മൂവാറ്റുപുഴ നഗരത്തിന്റെ സാമൂഹ്യ-വാണിജ്യ മേഖലകളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയ വിഭാഗമാണ് ഗൗഢ സാരസ്വത ബ്രാഹ്മണര്‍. ശ്രീമൂലം പ്രജാ സഭയില്‍ അംഗമായിരുന്ന ജെ. പദ്മനാഭ കമ്മത്തി, തിരു-കൊച്ചി നിയമസഭയില്‍ അംഗമായിരുന്ന കെ. മഞ്ജുനാഥ പ്രഭു എന്നിവര്‍ അക്കാലത്ത് അതാത് സഭകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. പൗരോഹിത്യവും വേദശാസ്ത്രങ്ങളും കൈകാര്യം ചെയ്തിരുന്ന ഒരു കുടിയേറ്റ സമൂഹത്തില്‍ നിന്നും ജനസാമാന്യവുമായി അടുത്തിടപഴകിയ ജനപ്രതിനിധികള്‍ ഉണ്ടായി എന്നത് ശ്രദ്ധിക്കപ്പെടേണ്ടത് തന്നെ.
തനയായ ഭാഷ, ആഹാര രീതി, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയെല്ലാം ഉണ്ടായിരുന്നിട്ടും ഇതര ഗൗഢ സാരസ്വത കേന്ദ്രീകൃത മേഖലകളിലെ പോലെ മൂവാറ്റുപുഴയിലെ ഗൗഢ സാരസ്വത ബ്രാഹ്മണര്‍ പൊതുവായ ഒരു ആരാധനാലയമോ ക്ഷേത്രമോ ഇവിടെ നിര്‍മ്മിച്ചില്ല. പട്ടണത്തിന്റെ പലയിടങ്ങളിലായി അവര്‍ വ്യാപിച്ചു. ഏതാണ്ട് സമാന സ്വഭാവമുള്ള തമിഴ്-ബ്രാഹ്മണരും ഇവിടെ അഗ്രഹാരങ്ങള്‍ക്ക് പകരം ഒറ്റ മഠങ്ങളിലാണല്ലോ താമസിച്ചു വന്നത്.
ഗൗഢ സാരസ്വത ബ്രാഹ്മണര്‍ക്ക് ഒരാമുഖം
***************************************************
മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങളില്‍ ഇക്കുറി എന്റെ കുറിപ്പ് മൂവാറ്റുപുഴയിലെ ഗൗഢ സാരസ്വത ബ്രാഹ്മണരെ കുറിച്ചാണ്. അതിലേയ്ക്ക് എത്തുന്നതിന് മുന്‍പായി ഇവരുടെ പൂര്‍വ്വചരിത്രം ചെറുതായി പറയുന്നത് തുടര്‍വായനയ്ക്ക് പ്രയോജനകരമാകും. അന്തര്‍ധാനം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന സരസ്വതി നദിയുടെ തടങ്ങളിലാണ് ഗൗഢ സാരസ്വതരുടെ പൂര്‍വ്വികര്‍ താമസിച്ചിരുന്നത്. കാലാന്തരത്തില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇവര്‍ കുടിയേറി. ഇന്നത്തെ ബീഹാറിന്റെ കിഴക്കുഭാഗത്തുള്ള ഗൗഢദേശത്ത് നൂറ്റാണ്ടുകളോളം ഒരു വിഭാഗം അധിവസിക്കുകയും, പില്‍ക്കാലത്ത് അവിടെ നിന്നും പലായനം ചെയ്ത് കൊങ്കണദേശത്ത് എത്തുകയും ചെയ്തു. ഒടുവില്‍ പതിമ്മൂന്നാം നൂറ്റാണ്ടിന്റെ അവസാനം സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്നും രക്ഷ തേടി ഗൗഢ സാരസ്വതര്‍ അവിടെ നിന്നും തെക്കോട്ട് പലായനം ചെയ്തു. ഇതര തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് ഇവര്‍ കുടിയേറി. ഒരു ചെറിയ വിഭാഗം കടല്‍ വഴി കൊച്ചി ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നു. 