ഫൂലൻ ദേവി -ചമ്പൽക്കാടിന്റെ റാണി !
ഇന്ത്യയിലെ മദ്ധ്യപ്രദേശിലെ ചമ്പൽകാടുകളിലെ കൊള്ളക്കാരിയും പിന്നീട് ഇന്ത്യൻ പാർമെന്റ് അംഗവുമായി പ്രവർത്തിച്ച വ്യക്തിയാണ് ഫൂലൻ ദേവി
(10 ആഗസ്റ്റ് 1963 – 25 ജൂലൈ 2001) തട്ടിക്കൊണ്ട് പോകൽ, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഫൂലൻ ദേവി.
ഫൂലന്‍ ദേവിയുടെ ജീവിതം
ഭൂപടത്തില്‍ കാണാന്‍ പോലും സാധിക്കാത്ത ഒരു കുഗ്രാമമായിരുന്നു ഗോരാ കാ പര്‍വ. അവിടെയാണ് ഫൂലന്‍ദേവി ജനിച്ചത്. ദളിത് വിഭാഗത്തില്‍ ജനനം. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ഏറ്റവും താഴെയുള്ള ചണ്ഡാലത്തിയായി വളരാന്‍ അവള്‍ വിധിക്കപ്പെട്ടു. പതിനൊന്നാം വയസ്സില്‍ ആദ്യവിവാഹം.ആദ്യവിവാഹം നടന്നതുമുതല്‍ ഫൂലന്റെ ജീവിതത്തില്‍ പീഡനവും തുടങ്ങി.ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടിവന്നു കൊച്ചു ഫൂലന്. അന്ധവിശ്വാസങ്ങളുടെ വിളനിലമായ ഗ്രാമം പക്ഷേ ഫൂലനെ സ്വീകരിക്കാന്‍ മടിച്ചു. പന്ത്രണ്ടുവയസ്സായ കൊച്ചുഫൂലനെ വേശ്യയെന്നു വിളിക്കാന്‍ ഗ്രാമവാസികള്‍ക്ക് മടിയുണ്ടായിരുന്നില്ല. വീട്ടുക്കാര്‍ക്ക് ഫൂലന്‍ ഒരു തുണയായിരുന്നു. അസാമാന്യ ധൈര്യമുള്ള ഒരു പെണ്‍കുട്ടി. കൊച്ചനിയന് അവള്‍ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന കൊച്ചു ചേച്ചി.
ദാരിദ്ര്യത്തില്‍ പിറന്ന അവര്‍ണജാതിയില്‍പ്പെട്ട നിഷ്‌കളങ്കയും നിരാലംബയുമായ പെണ്‍കുട്ടി.അവർ രാജ്യത്തെ വിറപ്പിച്ച കൊളളക്കാരിയായതെങ്ങിനെ ?
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഉടന്‍ ഫൂലനെ ചമ്പല്‍ക്കൊള്ളക്കാര്‍ ബലാത്സംഗം ചെയ്തു. പിന്നീട് ചമ്പല്‍ക്കൊള്ളക്കാരുടെ കൂടെയായി ഫൂലന്റെ ജീവിതം.20 വയസ്സായപ്പോഴേക്കും സ്വന്തമായി ഒരു കൊള്ളസംഘത്തെ നയിക്കാന്‍ ഫൂലന്‍ പ്രാപ്തയായി. സ്വന്തം ജീവിതത്തില്‍ ജാതിയുടെ പേരില്‍ ഫൂലന്‍ ഒട്ടനവധി പീഡനങ്ങള്‍ അനുഭവിച്ചു. ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ശാരീരിക പീഡനങ്ങള്‍ക്കും പല തവണ ഫൂലന്‍ ഇരയായി.
കൊള്ളക്കാര്‍ക്ക് വിറ്റ് ബന്ധുവിന്റെ പകവീട്ടല്‍...!
---------------------------------------------------------
ഫൂലന്റെ പിതാവിന് വലിയ വേപ്പുമരം നില്‍ക്കുന്ന ഒരേക്കര്‍ ഭൂമിയുണ്ടായിരുന്നു. തന്റെ പെണ്മക്കളില്‍ ഒന്നിന്റെ വിവാഹം ആ മരം വെട്ടിവിറ്റ് നടത്താമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. എന്നാല്‍ കുടുംബത്തിന്‍റെ ഭൂമി ഫൂലന്‍റെ മാതുലന്‍റെ മകന്‍ മായദീന്‍ കൈയേറി. മായദീനെതിരെ ഫൂലന്‍ ദേവി പരാതികൊടുത്തു. സവര്‍ണ സൗഹൃദവും സമ്പത്തുമുണ്ടായിരുന്ന ബന്ധു കള്ളക്കേസില്‍ ഫൂലനെ കുടുക്കി. ഒരു മാസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഫൂലന്‍ വീട്ടില്‍ തിരിച്ചെത്തിയത് ജീവനുള്ള ശവമായിട്ടായിരുന്നു.
