19ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കയിലെ ടെന്നിസയിൽ ഒരു പ്രമുഖ കർഷകകുടുംബം പ്രേതബാധ മൂലം തകർന്ന കഥ പ്രശസ്തമാണ്..
ഒരു ദിവസം കുടുംബനാഥനായ ജോൺ ബെൽ തന്റെ വയലിൽ വിചിത്രമായ ഒരു നായയെ കണ്ടു.. അയാൾ അതിനെ വെടിവച്ചിട്ട് എടുത്തുകൊണ്ടു വരാൻവേണ്ടി നോക്കിയപ്പോൾ അതിന്റെ പൊടി പോലും കാണാനില്ല..
മറ്റൊരു ദിവസം ജോൺ ബെൽ ഉം രണ്ടു പുത്രന്മാരും കൂടി നടക്കാനിറങ്ങിയപ്പോൾ ഒരു അപൂർവ പക്ഷിയെ കണ്ടു.അയാൾ അതിനെ വെടിവച്ചിട്ടു. എന്നാൽ മക്കൾ പക്ഷിയെ എടുക്കാനായി മുന്നോട്ടു കുതിച്ചപ്പോൾ അവിടെയതിനെ കണ്ടില്ല! കുറച്ചു ദിവസം കഴിഞ്ഞു ബെല്ലിന്റെ ഇളയ മകൾ ബെറ്റ്സി ആ പക്ഷി ഇരുന്നിരുന്ന മരത്തിനരികെ ചെറിയൊരു പെൺകുട്ടിയെ കണ്ടുവത്രെ! അവളോട് സംസാരിക്കാൻ ബെറ്റ്സി മുന്നോട്ട് നീങ്ങിയപ്പോൾ പെൺകുട്ടി അത്ഭുതകരമായി അപ്രത്യക്ഷമായി!
ഇവയ്ക്കുപുറമെ കുടുംബത്തിൽ മറ്റു ചില ദുരനുഭവങ്ങളും ഉണ്ടായി. ജനലുകളിൽ കരകരാ ശബ്ദ, വാതിലിൽ തുരുതുരാ മുട്ട്, നിലത്ത് പതിയെ നടക്കുന്ന ശബ്ദം, രണ്ട് നായ്ക്കളുടെ ഓരിയിടൽ എന്നിവ കുടുംബത്തെ അലോസരപ്പെടുത്തി.ഉറങ്ങുമ്പോൾ കുടുംബാംഗങ്ങളെ ചില അജ്ഞാതകരങ്ങൾ ഉപദ്രവിച്ചിരുന്നുവത്രെ.. വസ്ത്രം ശരീരത്തിൽ നിന്ന് നീക്കുക, കുട്ടികളുടെ മുടി പിടിച്ചു വലിക്കുക തുടങ്ങിയവ പതിവായിരുന്നു. ഏറ്റവും കൂടുതൽ പീഡനമനുഭവിച്ചത് ബെറ്റ്സിയായിരുന്നു.രാത്രിയിൽ അവൾ ഭയന്ന് നിലവിളിക്കുമായിരുന്നു. തന്നെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായി അവൾ പരാതിപ്പെട്ടു.ശരീരത്തിൽ സൂചി കുത്തിത്തറയ്ക്കുന്നത് പോലെ തോന്നുന്നതായി അവൾ പറഞ്ഞു. പലപ്പോഴും മോഹാലസ്യപ്പെട്ടു.
മന്ത്രവാദികളും ആത്മീയ പ്രവർത്തകരും ജോൺ ബെൽ ന്റെ വീട്ടിലേക്ക് ഇരച്ചു കയറി.പ്രേതത്തിന്റെ ഉദ്ദേശമെന്താണെന്ന് ആർക്കും പിടികിട്ടിയില്ല.എന്നാൽ ഏറ്റവും കൂടുതൽ പീഡനമനുഭവിക്കുന്നത് ബെറ്റ്സിയും അച്ഛൻ ജോൺ ബെല്ലുമാണെന്ന് അവർ മനസിലാക്കി.