1560കളില്‍ പറങ്കികള്‍ ഗോവയില്‍ നടത്തിയ ആക്രമണത്തേയും വംശീയാക്ഷേപത്തേയും തുടര്‍ന്ന് കേരളത്തിന്റെ തീരപട്ടണങ്ങളില്‍ എത്തിയ ഗൗഢ സാരസ്വതര്‍ അവിടെ വാസമുറപ്പിച്ചു. കൊച്ചിരാജാവായ കേശവ രാമവര്‍മ്മ കച്ചവടമേഖലയില്‍ നിരവധി പ്രത്യേക അധികാരങ്ങളും പരിഗണനയും നല്‍കി ഇവരെ അവിടെ അധിവസിപ്പിക്കുകയും ചെയ്തു. 1654ല്‍ 360 ഗൗഢ സാരസ്വത കുടുംബങ്ങള്‍ കൊച്ചിയിലെത്തിയതായി തിരുമല ദേവസ്വം രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചയിലേയ്ക്ക് നേരിട്ടെത്തിയ ഒരു വിഭാഗത്തെ പോലെ തന്നെ അന്നത്തെ പ്രബല തുറമുഖമായിരുന്ന പുറക്കാട് എത്തിച്ചേര്‍ന്ന ഇവര്‍ അവിടെയും കച്ചവടത്തില്‍ മേല്‍ക്കൈ നേടി. കച്ചവടത്തിലുള്ള ഇക്കൂട്ടരുടെ വഴക്കം കണ്ട് അന്നത്തെ തെക്കുംകൂര്‍, ചെമ്പകശ്ശേരി രാജാക്കന്മാര്‍ സ്ഥലം കരമൊഴിവായും മറ്റും നല്‍കി ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുറക്കാട് തുറമുഖത്തെ കച്ചവടത്തിന്റെ ഇടത്തട്ടുകാരായി കൊങ്കണി വ്യാപാരികള്‍ ക്രമേണ പേരെടുത്തു. പക്ഷേ, പുറക്കാട് തുറമുഖത്തിലൂടെ കയറ്റുമതി ചെയ്യപ്പെട്ടിരുന്ന വിഭവങ്ങളുടെ സംഭരണകേന്ദ്രമായിരുന്ന തെക്കുംകൂറിലെ താഴത്തങ്ങാടിയിലെ നാണ്യവിളവാണിജ്യം സ്തംഭിച്ച 1749 വരെയും ഗൗഢ സാരസ്വതര്‍ അങ്ങാടിയിലെ സജീവ സാന്നിധ്യമായിരുന്നു. തകര്‍ച്ചയുടെ ഈ ഘട്ടത്തിലാണ് കടല്‍ത്തീരങ്ങള്‍ വിട്ട് കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഗൗഢ സാരസ്വത ബ്രാഹ്മണര്‍ കുടിയേറുന്നത്. ഈ വിവരങ്ങളില്‍ മിക്കതും രാജീവ് പള്ളിക്കോണത്തിന്റെ ഗൗഢ സാരസ്വത സമൂഹം പഴയ കോട്ടയത്ത് എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. രാജീവിനോട് കടപ്പാട്.
ആദ്യത്തെ ഗൗഢ സാരസ്വത ബ്രാഹ്മണ കുടുംബം എത്തുന്നു
***********************************************************************
ഈ സംഭവങ്ങളെ തുടര്‍ന്നാവണം 1800കളോടെ ചേര്‍ത്തലയിലെ കടലോരപ്രദേശമായ ആലുങ്കല്‍ എന്ന സ്ഥലത്ത് നിന്നും വ്യാപാരസാധ്യതകള്‍ തേടി പുഴമാര്‍ഗം മൂവാറ്റുപുഴയില്‍ ജനാര്‍ദ്ദന കമ്മത്തി എത്തുന്നത് - നമ്മുടെ നഗരത്തില്‍ താമസമാക്കിയ ആദ്യത്തെ ഗൗഢ സാരസ്വത ബ്രാഹ്മണന്‍. അതുകൊണ്ട് തന്നെ ആലുങ്കല്‍ എന്നത് പിന്നീട് ഇവരുടെ കുടുംബപ്പേരായി മാറി. പിന്നീട് ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ വരെയായി നഗരത്തിലെ വിവിധയിടങ്ങളില്‍ വ്യാപിച്ച ഒരു വിഭാഗത്തിന്റെ തുടക്കക്കാരനായിരുന്നു ജനാര്‍ദ്ദന കമ്മത്തി. കിഴുക്കാവില്‍ തോട് മൂവാറ്റുപുഴയാറിനോട് ചേരുന്നയിടത്തെ വാലുമ്മേല്‍ എന്നറിയപ്പെട്ട തുരുത്തിലാണ് ജനാര്‍ദ്ദന കമ്മത്തി ഒരു ചെറിയ മാളിക വീട് പണിയുന്നത്.