മര്‍ദ്ദനമേറ്റും കൂട്ടബലാത്സംഗത്താലും അവള്‍ അവശയായിരുന്നു.കാര്യങ്ങള്‍ അവിടം കൊണ്ടു തീര്‍ന്നില്ല. പകവീട്ടലിനിടയ്ക്ക് ബന്ധങ്ങള്‍ക്ക് സ്ഥാനമുണ്ടായില്ല. ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് തമ്പടിച്ചിരുന്ന ബാബു ഗുജാറെന്ന കൊള്ളക്കാരന് ചോദിച്ച പൈസ കൊടുത്ത് ഫൂലനെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോകാന്‍ ഇയാള്‍ ഏര്‍പ്പാടാക്കി. ഒരു ദിവസം അര്‍ദ്ധരാത്രി ബാബു ഗുജാറിന്റെ സംഘാംഗങ്ങള്‍ ഫൂലനെ തട്ടിക്കൊണ്ടുപോയി സംഘത്തലവന് കാഴ്ച വച്ചു. പീഡനപരമ്പരയുടെ മൂന്നാം ദിവസം, അത് കണ്ടുനില്‍ക്കാന്‍ കഴിയാതെ ഗുജാറിന്‍റെ സംഘത്തില്‍ തന്നെയുള്ള വിക്രം മല്ല തന്‍റെ നേതാവിനെ വെടിവച്ചുകൊന്നു. തുടര്‍ന്ന് വിക്രം മല്ല വെപ്പാട്ടിയായി സീകരിച്ചതോടെ ഫൂലന്‍ കൊള്ളസംഘത്തിലെ ഒരംഗമായി. പിന്നീട് ചമ്പല്‍ക്കൊള്ളക്കാരുടെ കൂടെയായി ഫൂലന്റെ ജീവിതം.രാജാവിനെപ്പോലെ കൊള്ളക്കാര്‍ ബഹുമാനിക്കുന്ന തലവന്റെ ഭാര്യ. സവര്‍ണനായ ബാബു ഗുജാറിനെ കൊന്ന് ഒരു അവര്‍ണനായ വിക്രം മല്ല കൊള്ളസംഘം ഭരിക്കുന്നത് അവരുടെ കൂടെത്തന്നെയുണ്ടായിരുന്ന സവര്‍ണര്‍ക്ക് രുചിച്ചില്ല. ബ്രാഹ്‌മണര്‍ക്ക് തൊട്ടുതാഴെ സ്ഥാനമുള്ള താക്കൂര്‍മാരെ വിക്രം മല്ല ഭരിക്കുന്നത് സഹിക്കാന്‍ കഴിയാതെ ചതിയില്‍ അയാളെയും കൊലപ്പെടുത്തി.
മല്ല മരിച്ചതോടെ ഫൂലന്‍ നിരാശ്രയയായി. ഫൂലനെ അവര്‍ ബന്ദിയാക്കി. 21 രാത്രിയും പകലും താക്കൂര്‍മാര്‍ അവളെ ബലാല്‍സംഗം ചെയ്തു. മരിക്കുമെന്ന് കരുതി കാട്ടിലുപേക്ഷിച്ചു. ഗ്രാമത്തിലെ പൂജാരിയുടെ സഹായത്തോടെ ഫൂലന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് തനിക്കൊത്ത ഒരു കൊള്ളക്കാരനെ കണ്ടുകിട്ടിയതോടെ, ഫൂലന്‍റെ ഉള്ളില്‍ അണയാതെ സൂക്ഷിച്ചിരുന്ന പ്രതികാരം ആളിക്കത്തി. പ്രതികാര നിര്‍വഹണത്തിന് പതിനേഴ് മാസം കാത്തിരിക്കേണ്ടിവന്നു ഫൂലന്‍ ദേവിക്ക്. അതിനിടെ ആയോധന കലയില്‍ പ്രാവീണ്യമുള്ള കുറച്ചുപേരെകൂടി ചേര്‍ത്ത് അവള്‍ സംഘം ശക്തമാക്കി. കുഗ്രാമത്തിലെ പെണ്‍കുട്ടിയില്‍ നിന്നും പ്രതികാരദുര്‍ഗ്ഗയായവള്‍ ഉയര്‍ന്നു. അവളുടെ പ്രതികാരാഗ്നി താമസിയാതെ തങ്ങളേയും ചുട്ടുചമ്പലാക്കുമെന്ന് അവളെ ഉപദ്രവിച്ചവര്‍ കരുതിയില്ല.
