സൂയസ് കനാൽ എന്നത് മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ഒരു ജലഗതാഗതമാര്ഗം ആണ്. എന്താണ് ഈ കനാലിന്റെ പ്രാധാന്യം? ഈ കാനാലാണ് യൂറോപിനെയും ഏഷ്യയെയും കടൽ മാർഗം തമ്മിൽ ബന്ധിപ്പിച്ചിരുന്നത്. എന്താണ് ഈ കനാലിന്റെ ചരിത്രപ്രാധാന്യം? സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഈ കനാലിനു വേണ്ടി ഈജിപ്തിൽ അധിനിവേശം ചെയ്തു. പിന്നീട് ഇതേ ഈജിപ്തിൽ നിന്നും ഇറങ്ങിപോകേണ്ടി വന്നതോടെ ബ്രിട്ടന്റെ ലോകശക്തി എന്ന പദവി നഷ്ടപ്പെട്ടു.
ഇനി ചരിത്രത്തിലേക്ക് ഒന്ന് പോകാം.
ക്രിസ്തുവിനു മുൻപ് ഫറവോമാർ സീനായ് മരുഭൂമിയിലൂടെ ഒരു കനാൽ ഉണ്ടാക്കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കാലക്രമേണ ഈ കനാൽ മണൽക്കാറ്റും മറ്റും മൂലം മൂടിപ്പോയി.
പിന്നീട് ദാരിയസ് രാജാവ് കനാൽ പുനർനിർമിച്ചു ടോളമി രാജാവ് പൂർത്തിയാക്കി എന്നു കരുതപ്പെടുന്നു. ഈ കനാൽ ഈജിപ്ത് രാജ്യത്തിനുവേണ്ടി മാത്രമായിരുന്നു. ഈജിപ്തിന് അക്കാലത്തു ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ സൗത്ത് വരെ നിയന്ത്രണം ഉണ്ടായിരുന്നു. 7 ആം നൂറ്റാണ്ടു വരെ കനാൽ സജീവമായിരുന്നു.
വീണ്ടും കനാൽ പ്രകൃതിക്കു കീഴടങ്ങി മൂടപ്പെട്ടു. പിന്നെ നൂറ്റാണ്ടുകളോളം കനാലിനെക്കുറിച് ആരും പറയപ്പെട്ടില്ല. ഈ കാലയളവിൽ കച്ചവടത്തിനായി മരുഭൂമിവഴി ആണ് ആളുകൾ ഉപയോഗിച്ചിരുന്നത്. പക്ഷെ മരുഭൂമി അപകടം നിറഞ്ഞതായിരുന്നു, അറേബിയൻ കൊള്ളക്കാർ നിറഞ്ഞതായിരുന്നു മരുഭൂമി. അതോടെ മറ്റൊരു മാർഗത്തെക്കുറിച്ചു ചിന്തിക്കേണ്ടിവന്നു യൂറോപ്യൻ കച്ചവടക്കാർ.
അങ്ങനെയിരിക്കെ ആണ് പോർച്ചുഗീസ് നാവികന് വാസ്കോഡഗാമ ആഫ്രിക്ക മൊത്തം ചുറ്റി cape of goodhope വഴി 1498 ൽ ഇന്ത്യയിലെത്തിയത്. അതൊരു ചരിത്രസംഭവം ആയിരുന്നു. പുതിയൊരു കടൽപ്പാത തെളിയിക്കുകയായിരുന്നു ഗാമ. ഇതോടെ ഡച്ചുകാരും പോർചുഗീസുകാരും പിന്നീട് ബ്രിട്ടീഷുകാരും സൗത്ത് ഏഷ്യയിലേക്ക് വരാൻ തുടങ്ങി. എന്നാൽ ഈ വഴി വളരെ സമയമെടുക്കും എന്ന് മനസിലായി. ഏകദേശം 4 മാസമെടുക്കും ഇന്ത്യയിലെത്താൻ. മറ്റുമാർഗ്ഗങ്ങൾ കണ്ടെത്താൻ നാവികർ നിര്ബന്ധിതരായി.
18ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട് ഈജിപ്ത് കീഴടക്കി. അദ്ദേഹത്തിന്റെ എൻജിനിയർമാർ നടത്തിയ ഗവേഷണത്തിൽനിന്നും സീനായ് മരുഭൂമിയിൽ പണ്ടൊരു കനാൽ ഉണ്ടായിരുന്നെന്ന് മനസിലായി. എന്നാൽ കനാൽ പുനര്നിര്മിക്കുക അസാധ്യം എന്ന് കരുതി. വൈസ്രോയി മുഹമ്മദ് അലിയുടെ ഭരണത്തിൽ ഈജിപ്ത് വീണ്ടും ഒരു കനാലിനെകുറിച്ച ചിന്തിച്ചുതുടങ്ങി.
