പോരായ്മകൾ വകവയ്ക്കാതെ ജീവിത പോരാട്ടം നടത്തി വിജയം വരിച്ച ദുബായിലെ മലയാളി യുവാവിന്റെ കഥ
എസ്എസ്എൽസി പരീക്ഷയിൽ വിനോദ് തോറ്റ് നില്‍ക്കുന്ന കാലത്തെ ഒരു രാത്രി.
രണ്ടാം യാമം പിന്നിട്ടിരിക്കുന്നു. പരിസരം ഗാഢനിദ്രയെ പുണർന്നുകഴിഞ്ഞു. പക്ഷേ, പന്തളത്തെ കൊച്ചുവീട്ടിലെ ഇരുട്ടു ഒളിച്ച ആ കൊച്ചു മുറിയിൽ നിന്ന് ഒരു ഗദ്ഗദം തൊട്ടടുത്തെ മുറിയിലെ പായയിൽ കിടന്നുറങ്ങുകയായിരുന്ന ആ അമ്മയുടെ നെഞ്ചകം കീറിമുറിച്ചു. മോനേ.. എന്ന ഉള്ളിൻ്റെയുള്ളിൽ നിന്ന് പുറത്തുവീണ ആന്തലോടെ അവർ മുറിയിലേയ്ക്ക് ഒാടിച്ചെന്നു. ഇരുട്ടിൽ തപ്പിത്തടയേണ്ടി വന്നില്ല, അവർക്ക് അവിടെയെത്താൻ.
വിനോദിൻ്റെ അടുത്തിരുന്ന് അമ്മ ആ തോളിൽ കൈചേർത്ത് തുടർന്നു:
മോനിങ്ങനെ വെഷമിക്കരുത് .. ഇനീം നന്നായി പഠിച്ച് എസ്എസ്‍എല്‍സി പരീക്ഷ പിന്നേം എഴുതണം.. എന്നിട്ട് മോൻ ഒരു സർക്കാർ ജോലി വാങ്ങിക്കണം..
അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ പതിനഞ്ചുകാരൻ കരച്ചിലടക്കി. അമ്മയുടെ ഹൃദയത്തിൽ നിന്നുള്ള ബാക്കി വാക്കുകൾ അവനറിയാം:
മോനറിയാല്ലോ, മോൻ്റെ പ്രായത്തിലുള്ള വരേക്കാളും മോന് നീളം വളരേ കൊറവാണ്. മോന് തൂമ്പാ പണിയോ, മേസ്തിരിപ്പണിയോ, കൂലിപ്പണിയോ, മൈക്കാട് പണിയോ ഒന്നും ചെയ്യൻ പറ്റത്തില്ല. എങ്ങനെയെങ്കിലും പഠിച്ചു പാസ്സായി സർക്കാർ ജോലി കിട്ടിയേ പറ്റൂ. പഠിച്ചാ മാത്രമേ അത് കിട്ടത്തുള്ളൂ. പഠിക്കാതിരുന്നാ ഒന്നും നടക്കില്ല...
വിനോദ് അമ്മയുടെ മടിയിൽ തലചായ്ച്ച് വിതുമ്പലടക്കി. അമ്മ വിഷമിക്കേണ്ടെന്ന് കരുതി അവൻ പറഞ്ഞില്ല, അമ്മേ.. എനിക്ക് പഠിക്കാൻ കഴിയുന്നില്ലമ്മേ.. എൻ്റെ മണ്ടയിൽ ഒന്നും കേറുന്നില്ലമ്മേ...
അമ്മയുടെ വാക്കുകൾ നെഞ്ചേറ്റി അവൻ വീണ്ടും പുസ്തകങ്ങളുമായി മല്ലിട്ടു. വിചാരിച്ചാൽ നടക്കാത്തതായി ഇൗ ലോകത്ത് ഒന്നുമില്ലല്ലോ. അങ്ങനെ, അടുത്ത പ്രാവശ്യം വിനോദ് എസ്എസ്എൽസി കടന്നുകൂടി.
