ജൂതന്മാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ജൂതപ്രശ്നത്തിന്റെ പരിഹാരത്തിനായി, രണ്ടാം ലോകമഹായുദ്ധകാലത്ത് ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള ജർമനിയുടെ പദ്ധതിയാണ് അന്തിമപരിഹാരം (Final Solution) എന്ന് അറിയപ്പെടുന്നത്. 1942 -ൽ ബെർളിന് അടുത്തു നടന്ന വാൻസീ കോൺഫറൻസിൽ വ്യക്തവും കൃത്യവുമായ പദ്ധതികളോടെ ജർമൻ അധിനിവേശയൂറോപ്പിലെങ്ങുമുള്ള ജൂതന്മാരെ വംശഹത്യ ചെയ്യുവാനുള്ള മാർഗനിർദ്ദേശങ്ങൾ ഉണ്ടാക്കുകയുണ്ടായി.ഇതു പ്രകാരം ഉണ്ടായ ഹോളോകോസ്റ്റിൽ പോളണ്ടിലെ 90 ശതമാനം ജൂതന്മാരെയും കൊന്നൊടുക്കി.കൂടാതെ യൂറോപ്പിലെ ജൂതജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗം പേരെയും കൂട്ടക്കൊല ചെയ്തു.
അന്തിമപരിഹാരം നടത്തുന്നതിനു വേണ്ടിയുള്ള ചർച്ചകളും തയ്യാറെടുപ്പുകളും കൃത്യമായ മാർഗനിർദ്ദേശങ്ങളും ഹോളോകോസ്റ്റിലെ മറ്റെല്ലാ സംഭവങ്ങളെക്കാളും വ്യക്തമായിരുന്നു. യുദ്ധത്തിന്റെ ആദ്യ 25 മാസങ്ങളിൽ ജർമനിയുടെ സ്വാധീനത്തിലുള്ള യൂറോപ്പിലെ അവസാനത്തെ ജൂതനെപ്പോലും കൊല്ലുക എന്ന ലക്ഷ്യം സ്വാംശീകരിക്കാനാണ് ഇത് തുടങ്ങിയത്. ഏതെങ്കിലും ഒറ്റ സംഭവത്തിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്തിമപരിഹാരത്തിനുള്ള ശ്രമം തുടങ്ങിയതെന്ന് പ്രമുഖചരിത്രകാരന്മാർ പറയുന്നുണ്ട്.വളരെ ദീർഘിച്ച ഈ പ്രവൃത്തി നടപ്പാക്കാനുള്ള തീരുമാനം സമയമെടുത്ത് ശ്രദ്ധയോടെ ഉണ്ടാക്കിയതും നാൾതോറും തീവ്രത കൂട്ടിക്കൂട്ടി കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയും ഉണ്ടാക്കിയതുമാണ്. കൂട്ടക്കൊലയുടെ ആദ്യഘട്ടങ്ങളിൽ യാത്രചെയ്ത കൂട്ടക്കൊല സംഘങ്ങൾ കയ്യേറിയ പ്രദേശങ്ങളിലെ ജൂതന്മാരെ അവിടെച്ചെന്ന് കൊന്നപ്പോൾ, രണ്ടാം ഘട്ടമായപ്പോഴേക്കും ഇരകളെ ഈ ആവശ്യത്തിനായി പ്രത്യേകം തയ്യാറാക്കിയ കൂട്ടക്കൊലാകേന്ദ്രങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ചെയ്തത്.
ജൂതന്മരെ കൂട്ടക്കൊല ചെയ്യണമെന്ന ഭീകരവാക്കിനു പകരമായി ഉപയോഗിക്കാനുള്ള ലളിതപദമായാണ് അന്തിമപരിഹാരം എന്ന വാക്ക് ജർമനിയിലെ രാഷ്ട്രീയനേതൃത്ത്വം ഉപയോഗിച്ചു വന്നത്, ഇക്കാര്യം ചർച്ച ചെയ്യുമ്പോഴെല്ലാം അവർ അതീവശ്രദ്ധാലുക്കളും ആയിരുന്നു. ഭീകരപ്രവൃത്തികളെപ്പറ്റി പറയാനെല്ലാം അവർ പകരമായി ഇത്തരം പദങ്ങൾ ഉപയോഗിച്ചിരുന്നു.1933 മുതൽ യുദ്ധം തുടങ്ങുന്നതുവരെ ജൂതരെ ഭയപ്പെടുത്തലും അവരുടെ സമ്പത്ത് കൈക്കലാക്കലും അവരെ മറ്റു രാജ്യങ്ങളിലേക്ക് പോകാനും ഒക്കെ പ്രേരിപ്പിക്കലായിരുന്നു നാസികളുടെ രീതി. എന്നാൽ 1938 -ൽ ആസ്ട്രിയ കീഴടക്കിയതോടെ വിയന്നയിലും ബെർളിനിലും ജൂതകുടിയേറ്റത്തിനെന്നപോലെ പ്രത്യേക കുടിയേറ്റകാര്യാലയങ്ങൾ ഉണ്ടാക്കിയെങ്കിലും അവയുടെ പിന്നിൽ വരാൻ പോകുന്ന കൂട്ടക്കൊലയ്ക്കുള്ള പദ്ധതികളായിരുന്നു.യുദ്ധം തുടങ്ങിയതും പോളണ്ടിൽ കടന്നുകയറിയതും പോളണ്ടിലെ 35 ലക്ഷം വരുന്ന ജൂതജനതയെ നാസികളുടെ കീഴിലാക്കുകയും മുൻപെങ്ങുമില്ലാത്തവണ്ണമുള്ള കൂട്ടക്കൊലയടക്കമുള്ള ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ജർമനിയുടെ അധിനിവേശത്തിലുള്ള പോളണ്ടിൽ ജൂതന്മാരെ മറ്റു പദ്ധതികൾ ആവിഷ്കരിക്കുന്നതുവരെ പ്രത്യേകം നിർമ്മിച്ച ഗെറ്റോകളിലേക്ക് നിർബന്ധിതമായി മാറ്റിപ്പാർപ്പിച്ചു.1941 ജൂണിലെ ജർമനിയുടെ റഷ്യൻ ആക്രമണത്തോടെ നിർബന്ധിതമായി ജൂതന്മാരെ മറ്റിപ്പാർപ്പിക്കുന്ന രീതിയിൽ നിന്നു ജൂതരെ കൊന്നൊടുക്കാൻ തീരുമാനിച്ചു. ഹിംലർ അയിരുന്നു ഈ പദ്ധതിയുടെ മുഖ്യശിൽപ്പി. ഈ പദ്ധതിയെയാണ് അന്തിമപരിഹരം എന്നു വിശേഷിപ്പിക്കുന്നത്. ഈ ലക്ഷ്യം നേടാൻ ആവശ്യമായ പദ്ധതികളുടെ കൃത്യമായ രൂപരേഖകൾ സമർപ്പിക്കാൻ ഗോറിംഗ്, ഹിംലറുടെ കീഴുദ്യോഗസ്ഥനായ ഹെയ്‌ഡ്രിക്കിനോട് ആവശ്യപ്പെട്ടു.
