A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വീരശൈവ ലിംഗായത്തുകൾ

വീരശൈവ ലിംഗായത്തുകൾ



ശൈവമതത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ ഒരു ശാഖയാണ് വീരശൈവമതം. ശിവയോഗി ശിവാചാര്യരുടെ 'സിദ്ധാന്ത ശിഖാമണി' ആണ് വീരശൈവരുടെ മൂലഗ്രന്ഥം. മഗ്ഗേയാ മയീദേവയുടെ 'വിശേഷാര്‍ത്ഥപ്രകാശിക', 28 ശൈവാഗമങ്ങള്‍, 205 ഉപാഗമങ്ങള്‍, ശൈവോപനിഷത്തുക്കള്‍, ശിവപുരാണം, ലിംഗപുരാണം തുടങ്ങിയ പുരാണങ്ങള്‍ എന്നിവയും ഈ മതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളാണ്. ഇതു കൂടാതെ 12-ആം നൂറ്റാണ്ടിൽ രൂപംകൊണ്ട വചനസാഹിത്യവും വീരശൈവമതത്തിന്റെ സമഗ്രദർശനമായി പരിഗണിക്കുന്നു. ജാതി- ലിംഗ ഭേദമന്യേ ഏവര്‍ക്കും ശിവലിംഗത്തെ സ്വന്തം ശരീരത്തില്‍ ധരിക്കാനും ബ്രാഹ്മണന്റെ സഹായമില്ലാതെ നേരിട്ട് പൂജ ചെയ്യാനും സ്വാതന്ത്ര്യം നല്‍കുന്നതാണ് വീരശൈവ ധര്‍മ്മ സംഹിത.
താത്വികമായി വീരശൈവ മതത്തിന് ശൈവമതത്തിൽ നിന്നും ഗണ്യമായ വ്യത്യാസങ്ങളില്ല. വീരശൈവർ ഒരു ചെറിയ ശിവലിംഗത്തെ പേടകത്തിലാക്കി കഴുത്തിലണിയുന്നു. ഇതിനാൽ ഈ മതസ്ഥരെ ലിംഗായത്തുകൾ (ಲಿಂಗಾಯತರು) അഥവാ 'ലിംഗവാഹകർ' എന്നു കൂടി അറിയപ്പെടുന്നു. ജപവും പൂജയും നടത്തുന്നത് ഈ ശിവലിംഗത്തെ ഇടതു കൈവെള്ളയിൽ പിടിച്ചു കൊണ്ടാണ്. പരബ്രഹ്മതത്ത്വം തന്നെയാണ് ശിവലിംഗാരാധനയുടെ പൊരുൾ. വീരശൈവര്‍ ഇതിനെ 'പരാശിവബ്രഹ്മം' എന്നു വിളിക്കുന്നു. പരാശിവത്തിന്റെ സകാര-നിരാകാര ഭാവങ്ങളുടെ സങ്കലിതരൂപമായണ് ഇവർ ശിവലിംഗത്തെ കാണുന്നത്. ശിവലിംഗം ശരീരത്തിൽ ധരിക്കുക എന്നത് വീരശൈവമതത്തിലെ ഒരു പ്രധാന ആചാരമാണ്. 'ലിംഗധാരണ ദീക്ഷ' അഥവാ 'ഇഷ്ടലിംഗധാരണം' എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കർണ്ണാടകയിലാണ് ഈ മതാനുയായികൾ കൂടുതലുള്ളത്. കർണ്ണാടകത്തിന് പുറമേ കർണ്ണാടക അതിർത്തിയോടു ചേർന്ന ആന്ധ്രയുടെയും മഹാരാഷ്ട്രയുടെയും പ്രദേശങ്ങളിലും ഗണ്യമായ വിഭാഗം വീരശൈവരുണ്ട്. കൂടാതെ തമിഴ്നാട്ടിലും കേരളത്തിലും വീരശൈവ സാന്നിദ്ധ്യമുണ്ട്.
