ഉത്തരകൊറിയയുടെ രഹസ്യ സൈബർ സൈന്യം ബ്യൂറോ 121. രാജ്യത്ത് പട്ടിണിയാണെങ്കിൽക്കൂടി ഇക്കൂട്ടർക്ക് സഹായം നൽകുന്നതിൽ ഒരു മുടക്കവും വരുത്തില്ല സർക്കാർ. ചിലപ്പോഴൊക്കെ രാജ്യത്തിനാവശ്യമായ പണം തട്ടിയെടുത്തു നൽകുന്നതും ഈ സൈബർ കൊള്ളക്കാരാണ്. ഉത്തരകൊറിയൻ ചാരസംഘടനയുടെ കീഴിലുള്ള ഈ സൈബർ സെല്ലിൽ രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ കംപ്യൂട്ടർ വിദഗ്‌ധരാണ് ഉള്ളത്. അന്യരാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താനും അവരുടെ കംപ്യൂട്ടർ ശൃംഖലകൾ തകർക്കാനും ബ്യൂറോ 121നെ സർക്കാർ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ കാര്യമാണ്.
.
എങ്ങനെ ബ്യൂറോ 121ൽ ചേരാം?
കോളജ് പ്രായമാകുന്നതോടെ തന്നെ വിദ്യാർഥികൾക്ക് ഉത്തരകൊറിയൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഹാക്കിങ് പാഠങ്ങൾ പഠിപ്പിക്കാൻ തുടങ്ങും. അവരിൽ താൽപര്യമുള്ളവരെ തിരഞ്ഞെടുത്താണ് പ്രത്യേക പരിശീലനം നൽകുക. മിലിറ്ററി കോളജ് ഓഫ് കംപ്യൂട്ടർ സയൻസിൽ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിലായി മറ്റു വിദ്യാർഥികൾക്കൊപ്പമായിരിക്കും ഇവരിൽ ചിലരുടെ പരിശീലനം. ഉത്തരകൊറിയയുടെ തലസ്‌ഥാനമായ പ്യോങ്യാങ്ങിലെ ക്യാംപസിലുമുണ്ട് പഠനം. കനത്തകാവലോടെ, മുള്ളുവേലി കൊണ്ട് സംരക്ഷണകവചം തീർത്ത ക്യാംപസാണിതെന്നു പറയുമ്പോൾതന്നെ അറിയാമല്ലോ ഗൗരവകരമായ എന്തോ ആണ് അകത്ത് നടക്കുന്നതെന്ന്. ‘അൺ എത്തിക്കൽ’ ഹാക്കിങ് രീതികളായിരിക്കും ഇവിടെ പഠിപ്പിക്കുക. വർഷംതോറും 2500 വിദ്യാർഥികളെങ്കിലും ബ്യൂറോ 121ലേക്ക് കടക്കുന്നതിനു മുന്നോടിയായുള്ള കോഴ്‌സിൽ ചേരാനെത്തുന്നുണ്ട്. എന്നാൽ പല തലങ്ങളിലെ അന്വേഷണത്തിനു ശേഷമാണ് തങ്ങൾക്കു ചേർന്നവരെ സൈന്യം തിരഞ്ഞെടുക്കുകയെന്നു മാത്രം.
ഉത്തരകൊറിയ ഹാക്കർമാരുടെ സ്വർഗം
ബ്യൂറോ 121ൽ എത്തിക്കഴിഞ്ഞാൽ മികച്ച ശമ്പളം, സമ്മാനങ്ങൾ, സമൂഹത്തിൽ ഉന്നതപദവി ഇതെല്ലാം ഉറപ്പ്. സൈന്യത്തിൽ തന്നെ ഉയർന്ന റാങ്കുമുണ്ട്. നിലവിൽ 1800 പേർ ബ്യൂറോ 121ൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. സൈന്യത്തിനു കീഴിലെ ഈ വിഭാഗത്തിന്റെ പ്രധാന ആയുധം പക്ഷേ കംപ്യൂട്ടറാണ്. ഒളിപ്പോരായതിനാൽ ‘രഹസ്യയോദ്ധാക്കൾ’ എന്നാണ് ഈ സംഘാംഗങ്ങളുടെ വിളിപ്പേരു തന്നെ. യൂണിവേഴ്‌സിറ്റി ഓഫ് ഓട്ടോമേഷനിൽ നിന്ന് അഞ്ച് വർഷത്തെ പഠനത്തിനു ശേഷം പുറത്തിറങ്ങുന്നവരിൽ പ്രതിവർഷം 100 പേരെങ്കിലും ബ്യൂറോ 121ൽ എത്തും. ഇവരിൽ ചിലർ വിദേശരാജ്യങ്ങളിലെ ഉത്തരകൊറിയൻ കമ്പനികളിൽ സാധാരണക്കാരെപ്പോലെ ജീവിക്കുന്നുണ്ട്. എന്നാൽ അവിടങ്ങളിലെ സൈബർ വിവരങ്ങൾ ചോർത്തലാണ് പ്രധാനജോലി. ഇക്കാര്യം അതീവ രഹസ്യവുമാണ്. അതേസമയം, വിദേശത്ത് ജോലി ചെയ്യുന്ന ബ്യൂറോ 121 അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് ഉത്തരകൊറിയയിൽ സർക്കാർ വൻ ആനുകൂല്യങ്ങളും ആഡംബര താമസവുമെല്ലാമാണ് ഒരുക്കി നൽകുന്നത്.
