A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഓരേ ഒരു തിയ്യ രാജവംശം



മൂത്തേടത്ത് അരമനയിൽ പ്രവേശിച്ച ക്വട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റ കുഞ്ഞിക്കേളപ്പൻ മന്ദനാർക്ക് പിന്നീടെന്ത് സംഭവിച്ചു? “ക്വട്ടേഷൻ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട മുത്തച്ഛനെ പിന്നീട് ഓരുടെ ബന്ധുക്കൾതന്നെ കൊല്ലുകയായിരുന്നു. കള്ളിനോടൊപ്പം നൽകിയ പോത്തിറച്ചിയിൽ നരിനാവ് ചേർത്ത് കൊടുത്താണ് ഓര് മുത്തച്ഛനെ കൊന്നത്!”, കുഞ്ഞിക്കേളപ്പൻ മന്ദനാരുടെ പ്രപൗത്രൻ പി.കെ. ജയരാജൻ ആ കഥ പറയുകയാണ്. ചരിത്രത്താളുകളിൽ കാര്യമായ ഇടം നേടാതെ ഇരുട്ടിൽമറഞ്ഞ ഒരു രാജാവിനെക്കുറിച്ചുള്ള കഥയാണ്. കേരളം കണ്ട ഒരേയൊരു തിയ്യ രാജവംശത്തിന്റെ ചരിത്രം.
ആ രാജവംശത്തിലെ നാലാമത്തെയും അവസാനത്തെയും രാജാവായിരുന്നു കുഞ്ഞിക്കേളപ്പൻ മന്ദനാർ. കോലത്തിരിയുടെ സാമന്തനായി എരുവേശ്ശി മുതൽ പൈതൽമല വരെയുള്ള അരമനക്കാട് ഭരിച്ച മന്ദനാർ പക്ഷേ ചരിത്ര പുസ്തകങ്ങളിൽ ഇല്ല! തെങ്ങു ചെത്തുകാരനായ ഒരു വളപട്ടണത്തുകാരൻ പിന്നീട് രാജാവായിത്തീർന്ന ത്രസിപ്പിക്കുന്ന ചരിത്രഗാഥയാണ് അത്. തെങ്ങുചെത്തുകാരൻ ഒരു രാജവംശം സ്ഥാപിച്ച ആ കഥയുടെ പൊരുളറിയാൻ നൂറ്റാണ്ടുകൾ പുറകോട്ടു നടക്കണം. പഴയൊരു പ്രണയകഥയുടെ പുറംതോടിളക്കണം. സ്മാർത്ത വിചാരത്തിന്റെ കാണാപ്പുറങ്ങളിലൂടെ സഞ്ചരിക്കുകയും വേണം.
പെരിഞ്ചല്ലൂർ ഗ്രാമത്തിൽ ഭ്രഷ്ട് കല്പിക്കപ്പെടുന്ന അന്തർജനങ്ങൾക്കായി കോലത്തിരി ഒരുക്കിയ പുനരധിവാസ കേന്ദ്രമുണ്ടായിരുന്നു - എരുവേശ്ശിയിലെ മൂത്തേടത്ത് അരമന. പതിനാറാം നൂറ്റാണ്ടിന്റെ അവസാനംവരെ പെരിഞ്ചല്ലൂർ (തളിപ്പറമ്പ്) ഗ്രാമത്തിന്റെ തമ്പ്രാക്കൾ ആയിരുന്ന കുറുമാത്തൂർ മനയ്ക്കായിരുന്നു മൂത്തേടത്ത് അരമനയുടെ ഭരണച്ചുമതല. തെക്ക് കോരപ്പുഴ മുതൽ വടക്ക് മംഗലാപുരം ജില്ലയും കിഴക്ക് കുടകിലെ കാരിയാത്തുനാടും ഉൾപ്പെട്ടതായിരുന്നു കുറുമാത്തൂർ മനയുടെ അധികാരാതിർത്തി. അതിൽ ഉൾപ്പെട്ടതായിരുന്നു പഴയ പെരിഞ്ചല്ലൂർ ഗ്രാമം. ആയിരം വീതം യജുർ, ഋക്ക്, സാമവേദി കുടുംബങ്ങൾ ഉണ്ടായിരുന്ന കേരളത്തിലെ ഏറ്റവും വലിയ ബ്രാഹ്മണഗ്രാമമായിരുന്നു അത്.
