ശനി ആയിരുന്നു ടെലിസ്കോപ്പുകൾ വാന നിരീക്ഷണത്തിനെ മാറ്റിമറിക്കുന്നത് വരെ ഏറ്റവും വിദൂരമായ ഗ്രഹം.നക്ഷത്രങ്ങൾക്കിടയിലൂടെ മറ്റു ഗ്രഹങ്ങളേക്കാൾ സാവധാനം സഞ്ചരിക്കുന്ന ശനി എല്ലാ പുരാതന സംസ്കാരങ്ങൾക്കും ഒരു പ്രഹേളിക തന്നെയായിരുന്നു .ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ശനിയെ ആദ്യമായി കൂലം കഷമായി നിരീക്ഷിച്ചത് ഇറ്റാലിയൻ വാന നിരീക്ഷകനും ,ഗഗന ശാസ്ത്രജനുമായിരുന്ന ജിയോവാനി ഡൊമെനിക്കോ കാസ്സിനി (8 June 1625 – 14 September 1712)ആയിരുന്നു .ശനിയുടെ ആദ്യ ഉപഗ്രഹങ്ങളെയും വലയങ്ങളിലെ സവിശേഷതകളേയും കണ്ടെത്തിയ കാസ്സിനി ഗണിതജ്ഞൻ ,എഞ്ചിനീയർ ,ജ്യോതിഷി ,ജ്യോതിശാസ്ത്രജ്ഞൻ ,കാർട്ടോഗ്രഫെർ എന്നീ നിലകളിലൊക്കെ തിളങ്ങിയ ഒരു ബഹുമുഖ പ്രതിഭയായിരുന്നു . ശനിഗ്രഹത്തെപ്പറ്റി ആദ്യമായി ടെലിസ്കോപ്പുകളിലൂടെ ഗവേഷണം നടത്തിയ ജിയോവാനി ഡൊമെനിക്കോ കാസ്സിനി യുടെ ബഹുമാനാർത്ഥമാണ് നാസ അവരുടെ ശനി പര്യവേക്ഷണ പേടകത്തിന് ''കാസ്സിനി '' എന്ന പേര് നൽകിയത് ശനിയെപ്പറ്റി ഗവേഷണം നടത്തിയ ക്രിസ്ത്യൻ ഹുജീൻസിന്റെ സ്മരണാർത്ഥം കാസ്സിനി പേടകത്തോടൊപ്പം യാത്രചെയ്തു ശനിയുടെ വലിയ ഉപഗ്രഹമായ ടൈറ്റണിൽ ഇറങ്ങിയ പേടകത്തിന് ''ഹുജിൻസ് '' എന്നാണ് പേരിട്ടത് .
,
നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസി യുടെയും ഒരു സംയുക്ത പര്യവേഷണമാണ് കാസ്സിനി -ഹുജിൻസ് പര്യവേക്ഷണ വാഹനം .ശനിയെ വലം വയ്ക്കുന്ന കാസ്സിനി നാസയും ഹുജിൻസ് യൂറോപ്യൻ സ്പേസ് ഏജ് ൻസിയുമാണ് നിർമിച്ചത് .പിന്നീട് പിൻവലിച്ച ടൈറ്റാൻ -4 ആയിരുന്നു വിക്ഷേപണ വാഹനം .മനുഷ്യൻ ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ ഇന്റർ പ്ലാനെറ്ററി സ്പേസ് പ്രോബ് ആൺ കാസ്സിനി .ആറു ടണ്ണിനടുത്താണ് കാസ്സിനിയുടെ ഭാരം .കാസ്സിനിക്കാവശ്യമായ വൈദുതി ലഭിക്കുന്നത് റേഡിയോ ഐസോടോപ് തെർമോ ഇലക്ട്രിക് ജനറേറ്ററിൽ നിന്നാണ് .പ്ലൂട്ടോണിയംകൊണ്ടു പ്രവർത്തിക്കുന്ന ഈ പവർ പ്ലാന്റ് വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. വിദൂരമായ ശനിയുടെ പരിസരത്തു സോളാർ പാനലുകൾ പ്രവർത്തിക്കാൻ ആവശ്യമായ വെളിച്ചം ഇല്ലാത്തതിനാൽ കാസ്സിനിയുടെ പ്രവർത്തനത്തിന് റേഡിയോ ഐസോടോപ്തെർമോ ഇലക്ട്രിക് ജനറേറ്റ ർ ഉപയോഗിക്കാതെ മറ്റു മാർഗം ഇല്ലായിരുന്നു .വിദൂര ഗ്രഹങ്ങളെ നിരീക്ഷിക്കാനയച്ച വോയജർ ,പയനിയർ ,ന്യൂ ഹൊറൈസൺസ് തുടങ്ങിയ പര്യവേക്ഷണ പേടകങ്ങളും റേഡിയോ ഐസോടോപ് തെർമൽ ജനറേറ്റ ർ ആണ് ഊർജ സ്രോതസായി ഉപയോഗിക്കുന്നത്.