ദക്ഷിണ കൊറിയയാണ് സാങ്കേതികമായും സാമ്പത്തികമായും മുന്നിലെങ്കിലും അതിതീവ്ര സ്വഭാവമുള്ള ആക്രമണങ്ങളിലൂടെ സൈബർ യുദ്ധത്തിൽ മേൽക്കൈ ഇപ്പോഴും ഉത്തര കൊറിയയ്ക്കാണ്. 2014 ഡിസംബറിൽ ഇന്റര്‍വ്യൂ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഉത്തരകൊറിയയുടെ സൈബർ ശക്തി ആദ്യം ലോകം ശ്രദ്ധിച്ചുതുടങ്ങിയത്.
ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നിനെപ്പറ്റി നിരവധി കഥകളാണ് നാം കേട്ടിട്ടുള്ളത്. ആ കഥകളുടെ പശ്ചാത്തലത്തിലുള്ള ആക്ഷൻ-കോമഡിയായിരുന്നു സെത്ത് റോജനും ജെയിംസ് ഫ്രാങ്കോയും പ്രധാന വേഷത്തില്‍ അഭിനയിച്ച ഇന്റർവ്യൂ. ശരിക്കും കിമ്മിനെ കളിയാക്കുന്ന ചിത്രം. കിം ജോങ്ങ് ഉന്നിനെ വധിക്കാന്‍ സിഐഎ രണ്ട് പത്രപ്രവര്‍ത്തകരെ അയക്കുന്നതാണ് ഇന്റര്‍വ്യൂവിന്റെ കഥ.
പ്രകോപിതരായ ഉത്തരകൊറിയ മറുപടി പറഞ്ഞത് സൈബര്‍ ആക്രമണപരമ്പരയിലൂടെയായിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സോണി പിക്ചേഴ്സിനെതിരെ തിരിഞ്ഞ ഉത്തരകൊറിയൻ ഹാക്കർമാർ പുതിയ ജെയിംസ്ബോണ്ട് ചിത്രത്തിന്റെ തിരക്കഥയുൾപ്പെടെ ചോർത്തി. പിന്നീട് വലിയ സൈബർ ആക്രമണമാണ് അമേരിക്കൻ-ദക്ഷിണ കൊറിയൻ വെബ്സൈറ്റുകൾ നേരിട്ടത്. വൈറ്റ് ഹൗസ് വെബ്സൈറ്റ് പോലും ആക്രമിക്കപ്പെട്ടു. എല്ലായിപ്പോഴും സൈബർ യുദ്ധത്തിലെ ഉത്തരകൊറിയയുടെ പ്രധാന എതിരാളി ബദ്ധശത്രുവായ ദക്ഷിണകൊറിയ തന്നെ. കഴിഞ്ഞവർഷം ദക്ഷിണകൊറിയയിലെ ബാങ്കുകളിലെയും ബ്രോഡ്‌കാസ്‌റ്റിങ് സ്‌ഥാപനങ്ങളിലെയും മുപ്പതിനായിരത്തിലധികം കംപ്യൂട്ടറുകളെ തകർത്ത സൈബർ ആക്രമണത്തിനു പിന്നിലും ഈ സംഘമാണെന്നാണ് കരുതപ്പെടുന്നത്. അതിനു തൊട്ടുപിറകെ ദക്ഷിണകൊറിയൻ സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു. അവിടത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വരെ ഹാക്ക് ചെയ്യപ്പെട്ടെന്നു മാത്രമല്ല, അതിൽ ‘കിം ജോങ് ഉൻ നീണാൽവാഴട്ടെ...’എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടു. അമേരിക്കയോടുള്ള ഉത്തരകൊറിയൻ വിരുദ്ധതയുടെ കാരണവും പകൽപോലെ വ്യക്‌തം. 1950-53ലെ കൊറിയൻ യുദ്ധത്തിൽ അമേരിക്ക ദക്ഷിണകൊറിയയോടൊപ്പം ചേർന്നപ്പോൾ മുതൽ തുടങ്ങിയതാണ് ഈ പക. പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ വരവുകൂടിയായതോടെ പക വീണ്ടും ഇരട്ടിയായി ഉത്തരകൊറിയ ദക്ഷിണകൊറിയയിൽ നടത്തിയ സൈബര്‍ ആക്രമണങ്ങളിൽ 42,000 രേഖകളാണത്രെ ചോർത്തിയത്. തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ നിന്നുള്ള 16 സെർവറുകള്‍ ഉപയോഗിച്ചാണ് ഹാക്കിങ് നടത്തിയതെന്ന് ദക്ഷിണ കൊറിയയിലെ ഐടി വിദഗ്ധർ കണ്ടെത്തുകയും ചെയ്തിരുന്നു. 