ഇങ്ങരികിൽ ആരുമറിയാതെ ചരിത്രാതീത കാലത്തെ തിരുശേഷിപ്പുകൾ മണ്ണോട് ചേർന്ന് അനാഥമായിഒരു കോട്ടയുണ്ട്
പട്ടാമ്പിയിൽ നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോവുന്ന റോഡിൽ ചൂരക്കോട് എന്ന സ്ഥലത്തെ പാലം ബസ്‌സ്റ്റോപ്പിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്ത് കാടിനകത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്
കൂടുതൽ ആരും അറിയാതെ പോയ ഈ കോട്ട ഇന്ന് നശിച്ചു മണ്ണോട് ചേരുകയാണെത്രെ*
അതെ ചരിത്രാന്വേഷികളെ കാത്ത് പട്ടാമ്പി ” ഓങ്ങല്ലൂരിലെ രാമഗിരി കോട്ട ”
ടിപ്പുവിന്റെ വീര ചരിത്രം ഉറങ്ങുന്ന മണ്ണിനെ പറ്റി ഇവിടെ വായിക്കാം
==============================
കൂടുതലാരുമറിയാതെ ചരിത്ര താളുകളിൽ മണ്ണ് പറ്റി കിടക്കുന്ന ഓങ്ങല്ലൂരിലെ രാമഗിരി കോട്ട ഇവിടെ ചരിത്രം ആരും തിരിഞ്ഞുനോക്കാനില്ലാതെ മണ്ണോട് ചേരുകയാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുൾപ്പെട്ട ഓങ്ങല്ലൂർ പഞ്ചായത്തിലെ ചൂരക്കോട് എന്ന സ്ഥലത്തെ രാമഗിരി കാടുകളിലെ (ഓങ്ങല്ലൂർ മേടുകളിൽ ഉൾപ്പെട്ടതാണ് ഈ കാട് ) ഒരു മലമുകളിൽ സ്ഥിതി ചെയ്യുന്ന മൈസൂർ കോട്ടയാണ് രാമഗിരി കോട്ട. (ഇതേ പേരിൽ ഇന്ത്യയിൽ മറ്റൊരു പ്രശസ്തമായ കോട്ട കൂടിയുണ്ട്. അത് തെലങ്കാന സംസ്ഥാനത്തെ കരിംനഗർ ജില്ലയാണുളളത്. പട്ടാമ്പിയിലെ രാമഗിരി കോട്ടയെ പറ്റി ഇന്റർനെറ്റിൽ തിരഞ്ഞാൽ തെലങ്കാനയിലെ രാമഗിരി കോട്ടയെ കുറിച്ചുളള വിവരങ്ങളാണ് കൂടുതലും ലഭിക്കുക).
പാലക്കാടുളള പ്രസിദ്ദമായ മൈസൂർ കോട്ടയുടെ ( പാലക്കാട് കോട്ട ) സംരക്ഷണത്തിന് വേണ്ടിയാണ് മലബാറിലെ മൈസൂർ ഭരണകാലത്ത് ഈ കോട്ട നിർമ്മിക്കപ്പെട്ടതെത്രെ
ഒരുകാലത്ത് വളരെ തന്ത്രപ്രധാനമായിരുന്ന ഈ കോട്ട ഇന്ന് തകർന്നടിഞ്ഞ നിലയിലാണുളളത്. രാമഗിരി കാടുകളിലെ ഉയരംകൂടിയ ഒരു കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്നതിനാലാണ് ഈ കോട്ടക്ക് രാമഗിരി കോട്ട എന്ന പേരു വന്നത്. മൈസൂർ ഭരണകാലത്ത് ഈ കോട്ട ഏതുപേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് അജ്ഞാതമാണ്. പാലക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിൽ വരുന്ന പട്ടാമ്പി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന്റെ പരിധിയിലാണ് ഈ കോട്ട നിലകൊളളുന്ന രാമഗിരികാടുളളത്.
