവനം,ആശയവിനിമയം,കൂട് നിര്‍മ്മാണം,തേന്‍ ശേഖരണം,ശേഖരിച്ച തേനിന്‍റെ സംഭരണം,തേനിലെ ജലാംശം കളയുവാന്‍ ഇവ പ്രയോഗിക്കുന്ന വിദ്യകള്‍,തേനീച്ച വളര്‍ത്തല്‍ etc..ഇത്തരം ധാരാളം കാര്യങ്ങള്‍ ഉണ്ട്.വിസ്താരഭയത്താല്‍ ചുരുക്കുന്നു.
മറ്റു വിശേഷങ്ങള്‍ മാന്യവായനക്കാരുടെ അഭിപ്രായങ്ങളില്‍ കൂടിയും പങ്കു വയ്ക്കപ്പെടും എന്ന് വിശ്വസിക്കുന്നു.
താഴെ റെഫറന്‍സായി നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ മലയാളത്തില്‍ തന്നെ വായിക്കാവുന്നതാണ്‌
--------------------------------------------------------------------
NB: സാങ്കേതിക പദങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയും ലളിതമായ ഒരു ധാരണയ്ക്കായുമായി ഉള്ള ലേഖനമാണ്.അതുകൊണ്ടു തന്നെ അപൂര്‍ണ്ണമാണ്.
തേനീച്ചകളുടെ ആയുസ്സ്,മുട്ട വിരിയുവാനുള്ള സമയം,സമാധി ദിനങ്ങള്‍ ഇവ ദേശ-കാല-കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് അല്‍പ്പാല്‍പ്പം വ്യത്യാസപ്പെട്ടേക്കാം.
പല ലേഖനങ്ങളിലും പലതായി കാണുന്നതു കൊണ്ട് ഒരു ഏകദേശ ധാരണയിലാണ് ഇവിടെ ആയുര്‍ദൈര്‍ഘ്യം പറഞ്ഞിരിക്കുന്നത്.
--------------------------------------------------------------------
As per the Reference:-
http://ml.vikaspedia.in/…/d24d47d28d40d1ad4dd1a-d35d33d30d4…
http://www.bankofbiology.com/2012/06/blog-post.html?m=1
മാതൃഭൂമി-തൊഴില്‍ വാര്‍ത്ത സപ്ളിമെന്‍റ് 'ഹരിശ്രീ' യില്‍ സെപ്റ്റംബര്‍ 2 ലക്കത്തിലെ ശ്രീമതി.രാജേശ്വരി യുടെ ലേഖനം
ചിത്രങ്ങള്‍-
1. ആണ്‍(Drone)റാണി(Queen),പെണ്‍(workers) തേനീച്ചകള്‍
2. തേനീച്ച നൃത്തം
ചിത്രം കടപ്പാട്-