വെടിയുണ്ടകള്‍ കണക്കു തീര്‍ക്കുന്നു...!
----------------------------------------------------------------
ഒരു ഫെബ്രുവരി 14. ചന്ദ്രബിബം മുഖം നോക്കുന്ന യമുനാനദിയുടെ കരയില്‍ ഒരു 20 വയസുകാരി സുന്ദരി കാത്തുനില്‍ക്കുന്നു. തന്റെ കാമുകനെയോ ഭര്‍ത്താവിനെയോ അല്ല അവള്‍ കാത്തു നില്‍ക്കുന്നത്. യൌവനസ്വപ്നങ്ങള്‍ തിളച്ചു മറിയേണ്ട സ്ഥാനത്ത് ആ മനോഹരമായ കണ്ണുകളില്‍ ഒരേ ഒരു ഭാവമാണ് ഉണ്ടായിരുന്നത് - പ്രതികാരം!
പച്ച മിലിട്ടറിജാക്കറ്റും പാന്‍റും. തോളൊപ്പം മുറിച്ചു നിര്‍ത്തിയ മുടി. കയ്യില്‍ തീ തുപ്പാന്‍ തയ്യാറായി നിറതോക്ക്. നെഞ്ചിനു കുറുകേ പിണഞ്ഞു കിടക്കുന്ന ബുള്ളറ്റ് മാലകള്‍.നിശബ്ദതയെ ഭഞ്ജിച്ച് ഒരു ചൂളംവിളി മുഴങ്ങി. ആയുധധാരികളായ ഇരുപതോളം യുവാക്കള്‍ കുതിരപ്പുറത്ത് അവിടെ പാഞ്ഞെത്തി. അവളുടെ നിര്‍ദ്ദേശപ്രകാരം ആ സംഘം മൂന്നായി പിരിഞ്ഞ് നദി കടന്ന് ഗ്രാമത്തിലേക്ക് നീങ്ങി. ഗ്രാമത്തില്‍ നിന്ന് വെടിയൊച്ചയും നിലവിളിയും ഉയര്‍ന്നു. തന്നെ പിച്ചിച്ചീന്തിയവര്‍ക്ക് വെടിയുണ്ടകള്‍ കൊണ്ട് മറുപടി നല്‍കിയ ശേഷം അവള്‍ വീണ്ടും കാട്ടിലേക്ക് കയറി. ഗ്രാമത്തിന്റെ നിഷ്കളങ്കതയില്‍ നിന്നും വന്യഭാവത്തിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ മാറ്റം.
മറ്റൊരു രാത്രി. ഗ്രാമത്തിന്റെ സ്വച്ഛതയെയും നിശബ്ദതയെയും തകര്‍ത്ത് നിരവധി വെടിയൊച്ചകള്‍ ഉയര്‍ന്നു. ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് പുറത്തുവന്ന ഫൂലന്‍ പഴക്കവും തഴക്കവും വന്ന കൊള്ളക്കാരിയെപ്പോലെ ഒരു മെഗാഫോണ്‍ പുറത്തെടുത്ത് അലറി. "ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ടെങ്കില്‍ കൈയ്യിലുള്ള പൈസയും സ്വര്‍ണ്ണവും വെള്ളിയും ഞങ്ങള്‍ക്ക് കൈമാറുക. എന്നെ കൂട്ട ബലാല്‍സംഗം ചെയ്ത ദുഷ്ടന്മാരെയും ഞങ്ങള്‍ക്ക് കൈമാറുക. ഇത് ചെയ്യുന്നില്ലെങ്കില്‍ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരിക്കും. പറയുന്നത് ഫൂലന്‍ദേവി. ജയ് ദുര്‍ഗ്ഗാമാതാ..“
ഫൂലന്‍ദേവിയുടെ സംഘം ഗ്രാമത്തെ തച്ചുതകര്‍ത്തു. കൊള്ളയടിച്ച് നശിപ്പിച്ചു. പക്ഷേ ഫൂലന്‍ദേവി അന്വേഷിച്ചിരുന്നവരെ അവര്‍ക്ക് കിട്ടിയില്ല. കൈയില്‍ കിട്ടിയ പുരുഷന്മാരെയെല്ലാം ഫൂലന്‍ ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തി. അവസാനമായി ഒരു പ്രാവശ്യം കൂടി പറഞ്ഞു. "എനിക്കറിയാം, നിങ്ങളവരെ ഒളിപ്പിച്ചിരിക്കുകയാണെന്ന്. അവരെ എനിക്ക് കൈമാറുക".
