കുറവിലങ്ങാട്: അനിതയോട് പാമ്പുകൾക്ക് എന്താണിത്ര പക? എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ഒന്നും രണ്ടുമല്ല, അമ്പത്തിയാറു തവണയാണ് കോട്ടയം വാഴൂർ സ്വദേശി അനിത കൃഷ്ണനെ (40) പാമ്പ് കടിച്ചത്. നിരവധി തവണ മരണത്തെ മുഖാമുഖം കണ്ടു. രാത്രിയെന്നോ പകലെന്നോ വീടെന്നോ, നാടെന്നോ പാമ്പുകൾക്ക് ഭേദമില്ല. പുറത്തിറങ്ങാതിരുന്നാൽ വീടിനകത്ത് കയറി കടിക്കും. ഒരിക്കൽ അനിത ഉറങ്ങിക്കിടക്കുമ്പോൾ പാമ്പ് കടിച്ചിട്ട് കടന്നുകളഞ്ഞു.
വാഴൂർ സ്‌കൂളിൽ പത്താം ക്ളാസ് വരെ പഠിക്കുന്നതിനിടെ നാലുതവണ സ്കൂൾ വളപ്പിൽ വച്ച് കടിയേറ്റിട്ടുണ്ട്. കാല്, കൈ, തല, മുഖം എന്നിങ്ങനെ കടിയേൽക്കാത്ത ഭാഗങ്ങൾ കുറവാണ്. ഓണം പോലെയുള്ള വിശേഷദിവസങ്ങളിൽ പലപ്പോഴും എവിടെ നിന്നെങ്കിലും ഒരു പാമ്പ് വന്ന് അനിതയെ കടിച്ചിട്ടുണ്ട്. അന്നത്തെ ആഹാരം മുടങ്ങും.
കടിക്കുന്നത് നിസാരക്കാരൊന്നുമല്ല. മൂർഖൻ, അണലി, മഞ്ചട്ടി, വളവളപ്പൻ തുടങ്ങിയ ഉഗ്രയിനങ്ങളാണ്.
ആറു വർഷം മുമ്പ് മൂർഖന്റെ കടിയേറ്റ് കുറവിലങ്ങാട്ടെ വൈദ്യരുടെ അടുക്കൽ എത്തി. വൈദ്യർ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് മരുന്നു കൊടുത്തത്. മരുന്ന് കഴിച്ച് വീട്ടിൽ ചെന്ന് നന്നായി പ്രാർത്ഥിക്കൂ എന്നു പറഞ്ഞുവിട്ടു. പിറ്റേന്ന് ഒരു പശു ചത്തു. വൈദ്യരെപ്പോലും അമ്പരപ്പിച്ച് അനിത ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ഒരിക്കൽ പുല്ല് ചെത്തുമ്പോൾ മൂർഖൻ തൊട്ടടുത്തു കൂടി പോവുന്നത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ അനിത തലകറങ്ങി വീണു. താനറിയാതെ പാമ്പ് കടിച്ചിട്ട് കടന്നതാണെന്ന് പിന്നെയാണ് മനസിലായത്.
പാമ്പിന് തന്നോടുള്ള ശത്രുത ബോദ്ധ്യമുള്ള അനിത എല്ലാ മാസവും മണ്ണാറശാല ക്ഷേത്രത്തിൽ സർപ്പങ്ങൾക്കുള്ള വഴിപാട് മുടക്കാറില്ല. ഒരു തവണ മുടങ്ങിയാൽ പാമ്പ് വീട്ടിലെത്തുമെന്ന് അനിത ഭയപ്പെടുന്നു.
വീട്ടിലെ മറ്റാർക്കും ഈ അവസ്ഥ ഇല്ലെങ്കിലും പശുവും ആടും നായയുമൊക്കെ പലവട്ടം പാമ്പുകടിയേറ്റ് ചത്തിട്ടുണ്ട്.
പത്തുവർഷമായി കുറവിലങ്ങാട് കാരയ്ക്കൽ മോഹനൻ വൈദ്യരുടെ അടുക്കലാണ് ചികിത്സ തേടുന്നത്.
അവിവാഹിതയായ അനിത, മാതാപിതാക്കളുടെ മരണശേഷം പതിന്നാല് വർഷമായി കുറവിലങ്ങാടിന് സമീപം മരങ്ങാട്ടുപള്ളി വളകുഴി വള്ളിപ്പാംത്തോട്ടത്തിൽ ധന്യാഭവനിൽ ഗോപിനാഥിന്റെയും ഭാര്യ ഓമനയുടെയും സംരക്ഷണയിലാണ്.
ധന്യാഭവനിൽ നിരവധി തവണ ലഭിച്ചിട്ടുള്ള കാർഷിക അവാർഡുകളിൽ പ്രധാന പങ്ക് അനിതയ്ക്കുണ്ട്. ഗോപിനാഥും ഭാര്യ ഓമനയും അനിതയും ചേർന്ന് പത്തുസെന്റ് സ്ഥലത്തെ സർക്കാർ അംഗീകൃത ഫാമിൽ 16 പശുക്കളെയും 22 ആടുകളെയും വളർത്തുന്നുണ്ട്. പശുക്കൾക്ക് പുല്ലു ചെത്തുന്നതും കറക്കുന്നതും അനിതയാണ്.
ഇന്ന് പാമ്പ് കടിക്കരുതേയെന്ന പ്രാർത്ഥനയോടെ ഓരോ പ്രഭാതത്തിലും അനിത കാലിത്തൊഴുത്തിലേക്കിറങ്ങുന്നു