" അയാൾകെന്താണിത്ര പ്രത്യേകത ?? വെറുമൊരു സാധാരണ കളിക്കാരൻ മാത്രമല്ലേ അയാളൂം ?? " ഒരു സീനിയർ കോച്ച് ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ച് അന്നത്തെ ഈസ്റ്റ് ബംഗാൾ കോച്ച് സുഭാഷ് ഭൗമികിനോട് ചോദിച്ച ചോദ്യമാണിത്.ഭൗമികിന്റെ ഉത്തരം " 89 മിനിറ്റും 30 സെകണ്ടും അയാൾ ഗ്രൗണ്ടിൽ വെറും സാധാരണക്കാരൻ മാത്രമായിരിക്കും, പക്ഷേ ബാക്കിയുള്ള 30 സെകന്റിൽ അയാളിലെ അസാധാരണത്വം നിങൾക്ക് കാണാം. ആ 30 സെകണ്ട് മാത്രം മതി അയാൾക് വിജയഗോൾ നേടാൻ ". ഈ ഉത്തരം മാത്രം മതി ക്രിസ്റ്റ്യാനോ സെബസ്റ്റ്യാനോ ഡി ലിമ ജൂനിയർ എന്ന സാധരണക്കാരനായ ഫുട്ബോൾ താരത്തിന്റെ പ്രതിഭയും മഹത്വവും മനസിലാക്കാൻ.
വെറും ഒരു വർഷം മാത്രമാണ് അയാൾ ഇന്ത്യയിൽ ഫുട്ബോൾ കളിച്ചത്. എന്നിട്ടും അയാൾ ഇന്ത്യൻ ഫുട്ബോളിന് എങനെ മറക്കാൻ പറ്റത്തവനായി ?? ഒരുത്തരമേയുള്ളൂ, അയാൾ ഇന്ത്യക് നൽകിയത് മഹത്തായ ബ്രസീലിയൻ ഫുട്ബോളിന്റെ മനോഹാരിത മാത്രമായിരുന്നില്ല. സ്വന്തം ജീവൻ കൂടിയായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ രക്തസാക്ഷിയായിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ.
2003 ഡിസംബറിലാണ് അയാൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയൻ പ്രതിരോധനിര താരം ഡഗ്ലസ് ഡാ സില്വയാണ് ജൂനിയറിന് ഇന്ത്യയിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തത്. മുൻപ് കളിച്ചുകൊണ്ടിരുന്ന ബ്രസീലിയൻ ക്ലബായ അമെരിക ഫുട്ബോൾ ക്ലബിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ ഈസ്റ്റ് ബംഗാൾ ഓഫർ നൽകിയ 15 ലക്ഷം എന്ന തുക തന്നെ ധാരാളമായിരുന്നു ജൂനിയറിന്. മറിച്ചൊന്നു ചിന്തിക്കുക കൂടി വേണ്ടിയിരുന്നില്ല. അതങനെയാണല്ലോ. 4000ത്തിലധികം രജിസ്റ്റ്രേർഡ് പ്രഫഷണൽ താരങൾ ഉള്ള സാവോ പോളോയിൽ നിന്ന് അന്നന്നത്തേക്കൂള്ളത് കിട്ടാൻ തന്നെ കഷ്ടപെടുന്ന കാലമായിരുന്നു അത്. അമ്മയും ഭാര്യ ജൂലിയാനയും ഉൾപെടുന്ന കുടുംബം, വീട്ടു വാടക എല്ലാം കൂടി നടത്തികൊണ്ടു പോകാൻ ഈ ഓഫർ കണ്ണുമടച്ച് സ്വീകരിക്കാൻ തന്നെ ജൂനിയർ തീരുമാനിച്ചു. അങനെ 2003ഇൽ ലോകത്തിലെ ഫുട്ബോൾ വിപണിയിലേക്ക് മറ്റൊരു ബ്രസീലിയൻ കയറ്റുമതിയായി ക്രിസ്റ്റ്യാനോ ജൂനിയർ ഇന്ത്യയിലെത്തി.