.
ഒന്നര ദശകം നീണ്ടുനിന്ന നിർമാണത്തിന് ശേഷം 1997 ഒക്ടോബർ 15 നാണ് കാസ്സിനി -ഹുജിൻസ് പേടകം ടൈറ്റാൻ -4 വിക്ഷേപണ വാഹനം ഉപയോഗിച്ച വിക്ഷേപിക്കുന്നത് .ശനിയിലേക്കുള്ള യാത്ര ത്വരിതപ്പെടുത്തുവാനുള്ള .ഗ്രാവിറ്റി അസ്സിസ്റ് സ്ലിങ്ഷോട്ടുകൾക്കായി ആദ്യം സൗരയൂഥത്തിനുള്ളിലേക്കാണ് വിക്ഷേപണം നടത്തിയത് .ശുക്രൻ ,ഭൂമി ,വ്യാഴം എന്നെ ഗ്രഹങ്ങളുടെ ഗുരുത്വ ബലത്തിൽനിന്നും വേഗത വർധിപ്പിച്ചു ശനിയിലേക്കു പ്രയാണം തുടർന്ന കാസ്സിനി 2004 ജൂലൈ ഒന്നിനാണ് ശനിയുടെ മനുഷ്യ നിർമിത ഉപഗ്രഹമായി മാറുന്നത് .പതിമൂന്നിലധികം വര്ഷം നീണ്ടുനിന്ന പര്യവേക്ഷണങ്ങൾക്ക് അങ്ങിനെ 2004 ജൂലൈ ഒന്നി ന് തുടക്കമായി .
.
അതിസങ്കീർണമായ ഒരു ബഹിരാകാശപേടകമാണ് കാസ്സിനി .ശനിയുടെ എല്ലാ ഉപഗ്രഹങ്ങളെയും ശനിയുടെ വലയങ്ങളെയും ശനിയെയും ഒരു ദശാബ്ദത്തിലേറെക്കാലം നീരീക്ഷിക്കാൻ പാകത്തിലായിരുന്നു കാസ്സിനിയുടെ നിർമാണം .ശനിയുടെ ഉപഗ്രഹങ്ങൾക്കിടയിലൂടെ ഗതി മാറ്റം വരുത്തി സഞ്ചരിക്കാനായി മൂവായിരത്തിലധികം കിലോഗ്രാം ഇന്ധനം കാസ്സിനിയിൽ ഉണ്ടായിരുന്നു .ഈ ഇന്ധനത്തിന്റെ ഭാരം കാസ്സിനിയുടെ ഭാരത്തിന്റെ പകുതിയിൽ അധികമാണ് ..റേഡിയോതരംഗങ്ങൾ ഭൂമിയിൽ നിന്നും ശനിയിൽ ഏതാണ് ഒരു മണിക്കൂറിലേറെ സമയം എടുക്കും .അതിനാൽ തന്നെ അതിസങ്കീർണമായ വാർത്താവിനിമയ സജീകരണങ്ങളാണ് കാസ്സിനിയിൽ ഒരുക്കിയിരുന്നത് .പദാർത്ഥങ്ങളുടെ സാന്നിധ്യം കാന്തിക മണ്ഡലത്തിന്റെ ഏറ്റക്കുറച്ചിലുകൾ നിര്ണയിക്കാനുതകുന്ന ഉപകരണങ്ങൾ ,ഇൻഫ്രാ റെഡ് തരംഗ ദൈർഖ്യത്തിലും,അൾട്രാ വയലറ്റ് തരംഗ ദൈർഖ്യത്തിലും പ്രകാശത്തിന്റെ തരംഗ ദൈർഖ്യത്തിലും അത്യധികം സംവേദന ക്ഷമമായ ക്യാമെറകൾ ,കോസ്മിക് ഡസ്ട് അനലൈസർ ,വിവിധ തരാം സ്പെക്ട്രോമീറ്ററുകൾ .വിദൂര സംവേദന റഡാർ തുടങ്ങിവളരെയധികം യന്ത്ര സംവിധാനങ്ങൾ കാസ്സിനിയുടെ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളുടെ ഭാഗമായി
.
