വാന്‍കൂവറില്‍ പഠിച്ചിരുന്ന , 21 വയസ്സുള്ള ഒരു കനേഡിയന്‍ വംശജ ആയിരുന്നു എലിസ. യാത്രകളെ വളരെയധികം സ്നേഹിച്ചിരുന്ന എലിസ, ജനുവരി 2013’ല്‍ യു.സസ് ‘ലെ ചില നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ വീട്ടില്‍ നിന്നും ടാറ്റാ പറഞ്ഞിറങ്ങി. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ചും,കണ്ട കാഴ്ചകളെ പറ്റിയുമൊക്കെ ബ്ലോഗില്‍ എഴുതുന്നത് ഓള്‍ടെ ഒരു ശീലമായിരുന്നു. അങ്ങനെ ജനുവരി 26’നു എലിസ ലോസ് ഏന്ജല്സില്‍ എത്തി,അവിടത്തെ ഒരു ഹോട്ടല്‍ സെസിലില്‍ മുറിയെടുത്തു.അഞ്ചു ദിവസങ്ങളായിരുന്നു ആ നഗരം മൊത്തം ചുറ്റിക്കാണാന്‍ എലിസ മാറ്റിവച്ചിരുന്നത്. അതായത് ഓള്‍ടെ ബ്ലോഗില്‍ പറഞ്ഞിരുന്ന പ്രകാരമെങ്കില്‍ ജനുവരി 31’നു ലോസ് ഏന്ജല്സ് വിട്ട് , സാന്‍ ദിയാഗോയിലെക്കുള്ള അടുത്ത വണ്ടി പിടിക്കണം. ലോകത്തെവിടെ ആണെങ്കിലും എല്ലാ ദിവസവും വീട്ടില്‍ വിളിച്ചു ഹാജര്‍ രേഖപ്പെടുത്തുന്ന ഒരു പതിവ് എലിസയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ ജനുവരി 31’നു അതുണ്ടായില്ല. കറങ്ങാന്‍ പോയ കൊച്ച് എവിടെയെങ്കിലും കിറുങ്ങി കിടാപ്പുണ്ടാകും എന്ന് കരുതിയത് കൊണ്ടാകണം,എലിസയുടെ മാതാപിതാക്കള്‍ അന്ന് അത് കാര്യമായി എടുത്തില്ല. പക്ഷെ പിറ്റേന്നും ഓള് വിളിച്ചില്ല..!
‘എന്തോ..എവിടെയോ..പ്രശ്നമുണ്ട്’ എന്ന് മനസ്സിലാക്കിയ എലിസയുടെ മാതാപിതാക്കള്‍ അന്ന് തന്നെ ലോസ് ഏന്ജല്സ് പോലീസിനെ വിവരമറിയിച്ചു. പരാതി കിട്ടിയ അടിസ്ഥാനത്തില്‍ അവര്‍ അന്വേഷണവും ആരംഭിച്ചു. മുറി പരിശോധിച്ചതില്‍ നിന്നും,ഓള്‍ടെ സാധനങ്ങളൊക്കെ അവിടെ തന്നെയുണ്ട് എന്ന് മനസ്സിലായി. എലിസയെ കാണാതാകുന്നതിന്റെ അന്ന് രാവിലെ രണ്ടു മൂന്നു ഹോട്ടല്‍ ജീവനക്കാര്‍ ഓളെ കണ്ടിരുന്നു. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായിട്ട് അപ്പൊ തോന്നിയില്ല. അവിടെയിവിടായി കളിച്ച് ചിരിച്ച് ഒറ്റെക്ക് നില്‍പ്പുണ്ടായിരുന്നു എന്നാണവര്‍ പറഞ്ഞത്. തൊട്ടടുത്തുള്ള ഒരു പുസ്തകക്കടയിലെ ജീവനക്കാരിയും പറഞ്ഞു, എലിസ, വീട്ടുകാര്‍ക്ക് വേണ്ടി കുറച്ചു പുസ്തകങ്ങള്‍ വാങ്ങിക്കുകയും, വളരെ സന്തോഷത്തോടെയാണ് പെരുമാറിയത് എന്ന്.ഡോഗ് സ്ക്വാഡ് എത്തി, ഓള്‍ടെ മുറിയിലും, രൂഫ് ടോപ്പിലും, മറ്റ് പരിസരത്തുമൊക്കെ ഒന്ന് പരിശോധിച്ചെങ്കിലും , എലിസയെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. പിന്നീടുള്ള നാലഞ്ചു ദിവസങ്ങള്‍ പോലിസ് വളരെ കാര്യമായിട്ട് അന്വേഷിച്ചിട്ട് പോലും, ഒരു തുമ്പും കിട്ടീല.
