A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാർവാഷ്ക; ദുർമന്ത്രവാദ നഗരം


രണ്ടാം ലോക മഹായുദ്ധ സമയം യൂറോപ്പിനെ പിടിച്ചു കുലുക്കിയ ഹിറ്റ്ലറുടെ നാസിപ്പട പോലും കാലുകുത്താന്‍ മടിച്ചിരുന്ന ഒരു നഗരമുണ്ട് മധ്യയൂറോപ്പില്‍, അതിന്‍റെ പേരാണ് കാര്‍വാഷ്‌ക്ക.
ക്രോയേഷ്യയുടെയും, സെര്‍ബിയുടെ ഭാഗങ്ങള്‍ ചേര്‍ന്നുണ്ടായ ക്രക്കോഷ്യ എന്ന തര്‍ക്ക രാജ്യത്തിലാണ് കാര്‍വാഷ്‌ക്ക നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്നിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഈ നഗരം പക്ഷെ അധികമാര്‍ക്കും അറിയാത്ത ലോകത്തിലെ ഏറ്റവും നിഘൂടമായ സ്ഥലങ്ങളില്‍ ഒന്നാണ്. ഒരു ഷോപ്പിങ്ങ് മാളും, ആശുപത്രിയും, പാര്‍ക്കും, സ്കൂളും, റോഡുകളും ഒക്കെയുള്ള, ആയിരത്തില്‍ താഴെ മാത്രം ആളുകള്‍ പാര്‍ക്കുന്ന ഒരു സാധാരണ നഗരമാണ് കാര്‍വാഷ്‌ക്ക. പക്ഷെ ഇവിടെങ്ങും പകല്‍ സമയം ഒരു മനുഷ്യനെപ്പോലും കാണാന്‍ സാധിക്കില്ല എന്നതാണ് ഏറ്റവും രസകരമായ സത്യം. കൂടാതെ കാര്‍വാഷ്‌ക്കയില്‍ ബസ്സുകളോ, കാറുകളോ, മറ്റു വാഹനങ്ങളോ ഇല്ല. പോസ്റ്റ്‌ ഓഫീസ് അടക്കം, സ്കൂളുകളും ആശുപത്രിയും ഒക്കെ വെറും നോക്ക്കുത്തികള്‍ മാത്രമാണ്. ലോകത്തിന് മുന്നില്‍ ഇവര്‍ക്കായി എല്ലാം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട് എന്ന് കാണിക്കാനുള്ള ഒരു ശ്രമം മാത്രം. ഇതൊന്നും കാര്‍വാഷ്‌ക്കയിലെ ജനങ്ങള്‍ക്ക് ആവശ്യവുമില്ല, അവരൊട്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ആരുടേയും മുന്നില്‍ വരികയുമില്ല. മാസത്തില്‍ ഒരിക്കല്‍ വരുന്ന ഗവണ്‍മെന്‍റ് സപ്ലൈ വാഹനം മാത്രമാണ് അവരെ പുറം ലോകവുമായി ബന്ധപ്പെടുത്തുന്നത്, അതല്ലാതെ രാജ്യത്തെ സെന്‍സസ് റിപ്പോര്‍ട്ടില്‍ പോലും അവിടത്തെ ജനങ്ങള്‍ പെടാറില്ല.
ശപിക്കപ്പെട്ട നഗരം, അതാണ്‌ കാര്‍വാഷ്‌ക്ക എന്ന വാക്കിന്‍റെ അര്‍ഥം. ഇന്നും ദുര്‍മന്ത്രവാദവും, സാത്താന്‍ സേവയുമായി നടക്കുന്നവരാണ് ഈ നഗരവാസികള്‍. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി സംസാരിക്കാനോ, അവര്‍ക്ക് മുന്നില്‍ വരാനോ ഇവര്‍ താല്പര്യപ്പെടുന്നില്ല. മറ്റുള്ളവരെ അങ്ങോട്ട്‌ അടുപ്പിക്കുകയുമില്ല. കാര്‍വാഷ്‌ക്ക നഗരത്തിന് ജീവന്‍ വയ്ക്കുന്നത് രാത്രിയാണ്. ഉപാസനകളും, കര്‍മ്മങ്ങളുമായി അവര്‍ രാത്രികളെ പകലുകളാക്കി ജീവിക്കുമ്പോള്‍, അവിടെ സര്‍ക്കാരും, പ്രാദേശിക ഭരണകൂടവുമാണ് നോക്ക് കുത്തികളാകുന്നത്. പലവട്ടം അവിടെ ഒരു legal society നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും എല്ലാം തികഞ്ഞ പരാജയമായിരുന്നു. രാഷ്ട്രീയപരമായി ഒട്ടും stable അല്ലാത്ത, മാപ്പില്‍ പോലും കൃത്യമായ സ്ഥാനമില്ലാത്ത ഒരു രാജ്യമാണ് ക്രക്കോഷ്യ എന്ന കാര്യം കൂടെ ഇവിടെ കൂട്ടി വായിക്കണം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രമാണ് കാര്‍വാഷ്‌ക്കയുടെത്.