സാക്ഷാൽ കോലത്തിരിയടക്കം പെരിഞ്ചല്ലൂരിലെ എല്ലാ നാടുവാഴികളേയും ‘അരിയിട്ടുവാഴി’ക്കാനുള്ള അധികാരം ഈ കുറുമാത്തൂർമനക്കാർക്കായിരുന്നു. തമ്പ്രാക്കൾ എന്നതിലുപരി 64 ഗ്രാമത്തിന്റെയും ക്രമസമാധാന ചുമതലയുള്ള ‘നായ്ക്കർ പദവി’ ആയിരുന്നു കുറുമാത്തൂരിന്റെ ശ്രേഷ്ഠത. എന്നാൽ 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കുറുമാത്തൂരിന്റെ തമ്പ്രാക്കൾക്ക് സ്ഥാനം നഷ്ടപ്പെട്ടു. അതിനൊരു കാരണവുമുണ്ടായിരുന്നു.
തിയ്യരുമായോ അതിലും മുന്തിയ സമുദായത്തിൽപ്പെട്ട പുരുഷന്മാരുമായോ ഉള്ള അവിഹിതബന്ധത്തിന്റെ പേരിൽ ഭ്രഷ്ടാക്കപ്പെടുന്ന അന്തർജനങ്ങളെ മാത്രമായിരുന്നു മൂത്തേടത്ത് അരമനയിൽ പുനരധിവസിപ്പിച്ചിരുന്നത്. തിയ്യരിലും താണജാതിക്കാരുമായുള്ള വേഴ്ചയെത്തുടർന്ന് ഭ്രഷ്ടാക്കപ്പെടുന്നവരെ താമസിപ്പിച്ചിരുന്നത് എരുവേശ്ശിയുടെ കിഴക്ക് പശ്ചിമഘട്ടത്തോട് ചേർന്നുകിടക്കുന്ന ‘കുടിയാമല’യിൽ ആയിരുന്നു. ‘കുടിയാട്ടികൾ’ എന്നറിയപ്പെട്ടിരുന്ന ഇവരുടെ സംരക്ഷണവും കുറുമാത്തൂരിനായിരുന്നു. അക്കാലത്തൊരിക്കൽ പറമ്പിൽ തെങ്ങ് ചെത്താൻ വന്ന ഒരു തിയ്യനുമായി ചിറയ്ക്കൽ കോവിലകത്തെ ഒരു തമ്പുരാട്ടിക്ക് അവിഹിതബന്ധം ഉണ്ടായി. തുടർന്ന് ഭ്രഷ്ടാക്കപ്പെട്ട തമ്പുരാട്ടിയെ മൂത്തേടത്ത് അരമനയിൽ താമസിപ്പിക്കണമെന്ന് ചിറയ്ക്കൽ തമ്പുരാന്റെ നിർദേശം വന്നു. എന്നാൽ ഇക്കാര്യം കുറുമാത്തൂർ മനയിലെ തിരുമേനിക്ക് സ്വീകാര്യമായില്ല. ചിറയ്ക്കൽ കോവിലകത്തെ തമ്പുരാട്ടി ക്ഷത്രിയജാതിയാണെന്നും പുനരധിവാസ കേന്ദ്രമായ മൂത്തേടത്ത് അരമന ഭ്രഷ്ടാക്കപ്പെടുന്ന അന്തർജനങ്ങൾക്കുമാത്രമുള്ളതാണെന്നും കുറുമാത്തൂർ വാദിച്ചു. ഗർഭിണിയായിരുന്ന ചിറയ്ക്കൽ തമ്പുരാട്ടിയുടെ പ്രസവം കഴിയും വരെയെങ്കിലും അരമനയിൽ കഴിയട്ടെ എന്ന് ചിറയ്ക്കൽ തമ്പുരാൻ നിർദേശിച്ചിട്ടും കുറുമാത്തൂർ വഴങ്ങിയില്ല. ക്ഷത്രിയരെ അരമനയിൽ കയറ്റില്ല എന്നുതന്നെ കുറുമാത്തൂർ കടുംപിടിത്തം പിടിച്ചു. കോപിഷ്ഠനായ ചിറയ്ക്കൽ തമ്പുരാൻ കുറുമാത്തൂരിന്റെ തമ്പ്രാക്കൾ സ്ഥാനം എടുത്തുകളഞ്ഞു. ഒപ്പം മൂത്തേടത്ത് അരമന, കുടിയാമല എന്നീ പുനരധിവാസ കേന്ദ്രങ്ങളുടെ ഭരണച്ചുമതലയും കുറുമാത്തൂരിൽനിന്ന് നീക്കി! ഭ്രഷ്ടാക്കപ്പെട്ട തമ്പുരാട്ടിയോ? അവളെ ആ ചെത്തുകാരനെക്കൊണ്ടുതന്നെ ചിറയ്ക്കൽ തമ്പുരാൻ വിവാഹം ചെയ്യിച്ചു. കുറുമാത്തൂരിൽനിന്ന് പിടിച്ചെടുത്ത മൂത്തേടത്ത് അരമനയും കുടിയാമലയും അതോട് ബന്ധപ്പെട്ട അനേകം ഏക്ര ഭൂമിയും ആ തമ്പുരാട്ടിക്ക് സ്ത്രീധനമായി നൽകി. മാത്രമല്ല, തിയ്യനായ മരുമകനെ ‘മന്ദനാർ’ എന്ന പേരിൽ ഒരു നാട്ടുരാജാവിന്റെ സ്ഥാനമാനങ്ങൾ നൽകി മൂത്തേടത്ത് അരമനയുടെ ഭരണാധിപനായി വാഴിക്കുകയും ചെയ്തു. അങ്ങനെ കേരളത്തിലെ ഒരേയൊരു തിയ്യ രാജവംശം പിറന്നു! ഒന്നാമത്തെ മന്ദനാർ വളപട്ടണംകാരൻ ആയിരുന്നു എന്നതൊഴിച്ചാൽ അയാളുടെ മാതാപിതാക്കളെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ ആർക്കും വലിയ അറിവില്ല. ചെത്ത് ഉപേക്ഷിച്ച് രാജാവായ ആ മന്ദനാരുടെ വളർച്ച പെട്ടെന്നായിരുന്നുവത്രെ. കുറഞ്ഞകാലം കൊണ്ട് മന്ദനാർ ചിറയ്ക്കൽ കോവിലകത്തെ വിശ്വസ്തനായി മൂത്തേടത്ത് അരമനയ്ക്ക് സ്വതന്ത്രപദവി നേടിയെടുത്തു. രണ്ടാം മന്ദനാരുടെ കാലമായപ്പോഴേക്കും ഇടവക്കുട്ടിക്കുലത്തിലെ 200 നായന്മാർ ഇവരെ യാത്രവേളകളിൽ അകമ്പടി സേവിച്ചിരുന്നതായി മലബാർ മാന്വലിൽ വില്യം ലോഗൻ പറയുന്നതിൽ നിന്ന് രാജാവിന്റെ പ്രതാപം നമുക്ക് ഊഹിക്കാം. മൂന്നാം മന്ദനാരായ വ്യക്തി മന്ദനാർ വംശജർക്ക് ചിറയ്ക്കൽ കോവിലകത്തെപോലെ ‘അഞ്ചുകൂർ വാഴ്ച’ ഏർപ്പെടുത്തി. അതോടെ മന്ദനാർക്ക് ‘അരമനയ്ക്കൽ വാഴുന്നോർ’ എന്ന സ്ഥാനപ്പേരും ലഭിച്ചു. മൂത്തേടത്ത് അരമന, ഇളയേടത്ത് അരമന, പുതിയേടത്ത് അരമന, മുണ്ടായ അരമന, കുരാരി അരമന എന്നിങ്ങനെ മന്ദനാർ കുടുംബക്കാർക്ക് താമസിക്കാൻ എരുവേശ്ശിപ്പുഴയ്ക്കക്കരെയിക്കരെയായി