ഒരു ഫ്രഞ്ച് എഞ്ചിനീയർ ഫെർഡിനാൻഡ് മുഹമ്മദ് അലിയുടെ പിൻഗാമി മുഹമ്മദ് സയിദുമായി നല്ല സൗഹൃദത്തിലായിരുന്നു. ഈ എഞ്ചിനീയർ ആണ് ശെരിക്കും ഇപ്പോൾ കാണുന്ന സൂയസ് കനാലിനു പിന്നിൽ. ഫെർഡിനന്റിന്റെ പ്രേരണയിൽ സയീദ് സൂയസ് കനാൽ നിർമാണത്തിന് അനുമതി കൊടുത്തു. സൂയസ് കനാൽ കമ്പനി രൂപപ്പെട്ടു. ഈ കനാൽ എല്ലാ രാജ്യങ്ങൾക്കും ഉപയോഗിക്കാൻ എന്ന ധാരണയിലാണ് കമ്പനി രൂപീകൃതമായത്. കനാലിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ഈജിപ്തിനും. കമ്പനിയിൽ പത്തിലേറെ രാജ്യങ്ങൾ ഉണ്ടായിരുന്നു.
ബ്രിട്ടൺ ഇടപെടുന്നു
ഇവിടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കളി തുടങ്ങുന്നത്. ഈ കനാൽ ആണ് ഇന്ത്യയിലേക്കുള്ള ബ്രിട്ടന്റെ വഴി. ഈ വഴിയിൽ ഫ്രാൻസ് മേധാവിത്വം സ്ഥാപിക്കും എന്നവർ ഭയന്നു. അതോടെ അവർ കനാൽ നിർമാണം അട്ടിമറിക്കാൻ ആവതു ശ്രമിച്ചു. അവരുടെ സമ്മർദത്തിൽ യൂറോപ്യൻ ബാങ്കുകൾ കനാൽ നിർമാണത്തിന് ലോൺ കൊടുക്കാൻ വിസമ്മതിച്ചു.
എന്നാൽ ഫ്രഞ്ചുകാർ വെറുതെയിരുന്നില്ല. അവർ സൂയസ് കനാലിന്റെ പേരിൽ ഷെയർ വിറ്റഴിക്കാൻ തുടങ്ങി. ഈജിപ്ഷ്യൻ രാജാവ് സയീദും വാങ്ങി പകുതിയിലേറെ ഷെയർ. കനാല് നിർമാണം തുടങ്ങി,1859ൽ. ഭീകരമായിരുന്നു ആ നിർമാണം. തൊഴിൽപീഡനം. നിര്ബന്ധിതപട്ടാളസേവനം എന്നതുപോലെ നിർബന്ധിത തൊഴിൽ ആയിരുന്നു ഈജിപ്ഷ്യൻ ജനതക്ക് ഇത്. കനാൽ കുഴിക്കാൻ അങ്ങനെ പണിസാധനങ്ങൾ ഒന്നുമില്ലായിരുന്നു. വെറും കൈ കൊണ്ടുവരെ മണൽ വരേണ്ടിവന്നു. ആയിരക്കണക്കിനുപേർ ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചു. ഇതിനിടെ സായിദ് രാജാവ് മരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമി ഇസ്മായിൽ ആയിരുന്നു. അപ്പോഴേക്കും വര്ഷം 1863 ആയി.
ബ്രിട്ടീഷുകാർ അടങ്ങിയിരുന്നില്ല. അവർ ലോകത്തോട് പറഞ്ഞു ഇവിടെ അടിമകളെക്കൊണ്ട് പണിയെടുപ്പിക്കുന്നെന്ന്. അക്കാലത്തു അതൊരു വല്യ ഇഷ്യൂ ആണെന്നുപറയേണ്ടതില്ലല്ലോ. ഈ സമ്മർദത്തിൽ ഇസ്മായിൽ ഈജിപ്ഷ്യൻ പണിക്കാരെ തിരികെ വിളിക്കേണ്ടിവന്നു. അതോടെ കനാൽ കമ്പനി ഈജിപ്തിനോടു കനാൽ കുഴിക്കുന്ന മെഷീൻ വാങ്ങാൻ പണം ആവശ്യപ്പെട്ടു. ഇസ്മായിൽ രാജാവ് വീണ്ടും യൂറോപ്യൻ ബാങ്കുകളെ സമീപിച്ചു. ലോൺ കിട്ടി, മെഷീനുകൾ ധാരാളം വന്നു, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് കനാൽ നിർമാണം വേഗത്തിലായി. 1869 ൽ കനാൽ നിർമാണം പൂർത്തിയായി. എല്ലാ രാജ്യങ്ങൾക്കും തുറന്നുകൊടുത്തു. കനാലിനോടുചേർന്നു പുതിയ പട്ടണങ്ങളും വന്നു. കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി.