വീരശൈവരുടെ പ്രധാന ആചാര്യനായിരുന്നു പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബസവേശ്വരൻ ( ಬಸವೇಶ್ವರ‌). ലോകത്തിലെ ആദ്യത്തെ സ്വതന്ത്രചിന്തകനും, സോഷ്യ ലിസ്റ്റുമെന്ന് പ്രമുഖ ചരിത്രകാരന് ആര്തര് മില്സ് (Arthor Miles) വിശേഷിപ്പിച്ച ബസവേശ്വരന് ഭാരത നവോത്ഥാന ശില്പികളില് പ്രഥമ ഗണനീയനാണ്. ഒരു സാമൂഹ്യ പരിഷ്കർത്താവും, കവിയും, ദാർശനികനുമായിരുന്ന അദ്ദേഹം സമൂഹത്തിൽ നിലവിലിരുന്ന തൊട്ടുകൂടായ്മക്കെതിരെ തന്റെ തൂലിക ചലിപ്പിക്കുകയും അതിലൂടെ ഒരു ജാതിരഹിത സമൂഹം കെട്ടിപ്പടുക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. വടക്കന്‍ കര്‍ണാടകയിലെ കല്യാണിയിലുള്ള കാലചുരി ഭരിച്ചിരുന്ന ബിജ്വലന്റെ രാജധാനിയിലെ ഖജനാവ് സൂക്ഷിപ്പുകാരനും പിന്നീട് പ്രധാനമറന്ത്രിയുമായിരുന്നു അദ്ദേഹം. ബസവേശ്വരനാണ് വീരശൈവമതം സ്ഥാപിച്ചതെന്നും, അല്ല പുരാതനമായ ഒരു വിശ്വാസസമ്പ്രദായത്തെ അദ്ദേഹം പുനരുദ്ധരിക്കുകയായിരുന്നുവെന്നും രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്.
'കായകവെ കൈലാസം' എന്നതാണ് ബസവേശ്വരന്റ ഏറ്റവും പ്രശസ്തമായ വചനങ്ങളിലൊന്ന്. തൊഴില് തന്നെയാണ് ഈശ്വരാരാധന എന്നാണതിന്റെ അർത്ഥം. 'കായക സിദ്ധാന്തം' (കർമ്മ സിദ്ധാന്തം) എന്നിതറിയപ്പെടുന്നു. തൊഴിലിന് നീചമെന്നോ ശ്രേഷ്ഠമെന്നോ വേർതിരിവില്ല. സന്യാസികൾ അടക്കം എല്ലാവരും അവരവർക്കുള്ള ആഹാരത്തിനുള്ള വക സ്വയം സാമ്പാദിക്കണമെന്നും ബസവേശ്വരൻ പഠിപ്പിച്ചു.
കായക സിദ്ധാന്തത്തിന്റെ മറ്റൊരു ദർശനമാണ് 'ദസോഹ' (ദാനധർമ്മ സിദ്ധാന്തം). ഒരുവൻ തന്റെ സമ്പാദ്യത്തിൽ ആവശ്യം കഴിഞ്ഞുള്ളത് പാവപ്പെട്ടവരും രോഗികളുമായ സാധുക്കൾക്കായി നീക്കി വെയ്ക്കണം. ദാനം ചെയ്യുന്നവനൊരിക്കലും രക്ഷാധികാരിയാണെന്നും മഹാമനസ്ക്കനാണെന്നും ഭാവിക്കാതെ അതു തന്റെ കടമയാണെന്നു കരുതണം, വാങ്ങുന്നവന് അപകർഷതാബോധം തെല്ലുമുണ്ടാകരുത്. ഇതാണ് ദസോഹയുടെ പൊരുൾ. ഇതദ്ദേഹം സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു.