ഇദ്ദേഹത്തിന്റെ മക്കളില്‍ അഞ്ചാമനായിരുന്ന ലക്ഷ്മണ കമ്മത്തിയാണ് മൂവാറ്റുപുഴയില്‍ കച്ചവടം ആരംഭിച്ചവരില്‍ പ്രധാനി. വെറ്റില, പലചരക്ക്, ആഭരണം, വസ്ത്രം തുടങ്ങിയവയുടെ വ്യാപാരത്തില്‍ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. കേവലം വ്യാപാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം ഒതുങ്ങിയതുമില്ല. അതിനുള്ള തെളിവാണ് വിനോദകാഹളം എന്ന പ്രസിദ്ധീകരണം. മൂവാറ്റുപുഴയുടെ സാംസ്ക്കാരീക നവോഥാനത്തിന് ഊര്‍ജ്ജമേകിയ വിജയതാരം, കാളിക, നീതിമാന്‍, നേതാജി, അമ്മാവന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ മുന്‍ഗാമിയായിരുന്നു വിനോദകാഹളം എന്ന പ്രസിദ്ധീകരണം. 1921ല്‍ കെ. ജി. ശങ്കരപ്പിള്ള എഡിറ്ററായി കേരള ദീപിക എന്നൊരു പത്രവും മൂവാറ്റുപുഴയില്‍ ഉണ്ടായിരുന്നുവെന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. പില്‍ക്കാലത്ത് വസ്ത്രവ്യാപാരം അനന്ത കമ്മത്തിയ്ക്കും പലചരക്ക് വ്യാപാരം ശ്രീനിവാസ കമ്മത്തിയ്ക്കും ആഭരണ വ്യാപാരം പദ്മനാഭ കമ്മത്തിയ്ക്കും കൈമാറി. 'ജനാര്‍ദ്ദന കമ്മത്തി-ശ്രീനിവാസ കമ്മത്തി - അരി പലചരക്ക് വ്യാപാരം' എന്ന പേരില്‍ നടത്തി വന്ന കച്ചവടം 1920കളില്‍ നമ്മുടെ നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു.
പിന്നീട് വന്ന തലമുറയിലെ കച്ചവടക്കാരായ ദാസ് ബ്രദേഴ്സ് എന്ന പേര് മൂവാറ്റുപുഴക്കാര്‍ക്ക് ആമുഖം ആവശ്യമില്ലാത്തതാണ്. രാമ ദാസ്, പുരുഷോത്തമ ദാസ്, ത്രിവിക്രമ ദാസ്, ദയാനന്ദ ദാസ് എന്നിവരാണ് ദാസ് ബ്രദേഴ്സ് എന്ന പേരില്‍ അറിയപ്പെട്ടത്. നഗരത്തില്‍ ആദ്യമായി എത്തിയ ജനാര്‍ദ്ദന കമ്മത്തിയുടെ കൊച്ചുമക്കളായ ഇവര്‍ ഇരുമ്പ് വ്യാപാരത്തിലാണ് പ്രശസ്തരാകുന്നതെങ്കിലും ഇംഗ്ളീഷ് മരുന്ന്, സ്റ്റേഷണറി തുടങ്ങിയവയുടെ വ്യാപാര രംഗത്ത് ഏര്‍പ്പെട്ട ശേഷമാണ് ഇവര്‍ ആ മേഖലയിലെത്തുന്നത്. കുടുംബത്തിലെ മറ്റൊരു ശാഖയില്‍ പെട്ട കൃഷ്ണ കമ്മത്തിയും കേശവ കമ്മത്തിയും തൊഴിലായി കാര്‍ഷികവൃത്തി തെരഞ്ഞെടുക്കുകയും പെരുമറ്റത്ത് ഭൂമി വാങ്ങി അവിടെ താമസമാക്കുകയും ചെയ്തു. ഋഷികേശ് കമ്മത്ത്, മുരളീധര കമ്മത്ത് എന്നിവര്‍ ഇവരുടെ പിന്‍ഗാമികളായി ഇതേ സ്ഥലത്ത് ഇന്ന് താമസിക്കുന്നു. കടാതി, കാവുങ്കര, പെരുമറ്റം, കക്കടാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവിടുത്തെ ഗൗഢ സാരസ്വത ബ്രാഹ്മണര്‍ താമസമാക്കിയത്.