പന്തളത്തെ കർഷകനായ ശങ്കുണ്ണി–സരസ്വതി ദമ്പതികളുടെ ഇളയ മകനായ വിനോദിന് ജന്മനാ നീളക്കുറവുണ്ടായിരുന്നു. എങ്കിലും ആരും അതത്ര കാര്യമാക്കിയില്ല. എന്നാൽ, അഞ്ചാമത്തെ വയസ്സിൽ തൊട്ടടുത്തെ സർക്കാർ സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു ആദ്യത്തെ പണി കിട്ടിയത്–എഇഒ ഒക്കെ ചെക്കപ്പിന് വരുമ്പോ കംപ്ലെയിൻ്റാകും. മാത്രമല്ല, സാധാരണ വലിപ്പമുള്ള മറ്റുകുട്ടികളുടെ കാലുകൾക്കിടയിൽപ്പെട്ട് അപകടം സംഭവിച്ചുപോകുമോ എന്ന ഭയവുമുണ്ട്.. –ഹെഡ്മാസ്റ്റർ കാരണങ്ങൾ നിരത്തി. അടുത്ത വർഷം വരൂ എന്ന് പറഞ്ഞു വിനോദിനെയും അമ്മയെയും തിരിച്ചയച്ചു. എന്നാൽ, മകനെ വീട്ടിലിരുത്തി അമ്മ ചുമ്മാ ഒന്നേ രണ്ടെന്ന് പറഞ്ഞ് പഠിപ്പിച്ചു. നീളം വല്ലാണ്ട് കൂടിയില്ലെങ്കിലും പിറ്റേ വർഷം ആറാമത്തെ വയസിൽ ഒന്നിലിരുത്തി. സാധാരണ ബെഞ്ചിലിരിക്കാൻ പറ്റത്തില്ല. സ്കൂളുകാർ തന്നെ ഒരു കൊരണ്ടി ഉണ്ടാക്കി അതിൽ മൂലയ്ക്കിരുത്തി. ഒന്നും രണ്ടും ക്സാസുകൾ അവിടെയിരുന്ന് പഠിച്ചു. രണ്ടിലെത്തിയപ്പോൾ സ്വയം പ്രമോഷൻ നൽകി– ബെഞ്ചിൽ ചാടിക്കയറി ഇരിക്കാൻ തുടങ്ങി. അഞ്ച് വരെ അവിടെ.
പഠിക്കാൻ മിടുക്കനല്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, ഒന്നും തലയിൽകേറില്ല. കൈയിലിരിപ്പ് മഹാമോശവും. സൈസ് ചെറുതാണെങ്കിലും കുരുത്തക്കേടുകൾക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. മരങ്ങളുടെ മണ്ടയിൽ കയറുക. പൂ പറിക്കുക. തന്നേക്കാൾ നീളമുള്ള കുട്ടികളെ ഉപദ്രവിക്കുക.. അലമ്പ് സ്വഭാവം. അതിനിടെ ചങ്ങായിമാർ നല്ലൊരു ഇരട്ടപ്പേരും ചാർത്തിക്കൊടുത്തു–ഉണ്ടപ്പക്രു. ആദ്യമൊന്നും അതിലത്ര വിഷമം തോന്നിയിരുന്നില്ല. പിന്നെപ്പിന്നെ, കാര്യങ്ങൾ ബോധ്യമായിത്തുടങ്ങിയപ്പോൾ ഉണ്ടപ്പക്രു എന്ന് കേൾക്കുമ്പോൾ തന്നെ അരിശമായി. പലപ്പോഴും മുട്ടൻ വഴക്കിനും അടിപിടിയിലേക്കുമെത്തി. ചില അധ്യാപകർ പോലും അങ്ങനെ വിളിക്കുമായിരുന്നു. അതോടെ സ്കൂൾ ഒരു പ്രശ്ന ബാധിത പ്രദേശമായി. എങ്കിലും, ഒരൊഴുക്കിന് എസ്എസ്എൽസി വരെയെത്തി. അപ്പോഴും കളിയാക്കലും അവഗണയും മൂലം മാനസികമായി തകർന്നുപോയി. ഇതറിഞ്ഞ് അലിവ് തോന്നി അമ്മ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം ഡോക്ടർ വിധി പറഞ്ഞു: വിനോദിൻ്റെ അസ്ഥികളുടെ വളർച്ച നിലച്ചുപോയിരിക്കുന്നു!