മലബാറിലെ മൈസൂർ കോട്ടകളിൽ പാലക്കാട് കോട്ടപോലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ ഒരിടമായിരുന്നു രാമഗിരിക്കോട്ടയും. ബ്രിട്ടീഷുകാർക്ക് ആദ്യകാലങ്ങളിൽ പാലക്കാട് കോട്ട കീഴടക്കാൻ കഴിയാതെ പോയത് അവർ റംഗേരി ഫോർട്ട് എന്നും മംഗേരി ഫോർട്ട് എന്നുമൊക്കെ വിളിച്ചിരുന്ന ഈ രാമഗിരി കോട്ട കാരണമായിരുന്നു. *പട്ടാമ്പിയിൽ നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോവുന്ന റോഡിൽ ചൂരക്കോട് എന്ന സ്ഥലത്തെ പാലം ബസ്‌സ്റ്റോപ്പിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്ത് കാടിനകത്താണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്* കൂടുതൽ ആരും അറിയാതെ പോയ ഈ കോട്ട ഇന്ന് നശിച്ചു മണ്ണോട് ചേരുകയാണെത്രെ
ഹൈദരലി പാലക്കാട് നിർമ്മിച്ച പ്രസിദ്ദമായ മൈസൂർ കോട്ടയുടെ ( ടിപ്പുകോട്ട / പാലക്കാട് കോട്ട ) സംരക്ഷണത്തിനു വേണ്ടിയായിരുന്നു വളരേയേറെ തന്ത്രപ്രധാനമായ രാമഗിരി കോട്ട മൈസൂർ ഭരണാധികാരികൾ പണിതത്. പാലക്കാട് കോട്ടയിലേക്കുളള പ്രധാന വഴിയിൽ നിന്നും അധികദൂരത്തല്ലാതെ സ്ഥിതിചെയ്തിരുന്നത് കൊണ്ട് തന്നെ പാലക്കാട് കോട്ടക്ക് നേരേയുളള (പ്രധാനമായും ബ്രിട്ടീഷുകാരുടെ മലബാറിലെ മുഖ്യ സൈനിക കേന്ദ്രമായിരുന്ന തലശ്ശേരി കമ്പനി ആസ്ഥാനത്തു നിന്നുളളതടക്കം) ഏതാക്രമണവും രാമഗിരി കോട്ടയിൽ നിന്ന് നിഷ്പ്രയാസം ചെറുത്ത് തോൽപ്പിക്കാൻ സാധിക്കുമായിരുന്നു.
ഈ കോട്ടയുടെ നിർമ്മാണകാലം അജ്ഞാതമാണെങ്കിലും 1770നും 1775നും ഇടയിലാണെന്ന് കരുതുന്നു. എ ഡി 1782ൽ തിരൂരങ്ങാടിയിൽ വെച്ച് മൈസൂർ സേനാധിപനായിരുന്ന മഖ്ദൂം അലിയുടെ നേതൃത്വത്തിലുളള മൈസൂർ സൈന്യവും ക്യാപ്റ്റൻ ഹംബർസ്റ്റണിന്റെ നായകത്വത്തിലുളള ബ്രിട്ടീഷ് പടയും ഏറ്റുമുട്ടുകയുണ്ടായി. ആ യുദ്ദത്തിൽ മഖ്ദൂം അലിയടക്കം മൈസൂർ സൈന്യത്തിലെ രണ്ടായിരത്തോളം സൈനികർ കൊല്ലപ്പെടുകയും മൈസൂർ സേന പരാജയപ്പെടുകയുമുണ്ടായി. അന്ന് അവശേഷിച്ച മൈസൂർ സൈന്യം രാമഗിരിക്കോട്ടയിലേക്ക് പിന്മാറുകയാണുണ്ടായത്.
1782ൽ ക്യാപ്റ്റൻ ഹംബർസ്റ്റണിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യം രാമഗിരിക്കോട്ടയും പാലക്കാട് കോട്ടയും ആക്രമിക്കാൻ വേണ്ടി ഭാരതപ്പുഴ വഴി പൊന്നാനിയിൽ നിന്ന് പുറപ്പെട്ടെങ്കിലും ശക്തമായ കൊടുങ്കാറ്റും മഴയും മൂലം അവർക്ക് ഏറെ നാശനഷ്ടങ്ങൾ സംഭവിക്കുകയും വഴിയിൽ പലയിടങ്ങളിൽ വെച്ചും മൈസൂർ സേനയുടെ ആക്രമണം നേരിടുകയുമുണ്ടായി. അന്ന് പട്ടാമ്പിക്കു സമീപം തൃത്താല വരെ ഹംബർസ്റ്റണും സൈന്യവും ഭാരതപ്പുഴയിലൂടെ എത്താനായെങ്കിലും പ്രകൃതിയുടേയും മൈസൂർ പടയുടേയും ആക്രമണത്തിൽ ഗതിമുട്ടിയ ബ്രിട്ടീഷ് പട പൊന്നാനിയിലേക്ക് തന്നെ തിരികെ പോയി അവിടുന്ന് കോഴിക്കോട്ടേക്ക് പിൻവലിയുകയാണുണ്ടായത്.