കനാൽ പൂർത്തിയായ ശേഷം ബ്രിട്ടീഷ് അധിനിവേശം
പക്ഷെ ഇതുകൊണ്ട് ഈജിപ്തിന് കാര്യമായി ഒരു ഗുണവും ഉണ്ടായില്ല. 5-6 വര്ഷം കഴിഞ്ഞപ്പോഴേക്കും അവർ ശെരിക്കും കടക്കെണിയിലായി. പിന്നീട് അവർക്ക് ഒരു മാർഗ്ഗമേയുണ്ടായിരുന്നുള്ളു. കനാലിന്റെ ഈജിപ്ഷ്യൻ ഷെയറുകൾ വിൽക്കുക. ബ്രിട്ടന്റെ മറ്റൊരിടപെടലിനു ഇത് വഴിതുറന്നു. നൊടിയിടയിൽ ബ്രിട്ടൺ ഈ ഷെയറുകൾ വാങ്ങി. അതോടെ കനാലിന്റെ സിംഹഭാഗവും ബ്രിട്ടന്റെ നിയന്ത്രണത്തിലായി.
ഈജിപ്ത് നിയന്ത്രിച്ചിരുന്ന ഓട്ടോമൻ തുർക്കുകൾ ജർമനിക്കൊപ്പം അണിനിരന്നതോടെ ഈജിപ്തിനെ സംരക്ഷിക്കാൻ എന്ന പേരിൽ ബ്രിട്ടൺ ഈജിപ്റ്റിനകത്തു കയറിത്തുടങ്ങി. സൂയസ് കനാൽ ആയിരുന്നു അവരുടെ ലക്ഷ്യം. ഇതോടെ ഈജിപ്തിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. നാഷണലിസ്റ് പാർട്ടി ബ്രിട്ടന്റെ അധിനിവേശത്തെ ചെറുത്തു. ബ്രിട്ടീഷ് പട്ടാളം ഈജിപ്തിലേക്ക് ഇരച്ചുകയറി. കലാപം അടിച്ചമർത്തപെട്ടു. അതോടെ ബ്രിട്ടീഷ് സാമ്രാജ്യം ഈജിപ്തിൽ പിടി മുറുക്കി.
1922ൽ ബ്രിട്ടൻ ഈജിപ്തിന് സ്വാതന്ത്ര്യം കൊടുത്തു. എന്നാലും അവർ പൂർണമായും ഒഴിഞ്ഞുപോയില്ല. ഇതിനിടെ ഈജിപ്ഷ്യൻ രാജാവ് മരിക്കുകയും വളരെ ചെറുപ്രായത്തിൽത്തന്നെ ഫാറൂക്ക് എന്ന മകന് രാജാവാകേണ്ടിവരുകയും ചെയ്തു. ഇതോടെ ബ്രിട്ടന്റെ കളിപ്പാവ പോലെയായി ഫാറൂക്ക് രാജാവ്.
പട്ടാള അട്ടിമറി
1950കളിൽ ഒരു പട്ടാള അട്ടിമറി ഉണ്ടായി. കമാൽ നാസർ ഭരണത്തിൽ വന്നു. ജനം നാസറിനൊപ്പമായിരുന്നു. അതോടെ ബ്രിട്ടന്റെ കാര്യം പരുങ്ങലിലായി. അവർക്ക് പിൻവാങ്ങേണ്ടിവന്നു. നാസറിന്റെ പ്രധാന വാഗ്ദാനം നൈൽ നദിയിൽ ഡാം കെട്ടി ഈജിപ്തിന്റെ സമൃദ്ധി വർധിപ്പിക്കുക എന്നതായിരുന്നു. എന്നാൽ യൂറോപ്യൻ ബാങ്കുകൾ അദ്ദേഹത്തിന് ലോൺ കൊടുത്തില്ല. മറ്റുവഴികൾ കാണാതായപ്പോൾ നാസർ സൂയസ് കനാലിലേക്ക് തിരിഞ്ഞു. കനാലിന്റെ നിയന്ത്രണം എടുത്തു.ലോകം വീണ്ടും സൂയസ് കനാലിന്റെ ഉറ്റുനോക്കി. നാസറിന്റെ ഈ നടപടി ബ്രിട്ടനേയും ഫ്രാൻസിനെയും ചൊടിപ്പിച്ചു. സാഹചര്യം മുതലാക്കാൻ ഇസ്രയേലും ബ്രിട്ടന്റെ ഒപ്പം കൂടി.
സൂയസ് ക്രൈസിസ്
ഈജിപ്തിൽ ബ്രിട്ടീഷ് സൈന്യമിറങ്ങി, ഒപ്പം ഫ്രഞ്ചുപടയും. ഇത് അമേരിക്കയെയും സോവിയറ്റ് യൂണിയനെയും ചൊടിപ്പിച്ചു. അവരുടെ അഭിപ്രായത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം അസ്തമിച്ചുകഴിഞ്ഞു. അതിനാൽ ബ്രിട്ടന്റെ അധിനിവേശം അനാവശ്യമാണെന്ന് അവർ പറഞ്ഞു UNനെ ധരിപ്പിച്ചു. UN സമ്മർദം ചെലുത്തി. ബ്രിട്ടൻ അവരുടെ ചരിത്രത്തിലെ വലിയ ഒരു നാണക്കേട് നേരിട്ടു. ബ്രിട്ടീഷ് സൈന്യത്തിന് ഈജിപ്തിൽ നിന്ന്നും പിൻവാങ്ങേണ്ടിവന്നു. ഇതോടെയാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ശരിക്കും അസ്തമിച്ചത് എന്ന് പറയാം.