അങ്ങനെ രണ്ടാഴ്ച കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 16. ലോസ് ഏന്ജല്സ് പോലീസ് ഹോട്ടലിലെ ഒരു ലിഫ്റ്റില്‍ നിന്നുള്ള സര്‍വയലന്‍സ് വീഡിയോ പുറത്തു വിട്ടു.വീഡിയോ എന്ന് പറഞ്ഞാല്‍ , അത് കാണുന്നവര്‍, കിളി പോയി , ‘ഓള്‍ക്ക് പ്രാന്താണോടാ’ എന്ന് ചോദിക്കുന്ന ഒരു വീഡിയോ. അതില് എലിസ ഒരു ലിഫ്റ്റില്‍ കയറുന്നു. കയറിയപാടെ ചറ പറാന്നു കുറെ ബട്ടണുകള്‍ ഞെക്കുന്നു. അത് കഴിഞ്ഞ് കുറച്ചു സൈഡിലോട്ട് മാറി ഒളിച്ചു നില്കുന്നു. കുറച്ചു കഴിഞ്ഞ് പുറത്തോട്ട് നോല്കുന്നു, തിരിച്ചു കയറുന്നു, ബട്ടണുകള്‍ ഞെക്കുന്നു, ആരോടോ സംസാരിക്കുന്നു, എന്നാല്‍ കൂടെ ആരും ഇല്ല താനും. വീണ്ടും പുറത്തോട്ടു നോക്കുന്നു, അകത്ത് കയറുന്നു..... ഇത് തന്നെ പരുപാടി. എന്തൊക്കെയോ നടക്കുന്നു,പക്ഷെ ഒന്ന് വ്യക്തം. അതില്‍ നിന്നും ഏകദേശം ഒരു മിനിറ്റോളം വരുന്നു വീഡിയോ മാറ്റിയിരിക്കുന്നു. അല്ലെങ്കിലെ മൊത്തം പ്രശ്നം. ഈ വീഡിയോ കൂടി പുറത്തു വന്നതോടുകൂടി കാര്യങ്ങള്‍ ചക്കക്കൂട്ടാന്‍ കുഴയണ പോലെ കുഴഞ്ഞു. അതായത്, പത്രമാധ്യമങ്ങള്‍ അതങ്ങ് ഏറ്റെടുത്തു. പോലീസ്, ആകുന്ന പണി പതിനെട്ട് നോക്കിയിട്ടും കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞതല്ലാതെ പ്രത്യേകിച്ചു തുമ്പോന്നും അങ്ങോട്ട് കിട്ടിയില്ല.
ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ്, ഹോട്ടലില്‍ താമസിക്കുന്നവര്‍, മുതലാളിയുടെ അടുത്ത് പരാതികളുമായി എത്തിയത്. ഷവറില്‍ നിന്നും വെള്ളം നേരെ വരുന്നില്ല..പൈപ്പ് തുറക്കുമ്പോ, ഒരു രണ്ടു-മൂന്ന് സെക്കന്റ് കറുത്ത നിറത്തില്‍ വെള്ളം വരുന്നു, വെള്ളത്തിന് ദുര്‍ഗന്ധം ഉണ്ട്, കുടിക്കുമ്പോള്‍ ചെറിയൊരു കലര്‍പ്പ്..എന്നൊക്കെയായിരുന്നു പരാതികള്‍. ഇത്രയധികം പരാതികള്‍ വരുമ്പോ, മുയലാളിക്ക് “കമ്പിളി പുതപ്പു” കളിച്ചു നടക്കാന്‍ ആകിലല്ലോ..
- ആരവിടെ..വിളിക്ക് ആസ്ഥാന പ്ലംബറെ.!!