വീണ്ടും ക്യാപ്റ്റൻ ഹംബർസ്റ്റണിന്റെ നേതൃത്വത്തിൽ തന്നെ ബ്രിട്ടീഷ് സൈന്യം രാമഗിരി കോട്ടയിലേക്ക് മാർച്ചുനടത്തി. അത് 1782 നവംബർ 10നായിരുന്നു. പക്ഷെ വ്യക്തമായ വഴികൾ നിശ്ചയമില്ലാതിരുന്ന ഹംബർസ്റ്റൺ , വഴികാട്ടികളായ നായന്മാരെ പൂർണ്ണമായി വിശ്വസിക്കാനും തയ്യാറാകാതിരുന്ന അദ്ദേഹത്തിന് അടിയന്തിരമായി തീരദേശത്തേക്ക് (പൊന്നാനി അല്ലെങ്കിൽ കോഴിക്കോട് ) പിൻവാങ്ങാൻ ബോംബെ ആസ്ഥാനത്തു നിന്ന് അടിയന്തിര സന്ദേശം ലഭിച്ചു. അതുപ്രകാരം ബ്രിട്ടീഷ് പട പൊന്നാനിയിലേക്ക് തിരിച്ചു പോയി. ഇങ്ങിനെ നീങ്ങിയില്ലായിരുന്നുവെങ്കിൽ മൈസൂർ സൈന്യം ബ്രിട്ടീഷ് സേനയെ വളഞ്ഞതനുശേഷം തകർക്കുമെന്ന് ബോംബെ ആസ്ഥാനത്തിന് രഹസ്യവിവരം ലഭിച്ചതു പ്രകാരമായിരുന്നു ഹംബർസ്റ്റണ് അവർ അടിയന്തിര സന്ദേശം എത്തിച്ചത്. പാലക്കാടു നിന്ന് ഒരു വൻ മൈസൂർപട ഹംബർസ്റ്റണെ ലക്ഷ്യമാക്കി അതേ സമയം നീങ്ങുന്നുണ്ടായിരുന്നു. ഈ വിവരം ബോംബെ ഏജന്റുമാർക്ക് ലഭിച്ചിരുന്നു.
പിന്നീട് കേണൽ മക്‌ലിയോഡിന്റേയും ക്യാപ്റ്റൻ ഹംബർസ്റ്റണിന്റേയും നേതൃത്വത്തിൽ ബ്രിട്ടീഷ് സേന 1782 നവംബർ അവസാനത്തോടെ രാമഗിരി കോട്ട ഘോരമായ ഒരു യുദ്ദത്തിലൂടെ കീഴടക്കുകയുണ്ടായി. എന്നാൽ 1782 ഡിസംബർ ആദ്യത്തോടെ ടിപ്പുവും സൈന്യവും മലബാർ ഉപേക്ഷിച്ച് , വളരെ ചെറിയ സേനയെ ഇവിടെ നിറുത്തി മൈസൂരിലേക്ക് പിൻവാങ്ങുകയാണുണ്ടായത്. അതിനുകാരണം 1782 ഡിസംബർ 7ന് ഹൈദരലി മരണപ്പെട്ടു എന്ന വിവരം ടിപ്പുവിന് ലഭിക്കുകയും കിരീടധാരണത്തിനായി അദ്ദേഹം ശ്രീരംഗപട്ടണത്തേക്ക് തിരികെ പോവുകയുമായിരുന്നു.
ഇതിനിടെ കേണൽ ഫുളളർട്ടന്റെ നായകത്വത്തിൽ ബ്രിട്ടീഷ് പട ഡിണ്ടിഗലിൽ നിന്ന് ധാരാപുരം വഴി പാലക്കാട് ചുരം കടന്ന് നവംബർ 14ന് പാലക്കാട് കോട്ടയും പിടിച്ചടക്കി കഴിഞ്ഞിരുന്നു. എന്നാൽ ഒരുവർഷത്തിനകം തന്നെ ടിപ്പു മലബാറിലേക്ക് തിരികെ വരുകയും നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ച് പിടിക്കുകയുമുണ്ടായി. അങ്ങിനെ പാലക്കാട് കോട്ടയും അതിന്റെ ഉപകോട്ടയായ രാമഗിരി കോട്ടയും മൈസൂർ ഭരണത്തിൽ വീണ്ടും വന്നു.
1790 അവസാനത്തോടെ ബ്രിട്ടീഷുകാർ കേണൽ സ്റ്റുവർട്ടിന്റെ നേതൃത്വത്തിൽ രാമഗിരിക്കോട്ടയും പാലക്കാട് കോട്ടയും തിരികെ പിടിക്കുകയും 1792ൽ ടിപ്പുവിന്റെ അധീനതയിലുണ്ടായിരുന്ന മലബാർ പ്രദേശങ്ങൾ പൂർണ്ണമായും ബ്രിട്ടീഷ് ഭരണത്തിലാവുകയും ചെയ്തു.