പതിനഞ്ചാം നൂറ്റാണ്ടില്‍, ദുര്‍മന്ത്രവാദവും, സാത്താന്‍ സേവയും ക്രിസ്ത്യന്‍ സഭകള്‍ക്ക് മുന്നില്‍ കീറാമുട്ടിയായി നിലനിന്നിരുന്ന സമയം. സഭയുടെ നേതൃത്വത്തില്‍ ലോക്കല്‍ ഭരണകൂടങ്ങളും, ആളുകളും യൂറോപ്പില്‍ ആകമാനം മന്ത്രവാദികളെയും, മന്ത്രവാദിനികളെയും വേട്ടയാടാന്‍ തുടങ്ങി. സഹികെട്ട മന്ത്രവാദികളെല്ലാം ഇതിനൊരു പരിഹാരം തേടി ജര്‍മ്മനിയിലെ ബ്രോക്കന്‍ പര്‍വ്വതത്തിന് മുകളില്‍ ഒത്തുകൂടി, സാത്താനോട് സഹായം അഭ്യര്‍ഥിച്ചു. വളരെ നേരത്തെ ഉപാസനകള്‍ക്ക് ഒടുവില്‍ പ്രത്യക്ഷപ്പെട്ട സാത്താന്‍, അവരോട് pentagram രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന നക്ഷത്രക്കൂട്ടത്തെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. ഈ കൂട്ടം പ്രത്യക്ഷപ്പെടുമ്പോള്‍, അന്ന് രാത്രി തനിക്കായി ഏഴ് ആണ്‍ കുഞ്ഞുങ്ങളെ ബലി നല്‍കുവാനും. ബലിക്ക് ശേഷം അവരുടെ രക്തം ഒഴുകുന്നത് പിന്തുടര്‍ന്ന് ചെല്ലാനും ആവശ്യപ്പെട്ടു. രക്തം ഒഴുകി നില്‍ക്കുന്ന സ്ഥലമായിരിക്കും അവരുടെ വാഗ്ദത്ത ഭൂമി, അവിടെ അവരെ ശല്യം ചെയ്യാന്‍ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ല. അങ്ങിനെ അന്നേക്ക് മൂന്നാം മാസം നക്ഷത്രക്കൂട്ടം ആകാശത്ത് വരികയും, അന്നത്തെ ബലിയില്‍ നിന്നുണ്ടായ രക്തത്തെ പിന്തുടര്‍ന്ന് ആറര മാസത്തോളം സഞ്ചരിച്ച മന്ത്രവാദികള്‍ ഒടുക്കം കാര്‍വാഷ്‌ക്കയില്‍ എത്തപ്പെടുകയും ചെയ്തു. കാര്‍വാഷ്‌ക്കയില്‍ അവര്‍ പ്രവേശിച്ച ഉടനെ തന്നെ മൂന്ന് ഭാഗങ്ങളില്‍ നിന്നായി ഉണ്ടായ ഘോരവനം ആ നഗരത്തെ വന്ന് മൂടി. തന്‍റെ വിശ്വാസികള്‍ക്ക് കടന്നു വരാന്‍ സാത്താന്‍ ഒരു ഭാഗം മാത്രം തുറന്നിട്ടിരുന്നു, കാലക്രമേണെ ഈ ഭാഗവും പതുക്കെ കാട് വന്ന് മൂടി. ഇന്ന് ആ ഭാഗത്തെ കാട്ടിലൂടെയുള്ള ഒരു വഴി മാത്രമാണ് അങ്ങോട്ട്‌ ഉള്ളത്, അതാകട്ടെ ക്രക്കോഷ്യന്‍ ആര്‍മ്മിയുടെ കനത്ത കാവലിലും. കാര്‍വാഷ്‌ക്ക നഗരത്തിന്‍റെ സ്ഥാനത്ത് അവരുടെ ആര്‍മി ബേസ് ആണെന്ന് പറഞ്ഞാണ് സര്‍ക്കാര്‍, ജനങ്ങളെ അവിടന്ന് അകറ്റി നിര്‍ത്തുന്നത്.
