അമേരിക്ക - ഉത്തര കൊറിയ സംഘർഷത്തിൽ ഒരിക്കൽ കൂടി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഗുവാം. കിം ജോങ് ന്റെ ഉത്തരവ് കിട്ടിയാൽ 17 മിനിറ്റിനുള്ളിൽ ഗുവാമിലെ അമേരിക്കൻ എയർ ഫോസ് ബേസ് തകർക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണിയിലൂടെയാണ് ഒരിക്കൽ കൂടി ഗുവാം എന്ന കൊച്ചു ദ്വീപ് വാർത്തകളിൽ ഇടം പിടിച്ച് നിൽക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയും ഗുവാമും തമ്മിൽ നടന്ന ഫുട്‌ബോൾ മത്സരത്തിലൂടെയായിരുന്നു ഈ കുഞ്ഞൻ ദ്വീപിനെ പലരും ആദ്യമായി കേൾക്കുന്നത്.
• യു. എസ്. എ യുടെ അധീനതയിലുള്ളതും യു എസ്സിനോട് ചേർക്കപ്പെട്ടതുമായ ഒരു സ്വയം ഭരണ പ്രദേശമാണ് പസഫിക് സമുദ്രത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഗുവാം ദ്വീപ്. ഏറ്റവും അടുത്ത മറ്റൊരു ദ്വീപായ നോർത്തേൺ മറിയാനാ ദ്വീപുകളിലിൽ നിന്ന് 300 കിലോ മീറ്റർ അകലത്തിലും അടുത്ത കാലത്ത് സ്വതന്ത്ര രാജ്യമായി മാറിയ പലാവു ദ്വീപിൽ നിന്ന് 1300 കിലോ മീറ്റർ അകലത്തിലുമാണ് ഗുവാമിന്റെ സ്ഥാനം. ടോക്കിയോ (ജപ്പാൻ) യിൽ നിന്നും ഫിലിപിൻസിലെ മനിലയിൽ നിന്നും ഏതാണ്ട് 2500 കി മീ ദൂരത്താണ് ഗുവാമിന്റെ സ്ഥാനം. അക്രമിക്കുമെന്ന് ഭീഷണി മുഴക്കുന്ന നോർത്ത് കൊറിയയിൽ നിന്ന് ഇവിടേയ്‌ക്ക് 3,400 കി മീ ദൂരവുമുണ്ട്.
• 45 കി മീ മാത്രം നീളവും ഏറ്റവും ഇടുങ്ങിയ ഭാഗത്ത് 6 കി മി മാത്രം വീതിയുമുള്ള കുഞ്ഞന്‍ ദ്വീപാണ് ഗുവാം. ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരിവിടെയുണ്ട്. ആന്‍ഡേഴ്സണ്‍ എയര്‍ഫോഴ്സ് ബേസും നേവല്‍ ബേസ് ഗുവാമുമായി അമേരിക്കയുടെ സൈനിക കേന്ദ്രമാണിത്.
• 4000 വർഷങ്ങൾക്ക് മുമ്പ് ചമോറാ വംശജരാണ് ഈ ഒഴിഞ്ഞ ദ്വീപിൽ ആദ്യമായി എത്തപ്പെട്ട ജനസമൂഹം. പോർച്ചുഗീസ് സഞ്ചാരിയായിരുന്ന ഫെർഡിനാന്റ് മഗല്ലൻ 1521 മാർച്ച് 6 ന്ന് ഈ ദ്വീപിൽ എത്തിച്ചേർന്നതോടെ യുറോപ്യൻ കോളനി ഭരത്തിന്ന് തുടക്കമായി. 1668 ൽ സ്പെയിനായിരുന്നു ഇവിടെ കോളനി സ്ഥാപിച്ചത്. 1898 വരെ സ്പെയിനിന്റെ നിയന്ത്രണത്തിലായിരുനു ഗുവാം.