1790ലെ അവസാന യുദ്ദത്തിൽ രാമഗിരി കോട്ടയുടെ മേധാവി (കിലേദാർ) യടക്കം മൈസൂർ സേനയിലെ നിരവധിപേർ കൊല്ലപ്പെടുകയും ആയിരത്തോളം മൈസൂർ സൈനികർക്ക് പരിക്ക് പറ്റുകയുമുണ്ടായി. അന്ന് പരിക്കു പറ്റി അവശരായ ടിപ്പുവിന്റെ സൈന്യത്തിലെ കുറേ പേരും അവരുടെ കുടുംബാംഗങ്ങളും രാമഗിരിക്കോട്ടക്ക് സമീപം മരുതൂരിൽ സ്ഥിരതാമസമാക്കി.
അവരുടെ പിൻതലമുറക്കാരാണ് ഇന്നും അവിടെ വസിച്ച് വരുന്ന റാവുത്തന്മാർ അഥവാ ദഖ്നി മുസ്ലിംകൾ. അക്കാലത്ത് അവരുടെ കഷ്ടപ്പാടുകൾ കണ്ട്, അവരെ സഹായിക്കാൻ വന്ന ആലൂർ തങ്ങളുടെ ഓർമ്മ നിലനിറുത്താനായാണ് അദ്ദേഹത്തിന്റെ മരണശേഷം ദഖ്നികൾ പ്രസിദ്ദമായ പട്ടാമ്പി നേർച്ച ആഘോഷിച്ച് തുടങ്ങിയത്.1792ൽ മലബാർ പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിൽ വന്ന ശേഷം 1850കൾ വരെ അവർ പാലക്കാട് കോട്ടയും രാമഗിരി കോട്ടയും മലബാറിലെ തങ്ങളുടെ സുശക്തമായ പ്രതിരോധ കേന്ദ്രങ്ങളായി സംരക്ഷിച്ചു പോന്നു.
1850ന് ശേഷം അവർ രാമഗിരി കോട്ട പാടെ ഉപേക്ഷിക്കുകയും പാലക്കാട് കോട്ട സൈനിക താവളം എന്നതിൽ നിന്ന് ഗവൺമന്റ് ഓഫീസാക്കി മാറ്റുകയുമുണ്ടായി. ബ്രിട്ടീഷ് പട്ടാളം പാതി തകർത്ത് പോയ രാമഗിരി കോട്ട പിന്നീട് നാട്ടുകാരിൽ ചിലർ വീട് വെക്കാനും മതിൽ പണിയാനുമായി കോട്ടമതിലിലെ കല്ലുകൾ ഇളക്കിയെടുത്ത് കൊണ്ടുപോയി.
ഇന്ന് കോട്ടയുടേതായി അവശേഷിക്കുന്നത് കോട്ടമതിലിന്റെ അടിത്തറയുടെ ഭാഗങ്ങളും മിക്കവാറും തൂർന്ന് പോയ മൂന്ന് കിണറുകളും ഒരു വലിയ കിണറും വെളളമുളള ഒരു കുളവും കോട്ടയിലേക്കുളള ചുരം റോഡിന്റെ ഭാഗങ്ങളും 1790ൽ നടന്ന അവസാന യുദ്ദത്തിൽ കൊല്ലപ്പെട്ട മൈസൂർ സേനാനായകനുൾപ്പടെ, മൈസൂർ സേനാംഗങ്ങളെ കൂട്ടമായി അടക്കം ചെയ്ത ഖബറും മൈസൂർ ഭരണകാലത്ത് കാർഷികാവശ്യങ്ങൾക്കായി വെട്ടിയ സുൽത്താൻ കനാലിന്റെ / ടിപ്പൂസ് കനാലിന്റെ ( ഈ തോട് രാമഗിരി കോട്ടയിൽ നിന്നാരംഭിച്ച് ഓങ്ങല്ലൂർ വയൽ നിലങ്ങളിലൂടെ ഒഴുകി പാമ്പാടി വയൽ നിലങ്ങളിലൂടെ കടന്ന് പോയി കൊണ്ടൂർക്കര-കിഴായൂർ നമ്പ്രത്ത് വെച്ച് ഭാരതപ്പുഴയിൽ ചെന്ന് ചേരുന്നു ) ഭാഗങ്ങളും ഇവിടെയെത്തിയാൽ കാണാം.
http://www.pareparambil.in/ramagiri-fort-ongallur/