ഇരുട്ടുമുറികളിലിരുന്ന് വിനോദും അമ്മയും മനംനൊന്തു പ്രാർഥിച്ചതുകൊണ്ടായിരിക്കാം, അധികൃതർ പാസ്സാവാനുള്ള മാർക്ക് നൽകി വിനോദിനെ എസ്എസ്എൽസി എന്ന കട്പ കടത്തിവിട്ടു. പക്ഷേ, പ്രിഡിഗ്രിക്ക് എവിടെ ചേർക്കും? ഇരുന്നൂറ്റിപ്പത്ത് മാർക്കിൽ ഏത് കോളജു സീറ്റ് നൽകും? എസ്എസ്എൽസി പരീക്ഷയേക്കാളും പ്രയാസകരമായിരുന്നു പ്രിഡിഗ്രിക്ക് ഒരു സീറ്റ് തരപ്പെടുത്തുക എന്നത്.
പലയിടത്തും അപേക്ഷിച്ചു. അറിയിപ്പു കാർഡിനുള്ള കാത്തിരിപ്പ് വെറുതെയായി. ഒടുവിൽ, അംഗവൈകല്യമുള്ളവർക്കുള്ള പരിഗണനയിൽ പന്തളം എൻഎസ്എസ് കോളജില്‍ സീറ്റ് ലഭിച്ചു. കോളജ് ചരിത്രത്തിൽ ആർക്കും അതുവരെ ഇൗ മാർക്കിൽ പ്രവേശനം ലഭിച്ചിട്ടില്ല. ഏറ്റവും കുറഞ്ഞത് ഇരുന്നൂറ്റി മുപ്പത് മാർക്കെങ്കിലും വേണമായിരുന്നു. പ്രിൻസിപ്പൽ കൈമലർത്തി.
സാറെ, എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഇൗ കോളജിൽ പഠിക്കണം എന്നതാണ്.
ചുമ്മാ അടിച്ച ആ പഞ്ചു ഡയലോഗിൽ പ്രിൻസിപ്പൽ മൂക്കുംകുത്തി വീണു.
മോന് ഏത് ഗ്രൂപ്പ് വേണം?
തേർഡ് ഗ്രൂപ്പ് മതി സാറെ.
പത്ത് പേർക്കായിരുന്നു പ്രവേശനം. ദൈവാധീനം– രണ്ട് പേരേ ഇൻ്റർവ്യൂവിന് വന്നുള്ളൂ.
നന്നായി പഠിക്കണേ..
എന്നാലാവും വിധം പഠിക്കും സാർ.. ഇൗ കോളജിൻ്റെ അഭിമാനമാകും...
ക്ലാസിൽ പോകുമെന്നല്ലാതെ പാഠമൊന്നും മനസിലായില്ല. രണ്ട് വർഷം അടിച്ചു തകർത്തു. കോളജ് തിരഞ്ഞെടുപ്പിൽ ക്ലാസ് റപ്രസൻ്റൻ്റീറ്റാവായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ തോറ്റു. സ്വതന്ത്രനായി മത്സരിച്ചതോടെ പാർട്ടിക്കാരുടെ ശത്രുവായി. അവർ കൂടിയാലോചിച്ചു: ഏതുവിധേനയും ആ കുള്ളനെ പാട്ടിലാക്കണം. എസ് എഫ് എെ, കെഎസ് യുക്കാർ ഒക്കെ വന്നു.. ഞാൻ ഗ്യാങ് ലീഡർ. പഠനത്തിൽ പിന്നാക്കമെങ്കിലും വാക് സാമർഥ്യം ആവോളമുണ്ട്. പക്ഷേ, ക്ലാസ്സിലിരുന്ന് പഠിക്കുക പ്രയാസമായിരുന്നു. നോട്സൊക്കെ അടുത്തുള്ള കുട്ടിയുടേത് നോക്കിയെഴുതും. എങ്കിലും, പ്രിഡിഗ്രി അന്തസ്സായി തോറ്റു.മതാപിതാക്കളും സഹോദരനും സഹോദരിയുമൊക്കെ സാധാരണ നീളമുള്ളവർ.
