A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

Lop Nur - അലഞ്ഞ് തിരിയുന്ന തടാകം





വലിയൊരു തടാകം ….. ഇത് ആദ്യം കണ്ട സഞ്ചാരികള്‍ രേഖപ്പെടുത്തിയ വഴിയെ പോയവര്‍ക്ക് നിരാശയായിരുന്നു ഫലം . അവര്‍ വേറൊരു തടാകം കണ്ടു . നൂറ്റാണ്ടുകള്‍ക്കു ശേഷം ഈ രണ്ടു തടാകങ്ങളും തിരക്കി ചെന്നവര്‍ക്ക്‌ ഒന്നും കാണാന്‍ സാധിച്ചില്ല . അവസാനം അനേക ശതകങ്ങള്‍ക്ക് ശേഷം ആ രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ന്നു . എല്ലാവരും കണ്ടത് ഒരേ തടാകത്തിനെ തന്നെയാണ് ! അപ്പോള്‍ ഇതെങ്ങിനെ വ്യത്യസ്ത സ്ഥലങ്ങളില്‍ കണ്ടു ? …. ആതാണ് ഉത്തര ചൈനയിലെ Lop Nor തടാകത്തിന്റെ പ്രത്യേകത . പല നൂറ്റാണ്ടുകളില്‍ അടുത്തടുത്ത പല സ്ഥലങ്ങളില്‍ ആയിരുന്നു ഈ തടാകം ഉണ്ടായിരുന്നത് .
ഉത്തരചൈനയിലെ മംഗോളിയന്‍ അതിര്‍ത്തിയിലാണ് വിശാലമായ റ്റരിം തടം (TarimBasin) സ്ഥിതിചെയ്യുന്നത് . 1,020,000 ചതു: കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ കൂറ്റന്‍ തരിശുഭൂമി ഒരു endorheic ബേസിന്‍ ആണ് . എന്ന് വെച്ചാല്‍ ഇവിടുത്തെ ജലം ഇവിടെ തന്നെ കിടക്കും . ഇവിടെ നിന്നും അരുവിയോ പുഴയോ ഒന്നും ഉത്ഭവിക്കുന്നില്ല . പ്രാചീന സഞ്ചാരികള്‍ ഈ വരണ്ട ഭൂമി എങ്ങിനെയും ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നു . ഒരു പച്ചപ്പോ മരുപ്പച്ചയോ ഒന്നുമില്ലാത്ത ഇവിടെ പെട്ടുപോയാല്‍ മരണം ഉറപ്പ് ! ഈ തടത്തിലാണ് Taklamakan മരുഭൂമി സ്ഥിതി ചെയ്യുന്നത് . ജര്‍മ്മനിയുടെ വലിപ്പം ഉണ്ട് ഈ മരുഭൂമിക്ക് ! ഇതൊരു shifting sand desert ആണ് . അതായത് ഇവിടെ ഇന്ന് കാണുന്ന കുന്ന് നാളെ ഒരു കുഴിയായിരിക്കും . ഒഴുകി നടക്കുന്ന മണല്‍തരികളും കനത്ത മണല്‍ക്കാറ്റും ഈ വരണ്ട മരുഭൂമിയെ ഭൂമിയിലെ ഏറ്റവും വിചിത്ര സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു .
എന്നാല്‍ നാം കണ്ണുമിഴിക്കുന്നത് ഇവിടെയല്ല . ഈ വിചിത്ര ഭൂമിയില്‍ ക്രിസ്തുവിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജനതതി ജീവിച്ചിരുന്നു എന്നുള്ളതാണ് . അലകളായി ഉയര്‍ന്നും താണും കിടക്കുന്ന വരണ്ട മണ്ണിനടിയില്‍ കാലം ഒളിപ്പിച്ച് വെച്ചിരുന്നത് സമാനതകളില്ലാത്ത ഒരു സംസ്കൃതിയെ ആണ് . മണലുകള്‍ക്കിടയിലൂടെ താഴെക്കരിച്ചിറങ്ങിയാല്‍ മറ്റൊരു നഗരം നമ്മുടെ മുന്‍പില്‍ തെളിയും . രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം മറ്റാരോ ഇവടെ ജീവിച്ചിരുന്നു . എങ്ങിനെ നില നിന്നു എന്നുറപ്പില്ല . ഒരു പക്ഷെ എവിടെ നിന്നോ പലായനം ചെയ്ത ഒരു ജനതതിയാവാം . അവരുടെ വരണ്ടുണങ്ങിയ അനേകം മമ്മികള്‍ ! ഇവിടെനിന്നും കിട്ടിയിട്ടുണ്ട് .