പ്രതികരണമുണ്ടായില്ല. ഫൂലന്‍ തോക്കിന്‍തുമ്പില്‍ അവരെ നിരത്തി. നിര്‍ദാക്ഷിണ്യം അവരുടെ നാഭിയില്‍ തൊഴിച്ചു. പിടഞ്ഞു വീണ അവര്‍ക്കു നേരെ തോക്ക് ഉയര്‍ന്നു. ഫൂലന്‍ നിറയൊഴിക്കാന്‍ തുടങ്ങി. ഗ്രാമത്തെ രക്തത്തില്‍ കുളിപ്പിച്ച് നിരവധി തോക്കുകള്‍ ഒരേപോലെ ശബ്ദിച്ചു.
1981ല്‍ ഉത്തര്‍പ്രദേശിലെ ബെഹ്‌മായി എന്ന ഉയര്‍ന്ന ജാതിയില്‍ പെട്ട 22 പേരെ ഒരുമിച്ച് വെടിവച്ച് കൊന്നതോടെ ഫൂലന്‍ കുപ്രസിദ്ധിയുടെ ഉയരങ്ങളിലെത്തി. ഉയര്‍ന്ന ജാതിയില്‍ പെട്ട സമ്പന്നരില്‍ നിന്നും പണം കൊളളയടിക്കുക; പിന്നീട് താഴ്ന്ന ജാതിയില്‍ പെട്ട പാവങ്ങള്‍ക്ക് അത് വിതരണം ചെയ്യുക - ഇതിലൂടെ സാധാരണക്കാര്‍ക്കിടയില്‍ ഫൂലന്‍ പെട്ടെന്ന് പ്രിയങ്കരിയായി. ഫൂലന്‍ എന്ന് കേള്‍ക്കുമ്പോള്‍ സമ്പന്നര്‍ ഞെട്ടിവിറച്ചു. ഇരുട്ടിന്റെ മറപറ്റി കുതിരക്കുളമ്പടികള്‍ മുഴങ്ങുന്നുണ്ടോയെന്ന് കാതോര്‍ത്ത് ചങ്കിടിപ്പോടെ അവര്‍ കിടന്നു. 22 പേരാണ് അന്ന് ബെഹ്‌മി ഗ്രാമത്തില്‍ മരിച്ചുവീണത്. അതിന്റെ മുഴക്കം ഇന്ദ്രപ്രസ്ഥത്തില്‍ പ്രതിധ്വനിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചു.
ഇന്ത്യന്‍ ഭരണകൂടം പുതിയ വഴി തേടി. ഫൂലന് മാപ്പുകൊടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. വെറും എട്ടുവര്‍ഷത്തെ തടവുശിക്ഷ മാത്രം. ഫൂലന്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു.
1983 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം ഭിണ്ട് ജില്ലാ പോലീസ് സുപ്രണ്ട് രാജേന്ദ്ര ചതുര്‍വേദിയും അര്‍ജ്ജുന്‍ സിംഗും ഉയര്‍ന്ന ഉദ്യോഗസ്ഥരും പിന്നെ പതിനയ്യായിരത്തോളം വരുന്ന ആരാധകവൃന്ദവും ഒരു മൈതാനത്ത് കാത്തു നിന്നു.