ക്രിസ്റ്റ്യാനോ വരുന്നതിന് മുൻപ് ആ വർഷത്തെ ദേശീയ ലീഗിലെ ഈസ്റ്റ് ബംഗാളിന്റെ തുടക്കം പരിതാപകരമായിരുന്നു. ആകെ കളിച്ച 3 കളികളിൽ 1 തോൽവി, രണ്ട് സമനില. ഈ നിലയിൽ നിൽകുന്ന ഒരു ടീമിലേക്ക് 26 ആം നമ്പർ ജേഴ്സിയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് നടന്ന് വരുന്നത് തങളുടെ രക്ഷകനാണെന്ന് ഈസ്റ്റ് ബംഗാൾ ഫാൻസ് അറിഞ്ഞിരുന്നില്ല. ആരും അങനെയൊരു താരോദയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ പിന്നീട് ദേശീയ ലീഗ് കണ്ടത് പുതിയൊരു സൂപ്പർ താരത്തെയാണ്. 18 മൽസരങളിൽ 15 ഗോളുകൾ, സഹതാരം ബൈച്ചുങ് ബൂട്ടിയയുമൊത്ത് ദേശീയ ലീഗിലെ ഏറ്റവും മികച്ച മുന്നേറ്റ ദ്വയം. ( ബൂട്ടിയ 12 ഗോളുകൾ നേടീ ), ആ വർഷത്തെ ദേശീയ ലീഗ് ഈസ്റ്റ് ബംഗാളിന്റെ ഷെൽഫിൽ എത്തിച്ചത് ക്രിസ്റ്റ്യാനോ ജൂനിയർ എന്ന ബ്രസീലിയൻ മാന്ത്രികന്റെ കാലുകളായിരുന്നു. വെറും 18 മൽസരങൾ കൊണ്ട് ഇന്ത്യയിലേ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി ക്രിസ്റ്റ്യാനോ ജൂനിയർ. തൊട്ടടുത്ത വർഷം ഗോവൻ വമ്പന്മാരായ ഡെമ്പോയിലേക്ക് കൂടുമാറിയത് ആ വർഷത്തേ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീസിൽ. 22 ലക്ഷം രൂപയ്ക്. ബ്രസീലിൽ ജനിച്ചു വളർന്ന ക്രിസ്റ്റ്യാനോയ്ക് കൊൽകത്തയേക്കാൾ ചേരുന്നത് ഗോവയായിരിക്കും എന്നതും കൂടി കണക്കിലെടുത്തായിരുന്നു ബംഗാൾ വിടാൻ ക്രിസ്റ്റ്യാനോ തീരുമാനിച്ചത്.
2004ലെ ഫെഡറേഷൻ ഫൈനൽ. ഡെമ്പോയ്ക് വേണ്ടിയുള്ള ക്രിസ്റ്റ്യാനോയുടെ ആദ്യ മേജർ ടൂർണമെന്റ് ഫൈനൽ. ബംഗലുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പന്തുരുണ്ട് തുടങിയപ്പോൾ ആരും കരുതിയിരുന്നില്ല ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് തങൾ സാക്ഷിയാകാൻ പോകുന്നതെന്ന്. മോഹൻ ബഗാനും ഡെമ്പോയും തമ്മിലുള്ള വാശിയേറിയ പോരട്ടം, ഇന്ത്യയിലേ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം ഡെംമ്പോ ഗോവയുടെ വെളുത്ത 10ആം നമ്പർ കുപ്പായത്തിൽ നിറചിരിയോടെ. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളിലൂടെ ഡെമ്പോ മൽസരത്തിൽ ലീഡെടുത്തു. താൻ എന്ത് കൊണ്ട് ഏറ്റവും മൂല്യമുള്ള താരമായി എന്ന് വിളിച്ചറിയിക്കുന്ന ക്ലിനികൽ ഫിനിഷിംഗോടു കൂടിയ ഒന്നാംതരം ഗോൾ ബഗാൻ വലയിൽ തറഞ്ഞിറങുന്നത് നോക്കി നിൽകാനെ ബഗാൻ ഗോളി സുബ്രതോ പാലിന് സാധിച്ചുള്ളൂ. രണ്ടാം പകുതിയുടെ 78 ആം മിനുറ്റ്, ബഗാൻ ബോക്സിലേക്ക് കുതിച്ചു കയറുന്ന ക്രിസ്റ്റ്യാനോയെ ലക്ഷ്യമാക്കി ഇടതു വിംഗിൽ നിന്ന് ഡെമ്പോ താരം ലാസറുസ് ഫെർനാണ്ടസിന്റെ ഉഗ്രൻ ലോഫ്റ്റഡ് ലോംഗ് ക്രോസ്. അപകടം മണത്ത സുബ്രതോ, ക്രിസ്റ്റ്യാനോയെ തടയാനായി മുന്നോട്ടെക് കുതിച്ചു, പക്ഷേ ബോക്സിനു തൊട്ടു പുറത്ത് വെച്ച് ക്രിസ്റ്റ്യാനൊ പന്ത് തന്റെ വലം കാലു കൊണ്ട് ഒഴിഞ്ഞ പോസ്റ്റിലേക്ക് വഴി തിരിച്ചു വിട്ടു തന്റെ രണ്ടാം ഗോളും ഡെമ്പോയുടെ വിജയവും പോകറ്റിലാക്കിയെങ്കിലും അനിവാര്യമായിരുന്ന തന്റെ വിധിയെ തടയാൻ അയാൾക്ക് സാധിച്ചില്ല. തന്നെ തടയാൻ വന്ന സുബ്രതോയുമായി കൂട്ടിയിടച്ച ക്രിസ്റ്റ്യാനോ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. ഒരു ഗോളും ആഘോഷിച്ചില്ല. ഗോളുകൾ മാത്രം നേടിയ ആ താരത്തിന് വിധി പക്ഷേ നൽകിയത് ചുവപ്പ് കാർഡായിരുന്നു. ജീവന്റെ വിലയുള്ള ചുവപ്പ് കാർഡ്.
