ചരിത്രമുറങ്ങുന്ന ഇറാനിലെ മെയ്‌മാൻഡ് ഗുഹകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഗുഹകളില്‍ കഴിഞ്ഞിരുന്ന ആയിരകണക്കിന് ജനങ്ങളാണ് 2017 ല്‍ വെറും നൂറ്റിയമ്പതായി കുറഞ്ഞത്. ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഗ്രാമവാസികള്‍ ഗ്രാമം ഉപേക്ഷിച്ചു. ഇറാന്റെ തനത് ജീവിത ശൈലി ഉണ്ടായിരുന്ന ഇത്തരം ഗ്രാമങ്ങള്‍ പുനഃസൃഷ്ടിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിനോദ സഞ്ചാര വകുപ്പും പുരാവസ്തു ഗവേഷകരും.
ഇറാനിലെ പൗരാണിക ഗ്രാമങ്ങളില്‍ ഒന്നാണ് മെയ്‌മാൻഡ്. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും 900 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മെയ്‌മാൻഡ്. ഇന്ന് ചിന്നിച്ചിതറി കിടക്കുന്ന ഒരു ഗ്രാമവും അവിടുത്തെ അവസാന തലമുറയില്‍ ഉള്ളവരുടെ ജീവിതവുമാണ് കാണാന്‍ സാധിക്കുന്നത്. ഗുഹയിലെ കൊത്തുപണികള്‍ക്ക് ഏകദേശം രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമാണ് പുരാവസ്തു വകുപ്പ് അധികൃതര്‍ കണക്കാക്കുന്നത്. ഏകദേശം രണ്ടായിരം വര്‍ഷം മുമ്പാണ് തുടര്‍ച്ചയായി ജനങ്ങള്‍ ഇവിടെ താമസം തുടങ്ങുന്നത്. ഇപ്പോഴും ഇറാന്റെ പൗരാണിക ഗ്രാമങ്ങളില്‍ ഒന്നാണ് ഈ ഗുഹവാസികള്‍.
ഇറാനിലെ വരണ്ടുണങ്ങിയ കുന്നുകളുടെ താഴ്‌വരയിലാണ് ഗുഹകള്‍ ഉള്ളത്. ഓരോ കാലത്തിന് അനുസരിച്ച് വ്യത്യസ്തമായ ജീവിത രീതികളാണ് ഈ ഗുഹവാസികള്‍ സ്വീകരിക്കുന്നത്. വേനല്‍കാലത്തിന് മുമ്പ് തന്നെ വീടുകൾക്ക് മുകളിൽ പുല്ല് നട്ട് അമിത ചൂടിനെ പ്രതിരോധിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ശക്തമായി വീശിയടിക്കുന്ന ചൂട് കാറ്റിനെ പ്രതിരോധിക്കുവാനും മലമടക്കിലെ ഗുഹകള്‍ക്ക് സാധിച്ചു.
400 ഗുഹകളാണ് മെയ്‌മാൻഡിൽ സ്ഥിതി ചെയ്യുന്നത്. ഇതില്‍ 90 എണ്ണം ഇപ്പോഴും കേടുപാടുകള്‍ ഇല്ലാതെ നിലനില്‍ക്കുന്നു. മറ്റുള്ളവ പഴക്കമുള്ളവയും ഭൂമിയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് കേടുപാടുകള്‍ പറ്റിയതും. ഇത്തരം ഗുഹകളില്‍ ഏഴ് മുറികളാണ് ഉള്ളത്. ഇരുപത് മീറ്റര്‍ ചുറ്റളവിലുള്ള വലിയ മുറികള്‍ ചില ഗുഹകളില്‍ കാണാനാവും. ആധുനിക ജീവിത രീതിയില്‍ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളോടുകൂടിയാണ് ഇപ്പോഴുള്ളവര്‍ ഗുഹകളില്‍ താമസിക്കുന്നത് - വൈദ്യുതികരിച്ച മുറികള്‍, ശീതികരണ ഉപകരണം, ടെലിവിഷന്‍ തുടങ്ങിയവ ഇവിടെ കാണാം. ഇവിടെ വെള്ളത്തിന്റെ ലഭ്യത കുറവാണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നുമാണ് ജലം ശേഖരിക്കുന്നത്. വായു സഞ്ചാരത്തിന് ചെറിയ ജനാലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആഹാരം പാകം ചെയ്യുമ്പോള്‍ കരിയും പുകപടലവും മുറികള്‍ക്കുള്ളില്‍ പടരാതിരിക്കാന്‍ ഒരു തരം കറുത്ത ഷീറ്റുകളാണ് ഇതിനുള്ളില്‍ ഉപയോഗിക്കുന്നത്.