അങ്ങനെ പ്ലംബര്‍ എത്തി. പുള്ളി പ്ലംബി പ്ലംബി..മുകളിലത്തെ വാട്ടര്‍ ടാങ്കില്‍ വരെയെത്തി. അതില് വലിഞ്ഞു കയറി മൂടി തുറന്നപ്പോ... പ്ലംബര്‍ ശരിക്കുമൊന്നു പമ്മി.! ദാണ്ടെ കിടക്കുന്നു ഒരു ശവം.! തുണിയൊന്നും ഇല്ലാതെ.. പകുതിയോളം അഴുകിയ അവസ്ഥയില്‍ പുള്ളിയെ നോക്കി എലിസ അങ്ങനെ കിടക്കുന്നു.തുണിയും,മുറിയുടെ താക്കോലുമൊക്കെ തൊട്ടടുത്ത് തന്നെ കിടപ്പുണ്ട്. പോലീസും ഡോഗ് സ്ക്വാടുമൊക്കെ നേരത്തെ അവിടെ വന്ന് ഒന്ന് മണത്തു പരിശോധിച്ചെങ്കിലും, വാട്ടര്‍ ടാങ്കിന്റെ ഭാഗതോട്ടോന്നും പോയിട്ടുണ്ടായില്ല. എലിസയുടെ മൃതദേഹം കൂടി കിട്ടിയതോടെ പല പോലീസ് മേധാവികളും കൈയ്യാല പുറത്തെ കൊട്ട തേങ്ങയുടെ അവസ്ഥയായി.സ്പെഷ്യല്‍ ടീമും, അവിടത്തെ സേതു രാമയ്യര്‍’മാരൊക്കെ വന്ന് ഉഴുത് മറിച്ചിട്ടും , ആര്..എന്തിനു..എപ്പോ..എങ്ങനെ..ഈ ചോദ്യങ്ങള്‍ക്കൊന്നും ഒരു തുമ്പും കിട്ടിയില്ല.
ഹോട്ടല്‍ സെസില്‍ - ആഹാ എത്ര മനോഹരമായ പേര്. കേള്‍കുമ്പോ തന്നെ ഒരു ചെറിയ രോമാഞ്ചമൊക്കെ തോന്നുമെങ്കിലും, മൊത്തത്തില്‍ ഒരു ദുരൂഹത നിറഞ്ഞ ഹോട്ടല്‍ ആയിരുന്നു അത്. നമ്മള്‍ ഈ ചില വീടുകളൊക്കെ കാണുമ്പോ – “ശ്ശൊ ഭാര്‍ഗവി നിലയം പോലെയുണ്ട് “ എന്ന് പറയണപോലെ അവിടത്തെ ആള്‍ക്കാര്‍ ആ ഹോട്ടലിനെ ‘സൂയിസൈഡ് ഹോട്ടല്‍’ എന്നാണ് വിളിച്ചിരുന്നത്. ഒരാവശ്യവുമില്ലാതെ ആള്‍കാര്‍ മുകളില്‍ നിന്നും താഴേക്ക് ചാടുക, വിഷമടിച്ചു മരിക്കുക, ജന്നല്‍ തുറന്ന് റോഡിലേക്ക് സൈവ് ചെയ്യുക – ഇതൊക്കെ അവിടെ സ്ഥിരമായിട്ട് നടക്കുന്ന കലാപരുപടികള്‍ ആയിരുന്നു. ആത്മഹത്യകള്‍ പോരഞ്ഞിട്ട് ഒരുപാട് കൊലപാതകങ്ങളും അവിടെ നടന്നിട്ടുണ്ട്. രണ്ട് തുടര്‍ കൊലപാതികളായ റിച്ചാര്‍ഡ് രമുറര്‍ , പിന്നെ ജാക്ക് അണ്ടര്‍വയര്‍ അവി.... ങേ.?! അണ്ടര്‍വയറോ...അല്ലല്ല..ജാക്ക് അണ്ടര്‍വഗരോ അവിടെയാണ് താമസിച്ചിരുന്നത്. അതായത്,രാവിലെ എണീക്കുക പുറത്തു പോകുക, ആളെ തട്ടുക, തിരിച്ചു വരുക,ഫുഡ് അടിക്കുക,ഉറങ്ങുക. പിറ്റേന്നും ഇത് തന്നെ പരുപാടി. പക്ഷെ പിന്നീടു..