പഠിക്കാൻ അതിയായ ആഗ്രഹമുണ്ട്. ശ്രദ്ധിച്ചിരിക്കുകയും ചെയ്യും, ക്ലാസിൽ. എന്നാൽ, മണ്ടയിൽ കേറില്ല. ഇങ്ങനെ ഒാരോന്ന് ആലോചിച്ച് ഇരുന്നുപോകും. ഒൻപതിലും പത്തിലും പഠിക്കുമ്പോൾ ജീവിതത്തെക്കുറിച്ച് വല്ലാത്ത ആശങ്കയായിരുന്നു–ഞാനെന്തായിത്തീരും?
രാപ്പകലില്ലാതെ ചിന്തിച്ചു. ഞാനെന്താണ് ഇങ്ങനെ? വലുതാകുമ്പോൾ എത്ര ഉയരം കിട്ടും? ഏത് കാറ്റഗറിയിൽപ്പെടും?... സംശയങ്ങൾ തേനീച്ചകളെ പോലെ വട്ടമിട്ടു.
അന്ന് ചേട്ടൻ പ്ലംബറും മെക്കാനിക്കുമൊക്കെയായി ജോലി ചെയ്യുന്നു. എനിക്കത് പറ്റില്ലല്ലോ. ചെയറിൽ കയറിനിന്ന് പ്ലംബിങ് ജോലിയോ മറ്റോ പറ്റുമോ?. കൂലിപ്പണിക്ക് പോലും പറ്റത്തില്ല. അതിനെപ്പറ്റി എപ്പോഴും ചിന്തിച്ചിരിക്കും. ഒടുവിൽ വിചാരിക്കും–വല്ല എസ്‍ടിഡി ബൂത്തോ മറ്റോ ഇട്ട് ജീവിക്കാം എന്ന്. അന്ന് അതായിരുന്നു നീളക്കുറവും മറ്റു വൈകല്യമുള്ളവരുടെയുമൊക്കെ ഒരു രീതി.
അയൽപക്കത്തും നാട്ടിലുമൊക്കെ ഒട്ടേറെ ഗൾഫുകാർ. മിക്കവരും നല്ല നിലയിലാണ് ജീവിക്കുന്നത്. ഒരിക്കൽ തൊട്ടടുത്തെ വീട്ടിലെ ചേച്ചി അമ്മയോട് പറയുന്നത് കേട്ടു. അവരുടെ ഭർത്താവിന് ഗൾഫിൽ മാസശമ്പളം നാൽപതിനായിരം രൂപയുണ്ടെന്ന്! അതുകേട്ടപ്പോൾ അമ്മ മാത്രമല്ല, വിനോദും ഞെട്ടി.
തനിക്കും ഗൾഫിലേയ്ക്ക് പോയാലെന്താ എന്നായി പിന്നീട്, വിനോദിൻ്റെ ചിന്ത.
അങ്ങനെയിയിരിക്കെ ഒരു ദിവസം തൻ്റെ പാസ്പോർട് കാണിച്ച് സഹോദരനും പറഞ്ഞു: ഞാനും ഗൾഫിൽ പോണെടാ...
കൂടെപ്പഠിച്ച സുഹൃത്തുക്കളും ഒാരോരുത്തരായി ഗൾഫിലേയ്ക്ക് കുടിയേറി. അതോടെ ഗൾഫെന്ന മോഹം ശക്തമായി. അക്കാര്യം വീട്ടിൽ പറയുമ്പോഴൊക്കെ അമ്മയും സഹോദരങ്ങളും എതിർക്കും. നിനക്കതൊന്നും പറ്റില്ലെടാ വിനോദേ, നീ എങ്ങനെയെങ്കിലും പ്രിഡിഗ്രി എഴുതിയെടുത്ത് ഒരു സർക്കാർ ജോലി കിട്ടുമോ എന്ന് നോക്ക്.
പക്ഷേ, ഞാൻ തീരുമാനത്തിൽ ഉറച്ചു നിന്നു. അപ്പോഴും, ഒരു സംശയം ബാക്കി നിന്നിരുന്നു മൂന്നര അടിക്കാരനെ ഗൾഫിലേയ്ക്ക് ആരു കൊണ്ടുപോകും. അവിടെയെത്തിയാൽ തന്നെ എന്തു ജോലി ലഭിക്കും? അതോടെ ആ മോഹം തത്കാലം മനസ്സിൽ തന്നെ ചുരുട്ടിവച്ചു.