ഒന്നാം ലോക മഹായുദ്ധത്തിന് മുന്‍പ്, കാര്‍വാഷ്‌ക്ക നഗരത്തെകുറിച്ച് എങ്ങിനെയോ അറിഞ്ഞ ഹംഗറിയിലെ ഒരു വൈദികനും, ജനറലും, അത് തകര്‍ക്കാന്‍ ഒരു ചെറിയ ആര്‍മിയുമായി അങ്ങോട്ട്‌ പുറപ്പെട്ടിരുന്നു. സെര്‍ബിയ വഴി കാര്‍വാഷ്‌ക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച അവര്‍ പക്ഷെ ,
വനത്തിനകത്ത് വച്ച് ശ്വാസം മുട്ടി മരിച്ചു. വനത്തിനകത്തേക്ക് കയറി കാണാതായ ഒരു ആര്‍മിയുടെ കഥ അക്കാലത്ത് യൂറോപ്പ് മുഴുവനും വലിയ സംസാരവിഷയമായിരുന്നു. പക്ഷെ പോയി നോക്കാന്‍ ഭയമുള്ളതിനാല്‍ ആരും വനത്തിലേക്ക് കടന്നില്ല. അന്ന് കാര്‍വാഷ്‌ക്ക നഗരം, ചുറ്റുമുള്ള സ്ഥലങ്ങളിലെ ആളുകള്‍ക്ക് വെറുമൊരു മിത്ത് മാത്രമായിരുന്നു. വനത്തിനുള്ളില്‍ വച്ച് മരിച്ച പട്ടാളക്കാരുടെ എല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച പള്ളിയിലാണ് പിന്നീട് കാര്‍വാഷ്‌ക്ക നിവാസികള്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ നടത്താറുള്ളത്, തങ്ങളെ ആക്രമിക്കാന്‍ വന്ന ശത്രുക്കളില്‍ നിന്ന് രക്ഷപ്പെട്ട ആ ദിവസമാണ് കാര്‍വാഷ്ക്കക്കാരുടെ ആഘോഷ ദിവസമായ ഡിഗോസ്-ഡിയാസ്. ഈ ദിവസമാണ് സെന്‍ട്രല്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടാറുള്ളത്. സാത്താന്‍ നേരിട്ട് ആഘോഷത്തിനായി ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്തായാലും കാര്‍വാഷ്‌ക്ക അന്വേഷിച്ചു പോയവരൊക്കെ മരിച്ചിട്ടുള്ളത് ശ്വാസം മുട്ടിയോ, തണുത്ത് വിറങ്ങലിച്ചോ ആണ്. 1934ല്‍ ആദ്യമായി ക്രയേഷ്യ വഴി ഇവിടെയെത്തപ്പെട്ട ഒരു ഗവണ്‍മെന്‍റ് ഒഫീഷ്യലാണ് ഇങ്ങിനെ ഒരു സ്ഥലമുള്ള കാര്യം അധികൃതരെ അറിയിക്കുന്നത്. വഴിയാണല്ലോ നഗരത്തിലേക്കുള്ള എന്‍ട്രി കൊടുത്തിരിക്കുന്നത്.