Uigur ഭാഷയില്‍ Taklamakan എന്നാല്‍ അഭിമന്യുവിന്റെ അവസ്ഥയാണ് . ‘you can get into it but can never get out’ അതായത് നിങ്ങളിക്കിവിടെ പ്രവേശിക്കാം .. പക്ഷെ പുറത്തുകടക്കാനാവില്ല ! അതെ …. ഇവിടെ ജീവിച്ചിരുന്നവര്‍ ഇവിടെ തന്നെയോടുങ്ങി .
മാര്‍ക്കോ പോളോ അടക്കം അനേകം സഞ്ചാരികള്‍ ഈ വരണ്ടുണങ്ങിയ വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ട് . ഹിമാലയത്തിന്റെ മഴനിഴല്‍ പ്രദേശമാകയാല്‍ ഇവിടെ മഴ തീര്‍ത്തും ഇല്ല . എന്നാല്‍ സൈബീരിയയുടെ സാന്നിധ്യം കാരണം താപനില −26.1 °C വരെ താഴാറുമുണ്ട് . ഈ വിചിത്ര ഭൂമിയുടെ നടുവിലാണ് നാം ആദ്യം പറഞ്ഞ Lop Nor തടാകം . ഈ തടാകം കണ്ടേക്കാം എന്ന് വെച്ച് ഇപ്പോള്‍ അവിടെ ചെന്നാല്‍ ഒന്നും കാണാന്‍ പറ്റില്ല ! കാരണം Lop Nor തടാകം എന്നന്നേക്കുമായി വറ്റിക്കഴിഞ്ഞു . ഇങ്ങോട്ടെക്ക് ജലം എത്തിച്ചിരുന്ന രണ്ടു നദികളിലും ഇപ്പോള്‍ കൂറ്റന്‍ ഡാമുകള്‍ തലപോക്കിയിരിക്കുന്നു . നിങ്ങളിലെ പരിസ്ഥിതിസ്നേഹി ഇപ്പോള്‍ ഉന്നര്‍ന്നു കാണും . പക്ഷെ ക്ഷമിക്ക് കാര്യം പറയട്ടെ .നാം ആദ്യം പറഞ്ഞല്ലോ ഈ തടാകത്തിനു സ്ഥിരമായി ഒരു സ്ഥാനം ഇല്ലായിരുന്നു എന്ന് . എന്താണ് കാരണം ? ഇങ്ങോട്ട് പ്രധാനമായും ജലമെത്തിച്ചിരുന്ന Tarim നദിയാണ് വില്ലന്‍ . സ്ഥിരമായി ഗതിമാറിയോഴുകുന്ന സ്വഭാവത്തിനുടമയാണ് കക്ഷി . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൃദുവായ ജൈവപശ്ചാതലവും കാരണമാണ് നദി ഓരോ തവണയും തോന്നും പോലെ ഒഴുകിക്കൊണ്ടിരുന്നത് . പക്ഷെ എങ്ങിനെ ഒഴുകിയാലും വിശാലമായ റ്റരിം തടത്തിലാണ് നദി ചെന്നവസാനിക്കുന്നത് . നദി എവിടെ അവസാനിക്കുന്നുവോ അവിടെ തടാകം രൂപം കൊള്ളും ! അതുകൊണ്ടാണ് നൂറ്റാണ്ടുകള്‍ ഇടവിട്ട്‌ ഇവിടം സന്ദര്‍ശിച്ചിരുന്ന സഞ്ചാരികള്‍ തടാകം പല സ്ഥലങ്ങളില്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത് . എന്തായാലും ഈ ഒളിച്ചുകളി അവസാനിപ്പിക്കുവാന്‍ തന്നെ ചൈന തീരുമാനിച്ചു . കൂറ്റന്‍ ഡാമുകള്‍ കെട്ടി നദീ ജലം പല സ്ഥലങ്ങളിലേക്ക് തിരിച്ചു വിട്ടു . നിര്‍ജീവമായ മരുഭൂമിയില്‍ ഈ ജലം ചെന്നിട് എന്ത് കാര്യം ? Lop Nor തടാകത്തിനു മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു . അവിടെ നിന്നും ജലം ഒഴുകിപ്പോകാന്‍ യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല . തല്ഫലമോ കെട്ടിക്കിടന്ന ജലത്തിന്‍റെ ഉപ്പുരസം ക്രമാതീതമായി വര്‍ധിച്ചു . അങ്ങിനെ അവസാനം ഇത് മറ്റൊരു ചാവുകടലായി മാറി . ഇപ്പോഴോ ? വറ്റി വരണ്ടു കിടക്കുന്ന തടാകത്തില്‍ എങ്ങും ഉപ്പു പരലുകള്‍ മാത്രം !
