ഒരാളില്‍ നിന്നും നെഗറ്റീവ് എനര്‍ജിയും, പോസിറ്റീവ് എനര്‍ജിയും മറ്റൊരാളിലേക്ക് പകര്‍ന്ന് നല്‍കപ്പെടുന്നു എന്ന് പലരും പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. നെഗറ്റീവ് / പോസിറ്റീവ് എനര്‍ജികള്‍ ശാസ്ത്രപരമായി ഇല്ല എന്നതാണ് സത്യമെങ്കിലും നമുക്ക് നല്ലത് വരുത്തുന്ന കാര്യങ്ങളെ പോസിറ്റീവ് എന്നും ദോഷം ഭവിപ്പിക്കുന്ന കാര്യങ്ങളെ നെഗറ്റീവ് എന്നും മനുഷ്യന്‍ തരം തിരിക്കാറുണ്ട് എന്നതുകൊണ്ട് അങ്ങനെ വിശേഷിപ്പിച്ചെന്നേയുള്ളൂ. നിങ്ങളുടെ നെഗറ്റീവ് മറ്റൊരാള്‍ക്ക് പോസിറ്റീവ് ആകാവുന്നതെയുള്ളൂ എന്നതുകൊണ്ട് ഓര്‍മ്മിപ്പിച്ചതാണ്.
ഇനി കാര്യത്തിലേക്ക് വരാം. ചോദ്യമിതാണ്; ലൈംഗിക ബന്ധത്തിലൂടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും മേല്‍പ്പറഞ്ഞ എനര്‍ജി കൈമാറ്റവും നടക്കുമോ? ഒരു പ്രശസ്തനായ സിനിമാ നടന്റെ ആരാധകനുമായുള്ള സംഭാഷണത്തില്‍ നിന്നാണ് ഇത്തരമൊരു ചിന്തയിലേക്കും അന്വേഷണത്തിലേക്കും എത്തിപ്പെടുന്നത്. വിവാഹം വരെ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകനായിരുന്ന അദ്ദേഹം വിവാഹത്തിന് ശേഷം അഭിനയിച്ച ഒരു ചിത്രം പോലും വിജയിക്കുകയോ പ്രേക്ഷക പ്രശംസ നേടുകയോ ചെയ്തിരുന്നില്ല. ഇതെല്ലാം ആ വന്നുകയറിയ പെണ്ണിന്റെ പ്രശ്നമാണ് എന്ന് ആ ആരാധകന്‍ പറഞ്ഞപ്പോള്‍ ആദ്യം ചിരിയാണ് വന്നതെങ്കിലും പിന്നീട് അങ്ങനെയുള്ള വിശ്വാസം പലര്‍ക്കും ഉണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു.
ചിലരൊക്കെ ഇതിനെ ജാതകദോഷം, പൊരുത്തമില്ലായ്മ എന്നൊക്കെ പറഞ്ഞ് കയ്യൊഴിയാറായിരുന്നു പതിവ്. പക്ഷേ ഇത്തരം സംഭവങ്ങള്‍ വിവാഹ ശേഷം മാത്രമല്ല കാമുകീകാമുകന്മാര്‍ക്കിടയിലും, കാഷ്വല്‍ ബന്ധങ്ങളിലും ഒക്കെ നടമാടുന്നു എന്ന അറിവാണ് എന്നെ ഇതിലേക്ക് കൂടുതല്‍ ആകൃഷ്ടനാക്കിയത്. “അവള്‍ പോയതിന് ശേഷമാ എനിക്ക് ഇത്തിരി പച്ചപിടിക്കാന്‍ പറ്റിയത്”, “എന്റെ പുതിയ ബോയ്ഫ്രണ്ട് എന്റെ ലക്കി ബോയ് ആണ്” എന്നൊക്കെ പറയുന്നവരെ അടുത്തറിയുന്നവര്‍ ഇവരെയൊന്ന് ശ്രദ്ധിച്ചാല്‍ ചില സൂചനകള്‍ കിട്ടിയേക്കും. തന്ത്രയുടെ വിധികളില്‍ നിന്നും ഇതിന് വാമമാര്‍ഗ്ഗം എന്ന ഒരു രീതിയുമായി ബന്ധമുണ്ട് എന്ന് ഈ ഗ്രൂപ്പിലെ തന്നെ അംഗമായ Vedic Sadhana അഭിപ്രായപ്പെടുകയുണ്ടായി. ഇതിനെ നമുക്ക് അന്ധവിശ്വാസം എന്നുതന്നെ വിളിക്കാം, കാരണം ഇത് ശാസ്ത്രത്താല്‍ തെളിയിക്കപ്പെട്ട ഒന്നല്ലല്ലോ. എങ്കിലും ഒന്നുകൂടെ ചോദിക്കാം, ഇത്തരം വിശ്വാസങ്ങള്‍ മനുഷ്യന് ഉണ്ടാകുമോ?
