കളഭ്രരെപ്പറ്റിയുള്ള പരാമർശങ്ങൾ പല ലിഖിതങ്ങളിലും കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അവരുടെ കൂട്ടത്തിൽ ഒരേയൊരു രാജാവിനെപ്പറ്റി മാത്രമേ നമുക്ക് എന്തെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞുള്ളു. ബുധദത്തൻ എന്ന ബൗദ്ധപണ്ഡിതൻ എഴുതിയിട്ടുള്ള അഭിദമ്മാവതാരം
എന്ന പാലി ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അച്ചുതവിക്കന്തൻ എന്ന കളഭ്രരാജാവിനെ പരാമർശിച്ചിട്ടുണ്ട്. ചോളരാജ്യത്തു കാവേരിപട്ടണത്തിൽ വാണിരുന്ന
അച്ചുതവിക്കന്തൻ എന്ന 'കളഭ്ര ' രാജാവിന്റെ കാലത്താണ് ഗ്രന്ഥം എഴുതപ്പെട്ടതെന്ന് അതിൽ പറഞ്ഞിരിക്കുന്നു. ബുധദത്തൻ തന്നെ എഴുതിയിട്ടുള്ള വിനയവിനിച്ചയം എന്ന ഗ്രന്ഥത്തിലും, ലോകം അടക്കിവാഴുന്ന അച്ചുതവിക്കന്തൻ എന്ന കളഭ്രരാജാവിന്റെ കാലത്താണ് ഈ കൃതി എഴുതിത്തുടങ്ങുകയും പൂർത്തിയാക്കുകയും ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. ചേര-ചോള-പാണ്ഡ്യന്മാരെ തടവുകാരായി പിടിച്ച രാജാവാണ്
അച്ചുതവിക്കന്തനെന്നും അതിൽ പറഞ്ഞിരിക്കുന്നു. കാവേരിപ്പട്ടണത്തിന്റെ ഐശ്വര്യസമൃതിയെക്കുറിച്ച് ഒരു വർണ്ണനയും ഈ കൃതിയിൽ ഉണ്ട്.
ബുധദത്തൻ ബുദ്ധഘോഷനെന്ന മഹാനായ ബൗദ്ധാചാര്യന്റെ സമകാലികനാണെന്നും അഭിദമ്മാവതാരത്തിൽനിന്നു മനസിലാക്കാം. ബുദ്ധഘോഷൻ സിലോണിലെ മഹാനാമൻ എന്ന രാജാവിന്റെ സമകാലികനാകയാൽ AD 5 ആം
നൂറ്റാണ്ടിന്റെ പ്രഥമാർധമാണ് അച്ചുതവിക്കന്തന്റെ കാലമെന്നു സിദ്ധിക്കുന്നു.
.
ബൗദ്ധസാഹിത്യത്തെ വളരെയധികം പരിപോഷിപ്പിച്ചിരുന്ന ഒരു രാജാവാണ് അച്ചുതവിക്കന്തൻ.
അച്ചുതവിക്കന്തന്റെ കാലത്ത് കാവേരിപപ്പട്ടണം ഐശ്വര്യസമൃദ്ധമായിരുന്നുവെന്നും മനസിലാക്കാം.
.
കളഭ്രരെപ്പറ്റി പല ലിഖിതങ്ങളിലുള്ള പരാമർശങ്ങൾ എല്ലാം തന്നെ കളഭ്രരെ പരാജയപ്പെടുത്തിയ രാജാക്കന്മാരുടെ ലിഖിതങ്ങളാണ്. പല്ലവരാജാക്കന്മാരായ സിംഹവിഷ്ണുവും ( സുമാർ AD 560-80) നരസിംഹവർമ്മനും (സുമാർ AD 630-668) ചാലൂക്യരാജാക്കന്മാരായ വിക്രമാദിത്യനും (AD 654-681) വിനയാദിത്യനും (AD 681-696) വിക്രമാദിത്യൻ രണ്ടാമനും (AD 733-745) പാണ്ട്യരാജാവായ കടുംകോനും (സുമാർ AD 590-620) കളഭ്രരെ തോൽപ്പിച്ചതായി പറയപ്പെടുന്നു. ഇവയിൽ പല ശാസനങ്ങളിലും കലിയുഗരാജാക്കന്മാർ(കലി അരശർ ) എന്നാണ് കളഭ്രരെ വിളിച്ചിരിക്കുന്നത്.
.
പാണ്ഡ്യരാജാവായ കടുംകോൻ കളഭ്രരെ തോൽപ്പിച്ചു പാണ്ഡ്യരാജ്യം വീണ്ടെടുത്തതായി പറയുന്നത് 'വേൾവിക്കുടിശാസന' ത്തിലാണ്.