33 തരം മാൽവെയറുകൾ ഉപയോഗിച്ചായിരുന്നു ഈ ഹാക്കിങ്. കൊറിയൻ എയർ വിമാനക്കമ്പനിയുടെയും എസ്കെ നെറ്റ് വർക്കിന്റെ രേഖകളും ഇങ്ങനെ ചോർത്തിയിരുന്നു.16 രാജ്യങ്ങളിൽ നിന്നായി 86 ഐപി അഡ്രസുകൾ വഴിയായിരുന്നത്രെ അമേരിക്കയ്ക്കെതിരെ ഉത്തരകൊറിയ സൈബർ ആക്രമണം നടത്തിയത്. ഇൻഫെക്ട് ചെയ്യപ്പെട്ട സോംബി കംപ്യൂട്ടറുകളിൽ നിന്ന് എന്തൊക്കെ വിവരങ്ങള്‍ ചോർത്തപ്പെട്ടതെന്നതിന് കൃത്യമായ വിവരങ്ങള്‍ പുറത്തു വിട്ടില്ല.
വാനാക്രൈയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിങ് കോഡുകളുടെ സ്രഷ്ടാക്കളെന്നു കരുതുന്ന ഉത്തര കൊറിയയിലെ ലസാറസ് ഹാക്കിങ് സംഘം മാല്‍വെയറുകളുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നത്.ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ശൃംഖല. ഒട്ടേറെ ഉപവിഭാഗങ്ങള്‍. പോളണ്ടിലെയും ബംഗ്ലദേശിലെയും ബാങ്കുകളില്‍ മാല്‍വെയറുകള്‍ കടത്തിവിട്ടതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ചില രാജ്യങ്ങളില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ചെറുരാജ്യങ്ങളിലെ ചെറുബാങ്കുകളായി ലക്ഷ്യം. ലോകത്തെ 150 രാജ്യങ്ങളിലെ രണ്ട് ലക്ഷത്തോളം കമ്പ്യൂട്ടറുകളെ പ്രവര്‍ത്തനരഹിതമാക്കിയ വാന്നാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന് പിന്നില്‍ റാന്‍സംവെയര്‍ ഇരകള്‍: ഇന്ത്യ, മെക്‌സിക്കോ, ഓസ്‌ട്രേലിയ, റഷ്യ, നോര്‍വേ, നൈജീരിയ, പെറു, പോളണ്ട്.
ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്താന്‍ വാനാക്രൈ റാന്‍സംവെയര്‍ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി വിവരം. വിവിധ പതിപ്പുകളുടെ ഉത്സവസ്ഥാനം പലതായിരിക്കാമെന്നും വിദഗ്ധര്‍. കില്ലര്‍ സ്വിച്ച് ഉപയോഗിച്ച് പുതിയ പതിപ്പ് നിര്‍വീര്യമാക്കാനാവില്ലെന്നാണ് വിവരം. സ്മാര്‍ട്‌ഫോണ്‍, വെബ് ബ്രൗസറുകള്‍, റൗട്ടറുകള്‍ വിന്‍ഡോസ് 10 ഒഎസ് എന്നിവയിലെ ഗുരുതരമായ സുരക്ഷാ പിഴവുകള്‍, ബാങ്കുകളുടെ സുപ്രധാന വിവരങ്ങള്‍, ആണവ രഹസ്യങ്ങള്‍ എന്നിവ ജൂണ്‍ മുതല്‍ പുറത്തുവിടുമെന്ന അറിയിപ്പുമായി ഷാഡോ ബ്രോക്കേഴ്‌സ്. വാനാക്രൈ വികസിപ്പിക്കാന്‍ സഹായകമായ സുരക്ഷാ പിഴവിന്റെ വിവരങ്ങള്‍ യുഎസ് സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയില്‍ നിന്നു ചോര്‍ത്തി പരസ്യമാക്കിയ സംഘമാണിത്. പിഴവുകള്‍ പുറത്തുവന്നാല്‍ ദൂരവ്യാപകമായ ആക്രമണങ്ങള്‍ ലോകമെങ്ങുമുണ്ടാകമെന്നു വിലയിരുത്തല്‍.