അഞ്ച് അരമനകൾ ഉണ്ടായി. പില്ക്കാലത്ത് ‘മന്ദനാർ കോട്ട’ എന്ന് അറിയപ്പെട്ട ഇത് ചിറയ്ക്കൽ കോവിലകം രേഖകളിൽ ‘മന്ദനാർപാടി’യാണ്. ചിറയ്ക്കൽ കോവിലകം വക ക്ഷേത്രങ്ങളുടെയും ദേവസ്വങ്ങളുടെയും എരുവേശ്ശിയിലെ മന്ദനാർപാടിയുടെയും മേൽനോട്ടം നിർവഹിച്ചിരുന്ന കോല സ്വരൂപത്തിലെ നാലാംകൂർ തമ്പുരാന്റെ ഭരണകാര്യാലയം ‘ആന്തൂർ തളി’ ക്ഷേത്രത്തിൽ ആയിരുന്നു. മൂന്നാം മന്ദനാരുടെ കാലത്താണെന്ന് പറയപ്പെടുന്നു, മൂത്തേടത്ത് അരമനയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആന്തൂർ തളിയിൽനിന്ന് എരുവേശ്ശിക്ക് മാറ്റുന്നത്. അതോടെ, ചിറയ്ക്കൽ കോവിലകത്തിന് മന്ദനാരുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലാതായി. പുനരധിവാസ കേന്ദ്രങ്ങൾ വെറും ഗണികാഗൃഹങ്ങളായി അധഃപതിച്ചു. അരമനയിലെ സ്ത്രീകളെത്തേടി രാത്രി കർണാടകത്തിൽനിന്ന് വണിക്കുകൾ എത്താൻ തുടങ്ങിയതോടെ എരുവേശ്ശിപ്പുഴയിൽ പൊന്തുന്ന അജ്ഞാത ജഡങ്ങളുടെ എണ്ണവും വർധിച്ചു.

1847-ൽ ആണ് അവസാനത്തെ മന്ദനാരായ കുഞ്ഞിക്കേളപ്പന്റെ ജനനം. 18-ാം വയസ്സിൽ കുഞ്ഞിക്കേളപ്പൻ മന്ദനാരായി അധികാരമേറ്റു. ചിറയ്ക്കൽ തമ്പുരാനെപ്പോലെ കുഞ്ഞിക്കേളപ്പൻ മന്ദനാരെയും ഭാര്യ ചീരുമന്ദത്തിയെയും നാട്ടുകാർ അരിയിട്ട് വാഴിക്കുകയായിരുന്നു. മൂത്തേടത്ത് അരമന അതിനകം ചിറയ്ക്കൽ കോവിലകത്തോളം സമ്പന്നമായിക്കഴിഞ്ഞിരുന്നു. അക്കാലത്ത് മന്ദനാരുടെ കമ്മട്ടത്തിൽ നിന്ന് പുത്തൻ നാണയം വരെ ഇറങ്ങി! ഒരു കോണിൽ ദ്വാരത്തോടുകൂടിയ ചതുര ഇരുമ്പ് നാണയങ്ങൾക്ക് പക്ഷേ, മന്ദനാരെപ്പോലെ ആയുസ്സ് കുറവായിരുന്നു എന്നുമാത്രം. ഏഴിമല മുതൽ പൈതൽമല വരെയുള്ള അമ്പതോളം ഏലമലക്കാടുകളുടെ അധിപനായി മന്ദനാർ വളർന്നു. ഏലം മദ്രാസിലെത്തിച്ച് സ്വർണം വാങ്ങലായിരുന്നു മന്ദനാരുടെ രീതി. മന്ദനാർ സ്വർണം വാങ്ങിയിരുന്ന പോർ ആൻഡ് സൺസ് എന്ന സ്വർണക്കട ഇപ്പോഴും മൗണ്ട് റോഡിൽ ഉണ്ട്.