മധ്യപ്രദേശിലെ ചമ്പല്‍ വാലിയിലെ നിബിഡവനത്തില്‍ നിന്ന് ഒരു സംഘമിറങ്ങിവരികയാണ്. പരുക്കന്‍ വസ്‌ത്രങ്ങളണിഞ്ഞ് ആയുധങ്ങളുമേന്തി പന്ത്രണ്ട് പുരുഷന്മാര്‍, അവര്‍ക്കു മുന്നില്‍ വഴിക്കാട്ടിയെന്ന വണ്ണം അരയില്‍ കഠാരയും കൈയില്‍ സ്റ്റെന്‍ ഗണ്ണും തോളില്‍ തൂക്കിയിട്ട ബുള്ളറ്റ് ബെല്‍റ്റുമായി ഒരു സുന്ദരി. പോലീസ് സുപ്രണ്ടിന്‍റെ യൂണിഫോമായിരുന്നു ഫൂലന്‍ദേവിയുടെ വേഷം. യൂണിഫോമിന്‍മേലെ ഒരു ചുവന്ന ഷാള്‍, കൈത്തണ്ടയില്‍ ഓരോ വെള്ളിവളയം, പിന്നെ നെറ്റിയില്‍ വലുതാക്കി തൊട്ടിരിക്കുന്ന ചുവന്ന പൊട്ട്. വേദിയില്‍ ഭയത്തോടെ പകച്ചുനിന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി ആ രാജ്ഞി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ടു നമസ്കരിച്ച് ആയുധം വച്ചു കീഴടങ്ങി.
തൂക്കിക്കൊല്ലില്ലെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് 1983ലാണ് ഫൂലന്‍ ആയുധം വച്ച് കീഴടങ്ങിയത്. ഫൂലന്റെ കൂടെയുള്ളവര്‍ക്ക് എട്ടുവര്‍ഷത്തിലധികം തടവുശിക്ഷ നല്കില്ലെന്നും കരാറുണ്ടാക്കിയിരുന്നു.12 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഫൂലന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായി. 1996ല്‍ ഫൂലന്‍ ദേവി മിര്‍സാപൂരില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും ലോക്സഭയിലെത്തി.തൊഴില്‍ ക്ഷേമ സമിതിയില്‍ അംഗവുമായിരുന്നു ഫൂലന്‍. എംപിയായതിനു ശേഷം ജനസേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകി പുതിയൊരു ജീവിതത്തിന്റെ താളം വീണ്ടെടുക്കുകയായിരുന്നു ഫൂലന്‍. എംപിയായതിനു ശേഷം അവര്‍ക്ക് എല്ലാവരും മിത്രങ്ങളായിരുന്നു.
ഫൂലന്‍ദേവിയുടെ ജീവിതകഥയെ ആസ്പദമാക്കി ശേഖര്‍കപൂര്‍ സംവിധാനം ചെയ്ത ബാന്‍ഡിറ്റ് ക്വീന്‍ എന്ന സിനിമ ഫൂലന് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. സിനിമയില്‍ സീമാ ബിശ്വാസ് ആണ് ഫൂലന്റെ വേഷത്തില്‍ അഭിനയിച്ചത്. സിനിമയ്ക്കു ശേഷം ഫൂലന്‍ ബാന്‍ഡിറ്റ് ക്വീന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. സാമൂഹികപ്രവര്‍ത്തനങ്ങളും മറ്റുമായി ഫൂലന്‍ പുതിയ ജീവിതത്തില്‍ മുഴുകി. എല്ലാവരെയും മിത്രങ്ങളാക്കി മാറ്റി. പക്ഷേ അവിടെ അവര്‍ക്ക് ചുവടുപിഴച്ചു. ഭൂതകാലത്തിന്റെ കരിനിഴലുകള്‍ അവരെ വേട്ടയാടിക്കൊണ്ടിരുന്നു.
2001 ജൂലൈ രണ്ട് ബുധനാഴ്ച. എം പിമാരുടെ അശോകാ റോഡിലുള്ള ക്വാര്‍ട്ടേഴ്സ്. മാരുതി കാറിലെത്തിയ മൂന്നംഗസംഘം ഫൂലന് നേരെ നിറയൊഴിച്ചു. വെടിവച്ച അഞ്ജാത സംഘം പിന്നീട് ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം അകലെയുള്ള അശോകമാര്‍ഗ്ഗിലെ ഔദ്യോഗിക വസതിക്കുമുന്നിലാണ് അവര്‍ വെടിയേറ്റു മരിച്ചുവീണത്.
താനാണ് ഫൂലനെ കൊന്നതെന്ന് ഷേര്‍സിംഗ് റാണ...!