രണ്ടിനേം പോലീസ് പിടിക്കുകയോ വെടി വച്ച് കൊല്ലുകയോ മറ്റോ ചെയ്തു. ഇതൊക്കെ പോരാഞ്ഞിട്ട്, രാത്രി ഉറങ്ങി കിടക്കുമ്പോ ആരൊക്കെയോ വന്ന് കഴുത്തില്‍ പിടിക്കുന്നു, വേറെ ഒരുപാട് രൂപങ്ങളെ അവിടെ ഇവിടെയായി കാണുന്നു എന്നൊക്കെ പലരും മുന്‍പ് വന്ന് പരാതി പറഞ്ഞിട്ടുണ്ട്. അതായത് സിമ്പിള്‍ ആയിട്ട് പറഞ്ഞാല്‍ - പ്രേതശല്യം! ആയിനാണ്.! ആ വീഡിയോ’യില്‍ ആണെങ്കില്‍ ആ കൊച്ച് ആരോടോ സംസാരിക്കുന്നത് പോലെയൊക്കെ കാണിക്കുന്നുണ്ട്. അത് അവിടെയുള്ള ഏതോ ഒരു അദൃശ്യ ശക്തിയോടല്ലേ? എന്ന് ചോദിക്കുന്നവര്‍ ഒരുപാടുണ്ട്. അതല്ല, ഓള് കൊറിയന്‍ എലിവേറ്റര്‍ ഗയിം ആണ് കളിക്കുന്നത് എന്ന് വേറെ കുറച്ചു പേര്‍. മുകളിലുള്ള ഒരു ഫോട്ടോയില്‍ ആ ഗയിം കളിക്കുന്ന വിധം കൊടുത്തിട്ടുണ്ട്. നോക്കിയാല്‍ മതി.. കളിക്കണ്ടാ..നോക്കി നോക്കി അവസാനം പണി പാര്‍സല്‍ മേടിച്ചു തരരുത്..
ബൈപോളാര്‍ ഡിസോര്‍ദര്‍ രോഗമുള്ള ഒരു വ്യക്തിയായിരുന്നു എലിസ. പെട്ടെന്ന് മൂഡ് മാറുക, മടി പിടിച്ചിരിക്കുക, വ്യത്യസ്തമായ രീതിയില്‍ ചിന്തികുക, ‘ടി..ഊളതരം കാണിക്കാതെടി’ എന്ന് ആള്‍കാരെ കൊണ്ട് പറയത്തക്ക വിധം ഓരോന്ന് കാട്ടിക്കൂട്ടുക..ഇതൊക്കെയാണ് ലക്ഷണങ്ങള്‍. ചിലപ്പോ ആ ലിഫ്റ്റില്‍ കാട്ടി കൂട്ടിയതൊക്കെ ഇത് കാരണമാകാം. ശരിയായ അളവില്‍ മരുന്ന് കഴിച്ചിട്ടില്ല എങ്കില്‍ അങ്ങനെയൊക്കെ സംഭവിക്കാം. പക്ഷെ ഓടോപ്സി റിപ്പോര്‍ട്ട് പ്രകാരം, ഓള് ശരിയായ അളവില്‍ തന്നെ മരുന്ന് കഴിച്ചിട്ടുണ്ടായിരുന്നു. ഓള്‍ടെ ബ്ലോഗിലെ ചില വരികളില്‍ നിന്നും, അതൊരു ആത്മഹത്യാ പ്രവണതയുള്ള ഒരു കുട്ടി ആണെന്ന് മനസ്സിലാക്കാം. അതുപോലെ..കാണാതാകുന്നതിനു രണ്ടു ദിവസം മുന്നേ, ഒരാള്‍ തന്നെ പിന്തുടരുന്നു എന്ന് എലിസ എഴുതിയിരുന്നു. ‘എ ക്രീപ്പര്‍’ എന്നായിരുന്നു ഓള് അതിനെ വിശേഷിപ്പിച്ചിരുന്നത്.