നാടകം, മിമിക്രി, സ്ക്രിപ്റ്റ് രചന, അഭിനയം... നാട്ടിൽ അങ്ങനെ കഞ്ഞികുടിച്ച് പോകവെ, ഒരിക്കൽ മലയാള മനോരമ പത്രത്തിൽ ഒരു പരസ്യം കണ്ടു– എറണാകുളത്തെ വീഗാലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ ഒരു കോമാളിയെ ആവശ്യമുണ്ടെന്ന്.
എനിക്ക് അറിയാമായിരുന്നു ഞാനൊരു കോമളിയാണെന്ന്. അതങ്ങനെയാണല്ലോ എല്ലാവരും പറഞ്ഞുവച്ചിരിക്കുന്നത്. ആടാനും പാടാനും സർക്കസിൽ ജോലി ചെയ്തവർക്കും മുൻഗണന നൽകും എന്ന് ആ പരസ്യത്തിലുണ്ടായിരുന്നു. ഞാൻ ഒരു ബയോഡാറ്റ എഴുതിയുണ്ടാക്കി അപേക്ഷിച്ചു. ടെലിഫോൺ നമ്പർ കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞ് എസ്ടിഡി ബൂത്തിൽ നിന്ന് വീഗാലാൻഡിലേയ്ക്ക് വിളിച്ചു. എന്നെയെന്താ ഇൻ്റർവ്യൂവിന് വിളിക്കാഞ്ഞെ?
പിറ്റേന്ന് അവർ മറുപടി തന്നു. താങ്കൾക്ക് പ്രായപൂർത്തിയായിട്ടില്ല.
വീഗാ ലാൻഡിനെക്കുറിച്ച് കുറേ കേട്ടിരുന്നു. നല്ല ജോലി, നല്ല ശമ്പളം..
അന്ന് പ്രിഡിഗ്രിക്ക് കോളജിൽ കേറിപ്പറ്റിയത് ഒാർത്തു. പഞ്ച് ഡയലോഗടിച്ചോ മറ്റോ ഇവിടെയും എങ്ങനെയെങ്കിലും കടന്നുകൂടണം. ഒാരോ മാസവും വീഗാലാൻഡിലേയ്ക്ക് വിളിക്കും. വിളിച്ച് വിളിച്ച് ഒടുവിൽ വയസ്സ് പതിനെട്ടായി. ഒരിക്കൽ അവർ പറഞ്ഞു:
പുതിയൊരു ബയോഡാറ്റ അയക്കൂ..
ഒരു സുപ്രഭാതത്തിൽ വീഗാ ലാൻഡിൽ നിന്ന് ഫോൺ വന്നു. അയച്ചു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ജോലികളിലൊന്നിന് ഇൻ്റർവ്യൂ.
ഇതേ സമയം ജബൽപൂരിൽ നിന്നൊരു കത്തും വന്നു. ഇന്ത്യൻ റെയിൽവേയിൽ ജോലി. ഇൻ്റർവ്യൂവിന് ഹാജരാകണം. എന്നോ അയച്ച അപേക്ഷകളിലൊന്ന് ക്ലിക്കായതാണ്. ഇതുകണ്ടതോടെ അമ്മ ആവേശത്തിലായി. അവരുടെ ജീവിതാഭിലാഷം:
നീ എറണാകുളത്തൊന്നും പോണ്ടടാ. ജബൽപൂരിലേയ്ക്ക് പോ..
ഇക്കാര്യത്തിൽ മാത്രം അമ്മ എന്നോട് ക്ഷമിക്കണം.. ഞാൻ ജബൽപൂരിലേയ്ക്ക് സർക്കാർ ജോലിക്ക് പോകുന്നില്ല, വീഗാലാൻഡിലേയ്ക്ക് പോകുന്നു.
ആകെ ബഹളമായി. കോമാളി ജോലിക്ക് നീ ഏതായാലും പോകുന്നില്ല. അതിന് സഹായം കിട്ടൂന്ന് നീ ധരിക്കുകേം വേണ്ട.. വീട്ടുകാരെല്ലാവരും കൂടി തീരുമാനം പ്രഖ്യാപിച്ചു.
