1977ലാണ് ഒരു പ്രത്യേകസമയത്തേക്ക് നിശ്ചിത ഫ്രീക്വൻസിയിലുള്ള ആ റേഡിയോ സിഗ്നൽ ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്കെത്തിയത്. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിഗ് ഇയർ റേഡിയോ ടെലസ്കോപ് അത് കൃത്യമായി പിടിച്ചെടുക്കുകയും ചെയ്തു. കംപ്യൂട്ടർ സഹായത്താൽ വിശകലനം ചെയ്തപ്പോൾ ആ സിഗ്നലിൽ നിന്ന് ഒന്നു വ്യക്തമായി– ഇന്നേവരെ വന്ന റേഡിയോ സിഗ്നലുകളിൽ നിന്നു വ്യത്യസ്തമാണിത്. സാധാരണ സിഗ്നലുകൾക്കില്ലാത്ത വിധം ‘നോയിസി’്ൽ ഏറ്റക്കുറച്ചിലുകൾ. മനുഷ്യന് ഇത്തരത്തിലൊന്ന് അയയ്ക്കാനാവില്ലെന്നത് വ്യക്തമായ കാര്യം. ഈ കണ്ടെത്തലിന്റെ ആവേശത്തിൽ വാനശാസ്ത്രജ്ഞൻ ജെറി ആർ.എയ്മനാണ് സിഗ്നൽ വിശകലനം ചെയ്ത കടലാസിൽ Wow എന്ന് രേഖപ്പെടുത്തിയിട്ടത്. പിന്നീട് ലോകം അതിനെ വിളിച്ചതും ‘വൗവ്’ സിഗ്നൽ എന്നായിരുന്നു. ഈ സിഗ്നൽ എവിടെ നിന്നു വന്നു, ആരാണ് അയച്ചത് എന്നത് ഇപ്പോഴും വ്യക്തമല്ല. ഈ രഹസ്യത്തിന്റെ ചുരുളഴിച്ചതായി ഒട്ടേറെ വാദങ്ങളും വന്നു. എന്തുതന്നെയായാലും അതിരില്ലാ പ്രപഞ്ചക്കാഴ്ചകളിലേക്ക് പലവിധ ഉപകരണങ്ങൾ തിരിച്ചുവച്ചു കൊണ്ട് ശാസ്ത്രലോകം ശ്രദ്ധയോടെ ഇന്നും ഇരിപ്പുണ്ട്. ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്ക് ഏതെങ്കിലും സിഗ്നലുകൾ എത്തുന്നുണ്ടോ എന്നറിയുകയാണു ലക്ഷ്യം.
കൃത്യമായ ഇടവേളകളിൽ, ഭൂമിയിലുള്ളവർ ശ്രദ്ധിക്കണമെന്ന ലക്ഷ്യത്തോടെ, ഏതെങ്കിലും വിദൂരഗ്രഹത്തിൽ നിന്നോ നക്ഷത്രങ്ങളിൽ നിന്നോ റേഡിയോ തരംഗങ്ങൾ എത്തുന്നുണ്ടോ എന്നാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. അവയെ കണ്ടെത്തി വിശകലനം ചെയ്ത് അർഥം കണ്ടെത്താനുള്ള ശ്രമങ്ങളും തകൃതി. അതിനു വേണ്ടി സ്ഥാപിച്ചിട്ടുള്ള റേഡിയോ ടെലസ്കോപ്പുകളിൽ ഏറ്റവും വലുത് പ്യൂർട്ടോറിക്കയിലെ അരെസിബോയിലാണ്. ചൈനയിൽ ‘ഫാസ്റ്റ്’ (Five-hundred-meter Aperture Spherical radio Telescope) എന്ന പേരിൽ സ്ഥാപിച്ചിട്ടുള്ള റേഡിയോ സ്കോപ്പ് അരെസിബോയിലേതിനെക്കാളും വലുതാണെങ്കിലും പ്രവർത്തനക്ഷമായിട്ടില്ല.
അസാധാരണമായ വലുപ്പം കാരണം ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്കെത്തുന്ന സിഗ്നലുകളെ എളുപ്പം കണ്ടെത്തി ‘സ്റ്റോർ’ ചെയ്യാൻ അരെസിബോ ഒബ്സർവേറ്ററിക്ക് മിനിറ്റുകൾ കൊണ്ട് സാധിക്കും. ഇക്കഴിഞ്ഞ മേയ് 12നാണ് അത്തരം ചില സിഗ്നലുകൾ ഈ ഒബ്സർവേറ്ററിയിലേക്കെത്തിയത്. എവിടെ നിന്നാണിതിന്റെ വരവെന്നു മാത്രം വ്യക്തമായില്ല. ഭൂമിയിൽ നിന്ന് 11 പ്രകാശവർഷം മാത്രം അകലെയുള്ള റോസ് 128(Ross 128) എന്ന നക്ഷത്രമായിരിക്കാം സിഗ്നലിന്റെ ഉറവിടമെന്നാണ് കരുതുന്നത്. സൂര്യനെക്കാളും 2800 മടങ്ങ് മങ്ങിയിട്ടുള്ളതാണ് കുഞ്ഞൻ റോസ് 128 നക്ഷത്രം. പത്തുമിനിറ്റ് നേരത്തേക്കാണ് ഈ നക്ഷത്രത്തെ റേഡിയോ ടെലസ്കോപ്പിലൂടെ നിരീക്ഷിച്ചത്. ആ സമയത്തെല്ലാം പുലർച്ചെ 1.53ന് ഏകദേശം കൃത്യമായ ഇടവേളയിൽ സിഗ്നൽ വന്നുകൊണ്ടേയിരുന്നു. ഇത് പരിശോധിച്ചതിൽ നിന്നാണ് കൂടുതൽ അന്വേഷണം േവണമെന്ന നിഗമനത്തിലേക്ക് അസ്ട്രോണമി വിദഗ്ധർ എത്തിയത്.