ഇനിയിപ്പോ..എലിസ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തതാണ് എന്നു തന്നെ വയ്ക്കാം. ഓള് പോയ വഴിയിലൂടെ നമുക്കും ഒന്ന് പോയി നോക്കാം... വാ..
ഒരു മിനിറ്റു...
അര്‍ജുന്നന്‍..ഫല്‍ഗുണന്‍...പാര്‍ഥന്‍..വിജയനും...വിശ്രുത.... .... ..... ...
എലിസ ഓള്‍ടെ മുറിയില്‍ നിന്നിറങ്ങി, കോറിഡോറിലൂടെ നടന്നു ലിഫ്റ്റില്‍ കയറി. 15 ഞെക്കി..ഏറ്റവും മുകളിലത്തെ നിലയില്‍ എത്തി. അവിടെ നിന്നും പടികള്‍ കയറി വീണ്ടും മുകളിലേക്ക്. അവിടെ ഒരു വാതിലുണ്ട്. ആ വാതില്‍ തുറന്നു കയറിയാലേ രൂഫ് ടോപ്പില്‍ കയറാന്‍ പറ്റുകയുള്ളു. പക്ഷെ, ഒരു കോഡ് അടിച്ചു വേണം ആ വാതില്‍ തുറക്കാന്‍. ചില ഹോട്ടല്‍ ജീവനക്കാര്‍ക്ക് മാത്രമേ ആ കോഡ് അറിയുള്ളു. കോഡ് തെറ്റിച്ച് അടിക്കുകയോ, വാതില് ചവുട്ടി തുറക്കണോ മറ്റോ ശ്രമിച്ചാല്‍.. ഈ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആശാന്‍റെ ചെണ്ട മേളത്തിന്റെ ഒത്ത നടുക്ക് സ്റ്റൂള്‍ ഇട്ട് ഇരിക്കുന്ന അവസ്ഥയായിരിക്കും. ചറ പറാന്നു അലാറം അടിക്കും. ഇതല്ലാതെ രൂഫ് ടോപ്പില്‍ കയറണമെങ്കില്‍, പുറത്തുള്ള ഒരു ഫയര്‍ എസ്കേപ്പ് വഴി ഇഴഞ്ഞ്..ഇഴഞ്ഞ് കയറണം. അതൊരിക്കലും നടക്കാന്‍ സാധ്യത ഇല്ലെന്നാ പറയണേ. ശരി..ഇനിയിപ്പോ രൂഫ് ടോപ്പില്‍ എത്തി എന്ന് തന്നെ വയ്കുക. കുറച്ചു മുന്നോട്ടു നടക്കുമ്പോ.. വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ക്ക് മുകളിയായി നാല് വാട്ടര്‍ ടാങ്കുകള്‍ കാണാം. നമ്മുടെ വീടുകളിലൊക്കെ കാണുന്നത് പോലെ..അഞ്ഞൂറോ..ആയിരോ..ലിറ്ററിന്റെ സിന്‍ടക്സ് ടാങ്കുകള്‍ അല്ല. ആയിരകണക്കിന് ലിട്ടറുകള്‍ ആണ് ഓരോ ടാങ്കും. എല്ലാ മുറികളിലെ പൈപ്പ്’കള്‍ ഒരുമിച്ചു തുറന്നാലും..വെള്ളം വരണമല്ലോ.ടാങ്കിന്റെ മുകളില്‍ എത്തണമെങ്കില്‍ ചെറിയൊരു ഏണിയിലൂടെ മുകളിലോട്ട് കയറണം. ഒരാള്‍ക് കഷ്ടിച്ച് കയറാവുന്ന വീതിയെ ആ ഏനിക്ക് ഉള്ളൂ. ഒരാളെ ചുമന്നു കൊണ്ട് ആ ഏണി കയറാന്‍ വളരെ പ്രയാസമാണെന്ന് അര്‍ഥം. എലിസ മുകളില്‍ കയറി എന്ന് വയ്ക്കാം. ഓല മടലുകള്‍ കൊണ്ടല്ല ആ ടാങ്ക് മൂടിയിരിക്കുന്നത്. പത്ത് കിലയോളം ഭാരം വരുന്ന നല്ല ഉരുക്ക് മൂടി കൊണ്ടാണ് അത് അടച്ചിരിക്കുന്നത്. അതും കോഡ് അടിച്ചു വേണം തുറക്കാന്‍. തെറ്റിയാല്‍...പഴയ ആ സ്ടൂളില്‍ പോയിരിക്കാം. കോഡ് അടിച്ചാലും, ഈ മുളയില്‍ തുണി ചുറ്റിയതു പോലിരിക്കുന്ന ഓള് ആ മൂടി എങ്ങനെ എടുത്തു മാറ്റും? ശരി...ഓള് അത് മാറ്റി, വെള്ളത്തിലേക്ക് ചാടി. ആ മൂടി എങ്ങനെ തിരിച്ചടയ്ക്കും.! ഒരാള്‍ക്കും അതിനുള്ളില്‍ വീണാല്‍, അത് തിരിച്ചു അടക്കാന്‍ പറ്റില്ല.