ആരുടേയും സപ്പോർട്ട് കിട്ടിയില്ലെങ്കിലും കുറച്ച് പൈസ സംഘടിപ്പിച്ച് ഞാൻ ഇൻ്റർവ്യൂവിന് പോയി. പാതിരാത്രിയിലായിരുന്നു മുങ്ങിയത്. ഒറ്റയ്ക്കുള്ള യാത്രയിൽ പേടിച്ച് വിറച്ച്. കൂടെ വരാൻ സുഹൃത്തുക്കൾക്ക് ആർക്കും സമയമുണ്ടായിരുന്നില്ല.
ഒരുവിധം എറണാകുളത്തെത്തി. ഹോട്ടലിൽ മുറിയെടുടുക്കാൻ പൈസയില്ല. ഒരു റസ്റ്ററൻ്റിൽ കയറി മുഖം കഴുകി ഫെയർ ആൻ‍് ലവ് ലി തേച്ചു വെളുപ്പിച്ചു.
വീഗാലാൻഡിലെത്തിയപ്പോഴാണ് രസം, ജോലി ഒഴിവ് ഒന്ന്–പന്ത്രണ്ട് കുള്ളന്മാർ. അതിൽ മേള രഘുവൊക്കെ ഉണ്ടായിരുന്നു. ഞാനാകെ തകർന്നുപോയി.
ജോലി കിട്ടത്തില്ലെന്ന് ഉറപ്പായി. ഒരിടത്ത് ഇരുന്ന് ആലോചിചപ്പോൾ ഉള്ളിൻ്റെയുള്ളിൽ നിന്ന് ആരോ മന്ത്രിച്ചു– ഇങ്ങനെ നിരാശനാകരുത്. താൻ സ്മാർട് ആണെടോ, ജോലി തേടിയെത്തിവരിൽ ഏറ്റവും പ്രായക്കുറവുള്ളയാളുമാണ്.
എങ്കിലും മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രഘുവായിരുന്നു ഭീഷണി. മനസിലേയ്ക്ക് കടന്നുവന്ന ക്ഷേത്രത്തിലെല്ലാം നേർച്ച നേര്‍ന്നു. ഒടുവിൽ ലഡു പൊട്ടി.
ശമ്പളം മാസം നാലായിരം രൂപ. വീഗാലാൻഡിലെത്തുന്നവരെ വെൽക്കം ചെയ്യുക. കുട്ടികളോട് തമാശ പറയുക. അവരോടൊപ്പം നൃത്തം ചെയ്യുക.. ആകെയൊന്ന് സുഖിപ്പിച്ച് രസിപ്പിക്കുകയായിരുന്നു ജോലി. വീഗാലാൻഡുകാർ നല്ലൊരു പേരും സമ്മാനിച്ചു–പപ്പു.
വീഗാലാൻഡ് സന്ദർശകരുടെ കൂട്ടത്തിൽ ഒട്ടേറെ ഗൾഫുകാരെത്തുമായിരുന്നു. പരിചയപ്പെട്ടുകഴിഞ്ഞാൽ പലരും പറയും, നിങ്ങളെപ്പോലുള്ളവർക്ക് ഗൾഫിൽ വലിയ സാധ്യതകളുണ്ട്. അവിടെ വലിയ വലിയ ഹോട്ടലുകളിലും മറ്റും ഡോർബോയിമാരായി കുള്ളന്മാരെ എടുക്കുന്നു. നല്ല ശമ്പളവും പിന്നെ, ടിപ്സും കിട്ടും. സംഭവം അടിപൊളിയാ മോനേ...
ഗൾഫ് മോഹം വീണ്ടും പൂത്തുവിടർന്നു. പത്ര മാസികകളിൽ കാണുന്ന പരസ്യങ്ങളിൽ നിന്നും മറ്റും ഗൾഫിലെ ഹോട്ടലുകളുടെ മേൽവിലാസം കണ്ടെത്തി അപേക്ഷയയക്കും. പക്ഷേ, ഒന്നിനും മറുപടി ലഭിച്ചില്ല. ഒരിക്കൽ, വീഗാലാൻഡിലെത്തിയ ഒരു ഗൾഫുകാരനാണ് വിധി മാറ്റിയെഴുതിയത്. അദ്ദേഹം ഗൾഫിലെ തൻ്റെ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയിലേയ്ക്ക് ക്ഷണിച്ചു. പ്രതിമാസ ശമ്പളം പതിനയ്യായിരം രൂപ. ഞാൻ വാ പൊളിച്ചുനിന്നുപോയി. ഒറ്റയാഴ്ചക്കകം വീസയൊക്കെ ശരിയായി. ഒരു സ്വപ്നം കണ്ടുണരുന്നത് പോലെ മലയാളികളുടെ പ്രിയപ്പെട്ട നാട്ടിലെത്തി.
