അണുശക്തിയും ആണവ റിയാക്ടറുകളിലും പലരിലും ഭയവും ,അസ്വസ്ഥതയുമാണ് സൃഷ്ടിക്കുന്നത് . ആണവ അപകടങ്ങളുടെയും ആണവ ആയുധങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു പരിധി വരെ ഭയവും അസ്വസ്ഥതെയും ന്യായീകരിക്കത്തക്കതുമാണ് .ഇതിനോടൊപ്പം തന്നെ നാം മനസ്സിലാക്കേണ്ട ഒരു വസ്തുത ഈ പ്രപഞ്ചം തന്നെ വിവിധ തരത്തിലുള്ള ആണവ പ്രതിപ്രവർത്തനത്തിലൂടെ നിലനിന്നു പോരുന്ന അതിബ്രിഹത്തായ ഒരു വ്യവസ്ഥ ആണെന്നുള്ളതാണ് .
.
ആണവ പ്രതിപ്രവർത്തനങ്ങളിലൂടെയല്ലാതെ പ്രപഞ്ചത്തിൽ ബ്രിഹത് സൃഷ്ഠികൾ ഒന്നും നടക്കുന്നില്ല.നമ്മുടെ സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളെല്ലാം തന്നെ വളരെ വലിയ ആണവ ഫ്യൂഷൻ റിയാക്ടറുകളാണ് .
ഫ്യൂഷൻ ചെറിയ ന്യൂക്ളിയസ്സുകൾ അതി ബ്രിഹത്തായ താപനിലയിലും മർദത്തിലും കൂടിച്ചേർന്നു വലിയ ന്യൂക്ളിയസ്സുകൾ ആയി മാറുന്ന പ്രക്രിയയാണ് .ഈ പ്രക്രിയയുടെ ഭാഗമായി വൻതോതിൽ ഊർജവും സൃഷ്ടിക്കപ്പെടുന്നു . ഫിഷൻ വലിയ ന്യൂക്ളിയസ്സുകൾ വിഘടിച്ചു ചെറിയ ന്യൂക്ളിയസ്സുകൾ ആകുന്ന പ്രക്രിയയാണ് .ഈ പ്രക്രിയയുടെ ഭാഗമായും വൻതോതിൽ ഊർജം സൃഷ്ടിക്കപ്പെടുന്നു .ഫിഷൻ നടക്കാൻ സാധ്യതയുള്ള വലിപ്പമുള്ള ന്യൂക്ളിയസ്സുകൾ സൃഷ്ടിക്കപെടുന്നതാകട്ടെ സൂപ്പർനോവ വിസ്ഫോടനങ്ങൾ പോലുള്ള മഹാ ആണവ വിസ്ഫോടനങ്ങളിലൂടെയും .
.
-----
ഭൗമ പ്രകൃതിദത്ത ആണവ റിയാക്ടറുകൾ
-----
.
ഭൂമി രൂപപ്പെട്ട മഹാ പ്രതിഭാസങ്ങളിലൂടെ തന്നെ ആണവ വിഘടനം നടക്കാൻ സാധ്യതയുള്ള വളരെയധികം മൂലകങ്ങളും ഭൂമിയുടെ ഭാഗമായി .തോറിയം ,യുറേനിയം എന്നിവയാണ് അവയിൽ മുഖ്യം . പ്ലൂട്ടോണിയം പോലെയുള്ളവ പെട്ടന് വിഘടിച്ചു രൂപാന്തരം പ്രാപിക്കുന്നതുകൊണ്ടു അവ അധികകാലം അവയുടെ സ്വത്വം നിലനിർത്തുന്നില്ല . വളരെയധികം വിഘടന സാധ്യതയുള്ള യുറേനിയം പ്രാകൃതിക പ്രതിഭാസങ്ങളിലൂടെ ഒരളവിൽ കൂടുതൽ ഒരു പ്രദേശത്തു എത്തപ്പെട്ടാൽ അവിടെ ഒരു ഭൗമ പ്രകൃതിദത്ത ആണവ റിയാക്ടർ രൂപപ്പെടാനുള്ള സാധ്യതയായി. പിന്നീട് വേണ്ടത് ജലത്തിന്റെ സാന്നിധ്യമാണ് .ജലം ഒരു നല്ല ന്യൂട്രോൺ മോഡറേറ്റർ ( വേഗത കുറക്കുന്ന) ആണ്. ആകസ്മികമായുണ്ടാകുന്ന (Spontaneous Fission)) ആണവ ഫിഷനിലൂടെ പുറത്തുവരുന്ന ന്യൂട്രോണുകൾ ജലത്തിലൂടെ കടന്നു പോയി വേഗത കുറക്കപെടുന്നതിലൂടെ അവക്ക് ശ്രിംഖലാ പ്രതിപ്രവർത്തനം തുടങ്ങിവെക്കാനും അത് നിലനിർത്താനുമുള്ള കഴിവ് കൈവരുന്നു .