ഡെമ്പോ താരങൾ വിജയമാഘോഷികുമ്പോൾ കൂട്ടിയിടിയുടെ ആഘാതത്തിൽ ബോധം നഷ്ടപെട്ട് സൈഡ് ലൈനിൽ നിശ്ചലനായി കിടക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. സ്വാഭാവികമായ ഗോൾ ആഘോഷമായിരിക്കും എന്ന് കരുതി, പക്ഷേ അസ്വാഭാവികത മണത്ത സഹതാരങളായ റാന്റി മാർട്ടിൻസും കെ.സി പ്രകാശും ഓടി വന്ന് കൃത്രിമ ശ്വാസോച്ഛാസം നൽകി ജീവൻ പിടിച്ചു നിർത്താനും ബോധം തിരിച്ചെടുക്കാനും പരിശ്രമിക്കുന്നുണ്ടായിരുന്നു. കെ.സി മെഡികൽ സഹായത്തിനായി അലറി വിളിച്ചു. പക്ഷേ ഇന്ത്യൻ ഫുട്ബോൾ അധികാരികളുടെ ഇച്ഛാശക്തിയുടെയും സംഘടനാപാടവത്തിന്റെയും ഫലമായി ആവശ്യത്തിന് മെഡികൽ സ്റ്റാഫുകളോ ആംബുലൻസോ സജ്ജീകരിച്ചിട്ടില്ലായിരുന്നു. ഏറേ വൈകി ബാംഗ്ലൂർ ഹോസ്മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും വിലപ്പെട്ട ആ ജീവൻ നമുക്ക് നഷ്ടപെട്ടു കഴിഞ്ഞിരുന്നു. പിന്നീട് നടന്നത് വെറും ചടങുകൾ. മൽസരം 2-0 ത്തിന് ഡെമ്പോ സ്വന്തമാക്കിയെങ്കിലും ഡ്രസ്സിംഗ് റൂമിലും സ്റ്റേഡിയത്തിലും ഉയർന്നത് ഒരു ജീവൻ തിരിച്ചു കിട്ടാനുള്ള പ്രാർഥനയായിരുന്നു. പക്ഷേ എല്ലാ പ്രാർത്ഥനകളെയും വിഫലമാക്കി കൊണ്ട് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക അറിയിപ്പ് അവരെ തേടിയെത്തി. " CRISTIANO JUNIOR IS NO MORE ". ഡ്രസ്സിംഗ് റൂമിലിരുന്ന് പൊട്ടി കരയാനല്ലാതെ കോച്ച് അർമാണ്ടോ കൊളോസൊയ്കും സംഘത്തിനും മറ്റൊന്നിനും കഴിയുമായിരുന്നില്ല.
ഫുട്ബോളിനെ പ്രണയിച്ചവൻ, ഗോളുകളിൽ സന്തോഷം തിരഞ്ഞവൻ ഒടുവിൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു കറുത്ത അധ്യായമായി എരിഞ്ഞൊടുങി. ഒരുപക്ഷേ അല്പം നേരത്തെ അവശ്യ ചികിത്സ കിട്ടിയിരുന്നെങ്കിൽ നിലനിർത്താമായിരുന്ന ഒരു ജീവൻ, അധികൃതരുടെ അനാസ്ഥയുടെ അടയാളമായി ഇന്ത്യൻ ഫുട്ബോളിലെ രക്തസാക്ഷിയായി ഇന്നും മരിക്കാത്ത ഓർമയായി നിലകൊള്ളുന്നു.
"ക്രിസ്റ്റ്യാനോ സെബസ്റ്റ്യാനോ ഡി ലിമ ജൂനിയർ : ഇന്ത്യൻ ഫുട്ബോളിലെ ജ്വലിക്കുന്ന താരകം നീ... ഓർമകളിൽ നിനക്ക് മരണമില്ല.... "
( ക്രിസ്റ്റ്യാനോ ജൂനിയറിനോടൂള്ള ആദര സൂചകമായി ഡെമ്പോ ഗോവ തങളൂടെ 10ആം നമ്പർ ജേഴ്സി എന്നന്നേക്കുമായി പിൻവലിച്ചു )