ജെ. പദ്മനാഭ കമ്മത്തി, മെമ്പര്‍, ശ്രീമൂലം പ്രജാ സഭ
**************************************************************
സ്വദേശി പ്രസ്ഥാനത്തിന്റെ ആശയം ഉള്‍ക്കൊണ്ട് സ്വന്തമായി ഒരു സോപ്പ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് മാതൃകയായ ഒരാളും മൂവാറ്റുപുഴയിലെ ഗൗഢ സാരസ്വത ബ്രാഹ്മണരുടെ കൂട്ടത്തിലുണ്ട് - 1923ല്‍ ശ്രീമൂലം പ്രജാ സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജെ. പദ്മനാഭ കമ്മത്തി. സാമ്പത്തികമായി അവശതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനായി തന്റെ ഒരു വീട് വിട്ടു നല്‍കിയും, സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ശ്രീമൂലം പ്രജാ സഭയില്‍ ആവശ്യമുന്നയിച്ചും ഇദ്ദേഹം കാലത്തിന് മുന്‍പേ സഞ്ചരിച്ചു. ജനപ്രതിനിധിയായി മഞ്ജുനാഥ പ്രഭുവിനെ ഓര്‍ക്കുന്നവര്‍ ഇനി ഈ ഗാന്ധിയനെക്കൂടി നിശ്ചയമായും ഓര്‍ക്കണം. മൂവാറ്റുപുഴയില്‍ ആദ്യമായി സൈക്കിള്‍ എത്തിച്ചതും, ശീലക്കുട മൂവാറ്റുപുഴയ്ക്കാര്‍ക്ക് പരിചയപ്പെടുത്തിയതും ഇതേ പദ്മനഭ കമ്മത്തിയാണ്. ഇരുമ്പ് പട്ടയില്‍ കട്ടിയുള്ള റബ്ബര്‍ പതിച്ച്, കാറ്റടിക്കേണ്ടതില്ലാത്ത ടയറുകള്‍ ഉള്ള മോട്ടോര്‍ വാഹനം നഗരത്തിലെ നിരത്തുകളില്‍ ഇറക്കിയതും ഇദ്ദേഹം തന്നെ. ഓലക്കുടകള്‍ക്ക് പകരമായി സ്വന്തം പേര് ഒരു ബ്രാന്റെന്ന പോലെ കുടയില്‍ പതിപ്പിച്ചാണ് ഇദ്ദേഹം ശീലക്കുടകള്‍ വിപണനത്തിനായി എത്തിച്ചത്.