ഉവ്വ്, അത്തരം വിശ്വാസം പലര്‍ക്കുമുണ്ട്. സന്തോഷമായി കുടുംബ ജീവിതം അനുഭവിച്ചുകൊണ്ടിരുന്ന ഒരാള്‍; നമുക്കയാളെ വിനീത് എന്ന് വിളിക്കാം. വിനീത് ഒരിക്കല്‍ ഓഫീസിലെ ചില ആളുകളുമായി വിദേശ ടൂറിന് പോയി. അവിടെവച്ച് വിനീത് പല ദിവസങ്ങളിലും പല സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവത്രേ. ശേഷം അയാളുടെ ജീവിതത്തില്‍ സംഭവിക്കും എന്ന് കരുതാത്ത പലതരം കാര്യങ്ങള്‍ ഉണ്ടായി. എല്ലാവര്‍ക്കും ഇഷ്ടമുള്ള, ഒരു റോള്‍ മോഡല്‍ ആയി ജീവിച്ച, കുടുംബവുമായി വളരെയധികം സ്നേഹം വച്ചുപുലര്‍ത്തിയിരുന്ന അയാളുടെ ജീവിതം അതോടെ താറുമാരാകാന്‍ തുടങ്ങി. അയാളുടെ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടാവുകയും, അതുവഴി വിവാഹമോചനം വരെ എത്തുകയും ചെയ്തു. ഇവിടെ സ്ത്രീ മുന്‍കയ്യെടുത്ത് കൊടുത്ത പരാതിയില്‍ അയാള്‍ക്ക് ഗാര്‍ഹിക പീഡനം മുതലായ പരാതികളില്‍പ്പെട്ട് ഉഴലുന്നതിനാല്‍ ജോലിയും നഷ്ടപ്പെട്ടു. കൂടാതെ ഉണ്ടായിരുന്ന സ്വത്തെല്ലാം വിറ്റ് ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നു. ഇപ്പോള്‍ മദ്യപാനവും, കണ്ണീരുമായി വിനീത് ജീവിതം തള്ളിനീക്കുന്നു.
ഞാന്‍ അത്യാവശ്യം സിനിമകളുമായി ബന്ധവും താല്‍പര്യവും ഉള്ള ആളായതിനാല്‍ ചില അണിയറ സംസാരങ്ങളും ഈ സംശയത്തിന് ആക്കം കൂട്ടി. മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന ഒരു മധ്യവയസ്കയായ (ഇപ്പോള്‍) സ്ത്രീ സിനിമയിലെ പലരുമായി ബന്ധം ഉണ്ടായിരുന്ന ഒരാളത്രേ. അവരുമായി ബന്ധം വച്ചുപുലര്‍ത്തിയിരുന്ന പലര്‍ക്കും പിന്നീടങ്ങോട്ട് ജീവിതത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വന്നു. സംസ്ഥാന അവാര്‍ഡ് കിട്ടിയ നടന്മാര്‍ പോലും അവസരങ്ങളില്ലാതെ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു. പൊതുവേ നിര്‍ഭാഗ്യത്തിന്റെ സ്ത്രീ എന്ന് അവര്‍ സിനിമാ-സീരിയല്‍ വലയങ്ങളില്‍ അറിയപ്പെട്ടു.