അറബികളുടെയും യൂറോപ്യന്മാരുടെയുമൊക്കെ ജന്മദിനം, വിവാഹം, പെരുന്നാൾ തുടങ്ങിയ പാർട്ടികളിൽ വേംകെട്ടി ആളുകളെ വെൽക്കം ചെയ്യുന്ന ജോലിയായിരുന്നു. അതു തകർത്തു. വേറെ കമ്പനികളിൽ നിന്ന് ഒാഫർ വന്നെങ്കിലും തത്കാലം അവിടെ തന്നെ പിടിച്ചുനിന്നു.
ജീവിതം മാറി മറിഞ്ഞു. ഇൗ കമ്പനിയിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തു. ശമ്പളം കൂടി, നല്ല ഭക്ഷണം, താമസം, ടിപ്സ്.. അമ്മയും അച്ഛനും ഹാപ്പി, ചേട്ടനും ചേച്ചിയും ഹാപ്പി.. ഒാർക്കണം, എനിക്കന്ന് ഇരുപത്തിയൊന്നാണ് വയസ്സ്.
എല്ലാ സന്തോഷങ്ങളും അവസാനിപ്പിച്ചുകൊണ്ട് വിധി കറുത്ത രൂപത്തിലെത്തി. ജോലി ചെയ്തിരുന്ന കമ്പനി നഷ്ടത്തിലായി, പ്രവർത്തനം അവസാനിപ്പിച്ചു. വീസ റദ്ദാക്കാൻ മൂന്ന് മാസം സമയം തന്നു. വേറെ ജോലി കണ്ടെത്തുക. അതേയുള്ളൂ മാർഗം. ഇങ്ങോട്ട് കൊണ്ടുവന്ന സാറ് പറഞ്ഞു, ഇനിയും സാധ്യതകളുണ്ട്. പക്ഷേ, അതിന് ഇങ്ങനെ കോട്ടുംസ്യൂട്ടുമിട്ട് കൈ കുലുക്കി നിന്നാ പോരാ.. പലതും പഠിക്കാനുണ്ട്. ഫേസ് പെയിൻ്റിങ്, മാജിക് എന്നിവയൊക്കെ ചെറുതായെങ്കിലും വശത്താക്കുക. പിന്നെ, അതിനായി ശ്രമം. പലയിടത്തുനിന്നായി ഒക്കെയും പഠിച്ചെടുത്തു. അതുമാത്രമല്ല, വേഷത്തിൽ ചാർളി ചാപ്ലിൻ്റെ രൂപഭാവം വരുത്തി. യൂറോപ്യന്മാരെ ആകർഷിക്കാൻ അതുവേണമെന്ന് വിദഗ്ധർ ഉപദേശിച്ചു. അങ്ങനെ പേരും ചാർത്തിക്കിട്ടി–മജീഷ്യൻ ചാർളി.
തുടർന്ന് സ്വന്തമായി കമ്പനി ആരംഭിക്കാനുള്ള ധൈര്യമൊക്കെ വന്നു. അൽ അസ്റ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി. ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങൾ തന്ന ഇൗ കമ്പനി അടിപൊളിയായി മുന്നോട്ട് പോകുന്നു. കോർപറേറ്റ് ഇവൻ്റ്സ്, കലാകാരന്മാരുടെ സപ്ലൈ, ബെല്ലി ഡാൻസ്, ഇന്ത്യൻ, ആഫ്രിക്കൻ ഡാൻസ്. അക്രോബാറ്റിക് ഡാൻസ്, ക്ലൗൺസ്, ഫേസ് പെയിൻ്റിങ്, ബലൂൺ ട്വിസ്റ്റിങ്, കാർട്ടൂൺ കാരക്ടർ, മജീഷ്യൻ.. ചാർളിയുടെ കമ്പനി ചെയ്യാത്തതായി ഒന്നുമില്ല. മൂന്ന് മണിക്കൂറിലേറെ ഒറ്റയടിക്ക് വൺമാൻഷോ നടത്തിക്കളയും!