വേൾവിക്കുടിശാസനത്തിലെ പരാമർശം ഇപ്രകാരം സംഗ്രഹിക്കാം "പാണ്ഡ്യാധിരാജനായിരുന്ന പൽയാനെ മുത്തുക്കുടമി പെരുവഴുതി പാണ്ഡ്യരാജ്യം ഭരിക്കുന്ന കാലത്ത് കോർക്കെ കീഴരായ നാർക്കൊറ്റന് വേൾവിക്കുടിഗ്രാമം പാരിദോഷികമായി നൽകി. നാർക്കൊറ്റൻ ഇത് ദീർഘകാലം അനുഭവിച്ചതിനുശേഷം, വളരെയധികം രാജാക്കന്മാരെ തോൽപ്പിച്ചോടിയ കളഭ്രർ എന്ന 'കലി അരശൻ ' പ്രത്യക്ഷപ്പെടുകയും, വേൾവിക്കുടിഗ്രാമത്തിന്റെ മറ്റുചിലരുടെ കൈകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. പിന്നീട് കാലക്രമത്തിൽ ദക്ഷിണ ദിക്കിന്റെ ഭരണാധികാരിയായ കടുംകോൻ എന്ന പാണ്ഡ്യാധിരാജൻ സൂര്യനെപ്പോലെ പ്രത്യക്ഷപ്പെട്ട്, രാജാക്കന്മാരെയും മുഖ്യന്മാരെയും നശിപ്പിച്ച് സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂമിയുടെമേലുള്ള അവകാശം തന്റെ വെൺകൊറ്റക്കുടയ്ക്ക് കീഴിൽ കൊണ്ടുവന്ന്, ധാർമ്മികമായ ഭരണം ഏർപ്പെടുത്തുകയുണ്ടായി". ഇതിൽ പരാമർശിക്കപ്പെട്ട വേൾവിക്കുടിഗ്രാമത്തിന്റെ ബ്രഹ്മദായം നിർത്തലാക്കിയത് കളഭ്രരോട് നമ്മുടെ ചരിത്രകാരന്മാർക്കുള്ള വിദ്വേഷകാരണം.
.
കളഭ്രരുടെ ഭരണകാലം AD അഞ്ചും ആറും ഏഴും നൂറ്റാണ്ടുകളിലായിരിക്കണമെന്ന് ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാർ അഭിപ്രായപ്പെടുന്നു.
അച്ചുതവിക്കന്തന്റെ കാലം AD അഞ്ചാം നൂറ്റാണ്ടാണെന്നു നാം കണ്ടുകഴിഞ്ഞു. കളഭ്രരെ തോൽപ്പിച്ചതായി അവകാശപ്പെടുന്ന രാജാക്കന്മാരുടെ കാലം AD ആറും ഏഴും നൂറ്റാണ്ടുകളാണ്. അതിനാൽ അഞ്ചും ആറും ഏഴും നൂറ്റാണ്ടുകളായിരുന്നു അവരുടെ ഭരണകാലമെന്നു ഊഹിക്കുന്നതിൽ തെറ്റില്ല.
.
കളഭ്രർ 'കൾവർ ' എന്ന കുലത്തിൽപ്പെട്ടവരാണെന്നു ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാർ അഭിപ്രായപ്പെടുന്നു. 'കൾവർ' , 'കളവർ' , 'കള്ളർ' എന്നെല്ലാം തമിഴിൽ പറയുന്നത് കന്നടയിൽ 'കളഭാർ ' എന്നും സംസ്കൃതത്തിൽ 'കളഭ്രർ ' എന്നും മാറിയതാകണം. തിരുപ്പതിക്ക് ചുറ്റുമുള്ള പ്രദേശത്തു അധിവസിച്ചിരുന്ന ജനങ്ങളാണ് 'കളവർ' , കൾവർ കോമൻപുള്ളി' എന്നെല്ലാം സംഘകൃതികളിൽ പരാമർശം കാണാം. ഈ കൾവർ എന്തോ കാരണവശാൽ കൂട്ടത്തോടെ ചോള-പാണ്ഡ്യ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. മധുര, തിരുനെൽവേലി ജില്ലയുടെ ഭാഗങ്ങൾ , രാമനാട് , പുതുക്കോട്ട എന്നിവടങ്ങളിൽ കള്ളർ എന്ന ജനവിഭാഗത്തെ എപ്പോഴും കാണാം.
.
