A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കർക്കിടക മാസം / രാമായണമാസം ചില അറിവുകൾ ,ആചാരങ്ങൾ


1. കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്?
മിഥുനം കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്. രണ്ടുനേരവും കുളി ആവശ്യമാണ്. ക്ഷേത്രദർശനം നടത്തണം. താങ്കളുടെ സൗകര്യാർത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളിൽ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം. രാവിലെയും വൈകിട്ടും 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാൻ. 11 പേരുള്ള അതായത് ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാന്‍.
2. കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?
കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു. ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം. ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്. 5–ാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്. ആധ്യാത്മികരഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്. നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. ആയതിനാൽ കർക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്. ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള തത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം സംസാര രോഗങ്ങൾ മാറാൻ അതിങ്ങനെ തന്നെ എടുത്തുകഴിച്ചാൽ മതി തത്വം അതിൽ അലിഞ്ഞു കിടപ്പുണ്ട്. മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്. ചിങ്ങമാസം മുതൽ ഐശ്വര്യപൂർണ്ണമാകുന്നതാണ്. സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും. ഇതിനൊരു പരിഹാരമാണ് രാമായണപാരായണവും വ്രതവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും മൈഥുനവും ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല. പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും ഔഷധിയുടെ അധിപൻ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്. നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു. ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും, ശ്രീചക്രപൂജയ്ക്കും, ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം. യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. വളരെ പണചിലവുമില്ല. ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം. ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു. രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്. മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.
3. രാമായണവും കർക്കടകമാസവും തമ്മിലുള്ള ബന്ധമെന്ത്?
വാത്മീകി മഹർഷി രാമായണമെഴുതിയ ശേഷം ലവകുശന്മാരെ കൊണ്ടാണ് (സീതാദേവിയുടെ മക്കൾ) ആദ്യം പാടിച്ചത്. ഇത് ഒരു കര്‍ക്കടകമാസത്തിലായിരുന്നു. കർക്കടകമാസം പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതിൽ നിന്നുള്ള മോചനത്തിന് പൂർവ്വസ്വരൂപികളായ ആചാര്യന്മാർ നൽകിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും. രാമൻ ജനിച്ചത് കർക്കടക ലഗ്നത്തിലാണ്. വ്യാഴൻ ഉച്ചനാകുന്നത് കർക്കടകത്തിലാണ്. ദശരഥപുത്രന്മാരെ.ല്ലാം വ്യാഴൻ ഉച്ചനായാണ് ജനിച്ചത്. ജ്യോതിശാസ്ത്രത്തിലെ 4–ാമത്തെ രാശിയാണ് കർക്കടകം. ഞണ്ടാണ് അടയാളം. ജനനസമയത്തു തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണ് ഞണ്ടിന്റേത്. ഏറ്റവും വലിയ മഹാപാപമായ മാതൃഹത്യയ്ക്കുവരെ കർക്കടകത്തിൽ രാമായണം വായിച്ചാൽ പരിഹാരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. കാലപുരുഷന്റെ മനസ്സാണ് കർക്കടകം. പുരാണങ്ങൾ പലതുണ്ടെങ്കിലും ഒരു വ്യക്തി മരണശയ്യയില്‍ കിടക്കുമ്പോള്‍ രാമായണപാരായണം കേൾപ്പിക്കുന്നു. മരിച്ച വ്യക്തിയുടെ ബോഡി കിടക്കുമ്പോഴും രാമായണ പാരായണം നടത്തുന്നു. ദശരഥപുത്രന്മാരുടെ ചന്ദ്രൻ നിൽക്കുന്നത് കർക്കടക രാശിയിലാണ്.
4. എന്തെല്ലാമാണ് രാമായണ പാരായണത്തിന്റെ ചിട്ടകൾ?