എല്ലാം നമ്മുടെ ടീമാ.. യുഎഇയില്‍ എവിടെ വേണമെങ്കിലും കലാകാരന്മാരെ എത്തിക്കാൻ എനിക്ക് സാധിക്കും.
പ്രത്യേകം സജ്ജീകരിച്ച കാറിൽ സ്വന്തമായി ഡ്രൈവ് ചെയ്താണ് ചാർളിയുടെ സഞ്ചാരം. ഡ്രൈവിങ് ലൈസൻസ് കിട്ടുക എന്നത് ലോട്ടറി അടിക്കുന്നയത്ര വലിയ ഭാഗ്യമായ ദുബായിൽ, അതും ഒരാവേശത്തിൻ്റെ പുറത്ത് ചെയ്തു നേടിയതാണ്. ദൈവകൃപയാൽ, ഇന്ന് വളരെ നല്ലൊരു വരുമാനമുണ്ട്. ഒാ, മറന്നുപോയി, ഇതിനിടെ വിവാഹം നടന്നു. ഒത്ത നീളമുള്ള പെൺകുട്ടി–സിജി. നാട്ടിൽ പോയപ്പോൾ പരിചയപ്പെട്ട പെൺകുട്ടി. പ്രണയം. എല്ലാ എതിർപ്പുകളെയും തട്ടിത്തെറിപ്പിച്ച് വിവാഹം. കളിചിരിയുമായി നാല് വയസ്സുള്ള മകൾ–ശിഖയുമുണ്ട് കൂടെ.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഇതുവരെയെത്തിയത്. നമ്മുടെ വളർച്ച കണ്ടാലും തളർച്ച കണ്ടാലും അതിൽപിടിച്ച് കയറി നമ്മളെ നശിപ്പിക്കാൻ നോക്കും, ചിലർ. മനുഷ്യൻ നന്നാകുന്നത് കാണുന്നത് ഇഷ്ടമല്ലാത്ത കുറേ പേർ. പക്ഷേ, നമ്മൾ ഒരു നല്ല കാര്യം ചെയ്യാൻ ഉദ്ദേശിച്ചാൽ, അത് തീർച്ചയായും യാഥാർഥ്യമാവുക തന്നെ ചെയ്യുമെന്ന് ചാർളി വിശ്വസിക്കുന്നു. ആ ജീവിതം അത് നമ്മോട് വിളിച്ചു പറയുന്നുമുണ്ട്.
നീളംകുറഞ്ഞവർ പത്ത് പേരോളമുണ്ട്, യുഎഇയിൽ. മിക്കവരും ഡോർബോയി ആയാണ് ജോലി ചെയ്യുന്നത്. എല്ലാവരുമായും കോൺടാക്ട്സ് ഉണ്ട്. ചാർളിയുടെ കൂടെ രണ്ട് മണിക്കൂർ ജോലി ചെയ്താൽ ഇവർക്ക് ആയിരം ദിർഹമൊക്കെ കൊടുക്കും. സ്ത്രീകൾ ഇൗ ഫീൽഡിലില്ല.
ഇപ്പോൾ യുഎഇയിൽ പന്ത്രണ്ട് വർഷമായി പ്രവാസിയായിട്ട്. നാട്ടിലെ ടെലിഫോൺ ബൂത്തുകാരനായും വീഗാലാൻഡിലെ കോമാളിയായും ജബൽപൂരിലെ റെയിൽവേ ജീവനക്കാരനായും ഒതുങ്ങേണ്ടിയിരുന്ന ഒരു ചെറിയ ജീവിതം. അതിത്രയും വലുതായി. അതിന് ദുബായ് എന്ന ഇൗ മഹാ നഗരത്തോടും ഇവിടുത്തെ ഭരണാധികാരികളോടുമടക്കം ഒത്തിരി പേരോട് കടപ്പാടുണ്ടെന്ന് മജീഷ്യൻ ചാർളി എന്ന ഇൗ വലിയ മനുഷ്യൻ പറയുന്നു...
കടപ്പാട് : സംരംഭകൻ