എരുവേശ്ശിയിലെ പാടിക്കുറ്റി ക്ഷേത്രത്തിന് മന്ദനാർ രാജാവുമായി ബന്ധമുണ്ടായിരുന്നതായി നാട്ടിൽ പ്രചാരത്തിലുള്ള കഥകൾ പറയുന്നു. രാജാവായിരുന്നെങ്കിലും തിയ്യനായിരുന്നതിനാൽ മന്ദനാർക്ക് നാലമ്പലത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എങ്കിലും മന്ദനാർക്ക് ഇരിക്കാൻ ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. എന്നാല് കുഞ്ഞിക്കേളപ്പൻ മന്ദനാരെക്കുറിച്ച് ഇന്ന് പാടിക്കുറ്റി ക്ഷേത്രത്തിനടുത്ത് ചായക്കട നടത്തുന്ന സൂപ്പിക്കുട്ടി ഹാജിക്ക് അത്രനല്ല അഭിപ്രായമില്ല. സൂപ്പിക്കുട്ടി ഹാജിയുടെ കാരണവർക്ക് കുഞ്ഞിക്കേളപ്പൻ മന്ദനാരെ നേരിട്ട് പരിചയം ഉണ്ടായിരുന്നു. മൂത്തേടത്ത് അരമന, ഹാജിയാർ കണ്ടിട്ടുമുണ്ട്. ഹാജിയുടെ ബാല്യത്തിൽ ആളൊഴിഞ്ഞ അരമനയിൽ ഒളിച്ചുകളിച്ചതോർമയുണ്ട്. വവ്വാലുകൾ ചിറകടിച്ചു പറക്കുന്ന ഇരുളടഞ്ഞ അനേകം മുറികളോടുകൂടിയ നാലുകെട്ടും നടുമുറ്റവും പടിപ്പുരമാളികയും ഉണ്ടായിരുന്ന കൊട്ടാരസദൃശമായ പടുകൂറ്റൻ മൂന്നുനില മാളിക. മൂത്തേടത്ത് അരമനയും അനുബന്ധ കെട്ടിടങ്ങളും കുഞ്ഞിക്കേളപ്പൻ മന്ദനാരോട് പകയും വിദ്വേഷവുമുണ്ടായിരുന്ന നാട്ടുകാർ പില്ക്കാലത്ത് പൊളിച്ചുകളഞ്ഞു.
കുഞ്ഞിക്കേളപ്പൻ മന്ദനാരെക്കുറിച്ച് സൂപ്പിക്കുട്ടി ഹാജി പറഞ്ഞ അഭിപ്രായം തന്നെയാണ് എരുവേശ്ശി പഞ്ചായത്ത് മുൻ പ്രസിഡന്റ് പത്മനാഭൻ നമ്പ്യാർക്കും മുകുന്ദൻ മാസ്റ്റർക്കും. അരമനയിലെത്തുന്ന സ്ത്രീകൾക്കുപുറമെ, നാട്ടിലെ സുന്ദരിമാരായ എല്ലാ സ്ത്രീകളും മന്ദനാർക്ക് വഴങ്ങണം എന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നത് പ്രശ്നം ഗുരുതരമാക്കി. അതിനിടയ്ക്ക് എരുവേശ്ശിയിലെ സമ്പന്നമായ ഏതോ നായർവീട്ടിലെ ‘കുമ്പ’ എന്ന സുന്ദരിയോട് കുഞ്ഞിക്കേളപ്പൻ മന്ദനാർക്ക് കമ്പം തോന്നി. കുമ്പ വഴങ്ങിയില്ല. ഒരു രാത്രി മന്ദനാർ കുമ്പയുടെ അറയിലെത്തി. തന്റേടിയായ കുമ്പ അഹിതമൊന്നും പ്രകടിപ്പിച്ചില്ല. മന്ദനാരെ സ്വീകരിച്ച് കിടക്കയിലിരുത്തി. പക്ഷേ, കുളിക്കാനെന്നു പറഞ്ഞ് കുളത്തിലേക്കുപോയ കുമ്പ തിരിച്ചുവന്നില്ല. തോഴിയോടൊപ്പം അവൾ കാട്ടിലൂടെ ‘നെടിയങ്ങ’യിലേക്ക് രക്ഷപ്പെട്ടു. മന്ദനാരുടെ കിങ്കരന്മാർക്ക് കുമ്പയെ കണ്ടെത്താനും കഴിഞ്ഞില്ല.