-----------------------------------------------------------------
1981ല്‍ ഫൂലന്‍ ബെഹ്‌മായികളെ വധിച്ചതിനുള്ള പ്രതികാരമായിട്ടാണ് താന്‍ ഫൂലന്‍റെ ജീവനെടുത്തതെന്ന് ഷേര്‍സിംഗ് റാണ പറഞ്ഞതായി ഉത്തരാഞ്ചല്‍ പൊലീസ് വെളിപ്പെടുത്തി. കൃത്യം നടത്തുന്ന സമയത്ത് തനിക്ക് രണ്ട് കൂട്ടാളികളുണ്ടായിരുന്നതായി ഷേര്‍സിംഗ് റാണ സമ്മതിച്ചു. അതില്‍ ഒരാള്‍ മീററ്റുകാരനായ ബന്ധു രവീന്ദര്‍ സിംഗ് ആണെന്നും അയാള്‍ പറഞ്ഞു.22 ബെഹ്‌മായികളെ ഫൂലന്‍ദേവിയും സംഘവും കൊലപ്പെടുത്തുമ്പോള്‍ ആ ഗ്രാമത്തിലെ ഒരു കുട്ടിയായിരുന്നു താനെന്നും റാണ പറഞ്ഞു. തനിക്ക് ജീവിതത്തില്‍ രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു - ഒന്ന് ഫൂലന്‍ ദേവിയെ വധിക്കുക, രണ്ട് പൃഥ്വിരാജ് ചൗഹാന്റെ സ്മാരകം അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുക.
എന്നാല്‍ ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍സിംഗ് റാണയുടെ അതേ പേരില്‍ മറ്റൊരാള്‍ കൊലപാതകം നടന്ന ദിവസം ഹഡ്വാര്‍ ജയിലിലുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇതോടെ ഫൂലന്‍ വധത്തിന് പിന്നില്‍ കൂടുതല്‍ വിപുലമായ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് സംശയമുയര്‍ന്നു. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അജയ്‌രാജ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ വംശത്തിലെ നിരപരാധികളെ നിര്‍ദ്ദയം വെടിവെച്ച് വീഴ്ത്തിയ കൊള്ളക്കാരി ഫൂലന്‍ദേവിക്ക് ഷേര്‍ സിംഗ് റാണ എന്ന രജപുത്രന്‍ നല്‍കിയ വധശിക്ഷയായിരുന്നുവോ ആ മരണം? അതോ രാഷ്ട്രീയക്കളികളും സ്വത്തിനു വേണ്ടിയുള്ള ചരടുവലികളും ഫൂലന്‍ ദേവി എം പി എന്ന നൂറുകോടി സ്വത്തിന്റെ ഉടമയുടെ മരണത്തിനു പിന്നിലുണ്ടോ? ഒന്നു മാത്രം ഉറപ്പ്, ആ മരണത്തിനു പിന്നിലുള്ള രഹസ്യങ്ങള്‍ പുറത്തു വരരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആരാണ് ആ ചമ്പല്‍റാണിയുടെ രക്തത്തിനു കൊതിച്ചിരുന്നത് ??? ഈ ചോദ്യം ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു...!
വിശദമായ വായനക്ക് ഞാൻ ഫൂലൻ ദേവി എന്ന ആത്മകഥ വായിക്കാം ...
-----------------------------------------------------------------------
ദാരിദ്ര്യത്തില്‍ പിറന്ന അവര്‍ണജാതിയില്‍പ്പെട്ട പെണ്‍കുട്ടി. നിഷ്‌കളങ്കയും നിരാലംബയുമായ അവളെ രാജ്യത്തെ വിറപ്പിച്ച കൊളളക്കാരിയാക്കി മാറ്റിയതാരെന്ന് പറയുകയാണ് ഞാന്‍ ഫൂലന്‍ ദേവി എന്ന പുസ്തകം. ചമ്പല്‍ക്കാടുകളില്‍ തേരോട്ടം നടത്തിയ ഫൂലന്‍ദേവിയുടെ ജീവിതം അവരുടെ തന്നെ വാക്കുകളില്‍ അനുഭവിച്ചറിയാം.അതിതീവ്രമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ അവരുടെ വാക്കുകളില്‍ ചോര പൊടിയുന്നുണ്ട്. സമൂഹത്തിന്റേയും വ്യവസ്ഥിതിയുടേയും ക്രൂരതകളില്‍ ചവിട്ടിയരക്കപ്പെട്ട ജീവിതം പ്രതികാരത്തിന്റെ ദുര്‍ഗാരൂപം പൂണ്ടതെങ്ങനെയെന്നു ഫൂലന്‍ദേവി പറയുന്നു. ആത്മകഥനങ്ങളില്‍ ഉളളുലയ്ക്കുന്ന ഒരു അനുഭവമായി മാറുന്നു ഞാന്‍ ഫൂലന്‍ദേവി.