യാതൊരു കേടുപാടുമില്ലാത്ത മഹത്ഗ്രന്ഥമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്. മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വച്ച് ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾ ആദ്യമായി ഗ്രന്ഥം എടുത്ത് രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് മുൻപ് പറഞ്ഞ പ്രകാരം 11 പേരുടെ പടം ഉള്ള പട്ടാഭിഷേക പടം മാത്രമേ വീട്ടിൽ വയ്ക്കാവൂ. അല്ലാത്ത പടം വയ്ക്കാൻ പാടില്ല അപൂർണ്ണമാണ്. ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വലതുകാൽ ആദ്യം പടിയിൽ ചവിട്ടി കയറണം. ക്ഷേത്രദർശനം കഴിഞ്ഞ് വന്ന് കൈകാൽ കഴുകാൻ പാടില്ല. ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വടക്ക് അഭിമുഖമായി ഇരുന്ന് കിഴക്ക് സൂര്യനുള്ളപ്പോൾ പടി‍ഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കർമ്മവും ചെയ്യാൻ പാടില്ല. ആയതിനാൽ വടക്കോട്ടാണ് ഇരിക്കേണ്ടത്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാൻ. മറ്റു കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. എത്രത്തോളം ഏകാഗ്രതയും ശ്രദ്ധയും വേണം. രാമായണപാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തിൽ നിന്നായിരിക്കണം. ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തിരിക്കണം. ശ്രേഷ്ഠകാര്യങ്ങൾ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിച്ച് നല്ല കാര്യങ്ങൾ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോൾ യുദ്ധകാണ്ഡത്തിന്റെ അവസാനഭാഗത്തു നൽകിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാൻ.
5. ആദ്യം വായിക്കേണ്ടത് ഏതുഭാഗം? ഒരു ദിവസം വായിച്ച് നിർത്തിയിട്ട് അടുത്തദിവസം വായിക്കുമ്പോൾ ഏതുഭാഗത്തു തുടങ്ങണം?
കർക്കടകമാസത്തിൽ പാരായണം ചെയ്യുമ്പോൾ ആ മാസത്തിൽ ചില വർഷങ്ങളിൽ 30, 31, 32 ദിവസങ്ങളുണ്ടാകും. ദിവസങ്ങൾ എത്രയുണ്ടെന്ന് കണക്കാക്കി രാമായണത്തിലെ പേജുകള്‍ വിഭജിക്കണം. ഒരു നല്ല ഭാഗം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കണം. ദോഷം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കരുത്. തലേദിവസം വായിച്ചു നിര്‍ത്തിയ അധ്യായം കൂടി അടുത്തദിവസം പാരായണം ചെയ്ത് പോകേണ്ടതാണ്.
6. ഒരു ദിവസം കൊണ്ട് പാരായണം ചെയ്യുന്ന ചിട്ടകളെന്തെല്ലാം?
മുൻപ് പറഞ്ഞ വിധിപ്രകാരം തന്നെ രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂർത്തിയാക്കുന്നതുവരെ കെടാവിളക്ക് സൂക്ഷിക്കണം.
7. കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് കഴിയാത്തവർ എന്തുചെയ്യണം?
ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം.
8. രാമായണ പാരായണത്തിൽ ഇന്ന് എന്തെങ്കിലും പോരായ്മകളുണ്ടോ? പാരായണഫലം ലഭിക്കാൻ എന്തെങ്കിലും ചെയ്യണോ?
ചിലർ ഇത് ഒരു വഴിപാട് ചടങ്ങ് പോലെ പാരായണം ചെയ്ത് തീർക്കുന്നു. ഇതിനിടയ്ക്ക് ടിവി കാണലും വീട്ടുകാര്യവും ഓഫീസ് കാര്യവും ഫോണ്‍ സംഭാഷണങ്ങളും ചർച്ചയുമെല്ലാമുണ്ട്. ഏകാഗ്രതയും ഭക്തിയുമില്ല. അതാണ് കാരണം.
9. കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ?
കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം.
10. കർക്കടകം ഔഷധസേവയ്ക്ക് ഉത്തമമെന്ന് പൂർവ്വികർ പറയുന്നു. വാസ്തവമുണ്ടോ?