‘കുമ്പ സംഭവം’ എരുവേശ്ശിയിലെ പ്രതാപികളായ ‘കരക്കാട്ടിടം’ നായനാരെയും എടക്ലവൻമാരെയും പ്രകോപിപ്പിച്ചു. നിയന്ത്രിച്ചില്ലെങ്കിൽ ഒരു പക്ഷേ, വരുംരാത്രികളിൽ മന്ദനാർ അന്തിയുറങ്ങുന്നത് അവരുടെ അന്തഃപുരങ്ങളിൽ ആകാമെന്ന തോന്നലും പ്രതികാരത്തിന് കാരണമായി. കുഞ്ഞിക്കേളപ്പൻ മന്ദനാരെ കൊന്ന് മൂത്തേടത്ത് അരമന കൊള്ളയടിക്കാൻ അവർ പദ്ധതിയിട്ടു. അതിനായി അക്കാലത്ത് മലപ്പുറം ഭാഗത്ത് പ്രവർത്തിച്ചിരുന്ന ക്വട്ടേഷൻ ടീമുകളായ ‘വെള്ളയന്മാരെ’ രഹസ്യമായി വരുത്തി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നല്ല മഴയുള്ള രാത്രിയിൽ വെള്ളയന്മാർ അരമന വളഞ്ഞു. അടുക്കളയിൽ ഒളിച്ച മന്ദനാരെ അവർ ആഞ്ഞുവെട്ടി. വെട്ട് തടുത്ത മന്ദനാരുടെ കൈപ്പത്തി മുറിഞ്ഞു. പിടിച്ചുനിൽക്കാൻ കഴിയില്ലന്നറിഞ്ഞ മന്ദനാർ അടുക്കളക്കിണർ എടുത്തുചാടി രക്ഷപ്പെട്ടു. വെട്ടേറ്റ മന്ദനാർ കിണറ്റിൽ വീണു മരിച്ചു എന്ന നിഗമനത്തിൽ വെള്ളയന്മാർ അരമനയിൽ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന വൻ സ്വർണശേഖരം കൊള്ളയടിച്ചു. മന്ദനാർ തടവിൽ പാർപ്പിച്ചിരുന്ന സ്ത്രീകളെ അവർ മോചിപ്പിച്ചു. വെട്ടേറ്റ കുഞ്ഞിക്കേളപ്പൻ മന്ദനാരെ പുതയേടത്ത് കുഞ്ഞുമിടുക്ക എന്ന ആളാണത്രെ ആ രാത്രി വളപട്ടണത്തേക്ക് രക്ഷപ്പെടാൻ സഹായിച്ചത്. മന്ദനാർ പിന്നെ എരുവേശ്ശിക്ക് മടങ്ങിവന്നില്ല. പിന്തുടർച്ചാവകാശികളായി മരുമക്കൾ ഇല്ലാതിരുന്ന കുഞ്ഞിക്കേളപ്പൻ മന്ദനാർ, തന്റെ സ്വത്ത് മുഴുവൻ (ഏകദേശം മുപ്പതിനായിരം ഹെക്ടർ ഭൂമി) ബ്രിട്ടീഷ് ഗവൺമെന്റിന് എഴുതിക്കൊടുത്തു. മന്ദനാരുടെ ആ പ്രവൃത്തി സ്വന്തം ബന്ധുക്കളെക്കൂടി ശത്രുക്കളാക്കി. മന്ദനാരുടെ ശത്രുവായിരുന്ന ഒരു നായനാർ ബന്ധുക്കളെ സ്വാധീനിച്ച് പോത്തിറച്ചിയിൽ നരിനാവ് ചേർത്ത് നൽകി മന്ദനാരെ കൊലപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്. 1902-ൽ മരിക്കുമ്പോൾ ചരിത്രത്തിലെ ഒരേയൊരു തിയ്യ രാജവംശത്തിലെ അവസാനത്തെ രാജാവായ കുഞ്ഞിക്കേളപ്പൻ മന്ദനാർക്ക് പ്രായം 55.