‘ഒരുപക്ഷേ ആ സിഗ്നലുകൾക്ക് പിന്നിൽ അന്യഗ്രഹജീവികളാകാം...’ പ്യൂർട്ടോറിക്കോ സർവകലാശാലയിലെ അസ്ട്രോബയോളജിസ്റ്റ് ആബെൽ മെൻഡിസ് പറയുന്നു. അന്യഗ്രഹജീവികളെ തേടുന്ന ‘സേറ്റി’(Search for Extraterrestrial Intelligence) ഗ്രൂപ്പുകൾക്കും ഈ സിഗ്നൽ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ട്. സിഗ്നലുകൾ എവിടെ നിന്നാണെന്നതു സംബന്ധിച്ച മറ്റു സംശയങ്ങൾ ഇങ്ങനെ:1) ഒരുപക്ഷേ മനുഷ്യൻ അയച്ച സാറ്റലൈറ്റുകളൊന്നിൽ നിന്നായിരിക്കാം സിഗ്നലിന്റെ വരവ്. അത്തരം ഫ്രീക്വൻസിയിലുള്ള സിഗ്നലുകൾ സാറ്റലൈറ്റുകളിൽ നിന്ന് വരാറുമുണ്ട്. എന്നാൽ അരെസിബോയിൽ പിടിച്ചെടുത്തതിനു സമാനമായ രീതിയിലുള്ള ഇടവിട്ട സിഗ്നൽ വരവ് സാറ്റലൈറ്റുകളിൽ നിന്നുണ്ടാകാറില്ല. അതിനാൽത്തന്നെ ‘സവിശേഷ സിഗ്നൽ’ എന്നാണ് ഇതിനു നൽകിയിരിക്കുന്ന വിശേഷണവും!
2) അരെസിബോ ഒബ്സർവേറ്ററിയുടെ നിരീക്ഷണപരിധി അതീവ വിശാലമാണ്. ഒബ്സർവേറ്ററിക്കും റോസ് 128നും ഇടയിൽപ്പെട്ട എന്തുവേണമെങ്കിലും ഇത്തരം സിഗ്നൽപുറപ്പെടുവിക്കാം. സൂര്യനിൽ നിന്നു തന്നെ ഇത്തരത്തിൽ സൗരവാതം പുറപ്പെടാറുണ്ട്,. ഭൂമിയിലെ കമ്യൂണിക്കേഷൻ സംവിധാനങ്ങളെ വരെ തച്ചുതകർക്കാൻ ശേഷിയുള്ളതാണ് അത്തരം ‘അഗ്നികിരണങ്ങൾ’. ഏതെങ്കിലും നക്ഷത്രത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള ‘പൊട്ടിത്തെറി’യും ആകാം ആ സിഗ്നൽ.
എന്തായാലും പ്രസ്തുത സിഗ്നൽ ഇപ്പോഴും വരുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഒബ്സർവേറ്ററിയുടെ തീരുമാനം. അതിനു വേണ്ടി ജൂലൈ 16 മുതൽ റോസ് 128ഉം പരിസരപ്രദേശങ്ങളും തുടർച്ചയായി നിരീക്ഷിക്കാനും ആരംഭിച്ചു കഴിഞ്ഞു. സിഗ്നൽ ഇനിയും ലഭിച്ചില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട ദുരൂഹത ഏറും. നക്ഷത്രത്തിന്റെ ചുറ്റുപാടുകളിൽ നിന്നല്ലാതെ നക്ഷത്രത്തിനകത്തു നിന്നാണ് സിഗ്നൽ വരുന്നതെന്നു തെളിഞ്ഞാലോ? പിന്നെ ആഘോഷമാണ്. കാരണം, അതിനു പിന്നിൽ അന്യഗ്രഹജീവികളാണെന്നുള്ള സാധ്യതയായിരിക്കും ഏറ്റവും മുൻപന്തിയിലുണ്ടാകുക. തൊട്ടുപുറകെ ചൈനയുടെ ‘ഫാസ്റ്റു’മായി കൈകോർത്തുള്ള നിരീക്ഷണത്തിനായിരിക്കും അരെസിബോ തുടക്കമിടുക. എന്തായാലും കാത്തിരുന്നു തന്നെ കാണാം എല്ലാം