ഓടോപ്സി റിപ്പോര്‍ട്ടില്‍ - ആരും പീഡിപ്പിച്ചിട്ടില്ല , മദ്യം..കന്ജാവ്.. മയക്കുമരുന്ന് – ഇതൊന്നും ഉപയോഗിച്ചിട്ടുമില്ല,ആത്മഹത്യാ ശ്രമവും നടന്നിട്ടില്ല. മരണ കാരണം പറയുന്നത് – ‘accidental drowning’ എന്നാണ്. മറ്റൊരു ദുരൂഹത എന്താണെന്ന് വച്ചാല്‍, ആ ലിഫ്റ്റിലെ വീഡിയോ ഒഴികെ വേറൊരു ക്യാമറയിലും ഓള് പതിഞ്ഞിട്ടില്ല എന്ന് പറയുമ്പോഴാണ്.
ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍, അതല്ല എങ്കില്‍ അക്സെസ്സ് കോഡ് അറിയുന്ന മറ്റാരോ..എലിസയെ പീഡിപ്പിച്ചു കൊന്ന് ടാങ്കില്‍ ഇട്ടു. എന്നിട്ട് വല്ല കുലുക്കി സര്‍ബത്തോ മറ്റോ വാങ്ങി നല്‍കി ഓടോപ്സി റിപ്പോര്‍ട്ട് തിരുത്തിയതാകാം എന്നാന്നു നല്ലൊരു ശതമാനം ആള്‍ക്കാരും വിശ്വസിക്കുന്നത്. പക്ഷെ അപ്പോഴും ഒരുപാട് ചോദ്യങ്ങള്‍ ബാക്കി. എലിസ മരിച്ചു കഴിഞ്ഞിട്ടും, മാസങ്ങളോളം ഓള്‍ടെ ബ്ലോഗില്‍ പോസ്റ്റുകള്‍ വന്നു കൊണ്ടിരുന്നു. പോസ്റ്റുകള്‍ ക്യു ഓപ്ഷനില്‍ ഇട്ടിരിക്കുന്നത് കൊണ്ടാക്കാം അങ്ങനെ സംഭവിച്ചത്. പക്ഷെ പോസ്റ്റുകള്‍ ഇടാനായി എലിസ ഉപയോഗിച്ചിരുന്ന ഫോണ്‍ ഓള്‍ടെ മരണശേഷം കാനതെയായിട്ടു, നാളിതുവരെ അത് കണ്ടെത്തിയിട്ടില്ല. ഇതുപോലൊരു സിനിമയുണ്ട്. – ഡാര്‍ക്ക് വാട്ടര്‍. ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ് ആ സിനിമയും..പക്ഷെ അത് ഇറങ്ങിയത് എല്‍സ മരിക്കുന്നതിനും എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.!
അപ്പൊ ചുരുക്കി പറഞ്ഞാല്‍..കാര്യങ്ങള്‍ ഇപ്പോഴും ആ പഴയ അവസ്ഥയില്‍ തന്നെ.!! ഏതു?
“ഡോ പോലീസേ, ശരിക്കും എലിസ എങ്ങനാ മരിച്ചത്?”
- ആവോ..തമ്പുരാനറിയാം !!