പ്രേതം അതിന്റെ ഉപദ്രവം ജോൺ ബെല്ലിൽ കേന്ദ്രീകരിച്ചു.അയാളുടെ നാവ് വീർത്തു പുറത്തേയ്ക്കുന്തി. തിന്നാനോ സംസാരിക്കാനോ വയ്യാതായി. മുഖത്തിന്റെ രൂപം മാറി. ജോലി ചെയ്യാൻ വയ്യാതായ അയാൾ ശയ്യാവലംബിയായി ക്രമേണ മരണത്തോടടുത്തു..ഡോക്ടർ വന്നു പരിശോധിച്ചപ്പോൾ മരുന്നുകളുടെ കൂട്ടത്തിൽ അദേഹം ഒരു വെളുത്ത ദ്രാവകം കണ്ടു. ഇതെന്തിനാണെന്ന് അന്വേഷിച്ചപ്പോൾ മറുപടി പ്രേതത്തിന്റേതായിരുന്നു: " ഈ മരുന്ന് ഞാനുണ്ടാക്കിയതാണ്. രാത്രിയിൽ ഞാനിത് ബെല്ലിന് കൊടുക്കാറുണ്ട് ". ഈ മരുന്ന് ഒരു പൂച്ചയിൽ പരിശോധിച്ചപ്പോൾ അത് ചത്തു പോയി. അടുത്ത ദിവസം ബെല്ലും മരിച്ചു.
എന്നാൽ ഇതുകൊണ്ടൊന്നും പ്രേതം തൃപ്തിപ്പെട്ടില്ല. 16കാരിയായ ബെറ്റ്സി വിവാഹിതയാകാനിരിക്കുകയായിരുന്നു.എന്നാൽ ആ വിവാഹത്തിന് പ്രേതം സമ്മതിച്ചില്ല. അവസാനം അവൾ വേറെ വിവാഹം കഴിച്ചു. പക്ഷെ ,വരൻ പെട്ടെന്ന് മരിക്കുകയാണുണ്ടായത്. തുടർന്ന് ബെറ്റ്സി ജീവിതകാലം മുഴുവൻ വിധവയായിത്തുടർന്നു.1890 ൽ 86 മത്തെ വയസിൽ ബെറ്റ്സി മരിച്ചു.
ബെൽ കുടുംബത്തിന്റെ ദുരന്തം മനശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമായി. പ്രതിഭാസത്തിന്റെ അസ്തിത്വത്തിൽ എല്ലാരും വിശ്വസിച്ചെങ്കിലും അതിന്റെ കാരണം യുക്തിസഹമായി അപഗ്രഥിക്കാൻ ആർക്കും കഴിഞ്ഞില്ല. മകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ജോൺ ശ്രമിച്ചിരിക്കാമെന്നും അതിന്റെ ഫലമായുണ്ടായ കുറ്റബോധമാണ് അയാളുടെ ദുരന്തത്തിന് ഉത്തരവാദിയെന്നും മനശാസ്ത്രജ്ഞമാർ വിലയിരുത്തി. നിസ്സഹയായ ബെറ്റ്സി തന്റെ അച്ഛനോടുള്ള പക അതിവിദഗ്ധമായി രഹസ്യമായ വിധത്തിൽ തീർക്കുകയായിരുന്നുവെന്നും അവർ വിധിയെഴുതി. ബെറ്റ്സി തന്നെയായിരിക്കാം ഇതിലെ പ്രേതമെന്നും വെളുത്ത ദ്രാവകമെന്ന മരുന്ന് അവളുണ്ടാക്കിയതായിരിക്കാം എന്നുമായിരുന്നു ശാസ്ത്രജ്ഞമാരുടെ അനുമാനം.
ശാസ്ത്രജ്ഞമാരുടെ വിശദീകരണം ജിജ്ഞാസുക്കൾക്ക് തൃപ്തികരമായിരുന്നില്ല.
മനുഷ്യഹൃദയത്തിൽ അഗാധമായി കുടി കൊള്ളുന്ന ആഗ്രഹങ്ങളുടേയും ആശങ്കകളുടേയും സുപരിചിത രൂപമെന്ന നിലയിൽ പ്രേതങ്ങളെക്കുറിച്ചുള്ള വിശ്വാസം അകറ്റുക എളുപ്പമല്ല.....
ഈ സംഭവത്തെ ആസ്പദമാക്കി 2005 ൽ An American Haunting എന്ന ചിത്രം ഇറങ്ങിയിരുന്നു...