ഇങ്ങിനെയാണ് കോടിക്കണക്കിനു വർഷ അനുസ്യൂതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഭൗമ പ്രകൃതിദത്ത ആണവ റിയാക്ടറുകൾ ജന്മം കൊള്ളുന്നത് ..ആദ്യ കാല ഭൂമിയിൽ ഇത്തരം അനേകം പ്രകൃതിദത്ത ആണവ റിയാക്ടറുകൾ ഉണ്ടായിരുന്നിരിക്കാം(1) . ഇത്തരം പ്രകൃതിദത്ത ആണവ റിയാക്ടറുകളുടെ സാധ്യത 1954 ഇൽ ജാപ്പനീസ് ഭൗതിക ശാസ്ത്രജ്ഞനായ പോൾ കുറോഡാ പ്രവചിച്ചിരുന്നു .
.
.
ഇത്തരം ഒരു പ്രകൃതിദത്ത ആണവ റിയാക്ടറിനെപ്പറ്റിയുള്ള സുവ്യക്തമായ തെളിവ് ആദ്യമായി ലഭിക്കുന്നത് . ആഫ്രിക്കൻ രാജ്യമായ ഗാബോണിലെ ഒക്കോ യുറേനിയം ഖനികളിലാണ് ..ഇവിടെ നടത്തിയ ഖനനത്തിൽ യുറേനിയം ഐസോടോപ്പുകളുടെ വിതരണത്തിൽ അസ്വാഭാവികത കണ്ടെത്തപ്പെട്ടു . പിന്നീടുള്ള പരീക്ഷണങ്ങളുമാണ് ഇവിടെ അനേക വര്ഷങ്ങള്ക്കു മുൻപ് അനേകം പ്രകൃതിദത്ത ആണവ റിയാക്ടറുകൾ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തപ്പെട്ടത് (2) യുറേനിയം -235 ഐസോടോപിന്റെ ലഭ്യത തുടർച്ചയായ ആണവ പ്രവർത്തനത്തിലൂടെ കുറഞ്ഞു കുറഞ് അവസാന ആണവ പ്രതിപ്രവർത്തനം നടക്കാൻ വേണ്ടതിലും താഴെയായി ഇവ സ്വയം പ്രവർത്തനം നിർത്തുകയായിരുന്നു .
യുറേനിയം ഭൂമിയിൽ തീരെ കുറഞ്ഞ അളവിലല്ലാതെ കാണപ്പെടുന്ന ഒരു മൂലകമാണ് . യൂറേനിയത്തിന്റെ വളരെ വലിയ ആപേക്ഷിക സാന്ദ്രത കാരണം ഭൂമിയുടെ മാന്റിലിന്റെയും പുറം പാളികളുടെയും ചലനം നിമിത്തം പ്രകൃതിദത്ത ആണവ റിയാക്ടറുകൾ രൂപപ്പെടാനുള്ള സാധ്യത വളരെ വലുതാണ് .ഇവയിൽ പലതും ഇപ്പോഴും ഭൂമിയുടെ അന്തർ ഭാഗത്തു പ്രവർത്തന നിരതമായി ഇരിക്കുകയുമാവാം
---
Ref:
1. https://www.scientificamerican.com/…/ancient-nuclear-react…/
2. http://www.physics.isu.edu/radinf/Files/Okloreactor.pdf
---
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
--
ചിത്രങ്ങൾ : സൂര്യൻ ,ഒരു മഹത്തായ ഫ്യൂഷൻ റിയാക്ടർ,പ്രകൃതിദത്ത ആണവ റിയാക്ടറിന്റെ പരിച്ഛേദം ( ഗാബോണിലെ യുറാനിയും ഖനിയിലെ)
ചിത്രങ്ങൾ കടപ്പാട് :വിക്കിമീഡിയ കോമൺസ് , www.kramola.info