എം. മഞ്ജുനാഥ പ്രഭു, മെമ്പര്‍, തിരു-കൊച്ചി നിയമസഭ
*****************************************************************
പദ്മനാഭ കമ്മത്തിയുടെ അനന്തിരവനാണ് എം. മഞ്ജുനാഥ പ്രഭു. തിരു-കൊച്ചി അസംബ്ലിയിലേയ്ക്ക് മത്സരിച്ച് എം. എല്‍. എ. ആയി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പട്ടം താണു പിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒപ്പമായിരുന്നു. പതിമ്മൂന്ന് മാസം മാത്രമായിരുന്നു ആ നിയമ സഭയുടെ ആയുസ്സ്. പ്ലീഡര്‍ വക്കീല്‍ പരീക്ഷ പാസ്സായിരുന്ന മഞ്ജുനാഥ പ്രഭു ജനങ്ങളുമായി അടുത്തിടപഴകുകയും ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. നാട്ടിലെ പ്രഗത്ഭരായ വ്യവസായികളുടെ ഉപദേഷ്ടാവായും ടാക്സ് കണ്‍സല്‍ട്ടന്റായും പ്രവര്‍ത്തിച്ച മഞ്ജുനാഥ പ്രഭു കാവുങ്കരക്കാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. അന്‍പത്തിയെട്ടാമത്തെ വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതീകശരീരം ഒരു വിലാപയാത്രയായി നഗരം ചുറ്റിയത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവര്‍ ഇന്നും നമ്മോടൊപ്പം ഉണ്ട്. നഗരപുരാവൃത്തങ്ങളുടെ മുന്‍ ലക്കത്തില്‍ പരാമര്‍ശിക്കപ്പെട്ട പി. വി. സെയ്ത്മുഹമ്മദ് ഹാജിയുടെ (എവറസ്റ്റ്) ലൈലാന്റ് ലോറിയാണ് വിലാപയാത്രയ്ക്കായി ഉപയോഗപ്പെടുത്തിയത്. ആലുവാ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ജനാര്‍ദ്ദന കമ്മത്തിയുടെ പുത്രിയെയാണ് മഞ്ജുനാഥ പ്രഭു വിവാഹം ചെയ്തത്. അന്നത്തെ നാട്ടു പ്രമാണികളായിരുന്ന കെ. സി. പൈലി, ഇ. പി. പൗലോസ്, കെ. പി. പി. കൊച്ച്, രാജേശ്വരി നാരായണയ്യര്‍ തുടങ്ങിയവരോടൊപ്പം പഴയ ശ്രീമൂലം ക്ലബ്ബിലെ നേരമ്പോക്ക് ചീട്ടുകളി സംഘത്തില്‍ മഞ്ചുനാഥപ്രഭുവും സജീവമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ് വിജയശ്രീലാളിതനായി ദേവികുളത്ത് നിന്നും മഞ്ജുനാഥ പ്രഭുവിനെയും കൂട്ടി സൂഹൃത്തുക്കളും അനുയായികളും ചേര്‍ന്ന വാഹനവ്യൂഹം മൂവാറ്റുപുഴയിലെത്തിയതും ഒരു കാഴ്ചയായിരുന്നുവത്രെ.
പുരോഗമന ചിന്തകളും യുക്തിവാദവും മരുത്വാമല കപ്പും
*****************************************************************
ക്ഷേമാ ആയുര്‍വേദ ഫാര്‍മസി എന്ന പേര് 1950കളിലെ മൂവാറ്റുപുഴക്കാര്‍ മറക്കാനിടയില്ല. അതിന്റെ ഉടമസ്ഥനായിരുന്ന എസ്. സി. കമ്മത്ത് എന്ന ചന്ദ്രശേഖര കമ്മത്തിനേയും. അച്ഛന്റെ പാരമ്പര്യമായ ആയുര്‍വ്വേദ വൈദ്യം തൊഴിലായി സ്വീകരിച്ച് അങ്ങാടിയില്‍ ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണവും വില്‍പ്പനയും നടത്തി വന്ന എസ്. സി. കമ്മത്ത്, സ്വാതന്ത്ര്യ സമരകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. പുരോഗമന ചിന്താഗതിക്കാരില്‍ ഒരാളായിരുന്ന ഇദ്ദേഹം ആദ്യകാല യുക്തിവാദികളില്‍ ഒരാളുമായിരുന്നു. മൂവാറ്റുപുഴയിലെ ലൈബ്രറി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഓണററി ലൈബ്രേറിയനായും നഗരത്തില ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളുമായിരുന്നു ഇദ്ദേഹം. കേരളത്തിന്റെ വിവധ ഭാഗങ്ങളിലായി 60ഓളം ആയുര്‍വേദ മരുന്ന് കടകളില്‍ ഇദ്ദേഹത്തിന്റെ മരുന്നുകള്‍ വിപണനം ചെയ്തിരുന്നു. 