അടുത്തിടെ കാര്‍വാഷ്‌ക്കയിലേക്ക് സപ്ലൈ വാഹനവുമായി പോയ ഒരു വ്യക്തിയാണ് ഈ നഗരത്തെകുറിച്ചുള്ള സത്യാവസ്ഥ ലോകത്തെ അറിയിക്കുന്നത്. പ്രമുഖ news aggregator സൈറ്റ് ആയ reddit വഴിയാണ് ലാദിസ് വഷ്രൂം എന്ന ഈ വ്യക്തി ചിത്രങ്ങളും, വിവരണങ്ങളും ഷെയര്‍ ചെയ്തത്. പക്ഷെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം എങ്ങിനെയോ അയാളുടെ പോസ്റ്റും, അക്കൗണ്ടും ഒക്കെ പൂട്ടിപ്പോയി. ഇതേ ന്യൂസ് തന്നെ വീണ്ടും ഷെയര്‍ ചെയ്ത നുര്‍സുല്‍ത്താന്‍ തുള്യക്ക്ബായ് എന്ന ടര്‍ക്കി പൌരന്‍റെ അവസ്ഥയും സമാനമാണ്. കാര്‍വാഷ്‌ക്ക ഒറ്റപ്പെട്ട നഗരമാണെങ്കിലും, അവിടുള്ളവര്‍ക്ക് ലോകത്തിലെ മറ്റു പ്രബല സാത്താന്‍ ആരാധകരുമായും, രഹസ്യ സംഘടനകളുമായും അടുത്ത ബന്ധമുള്ളതായി പറയപ്പെടുന്നു. അവരുടെ വാഗ്ദത്ത ഭൂമി സംരക്ഷിക്കാന്‍ അവര്‍ എന്ത് വിലയും കൊടുക്കുമെന്നാണ് ചിലരുടെ നിരീക്ഷണം. ലോകത്തിലെ ഒരു മാധ്യമം പോലും കാര്‍വാഷ്‌ക്കയെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന കാര്യം ഇതോടൊപ്പം കൂട്ടി വായിക്കണം. ഗൂഗിള്‍ മാപ്പില്‍ പോലും 'കാട്' എന്ന് കാണിച്ചിട്ടുള്ള ഈ സ്ഥലത്തെകുറിച്ച് അന്വേഷിക്കാന്‍ കസാക്കിസ്ഥാനിലെ പ്രമുഖ ടീവി പ്രോട്യൂസറായ അസമത്ത് ഭഗത്തോവും സംഘവും പലതവണ ക്രക്കോഷ്യന്‍ എംബസ്സി കയറിയിറങ്ങിയെങ്കിലും അവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി പോലും ലഭിച്ചിട്ടില്ല. അവരുടെ ടീമിലുണ്ടായിരുന്ന സഗ്ദ്യെവും, മറ്റൊരു സംഘവും കൂടി ബോസ്നിയ വഴി പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അതിശൈത്യം മൂലം അവരുടെ ക്രൂവില്‍ ഒരാള്‍ മരണപ്പെട്ടതോടെ അവര്‍ക്ക് പിന്തിരിയേണ്ടി വന്നു. ഇതിനിടെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത് പുറപ്പെട്ട ഒരു ഫ്രഞ്ച് സംഘം മൂന്ന് ദിവസത്തോളം തിരഞ്ഞിട്ടും സ്ഥലം കണ്ടെത്താനായില്ല. നാലാം നാള്‍, കൃത്യം പട്ടാളക്കാരുടെ മുന്നിലേക്ക് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയും ചെയ്തു. കാര്‍വാഷ്‌ക്കയുടെ ചുരുളഴിക്കാന്‍ തയ്യാറായി നടക്കുന്നവരേക്കാള്‍ കൂടുതല്‍, അതിനെ എങ്ങിനെയെങ്കിലും സംരക്ഷിക്കാന്‍ ശക്തരായ വ്യക്തികളോ, സംഘടനകളോ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ശരിക്കും കാര്‍വാഷ്‌ക്ക ഒരു ചിഹ്നമാണ്. ലോകം ഇത്രയൊക്കെ പുരോഗമിച്ചിട്ടും, ടെക്നോളജി ഇത്രയൊക്കെ വളര്‍ന്നിട്ടും മനുഷ്യന്‍റെ അറിവിനും, ചിന്തകള്‍ക്കും അപ്പുറത്തായി പലതും ഇന്നും നിലനില്‍ക്കുന്നുണ്ട് എന്ന തിരിച്ചറിവിന്‍റെ ചിഹ്നം.