എന്തായാലും ഇത്രയും സ്ഥലം വെറുതെ കളയാന്‍ പറ്റില്ല എന്ന് ചൈന തീരുമാനിച്ചു . ഇതിപ്പോള്‍ അവരുടെ നുക്ലിയര്‍ ടെസ്റ്റ്‌ ബേസ് ആണ് . 1964 ല്‍ ചൈനയുടെ ആദ്യ ആറ്റംബോംബ് പരീക്ഷണമായ “596” പൊട്ടിച്ചത് ഇവിടെ വെച്ചാണ് . 1967 ല്‍ ഹൈഡ്രജന്‍ ബോംബ്‌ ഉള്‍പ്പടെ നാപ്പത്തി അഞ്ചോളം അണുപരീക്ഷണങ്ങള്‍ അവര്‍ ഇവിടെ നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ മരുഭൂമിക്കു കുറുകെ ഒരു ദേശീയപാതയും (Xinjiang Provincial Hwy 235) തടാകത്തിനടുത്തേക്ക് ഒരു തീവണ്ടിപ്പാതയും ചൈന നിര്‍മ്മിച്ചിട്ടുണ്ട് .
Peng Jiamu – മരുഭൂമി വിഴുങ്ങിയ സാഹസികന്‍ !
ചൈന കണ്ട എക്കാലത്തെയും പ്രശസ്തനായ പര്യവേഷകനായിരുന്നു പെന്‍ഗ് ജൈമു . 1980 ല്‍ തന്‍റെ അവസാന യാത്രയില്‍ ഒരുപറ്റം ഗവേഷകരേയും നയിച്ചുകൊണ്ട് അദ്ദേഹം ലോപ് നോര്‍ തടാകക്കരയില്‍ എത്തി . ജൂണ്‍ പതിനേഴാം തീയതി കുറച്ചു വെള്ളം ശേഖരിച്ച് തിരിച്ചു വരാം എന്നൊരു കുറിപ്പ് തന്‍റെ കൂടാരത്തില്‍ വെച്ച ശേഷം പുറത്തു പോയ പെങ്ങിനെ ഇന്നോളം ആരും ജീവനോടെ കണ്ടിട്ടില്ല ! ചൈന തങ്ങളുടെ എല്ലാവിധ സൌകര്യങ്ങളും ഉപയോഗിച്ച് അദ്ദേഹത്തിനെ തിരഞ്ഞുവെങ്കിലും ഒരു തുമ്പും കിട്ടിയില്ല . ഇതിന് ശേഷം അനേകം അസ്ഥികൂടങ്ങള്‍ അവിടെ നിന്നും ലഭിച്ചു എങ്കിലും അതൊന്നും പെന്‍ഗ് ജൈമുവിന്‍റെ ആയിരുന്നില്ല . ഏതെങ്കിലും മണല്‍ക്കൂന ഇടിഞ്ഞ് വീണ് അദ്ദേഹം അതില്‍ പെട്ടിട്ടുണ്ടാവാം എന്നാണ് ഇപ്പോള്‍ കരുതുന്നത് .