കൃത്യമായി പറഞ്ഞാൽ ജൂതന്മാരെ കൊന്നൊടുക്കിയത് രണ്ട് പ്രധാനരീതികളിലാണ്. 1941 -ൽ ജർമനി, സോവിയറ്റു യൂണിയൻ ആക്രമിക്കാൻ തുടങ്ങിയപ്പോൾ സോവിയറ്റു യൂണിയന്റെ കൈവശമുള്ള പോളണ്ടിലെയും സോവിയറ്റിലെ മറ്റു കിഴക്കൻ റിപ്പബ്ലിക്കിലെയും ജൂതന്മാരെ മുഴുവൻ കൊന്നൊടുക്കാനായി എസ് എസ്സിന്റെയും ഒർപ്പോയുടെയും സഞ്ചരിക്കുന്ന കൂട്ടക്കൊലസംഘങ്ങളെ അയയ്ക്കുകയായിരുന്നു. യുദ്ധാരംഭത്തിൽ പിന്തിരിഞ്ഞോടിയ ചെമ്പടയുടെ പിന്നാലെ വച്ചുപിടിച്ച ജർമൻ സേനയുടെ കൂടെ 1941 ജൂലൈയിൽ ഹിംലർ തന്നെ ബിയാൽസ്റ്റോക്കിൽ എത്തുകയും ജൂതനാണോ, എങ്കിൽ അയാൾ എതിരാളിയാണ്, അവരെ തീർക്കുക എന്ന നിർദ്ദേശം കൊടുക്കുകയുമുണ്ടായി. എസ് എസ്സിനും പോലീസുകാർക്കും കൂട്ടക്കൊലയ്ക്കുള്ള അനുമതിയായിരുന്നു ഇത്. 1941 ആയപ്പോഴേക്കും ജൂതന്മാരിലെ എല്ലാ ആണുങ്ങളെയും പെണ്ണുങ്ങളെയും കുട്ടികളെയും കൊന്നുതീർത്തിരുന്നു. കൂട്ടക്കൊലയുടെ രണ്ടാം ഘട്ടത്തിൽ പശ്ചിമ, മധ്യ, തെക്കു-കിഴക്കൻ യൂറോപ്പുകളിൽ നിന്നെല്ലാം ജൂതന്മാരെ തീവണ്ടിമാർഗ്ഗം കൊലക്കളങ്ങളുള്ള ക്യാമ്പുകളിൽ എത്തിച്ചു കൂട്ടക്കൊല ചെയ്തു. റൗൽ ഹിൽബേർഗ് ഇങ്ങനെ എഴുതുന്നു: സോവിയറ്റു കീഴടക്കാൻ പോയപ്പോൾ കൊലയാളികൾ ജൂതരുടെ പിന്നാലെ പോയപ്പോൾ അതിനു പുറത്തെ ഇടങ്ങളിൽ ജൂതരെ കൊലയാളികളുടെ അടുത്തേക്കു കൊണ്ടുവരികയാണു ചെയ്തത്. രണ്ടു സമയബദ്ധിതമായാണ് പദ്ധതിയിട്ടതെങ്കിലും ഗഹനവും ആയിരുന്നു.1942 -ൽ അന്തിമപരിഹാരം പൂർണ്ണമായി നടപ്പിലാക്കാനുള്ള തീരുമാനം എടുക്കുന്നതിനു മുൻപുതന്നെ പത്തു ലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്തുകഴിഞ്ഞിരുന്നു. എന്നാൽ ആ തീരുമാനത്തോടെ മാത്രമാണ് ജുതജനങ്ങളെ മുഴുവൻ ഇല്ലായ്മ ചെയ്യാനായി കൊലക്കളങ്ങളായ ഓഷ്‌വിറ്റ്സ്, ട്രെബ്ലിങ്ക എന്നിവിടങ്ങളിൽ സ്ഥിരമായ ഗ്യാസ് ചേമ്പറുകൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ജൂതന്മാരെ ഇല്ലായ്മ ചെയ്യണം എന്ന കാര്യം നടപ്പിൽ വരുത്താനായി ഉണ്ടാക്കിയത്.