1950കളുടെ അവസാനം മൂവാറ്റുപുഴയില്‍ അരങ്ങേറിയിട്ടുള്ള ഫുട്ബോള്‍ മാമാങ്കം ഓര്‍മ്മയിലുള്ളവര്‍ക്ക് മറക്കാനാവാത്ത പേരാണ് മൂവാറ്റുപുഴയിലെ ആദ്യത്തെ ഫുട്ബോള്‍ കപ്പായ മരുത്വാമല കപ്പ്. ക്ഷേമ ആയുര്‍വേദ ഫാര്‍മസിയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ച മരുത്വാമല സ്റ്റോഴ്സിന്റെ പേരില്‍ എസ്. സി. കമ്മത്ത് ഏര്‍പ്പെടുത്തിയ മരുത്വാമല കപ്പിനായി ടൗണ്‍ സ്ക്കൂളിന് പിന്നിലെ മാരിപ്പാടം എന്ന് വിളിക്കുന്ന കൊയ്ത്തൊഴിഞ്ഞ പാടത്ത് കളിക്കാര്‍ വാശിയോട പോരാടി. മുനിസിപ്പല്‍ സ്റ്റേഡിയം വരുന്നതിന് മുന്‍പ് മാരിപ്പാടമായിരുന്നല്ലോ നമ്മുടെ പ്രധാന കളിക്കളം. എസ്. സി. കമ്മത്തിന്റെ ഇളയ സഹോദരനായ കെ. വി. ജെ. കമ്മത്ത് ഐ. ഒ. സി. യില്‍ നിന്നും എല്‍. പി. ജി. വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ചു. ആയുര്‍വേദത്തിലും അലോപ്പതിയിലും ബിരുദമുള്ള, എസ്. സി. കമ്മത്തിന്റെ പുത്രനായ ഡോ. രവിയാണ് എന്നെ ഈ കുറിപ്പ് തയ്യാറാക്കുന്നതില്‍ ഏറെ സഹായിച്ചത്. അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയ പൂര്‍വ്വീകരുടെ ചരിത്രം അന്വേഷിച്ചറിയുക മാത്രമല്ല, വിട്ടുപോയ കണ്ണികളെ കണ്ടെത്തുക കൂടി ചെയ്തിട്ടുണ്ട് ഇദ്ദേഹം.
1956ല്‍ കേരളത്തില്‍ ആദ്യമായി രൂപം കൊണ്ട മൂവാറ്റുപുഴയിലെ വ്യാപാരി സംഘടനയുടെ പ്രഥമ സെക്രട്ടറിയായിരുന്നു മോഹന കമ്മത്ത്. ഇദ്ദേഹത്തിന്റെ സഹോദരന്മാര്‍ ബാങ്കിലും പോസ്റ്റല്‍ വകുപ്പിലും ഉദ്യോഗസ്ഥന്മാരായി - കച്ചവടം വിട്ട് ശമ്പളം പറ്റുന്ന ജോലി ചെയ്യുന്നവര്‍. നഗരത്തിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി സംഘടനയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന മറ്റൊരാള്‍ വി. എച്ച്. കമ്മത്താണ്. തലമുറ കൈമാറി വന്ന പലചരക്ക് വ്യാപാരം തുടരുകയായിരുന്നു ഇദ്ദേഹം. നൂറിലേറെ വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന നഗരത്തിലെ പലചരക്ക് വ്യാപാര സ്ഥാപനത്തിന്റെ അമരത്ത് ഇന്ന് ഇവരുട പിന്‍മുറക്കാരനായ മഹേഷ് കമ്മത്താണ്. ആയുര്‍വേദത്തില്‍ നളന്ദ ആയുര്‍വേദ ഫാര്‍മസി കൂടാതെ മലഞ്ചരക്ക്, കാലിത്തീറ്റ തുടങ്ങിയ മേഖലകളിലും ഗൗഢ സാരസ്വത ബ്രാഹ്മണരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. പെരുമറ്റത്ത് ഏക്കറുകളോളം ഭൂമി സ്വന്തമായി ഉണ്ടായിരുന്ന രാമചന്ദ്ര കമ്മത്ത് റെയില്‍വേ കോണ്‍ട്രാക്ടറായിരുന്നു. 60കളില്‍ സ്റ്റീല്‍ അലമാരകളും സ്റ്റീല്‍ മേശകളും നിര്‍മ്മിക്കുന്ന ആധുനീക ലെയ്ത്ത് (ഇന്ന് കനിവിലാസിന്റെ അലുമിനീയം ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം) മൂവാറ്റുപുഴയില്‍ സ്ഥാപിച്ച ഷേണായി ഇദ്ദേഹത്തിന്റെ ബന്ധുവാണ്. ചെന്നൈയിലെ സാംസണ്‍ ആന്റ് കമ്പനിയില്‍ എഞ്ചിനീയറായിരുന്നു ഷേണായി.