പ്രാചീനകാലത്ത് നിലനിന്നു പോന്ന സംസ്ക്കാരമാണ് ഗ്രാമവാസികള്‍ ഇപ്പോഴും പിന്തുടരുന്നത്. മെയ്‌മാൻഡിലെ അവശിഷ്ടങ്ങള്‍ ബാക്കി വെയ്ക്കുന്നതും ഭൂതകാലത്തെ ഓര്‍മപ്പെടുത്തുന്ന കാഴ്ച്ചയാണ്. ഒരിക്കല്‍ ആരാധനാലയം ആയിരുന്നു ഇവിടുത്തെ ഗുഹകളില്‍ ചിലത്. ഇപ്പോള്‍ പുരാലസ്തുവകുപ്പിന്റെ ചെറിയ മ്യുസിയമായി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്.
ഏഴാം നൂറ്റാണ്ടിനു ശേഷം ഇസ്ലാം മതം ഗുഹാവാസികള്‍ പിന്തുടരാന്‍ തുടങ്ങി. വീടുകളിൽ ചിലത് പള്ളികളായി പുനഃക്രമീകരിച്ചിരിക്കുന്നു.
ഗുഹാവാസികള്‍ ദേശാന്തരഗമനം നടത്തുന്ന ആട്ടിടയന്മാരായിരുന്നു. കന്നുകാലികളെയും ചെമ്മരിയാടുകളെയും മേയ്ച്ചു നടക്കുകയായിരുന്നു പ്രധാന തൊഴിൽ. കന്നുകാലികളുടെ മാംസവും തുകലുമായിരുന്നു വരുമാന മാര്‍ഗം. ഇടവേളകളിൽ ഔഷധ സസ്യങ്ങളെയും ഗ്രാമവാസികള്‍ ശേഖരിക്കുന്നു. ദീര്‍ഘായുസിനായി ഈ ഔഷധങ്ങള്‍ മുതല്‍കൂട്ടാണെന്ന് അവര്‍ വിശ്വസിച്ചു വരുന്നു.
ഇറാന്റെ സംസ്‌ക്കാരത്തില്‍ നിന്ന്, അപൂർവമായ ഇവരുടെ ജീവിത രീതി ക്രമേണ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇന്ന് ഇറാന്റെ ചരിത്രമുറങ്ങുന്ന ഇത്തരം ഗുഹകളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ജീവിത രീതികളിലെ മാറ്റവും ഇവരെ ഗ്രാമത്തില്‍ നിന്നും നഗര പ്രദേശങ്ങളിലേക്ക് മാറുവാന്‍ പ്രേരിപ്പിക്കുന്നു.
പാരമ്പര്യം പരിപാലിച്ചു പോകുന്ന വിഭാഗമാണ് ഇന്നത്തെ ഗുഹാവാസികള്‍. വര്‍ഷങ്ങള്‍ കടന്നു പോകുന്തോറും ജനങ്ങള്‍ ഇവിടെ കുറഞ്ഞുവരുകയാണ്. പക്ഷെ, പാരമ്പര്യമായി കിട്ടിയ ജീവിത രീതി കൈവെടിയാതെയാണ് ഇവര്‍ മറ്റ് സ്ഥലങ്ങളില്‍ ഇപ്പോഴും താമസിക്കുന്നത്.
ഇറാനിയന്‍ തനതു ജീവിത രീതി പിന്തുടരാനുള്ള ബോധവത്കരണം സംസ്‌ക്കാരിക- പൈതൃക- വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍, ഇപ്പോൾ ഇവിടുത്തെ സർക്കാർ നടത്തുന്നുണ്ട്. ഇപ്പോള്‍ സന്ദര്‍ശകരെ ഗ്രാമവാസികള്‍ നിർലോഭം സ്വീകരിക്കുന്നു. അതിനാൽ അവരോടൊപ്പം താമസിക്കുവാനും ഗ്രാമവാസികളുടെ ജീവിതാനുഭവങ്ങള്‍ പഠിക്കുവാനും സന്ദര്‍ശകര്‍ക്ക് കഴിയും