കുഞ്ഞിക്കേളപ്പൻ മന്ദനാരുടെ മരണശേഷം, ഭാര്യ ചീരുമന്ദത്തിയും മകൾ പാറുവും മകൻ കരുണാകരനും വളപട്ടണത്തിനടുത്ത പുഴാതിയിൽ ചീരുമന്ദത്തിയുടെ ‘പാലയ്ക്കൽ’ തറവാട്ടിൽ വളർന്നു. പാറുവിനെ വിവാഹം ചെയ്ത പൊന്നിയമ്പത്ത് കുഞ്ഞിക്കണാരൻ തലശ്ശേരിയിലെ ആദ്യത്തെ ‘അപ്പക്കുടത്തിന്റെ’(ഇന്നത്തെ മാമ്പിള്ളി ബേക്കറി) ഉടമയായിരുന്നു. അങ്ങനെ പാറുവിനോടൊപ്പം ചീരുമന്ദത്തിയും മകൻ കരുണാകരനും തലശ്ശേരിയിൽ എത്തി. പാറു-കുഞ്ഞിക്കണാരൻ ദമ്പതിമാർക്ക് ലക്ഷ്മി, പത്മനാഭൻ, മാധവൻ, ബാലൻ, സുനന്ദ എന്നിങ്ങനെ അഞ്ചുമക്കൾ. ലക്ഷ്മിയുടെ അഞ്ചുമക്കളിൽ സാവിത്രിയും (90), ജയരാജനും(68) മാത്രമേ മന്ദനാരുടെ പിൻഗാമികളായി ഇന്ന് ജീവിച്ചിരിപ്പുള്ളു. 1978- ൽ ജയരാജൻ തലശ്ശേരിക്കടുത്ത പാട്യത്തെ പൊന്നിയമ്പത്ത് തറവാട്ടിലെ കാരണവരായി. കുഞ്ഞിക്കേളപ്പൻ മന്ദനാരുടെ ഭാര്യ ചീരുമന്ദത്തിയുടെ കല്ലറ പൊന്നിയമ്പത്ത് തറവാട്ടുവളപ്പിൽ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു. കുഞ്ഞിക്കേളപ്പൻ മന്ദനാർ മരിച്ചതോടെ അനാഥരായ ‘കുടിയാമല’ പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികളുടെ നില കഷ്ടത്തിലായി. സങ്കരവർഗക്കാരായ ഇവർ പില്ക്കാലത്ത് ‘കുടിയാറ്റികൾ’ എന്ന ജാതിപ്പേരിൽ അറിയപ്പെട്ടു. മരിക്കുംമുമ്പ് കുഞ്ഞിക്കേളപ്പൻ മന്ദനാർ തന്റെ സ്വത്ത് മുഴുവൻ ബ്രിട്ടീഷ് സർക്കാറിലേക്ക് എഴുതിക്കൊടുത്തെന്ന് പറഞ്ഞല്ലോ. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ മന്ദനാരുടെ ഭൂമിയെല്ലാം പഴയ ഉടമയായ ചിറയ്ക്കൽ കോവിലകത്തേക്ക് തിരികെ ലഭിച്ചു. ഇതിനിടയ്ക്ക് ഏക്ര കണക്കിനു ഭൂമി 1943 മുതൽ ഇവിടെ കുടിയേറ്റക്കാരായെത്തിയവർ കൈവശപ്പെടുത്തിയിരുന്നു. മന്ദനാർ കോട്ടയും അരമന നിന്നിരുന്ന ഒരേക്രയോളം ഭൂമിയും ഇപ്പോൾ പാടിക്കുറ്റി ക്ഷേത്രം വകയാണ്. പറ്റേ തകർക്കപ്പെട്ട മന്ദനാർ കോട്ടയിൽ ഇന്ന് അവശേഷിക്കുന്നത് മന്ദനാർ വട്ടംചാടി രക്ഷപ്പെട്ട അടുക്കളക്കിണറും കളരിത്തറയുടെ ഒരു ഭാഗവുമാണ്. അരമന വളപ്പിൽ ചിതറിക്കിടക്കുന്ന വലിയ വെട്ടുകല്ലുകൾക്കിടയിൽ ചരിത്രം തീണ്ടാത്ത കുറേ റബ്ബർ തൈകൾ ഇന്ന് മുറ്റിത്തഴച്ച് വളരുന്നു
No automatic alt text available.