• 1898-ല്‍ സ്പെയിനില്‍നിന്ന് അമേരിക്ക പിടിച്ചെടുത്തതാണ് ഗുവാമിനെ. അമേരിക്കന്‍ സൈന്യത്തിന് ഇന്ധനം നിറയ്‌ക്കാനുള്ള ഇടത്താവളമായാണ് ഇതിനെ ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് ഇന്റര്‍നാഷണല്‍ കമ്യൂണിക്കേഷന്‍ ശൃംഖലയുടെയും കേന്ദ്രമായി മാറി. അമേരിക്കന്‍ ട്രാന്‍സ്-പസഫിക് ടെലഗ്രാഫ് കേബിള്‍ ഗുവാമിലൂടെയാണ് കടന്നുപോയിരുന്നത്. പസഫിക്കിന് കുറുകെ പറക്കുന്ന വിമാനങ്ങള്‍ ഇന്ധനം നിറയ്‌ക്കുന്നതും ഇവിടെനിന്നുതന്നെ.
യുദ്ധങ്ങളിലും ഗുവാമിന് വളരെയേറെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗുവാമിനെ ജപ്പാന്‍ പിടച്ചെടുത്തു. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് തൊട്ടുപിന്നാലെയായിരുന്നു അത്. ജപ്പാൻ പിടിയിലായിരുന്ന സമയത്ത് ഗുവാം വാസികൾ പീഢിപ്പിക്കപ്പെട്ട ചരിത്രവുമുണ്ട്. എന്നാല്‍, 1944-ല്‍ അമേരിക്ക ഗുവാം തിരിച്ചുപിടിച്ചു. യുദ്ധകാലത്ത് ദുരിതം നേരിട്ട ഗുവാംകാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന ബില്‍ കഴിഞ്ഞവര്‍ഷമാണ് അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയത്.
• റഷ്യയുമായുള്ള ശീതയുദ്ധകാലത്തും ഗുവാം പ്രസക്തമായി. വിയറ്റ്നാം യുദ്ധകാലത്ത് പതിനായിരക്കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെയാണ് അമേരിക്ക ഇവിടെ പാര്‍പ്പിച്ചിരുന്നത്. ശീതയുദ്ധത്തിനുശേഷം ഇവിടുത്തെ സൈനികശേഷി അമേരിക്ക ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. എന്നാല്‍, ഏഷ്യയില്‍, ഉത്തരകൊറിയയുമായി സംഘര്‍ഷം തുടങ്ങിയതോടെ, ഗുവാം വീണ്ടും സൈനികകേന്ദ്രമായി മാറി. അമേരിക്കന്‍ ബോംബുകളുടെ കേന്ദ്രമാണ് ഗുവാം. ഉത്തരകൊറിയയെ മാത്രം ലക്ഷ്യമിട്ട് സ്ഥാപിച്ച മിസൈല്‍ പ്രതിരോധ യൂണിറ്റും ഇവിടുണ്ട്. സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കും മറ്റുമായാണ് ഗുവാമിനെ അമേരിക്ക പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും, യു.എസ്. സൈന്യത്തിന്റെ ആയുധശേഖരങ്ങളില്‍ വലിയൊരു ഭാഗം ഇവിടെയുണ്ട്.
• വിനോദസഞ്ചാര വ്യവസായമാണ് ഗുവാമിന്റെ വരുമാന സ്രോതസ്സ്. അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യവും ജപ്പാനിൽ നിന്നുള്ള ടൂറിസ്റ്റുകളുമാണ് ഗുവാമിന്റെ വരുമാന മാർഗ്ഗത്തിൽ വലിയ പങ്കു വഹിക്കുന്നത്. നെയ്ത് വ്യവസായവും കക്കയും മറ്റു സമുദ്രോൽപന്നങ്ങളും ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണവും മത്സ്യബന്ധനവുമാണ് ഗുവാം വാസികളുടെ മറ്റു വരുമാന സ്രോതസ്സുകൾ.