സമൂഹത്തിലെ വിവിധ മേഖലകളിലുളളവരെ ഉല്പ്പെടുത്തിക്കൊണ്ട് 'അനുഭവ മണ്ഡപം' എന്ന ഒരു അദ്ധ്യാത്മിക പാര്ലമെന്റിന് ബസവേശ്വരൻ രൂപം നല്കി. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ പ്രസ്താവങ്ങള്‍ക്ക് ഒരു പരിഹാസധ്വനി ഉണ്ടായിരുന്നു. പറയാനുദ്ദേശിച്ചത് മൂര്‍ച്ചയോടെ പറഞ്ഞു ഫലിപ്പിക്കാന്‍ ഇതു സഹായകമായിരുന്നു.
"അറവുശാലയിലേക്ക് കൊണ്ടുവരപ്പെട്ടആട് തന്നെ അലങ്കരിച്ചിരിക്കുന്ന ഇലകള്‍ തിന്നുന്നു.... പാമ്പിന്റെ വായില്‍പ്പെട്ട തവള അതിനടുത്ത് പറക്കുന്ന ഈച്ചയെ വിഴുങ്ങാന്‍ കൊതിക്കുന്നു.... മരിക്കാന്‍ വിധിക്കപ്പെട്ട മാനവന്‍ പാലും നെയ്യും കഴിക്കുന്നു.... ഇങ്ങനെയാണ് നമ്മുടെ ജീവിതം. കല്ലില്‍ കൊത്തിവെച്ച സര്‍പ്പത്തെ കണ്ടാല്‍ അവര്‍ അതിന്മേല്‍ പാലൊഴിക്കുന്നു; ശരിക്കുമൊരു സര്‍പ്പം വന്നാലൊ,കൊല്ല്, കൊല്ല് എന്നും പറയും. കൊടുത്താല്‍ ഭക്ഷിക്കന്‍ കഴിയുന്ന ഈശ്വരസേവവകരെ അവര്‍ ആട്ടിയോടിക്കും; പക്ഷേ, തിന്നാന്‍ കഴിവില്ലാത്ത ദേവതാവിഗ്രഹത്തിനു അവര്‍ ഭക്ഷ്യപേയങ്ങള്‍ അര്‍പ്പിക്കുന്നു."
ലിംഗായതന്മാര്‍ കന്നടയില്‍ രചിച്ച 'വചന'സാഹിത്യത്തില്‍ പലതിനും കീഴ്ജാതിക്കാരായ രചയിതാക്കളാണ് ഉണ്ടായിരുന്നത്. ഇതു ഭാഷയ്ക്കും സന്ദേശത്തിനും ജനകീയത ഉറപ്പു വരുത്തി. ലിംഗായതരുടെ ആദ്യകാല ഉപദേശങ്ങളില്‍ മിക്കതും ബ്രാമണ്യത്തിന്റെ ചിന്തയേയും പ്രയോഗത്തെയും ചോദ്യം ചെയ്യുന്നവയായിരുന്നു. ചില ജനങ്ങള്‍ സാമൂഹികമായി അശുദ്ധരാണ് എന്ന ആശയം അവര്‍ക്ക് അംഗീകരിക്കാനാവില്ലായിരുന്നു. ക്ഷുരകനായ അപ്പണ്ണ, കടത്തുകാരനായിരുന്ന കൗഡേയന്, ചെരുപ്പു കുത്തിയായ കാനയ്യ, കാലി മേയിക്കുന്ന രാവണ്ണ, നെയ്ത്തുകാരനായ ജേഡരാദാസിമയ്യ രാജകുമാരനായ മചിദേവ ഇവരൊക്കെ അനുഭവമണ്ഡപത്തിലെ അംഗങ്ങളും വചനകാരന്മാരുമായിരുന്നു.