ടി. എ. ഗോപിനാഥറാവു പ്രസിദ്ധീകരിച്ച ചേന്തലൈ ലിഖിതത്തിൽ നിന്നും കളഭ്രരെപ്പറ്റി ചില വിവരങ്ങൾ ലഭിക്കുന്നതാണ്. തിരുച്ചിറപ്പള്ളിക്കടുത്തു ചേന്തലൈ എന്ന ഗ്രാമത്തിലുള്ള ശിവക്ഷേത്രത്തിൽ മണ്ഡപത്തിനുപയോഗിച്ചിട്ടുള്ള ഒരു തൂണിന്മേൽ ഒരു ലിഖിതമുണ്ട്. ഗോപിനാഥറാവുവിന്റെ അഭിപ്രായത്തിൽ ഈ തൂണ് മറ്റേതോ ക്ഷേത്രത്തിൽനിന്ന് കൊണ്ടുവന്നതാവണം. 'പെരുംപിടകുമുത്തരയ 'ന്മാരുടെ ഒരു വംശാവലിയാണ് ഈ ലിഖിതം അതിൽ അവസാനത്തെ മുത്തരയനായ സുവറൻമാറനെ 'കൾവരകൾവൻ ' , 'കളഭരകാവലൻ' , 'കൾവകൾവൻ ' എന്നിങ്ങനെ മൂന്നു വിധത്തിൽ വിശേഷിപ്പിച്ചിരുന്നു. കളഭ്രരുടെ നേതാവ് എന്നാണ് ഈ വിശേഷങ്ങളുടെ അർത്ഥം. കളഭ്രരുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശമോ അതിന്റെ സമീപപ്രദേശമോ എന്ന് ഇത് സൂചിപ്പിക്കുന്നു.
.
പല്ലവരാജാവായ സിംഹവിഷ്ണു തന്റെ രാജ്യം വികസിപ്പിക്കാൻ കാവേരിയുടെ തീരങ്ങളിലേക്ക് നീങ്ങിപ്പോയാണ് കളഭ്രരെ തോൽപ്പിച്ചത്. കളഭ്രരുടെ കേന്ദ്രം ചോളരാജ്യമായിരുന്നെന്നു ഇതിൽ നിന്നും സിദ്ധിക്കുന്നു. അവർക്ക് പാണ്ഡ്യരാജ്യത്തിന്റെ മേലും കടുംകോന്റെ കാലം വരെ അധികാരം ഉണ്ടായിരുന്നെന്ന് ഈ വസ്തുതകൾ തെളിയിക്കുന്നു.
.
കളഭ്രർ എന്നെങ്കിലും കേരളം അടക്കിവാണിരുന്നുവോ എന്ന് നിശ്ചയമില്ല. 'അധിരാജാക്കന്മാരെ ' തോൽപ്പിച്ചു എന്ന് വേൾവിക്കുടി പട്ടയത്തിൽ പറയുമ്പോൾ കേരളരാജാവും ഉൾപ്പെട്ടിരിക്കാമെന്ന ഊഹവും , 'വിനയവിനയച്ച' ത്തിൽ ചോളപാണ്ഡ്യചേരന്മാരെ അച്ചുതവിക്കന്തൻ തടവുകാരായി പിടിച്ചിരുന്നു എന്ന് പറയുന്ന തെളിവും മാത്രമാണ് കളഭ്രരെ കേരളവുമായി ബന്ധിക്കുന്ന വസ്തുത. കളഭ്രരുമായി നടന്ന ഒരു യുദ്ധത്തിൽ കേരളരാജാവ് പരാജയപ്പെട്ടിരിക്കാം. പക്ഷേ, കേരളത്തിന്റെ പരമാധികാരം നഷ്ടപ്പെട്ടിരിക്കണമെന്നില്ല. എത്രയോ യുദ്ധങ്ങളിൽ രാജാക്കന്മാർ പരാജയപ്പെടുകയോ ബന്ധനസ്ഥരാവുകയോ മൃതരാവുകയോ ചെയ്തിട്ടും രാജ്യത്തിന്റെ സ്വാതന്ത്രം നിലനിൽക്കുന്നതായി കാണുന്നു. ജയിച്ച രാജാവിന് 'തിറ' നൽകേണ്ടിവരുന്നു എന്നതാണ് സ്വാഭാവികമായ parinam. അതിനാൽ , കേരളം വളരെക്കാലം കളഭ്രാധിപത്യത്തിൽ കഴിഞ്ഞതായി കരുതാവുന്നതല്ല. AD നാലു മുതൽ ആറുവരെ നൂറ്റാണ്ടുകളിലെ കേരളചരിത്രം 'കളഭ്രകാലം ' എന്നുപറഞ്ഞ് എഴുതിത്തള്ളുന്നത് ശരിയായിരിക്കില്ല...