മക്ക, മദീന പുണ്യനഗരങ്ങളെ തുർക്കിയിലെ ഇസ്തംബൂളുമായി ബന്ധിപ്പിക്കുന്ന ചരിത്ര പ്രാധാന്യമുള്ള 2241 കി.മീറ്റർ റെയിൽവേ പദ്ധതി പുരാതന കാലത്ത് ഇസ്ലാമിക ലോകത്തിലെ ഏറ്റവും വലിയ വഖ്ഫ് സ്വത്തായിരുന്നു. 1908-ൽ ഉസ്മാനിയാ ഭരണകാലത്ത് ആണ് ഈ പാതയിലൂടെ ട്രെയിൻ ഓട്ടം തുടങ്ങിയത്.ഉസ്മാനിയാ ഭരണകാലത്ത് നിർമിച്ച പൗരാണിക ഹിജാസ് റെയിൽവേ ഒന്നാം ലോകയുദ്ധകാലത്താണ് കുത്സിത ശ്രമഫലമായി തകർക്കപ്പെട്ടത്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയിൽവേ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ നഗരങ്ങളിലൂടെ കടന്ന് ജോർദാനിലേക്ക് പ്രവേശിക്കും. ജോർദാനിൽ നിന്നും വടക്കൻ അതിർത്തിയിലൂടെ സൌദി അറേബ്യയിൽ പ്രവേശിക്കുന്ന റെയിൽവേ മദായിൻ സാലിഹിലൂടെയാണ് മദീനയിലെത്തുന്നത്. വളരെ ചുരുക്കിപ്പറഞ്ഞാല്, ഒന്നാം ലോകമഹായുദ്ധത്തില് തുര്ക്കി ബ്രിട്ടന്റെ ശത്രുപക്ഷത്തായിരുന്നു. അറേബ്യയുടെ നല്ലപങ്കും അന്ന് തുര്ക്കികളുടെ കൈവശമാണ്. യുദ്ധം മൂത്തപ്പോള്, യുദ്ധതന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടന് സര് ആര്തര് ഹെന്റി മക്മഹോന് എന്ന നയതന്ത്രജ്ഞനെ (ഇന്ത്യാ-തിബത്ത് അതിര്ത്തിക്ക് ‘മക്മഹോന് രേഖ’ എന്ന പേരുണ്ടായതിന് കാരണക്കാരന്) ഇന്ത്യയില്നിന്നു വരുത്തി, മക്കയിലെ ഷാരിഫ് ഹുസൈന് രാജാവുമായി ധാരണ നിര്മ്മിച്ച് അദ്ദേഹത്തെക്കൊണ്ട് തുര്ക്കികള്ക്കെതിരെ അറബ് വിപ്ലവം പ്രഖ്യാപിപ്പിച്ചു. മക്കയിലും മദീനയിലും കണ്ണുവച്ചിരുന്ന സൗദ് രാജാവ് അബ്ദുല് അസീസ് താന് പിന്തള്ളപ്പെടുന്നത് ക്ഷമാപൂര്വ്വം കണ്ടിരുന്നു. അദ്ദേഹവും തുര്ക്കികളുടെ ശത്രുവായിരുന്നു. പക്ഷേ, ധനസഹായമര്ഹിക്കുന്ന ഔദ്യോഗിക ശത്രുവായി ബ്രിട്ടന് തിരഞ്ഞെടുത്തത് ഷാരിഫിനെയായിരുന്നു-ഒറ്റക്കാരണത്താല്: വിശുദ്ധ മക്ക ഷാരിഫിന്റെ കൈവശമായിരുന്നു. അദ്ദേഹമായിരുന്നു വിശുദ്ധ മക്കയുടെ എമീര്.
അറേബ്യന് യുദ്ധതന്ത്രങ്ങള് വിരചിക്കാനെത്തിയ ടി.ഇ. ലോറന്സ് എന്ന ‘ ലോറന്സ് ഓഫ് അറേബ്യ’യ്ക്ക് അബ്ദുല് അസീസിനെപ്പറ്റി വലിയ മതിപ്പില്ലായിരുന്നു- എന്തൊരു ചരിത്രപരമായ ഹ്രസ്വവീക്ഷണം! ഏതായാലും ലോറന്സ് ബ്രിട്ടീഷ് സര്ക്കാരിനോട് പറഞ്ഞു: അറേബ്യ നബിയുടെ നാടാണ്. ഇവിടെ ബ്രിട്ടീഷ് പട്ടാളത്തിനു സ്ഥാനമില്ല. തുര്ക്കികള്ക്കെതിരായ യുദ്ധം അറബികള്തന്നെ നടത്തണം. (എന്നാല് അതിനെ ലോറന്സ് എന്ന ബ്രിട്ടീഷുകാരന് നയിക്കും എന്നുമാത്രം പറഞ്ഞില്ല).
തുര്ക്കിപ്പട ഹിജാസ് റയില്വേ വഴി വന്നെത്തി മദീനയില് തമ്പടിച്ച് അറബ് വിപ്ലവം തകര്ക്കാന് തയ്യാറെടുക്കുകയാണ്. ഇനിയാണ് ‘ലോറന്സ് ഓഫ് അറേബ്യ’ യുടെ തിരക്കഥയുടെ ഒറിജിനലിനെ ചരിത്രത്തിന്റെ വിരലുകള് എഴുതുന്നത്.