ലിംഗായതന്മാര്‍ സാമൂഹിക അവബോധം വേണമെന്നു ശഠിച്ചു. ധര്‍മ്മശാസ്ത്രപ്രകാരം അംഗീകാരമില്ലാത്ത ചില സാമൂഹിക ആചാരങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചു. ഉദാഹരണത്തിന്, പെണ്‍കുട്ടികള്‍ വയസ്സറിയിച്ച് കുറെക്കൂടി കഴിഞ്ഞുമാത്രം മതി വിവാഹം, വിധവകള്‍ക്ക് വിവാഹം കഴിക്കം എന്നൊക്കെ അവര്‍ വാദിച്ചു. ബസവേശ്വരന്റെ ആദ്ധ്യാത്മിക പാര്ലമെന്റില് അക്കമഹാദേവി, മുക്തയക്ക, നാഗാലാംബിക, നീലാംബിക തുടങ്ങിയ സ്ത്രീകള് സജീവ സാന്നിധ്യമായിരുന്നു. ധര്‍മ്മശാസ്ത്രപ്രകാരം അംഗീകാരമില്ലാത്ത ചില സാമൂഹിക ആചാരങ്ങളെ അവര്‍ പ്രോത്സാഹിപ്പിച്ചു. ഉദാഹരണത്തിന്, പെണ്‍കുട്ടികള്‍ വയസ്സറിയിച്ച് കുറെക്കൂടി കഴിഞ്ഞുമാത്രം മതി വിവാഹം, വിധവകള്‍ക്ക് വിവാഹം കഴിക്കാം, മിശ്ര-ജാതി വിവാഹം ആകാം എന്നൊക്കെ അവര്‍ വാദിച്ചു. ഭൂപ്രഭുവിനു പാട്ടവും ഭരണകൂടത്തിനു നികുതിയും ഒരേസമയം നല്‍കാന്‍ കൃഷിക്കാരനെ നിര്‍ബന്ധിക്കുന്ന ബ്രാഹ്മണ-ഭൂപ്രഭുവാഴ്ചയെ അവര്‍ വെല്ലുവിളിച്ചു. ഇത്തരം ആശയങ്ങള്‍ ബ്രാഹ്മണേതര ജനവിഭാഗങ്ങളെ വീരശൈവമത്തിലേക്ക് ആകര്‍ഷിച്ചു. ശവദാഹത്തിനു പകരം അവര്‍ ശവമടക്ക് ആയിരുന്നു നടത്തിയിരുന്നത്. വൈരാഗികള്‍ പൊതുവെ അംഗീകരിച്ചിരുന്ന രീതിയാണിത്. ഇതും ബ്രാഹ്മണാനിഷ്ഠാനത്തിന് എതിരായിരുന്നു. സാമൂഹിക നിലപാടുകളില്‍ അവര്‍ പുലര്‍ത്തിയിരുന്ന ഉദാരത അവര്‍ക്ക് കീഴ്ജാതിക്കാരുടെ പിന്തുണ ലഭിക്കന്‍ കാരണമായി. ഇങ്ങനെയൊക്കെ ആണെങ്കിലും കാലക്രമേണ ലിംഗായതന്മാര്‍ തന്നെ സ്വയം ഒരു ജാതിയായി പരിണമിക്കുകയും ചെയ്തു.
ചിത്രം 1: കര്‍ണാടകയിലെ ബീദാര്‍ ജില്ലയിലെ ബസവകല്യാണിലുള്ള 33 മീറ്റര്‍ ഉയരമുള്ള ബസവേശ്വര പ്രതിമ
ചിത്രം 2: ലിംഗായതന്മാര്‍ ധരിക്കുന്ന ശിവലിംഗം വഹിക്കുന്ന രുദ്രാക്ഷമാല
ചിത്രം 3: ബസവേശ്വര സമാധി ഉള്‍ക്കൊള്ളുന്ന കുടലസംഗമ ക്ഷേത്രം (ബാഗല്‍ക്കോട്ട് ജില്ല, കര്‍ണാടക)