ആലുങ്കല്‍ എന്ന പേര് ഇന്നുമുണ്ട്
***************************************
പേരിനൊപ്പം തറവാട്ട് പേരായ ആലുങ്കല്‍ എന്ന പേര് തലമുറകള്‍ക്കിപ്പുറവും വ്യാപാരത്തോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നത് അങ്ങാടി മരുന്ന് കച്ചവടം ചെയ്യുന്ന ഡോ. പ്രസാദ് വി. കമ്മത്തിന്റെ കുടുംബക്കാരാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ ദിനേഷ് വി. കമ്മത്ത് വിദേശത്ത് ഡോക്ടറും മറ്റൊരു പുത്രന്‍ ഉമേഷ് വി. കമ്മത്ത് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്തി ഉന്നത സ്ഥാനത്ത് എത്തിയ വ്യക്തിയുമാണ്. തന്റെ പിതാവ് വി. വി. കമ്മത്തിനെപ്പോലെ തന്നെ പ്രസാദ് വി. കമ്മത്ത് നഗരത്തിലെ വ്യാപാര സംഘടനയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മറ്റൊരു ശാഖയിലെ ഗോവിന്ദ കമ്മത്തിന്റെ പിന്‍മുറക്കാര്‍ കക്കടാശ്ശേരിയിലാണ് താമസിച്ചു പോന്നത്. ബാലകൃഷ്ണ റാവു, സുബ്ബരായന്‍, രഘുനാഥ്, രാമചന്ദ്രന്‍, വെങ്കിടേശ്വരന്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ മക്കളാണ്. ഇവരില്‍ രഘുനാഥ്, സംസ്ഥാന വിദ്യുച്ഛക്തി വകുപ്പില്‍ സേവനമനുഷ്ഠിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്‍ ദിനേശ് ബാംഗ്ളൂരില്‍ സോഫ്റ്റവെയര്‍ രംഗത്ത് ജോലി ചെയ്തു വരുന്നു. കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നവമാധ്യമങ്ങളുടെ ചുമതലയുള്ള നാഷണല്‍ ടെക്നിക്കല്‍ കണ്‍വീനറുമാണ് ദിനേശ്.
ആലുങ്കല്‍ നിന്നെത്തിയ ജനാര്‍ദ്ദന കമ്മത്തിയുടെ പിന്‍മുറക്കാരായി ഇവിടെ വന്നവരും അല്ലാത്തവരുമായി ഇവിടെ പരാമര്‍ശിക്കപ്പെടാത്ത ധാരാളം പേര്‍ വേറെയുമുണ്ട്. റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന, ചേര്‍ത്തലക്കാരനായ ശ്രീനിവാസ നായിക്ക് ഇങ്ങനെ എത്തിയ ആളാണ്. വാഴപ്പിള്ളിയില്‍ ഇദ്ദേഹം സ്ഥിരതാമസമാക്കി. യുദ്ധത്തെ തുടര്‍ന്നുണ്ടായ ക്ഷാമകാലത്ത് അരി, മണ്ണെണ്ണ തുടങ്ങിയവയുടെ വിതരണത്തിന്റെ ചുമതലക്കാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മകള്‍ സുലോചനാ ഭായി മൂവാറ്റുപുഴ എന്‍. എസ്. എസ്. ഹൈസ്ക്കൂളിലെ കണക്ക് അദ്ധ്യാപികയായി പേരെടുത്തയാളാണ്. സര്‍ക്കാര്‍ ഉദ്യോഗവുമായി റവന്യൂ, പൊതു മരാമത്ത്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളില്‍ ജോലി ചെയ്ത മറ്റ് വ്യക്തികളും ഇവിടെ ഹൃസ്വകാലത്തേയ്ക്ക് എങ്കിലും താമസിച്ച് പോയിട്ടുണ്ട്. തലമുറകള്‍ കഴിയുമ്പോള്‍ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ സമൂഹത്തിലെ വ്യക്തികള്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരായി മാറുന്നത് കാണാം. കാലത്തിന് അനുസൃതമായ മാറ്റമായേ അതിനെ കാണേണ്ടതുള്ളൂ. കച്ചവടം വിട്ട് ജോലി സ്വീകരിച്ചവര്‍ ക്രമേണ മൂവാറ്റുപുഴ വിട്ട് മറ്റിടങ്ങളിലേയ്ക്ക് പോയി. ഇന്ന് ഏതാനും കുടുംബങ്ങള്‍ മാത്രമാണ് നമ്മുടെ നഗരത്തില്‍ അവശേഷിക്കുന്നത്.