അതു ശരിയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നഷ്ടപ്പെട്ട ചൈതന്യവും ആരോഗ്യവും വീണ്ടെടുക്കാൻ ആയുർവേദ വിധിപ്രകാരം ഔഷധസേവ നടത്തുന്നത് മിഥുനം കർക്കടക മാസം ഉത്തമമാണ്. ആയുർവേദ മരുന്ന് സേവിക്കുമ്പോൾ ജലവും മറ്റു പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. ഈ സമയം തണുപ്പായതിനാൽ ഇവ നിയന്ത്രിക്കുവാൻ എളുപ്പമാണ്. കർക്കടകത്തിലെ ഒരു ദിവസം രോഗമുക്തിക്കായി ചില സന്നദ്ധ സംഘടനകളും അമ്പലങ്ങളും ഔഷധകഷായം കൊടുത്തുവരുന്നുണ്ട്. സാക്ഷാൽ വാക്ദേവതയായ ശ്രീമൂകാംബികാ ദേവിയുടെ സന്നിധിയിൽ അത്താഴശിവേലിക്കു ശേഷം എല്ലാ ദിവസവും കഷായം നൽകി വരുന്നുണ്ട്. ഇത് ഭക്തന് വഴിപാടായി നടത്താനും സാധിക്കും. ചൊറിയൊരു കുപ്പിയോ പാത്രമോ ഉണ്ടെങ്കിൽ അതിൽ അതു വാങ്ങി സേവിക്കാവുന്നതുമാണ്. മനസ്സിനെ ബലപ്പെടുത്താനും ഈശ്വരചിന്തയും അനിവാര്യമാണ്. മരുന്നും മന്ത്രവുമായും വിശ്രമവുമായും ശരീരത്തെയും മനസ്സിനെയും ഈ സമയത്ത് ശക്തിപ്പെടുത്തണം. എങ്കിൽ അടുത്ത ഒരു കൊല്ലം ഐശ്വര്യപൂർണമായൊരു കാലമായിരിക്കും.
11. കർക്കടകത്തിലല്ലാതെ രാമായണം നിത്യപാരായണത്തിന് ഉപയോഗിക്കാമോ? ഇതിന്റെ രീതിയെങ്ങനെ?
365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യാം. അതീവ പ്രസിദ്ധമായൊരു സമയം ചൈത്രമാസമായ മീനത്തിലും മേടത്തിലും (മാർച്ച്, ഏപ്രിൽ) വെളുത്തപക്ഷനവമിയെ ശ്രീരാമനവമി എന്നു പറയുന്നു. അന്നാണ് ശ്രീരാമൻ ജനിച്ചത്. ചൈത്രമാസ പൗർണ്ണമിയിലാണ് ശ്രീഹനുമാൻ സ്വാമിയുടെ ജനനവും. ഈ സമയം രാമായണ പാരായണം ഉത്തമമാണ്.
അമൃതസ്വരൂപികളായ വായനക്കാർക്ക് ഇതിനെകുറിച്ച് വലിയ അറിവില്ല. ശകവർഷരീതിയിൽ ആദ്യമാസമാണ് ചൈത്രം. പുണര്‍തം നക്ഷത്രത്തിൽ ശ്രീരാമൻ ജനിക്കുകയും അടുത്ത ദിവസം പൂയ്യം നാളിൽ ദശമി തിഥിയിൽ ശ്രീ ഭരതൻ ജനിക്കുകയും, 3–ാം ദിവസം ആയില്യത്തിൽ ഏകാദശി തിഥിയിൽ ലക്ഷ്മണ ശത്രുഘ്നൻമാരും ജനിക്കുന്നു. 6–ാം നാളില്‍ ഉത്രം നക്ഷത്രത്തിൽ വരുന്ന ഭക്തോത്തമനായ ആഞ്ജനേയ സ്വാമിയുടെ ജനനം. അന്ന് ചിലപ്പോൾ ചതുർദശിയോ പൗർണ്ണമിയോ ആയി വരും. ഈ സമയം പാരായണം ചെയ്യുന്നത് ഉത്തമമാണ്.
12. സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ?