1917-ലെ ചൂടുകാലത്ത് ക്യാപ്റ്റന് ലോറന്സ് വെറും മുപ്പതോളം ബദു ഒട്ടകപ്പടയാളികളുമായി വടക്കന് ഹിജാസിലെ ഒളിയിടത്തില്നിന്നു പുറപ്പെടുന്നു. ഒരു ഗറില്ലാ ആക്ഷനിലൂടെ ലോറന്സും സംഘവും ഹിജാസ് തീവണ്ടിപ്പാതയ്ക്കു പലയിടത്തു ഡൈനാമിറ്റ് വയ്ക്കുന്നു. തുര്ക്കിപ്പട മദീനയില് കുടുങ്ങുന്നു. ലോറന്സും അറബിപ്പട്ടാളവും ജോര്ദാനു നേരെ പാഞ്ഞു തന്ത്രപ്രധാനമായ അഖ്ബ മുനമ്പ് പിടിക്കുന്നു. മദീനയിലെ തുര്ക്കിപ്പട്ടാളം നിസ്സഹായരായി നോക്കിനില്ക്കെ അറബിപ്പട അഖ്ബയിലൂടെ ഫലസ്തീന് വഴി സറിയയിലെത്തി ഡമസ്കസ് പിടിക്കുന്നു. ഇടിമിന്നല് പരിപാടി. തുര്ക്കികളുടെ അറേബ്യന് സാമ്രാജ്യം അസ്തമിക്കുന്നു. ലോറന്സ് എന്തുകൊണ്ട് അബ്ദുല് അസീസിനെ പിന്തുണച്ചില്ല എന്നതിന്റെ ചര്ച്ചകള് ഇന്നും അവസാനിച്ചിട്ടില്ല. ചരിത്രത്തിലുടനീളം കാണുന്ന ശരാശരി ധാരണപ്പിശകുകളിലൊന്ന് എന്നുമാത്രം കരുതിയാല് മതി.
മദായിന് സാലിഹിന്റെ ഒരു വിദൂര കോണില് നമുക്കു റയില്വേ സ്റ്റേഷന് കാണാം. ഇവിടെ അതിന്റെ നല്ലകാലത്ത് യാത്രക്കാര്ക്കുള്ള താമസസ്ഥലങ്ങളും എന്ജിന് റിപ്പയര് ശാലകളും, വര്ക്ക്ഷോപ്പുടമകളുമടക്കം 16 കെട്ടിടങ്ങളും ജലസംഭരണികളും ഉണ്ടായിരുന്നു. ഇന്ന് ചില കെട്ടിടങ്ങള് ബാക്കിനില്പുണ്ട്. കംപാര്ട്ട്മെന്റുകളും എന്ജിനുകളും മണലില് പാതി മൂടിക്കിടക്കുന്നു. തകര്ന്ന റയിലുകള്. റിപ്പയര് യാര്ഡില് ഒരു എന്ജിന് അങ്ങനെ തന്നെ നില്പുണ്ട്. മദായിന് സാലിഹിലെ പ്രേതകുടീരങ്ങള്പോലെതന്നെ മറ്റൊരു മൃതസാമ്രാജ്യം.
മഹത്തായ ഒരു തീവണ്ടിപ്പാത മരിച്ചു. പക്ഷേ, ക്യാപ്ടന് ടി.ഇ. ലോറന്സ്, ‘ലോറന്സ് ഓഫ് അറേബ്യ’ എന്ന മാന്ത്രികനാമമായി മാറി. അദ്ദേഹത്തിന്റെ അറേബ്യന് യുദ്ധചരിത്രം ഒരു ബെസ്റ്റ് സെല്ലറായി. ഹോളിവുഡ് അതിനെ ഒരു ആഗോളഹിറ്റ് ഫിലിം ആക്കി മാറ്റി.
സാഹസികരായ പാശ്ചാത്യ വിനോദസഞ്ചാരികള് പ്രത്യേക അനുവാദത്തോടെ ഹിജാസ് റയില്വേയുടെ മണല്മൂടിയ പാതയിലൂടെ ട്രെക്ക് ചെയ്തു പോകാറുണ്ടത്രേ.മദീനയിലെ പൗരാണിക റെയിൽവേ സ്റ്റേഷൻ ചരിത്ര സൂക്ഷിപ്പുകളുടെ ഭാഗമായി ഹിജാസ് റെയിൽവേ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. എട്ട് വർഷമെടുത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ പൂർത്തിയാക്കിയ റെയിൽവേയുടെ പല ഭാഗങ്ങളും ഇപ്പോൾ പ്രവർത്തനക്ഷമമാണ്. അതിനാൽ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ഈ റെയിൽവേ പുനർനിർമിക്കാൻ തുർക്കി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 1954-ലും 1965-ലും റെയിൽവേ പുനർ നിർമാണത്തെക്കുറിച്ച് ആലോചന നടന്നിരുന്നെങ്കിലും പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ല.2008-ല് സിറിയ ഹിജാസ് റെയില്വേയുടെ നൂറാം വാര്ഷികം ആഘോഷിച്ചിരുന്നു.