മലയാള സിനിമയിലെ തന്നെ ഒരു അതുല്യ നടന്‍ തന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ പ്രായത്തില്‍ നന്നേ കുറഞ്ഞ പെണ്‍കുട്ടികളെ സ്ഥിരമായി ആവശ്യപ്പെടുമായിരുന്നുവത്രേ; ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പറഞ്ഞതാണിത്. ചെറിയ കുട്ടികളില്‍ പോസിറ്റീവ് എനര്‍ജി കാണപ്പെടുന്നുണ്ട്, ആ എനര്‍ജി തനിക്ക് ലഭിക്കാനാണ് താനിത് ചെയ്യുന്നത് എന്ന് ഒരു പീഡന കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെട്ട ആ നടന്‍ പറയുമായിരുന്നു പോലും. ഇത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഇത്തരം വിശ്വാസങ്ങള്‍ ഇന്നും മനുഷ്യനുണ്ട് എന്ന് ഈ വാക്കുകളിലൂടെ മനസ്സിലായി.
നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ സ്കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരെ? വിരമിക്കുന്നത് വരെ വളരെ ഊര്‍ജ്ജസ്വലരായിരുന്ന അധ്യാപകര്‍ വിരമിച്ച് കുറച്ചുകാലം കൊണ്ടുതന്നെ പൊടുന്നനെ വാര്‍ദ്ധക്യം ബാധിച്ച പോലെയും, ഊജ്ജം നഷ്ടപ്പെട്ട പോലെയും കാണപ്പെടാറുണ്ട്. കുട്ടികളോടുള്ള ക്രിയാത്മകമായ സംസര്‍ഗ്ഗവും ഇടപെടലും ഒരു പോസിറ്റീവ് എനര്‍ജി കുട്ടികളില്‍ നിന്നുപോലും അധ്യാപകരിലേക്ക് പകര്‍ന്നുകയറാറുണ്ട് എന്നും കേട്ടിട്ടുണ്ട്.
ഒരു പുരുഷന്റെ പോസിറ്റീവ് എനര്‍ജി 80-ഉം, നെഗറ്റീവ് എനര്‍ജി 20-ഉം ആണെന്ന് കരുതുക. അതുപോലെ സ്ത്രീയുടെ പോസിറ്റീവ് എനര്‍ജി 30-ഉം, നെഗറ്റീവ് എനര്‍ജി 70-ഉം ആണെന്നും കരുതുക. ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടാവുമ്പോള്‍ ഈ രണ്ടുതരം എനര്‍ജികളും പരസ്പരം ഷെയര്‍ ചെയ്യപ്പെടുകയും അതുവഴി രണ്ടുപേരുടെയും പോസിറ്റീവ് എനര്‍ജി 55-ഉം, നെഗറ്റീവ് എനര്‍ജി 45-ഉം ആവുകയും ചെയ്യും (ശരാശരി) എന്നാണ് ഒരാളോട് കൂടുതല്‍ ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. അതായത് പുരുഷന്റെ നെഗറ്റീവ് എനര്‍ജിയും സ്ത്രീയുടെ പോസിറ്റീവ് എനര്‍ജിയും ഉയര്‍ന്നു എന്ന് സാരം.
ഇത് ഒരാളുടെയോ രണ്ടുപേരുടെയോ കഥയല്ല, ഒരുപാടുപേര്‍ ഇതില്‍ വിശ്വസിക്കുന്നുണ്ട്. ഇനി പറയൂ, രണ്ട് വ്യക്തികള്‍ തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടാകുമ്പോള്‍ അതിലൂടെ അവരുടെ എനര്‍ജി ലെവലുകള്‍ (ജീവിതത്തില്‍ നല്ലതും ചീതയും സംഭവിപ്പിക്കുന്ന അനുഭവങ്ങള്‍) പങ്കുവയ്ക്കപ്പെടാറുണ്ട് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?