2004 ഡിസംബർ 25 ന് കാസ്സിനി വഹിച്ചിരുന്ന ഹ്യുജെൻസ് പേടകം ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റന്റെ ഉപരിതലത്തിൽ ഇറങ്ങി .മനുഷ്യ നിർമിതമായ ഒരു പേടകം ഇറങ്ങുന്ന ഏറ്റവും വിദൂര വസ്തുവാണ് ടൈറ്റാൻ .ഉപഗ്രഹമാണെങ്കിലും ടൈറ്റാൻ ഭൂമിയോളം കട്ടിയുള്ള അന്തരീക്ഷമുണ്ട് .പറന്നിറങ്ങുന്നതിനിടയിൽ ഹുജിൻസ് ടൈറ്റാനിൽ വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം ഒപ്പിയെടുത്തു .ടൈറ്റനിലെ മീഥേൻ നിറഞ്ഞ ഒരു തടാക കരയിലാണ് ഹ്യുജെൻസ് ഇറങ്ങിയത് .ഏതാനും മണിക്കൂറുകൾ മാത്രമേ പ്രവർത്തിച്ചുലോ എങ്കിലും ടൈറ്റാനെപ്പറ്റി വിലയേറിയ പല വിവരങ്ങളും ഹ്യുജെൻസ് ഒപ്പിയെടുത്തു.
.
കഴിഞ്ഞ പതിമൂന്നുകൊല്ലം കാസ്സിനി ശനിയെയും വലയങ്ങളെയും ശനിയുടെ ഉപഗ്രഹങ്ങളെയും പറ്റിയുള്ള പഠനങ്ങൾ നടത്തി ശനിയെപ്പറ്റിയുള്ള മനുഷ്യ കുല ത്തിന്റെ അറിവുകൾ പല മടങ് വർധിപ്പിച്ചു .ശനിയുടെ ചിറ്റുമുള്ള ഭ്രമണ പഥത്തിൽ സഞ്ചരിക്കവേ സൗരയൂഥത്തിന്റെ വിദൂരതയിൽ മറ്റൊരു ഗ്രഹമുണ്ടാവാനുള്ള സാധ്യത വരെ കാസ്സിനി കണ്ടുപിടിച്ചു .കാസ്സിനിയിൽ അനുഭവപ്പെട്ട ഗുരുത്വ ബല വ്യതിയാനങ്ങളെ പറ്റി പഠിച്ചാണ് അത് സാധ്യമായത് .ദൗത്യത്തിനിടയിൽ കാസ്സിനിയുടെ ഒരുപകരണവും തകരാറില്ല എന്നുള്ളത് വലിയ നേട്ടമായി .ഇന്ധനം ബാക്കിയുണ്ടായിരുന്നതിനാൽ കാസ്സിനിയുടെ ദൗത്യം നീട്ടപ്പെട്ടു .ഇപ്പോൾ കാസ്സിനിയിലെ ഇന്ധനം ഏതാണ്ട് വറ്റിയതിനാൽ കാസ്സിനിക്ക് ശനിക്ക് ചുറ്റുമുള്ള ഭ്രമണപഥം വ്യക്തമായി നിലനിർത്താനാവില്ല .കാസ്സിനി ശനിയുടെ ഉപഗ്രഹങ്ങളുമായി കൂട്ടിമുട്ടാനും അവയെ ജീവശാസ്ത്രപരമായി മലിനമാക്കാനും സാധ്യതയുണ്ട് .അതിനാലാണ് ഈ സെപ്റ്റംബർ 15 ന് കാസ്സിനിയുടെ ദൗത്യം അവസാനിപ്പിക്കാനും പേടകത്തെ ശനിയുടെ വാതകാന്തരീക്ഷത്തിലേക്ക് വീഴ്ത്തി കാസ്സിനി ദൗത്യം അവസാനിപ്പിക്കാനും നാസ തീരുമാനിക്കുന്നത് .രണ്ടുനാൾക്കുള്ളിൽ കാസ്സിനി ശനിയുടെ ഭാഗമായി മാറും .കഴിഞ്ഞ ഒരേ ദശകത്തിലേറെ സമയത്തിൽ കാസ്സിനി മാനവരാശിക്ക് നൽകിയ അറിവുകൾ വളരെ വിലപ്പെട്ടത് ആണ് .അവയുടെ അപഗ്രഥനം ഇനിയും വര്ഷങ്ങളോളം തുടർന്നുകൊണ്ടിരിക്കും.
----
ചിത്രങ്ങൾ : കാസ്സിനി ബഹിരാകാശ പേടകം :കാസ്സിനിയെ വിക്ഷേപിക്കാനൊരുങ്ങി നിൽക്കുന്ന ടൈറ്റാൻ -4 വിക്ഷേപണ വാഹനം ,ശനി കാസിനി എടുത്ത ചിത്രം ,കാസ്സിനിയുടെ റഡാർ പകർത്തിയ ടൈറ്റന്റെ ചിത്രം:: ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്.
--
Ref:
1. https://www.jpl.nasa.gov/missions/cassini-huygens/
2. https://en.wikipedia.org/wiki/Cassini%E2%80%93Huygens
3. https://saturn.jpl.nasa.gov/
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S