ചില കൊങ്ങിണി വിഭവങ്ങള്‍
**********************************
ഗൗഢ സാരസ്വത ബ്രാഹ്മണരുടെ ഏതാനും തനത് ഭക്ഷണ വിഭവങ്ങളുടെ പേരുകള്‍ കൗതുകത്തിനായി ഒന്നു പരിചയപ്പെടുത്താം. അമ്പട്ട് (ഏത്തപ്പഴവും പരിപ്പും ചേര്‍ത്ത് ഉണ്ടാക്കുന്നത്), ഗഷി (തേങ്ങ വറുത്തരച്ച് ഉണ്ടാക്കുന്നത്), വല്‍ വല്‍ (ഓലന്റെ കൊങ്ങിണി പതിപ്പ്), ഹുമ്മാണ്‍ (ഉരുളക്കിഴങ്ങ്, പയര്‍, ചക്കക്കുരു തുടങ്ങിയവ ചേര്‍ത്ത് ഉണ്ടാക്കുന്ന കൊഴുപ്പില്ലാത്ത കറി), സന്തേണ്‍ (വലിയ ഇഡ്ഡലി), ഇട്ടു (പ്ലാവിലയില്‍ മാവ് ഒഴിച്ച് വേവിച്ചെടുക്കുന്ന ഒരു പലഹാരം) തുടങ്ങിയവ. ഇനിയുമേറെ വിഭവങ്ങള്‍ ഉണ്ട്. ഗൗഢ സാരസ്വതരായ എന്റെ സുഹൃത്തുക്കള്‍ക്ക് അതിവിടെ പങ്കു വയ്ക്കാവുന്നതാണ്.
പേരിനൊപ്പം കമ്മത്ത്, നായിക്ക്, ഭട്ട്, പൈ, പ്രഭു, ഷേണായി, ശര്‍മ്മ, മല്ലന്‍, മല്ല്യ, കിണി, കിളികര്‍, പടിയാര്‍ തുടങ്ങിയ വാക്കുകളെല്ലാം നാം കേട്ടിട്ടുണ്ട്. ചെയ്യുന്ന തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ഗൗഢ സാരസ്വത ബ്രാഹ്മണര്‍ക്ക് ഇത്തരം സര്‍ നെയിമുകള്‍ ഇനിയും ധാരാളം ഉണ്ടത്രെ, ഒരു പേജില്‍ ഒതുങ്ങാത്തിടത്തോളം. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു?
(സ്വന്തം അന്വേഷണപഠനങ്ങള്‍ ആധാരമാക്കി എഴുതിയ കുറിപ്പാണിത്. അക്കാലത്തെ പത്രവാര്‍ത്തകളോടും, കഴിഞ്ഞ തലമുറയില്‍ നിന്ന് കേട്ടറിഞ്ഞ് വിവരങ്ങള്‍ പറഞ്ഞുതന്നവരോടും കടപ്പാട് അറിയിക്കുന്നു. ചരിത്രാന്വേഷിയെന്ന നിലയില്‍ എനിക്ക് കിട്ടുന്ന വിവരങ്ങള്‍ ഇവിടെ പങ്കു വയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തെറ്റുകളോ, വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളോ ഉണ്ടെങ്കില്‍, ആയത് ബോധ്യപ്പെടുത്തിയാല്‍ തിരുത്തുന്നതിന് സന്തോഷമേയുള്ളൂ)