ശ്രീരാമഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് കാരണങ്ങൾ പറഞ്ഞുവരുന്നത്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്. അമൃതസ്വരൂപികളും പുണ്യത്മാക്കളുമായ ജനങ്ങള്‍ ഭക്തിമൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ടുതന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല. മറ്റൊന്ന് ഹനുമാൻ സദാ രാമനാമം ജപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥന കൊണ്ട് ഹനുമാന് പ്രാർത്ഥനയ്ക്ക് തടസ്സം നേരിടുമെങ്കിൽ ഒരിക്കലും ഹനുമത്‌ഭജനം സാധിക്കില്ലല്ലോ. രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണം പാരായണം ചെയ്യണം. സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം. ദേവന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, യക്ഷന്മാർ, പരേതാത്മാക്കൾ തുടങ്ങിയവരെല്ലാം ഇത് കേൾക്കാൻ സന്നിഹിതരാകും. ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാൽ ഇക്കൂട്ടരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങും. ഹനുമാനാണെങ്കില്‍ എല്ലാ സന്ധ്യയിലും തർപ്പണമുണ്ട്. നാരദന് നിവേദ്യം സന്ധ്യയ്ക്കാണ്. ചില അമൃതസ്വരൂപികളായ ബ്രാഹ്മണശ്രേഷ്ഠന്മാർക്ക് സന്ധ്യാവന്ദനമുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിർത്തി വയ്ക്കുകയും അത് കഴിഞ്ഞ് രാമായണ പാരായണം തുടരുകയും ചെയ്യുന്നത്.
13. രാമായണത്തിലെ മഹർഷിമാർ?
ആദിരാമായണമെന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവാണ്. അദ്ദേഹം തന്റെ മാനസപുത്രനായ നാരദനത് ഉപദേശിച്ചു കൊടുത്തു. നാരദനത് മഹർഷി വാൽമീകിക്കും പറഞ്ഞുകൊടുത്തു. അങ്ങനെ വാൽമീകി ജനങ്ങൾക്ക് വാൽമീകി രാമായണമായി രചിച്ച് നമുക്ക് നൽകി.
നാരദന്‍ – നാരദൻ സർവ്വവ്യാപിയായതിനാൽ എല്ലായിടത്തും അദ്ദേഹത്തിന്റെ സാമീപ്യമുണ്ട്.
വാൽമീകി – ജ്ഞാനവും പക്വതയും കാരുണ്യവും ചൊരിയുന്ന ഋഷി ശ്രേഷ്ഠനാണ് വാൽമീകി.
ഋശ്യശൃംഗൻ – ദശരഥ മഹാരാജാവിന്റെ പുത്രകാമേഷ്ടിയില്‍ ആചാര്യനായി ക്ഷണിക്കപ്പെട്ടയാളാണ് ഇദ്ദേഹം.
വസിഷ്ഠൻ – സൂര്യവംശത്തിന്റെ (അയോദ്ധ്യയുടെയും) കുലഗുരുവാണ് വസിഷ്ഠൻ. ഉത്തമ കുലഗുരുവിന്റെ ധർമ്മങ്ങൾ ഉചിതമായി അദ്ദേഹം നിർവ്വഹിച്ചിരുന്നു.
വിശ്വാമിത്രൻ – രാമലക്ഷ്മണന്മാർക്ക് വസിഷ്ഠനിൽനിന്നും ലഭിച്ച വിദ്യാഭ്യാസത്തിന് പൂർണത നൽകുന്നത് വിശ്വാമിത്രനാണ്. പ്രായോഗിക പരിശീലനവും അനുഭവജ്ഞാനവും ഉൾപ്പെടുന്ന ഉപരിവിദ്യാഭ്യാസമാണ് അയോദ്ധ്യ മുതൽ മിഥില വരെയുള്ള യാത്രക്കിടയിൽ അദ്ദേഹം കുമാരന്മാർക്ക് നൽകിയത്.
ശ്രാവണൻ – അന്ധരായ മാതാപിതാക്കളെ പരിചരിച്ചുപോന്ന ഈ മുനികുമാരൻ ദശരഥന്റെ പുത്രദുഃഖത്തിലെ മരണത്തിനു നിമിത്തമായത് ഇദ്ദേഹമായിരുന്നു.
ഭരദ്വാജമഹർഷി – വനവാസത്തിന് പുറപ്പെട്ട സീതാരാമലക്ഷ്മണന്മാർക്ക് ആദ്യം അഭയം നൽകിയ ആളാണ് ഭരദ്വാജമഹർഷി.
അത്രിമഹർഷി – ഭരതനെയും സംഘത്തേയും അയോദ്ധ്യയിലേക്ക് മടക്കി അയച്ച് നേരെ ചിത്രകൂടം ഉപേക്ഷിച്ചെത്തിയത് ഇദ്ദേഹത്തിന്റെ ആശ്രമത്തിലായിരുന്നു. ഇവിടെ അദ്ദേഹത്തിനും സീതയ്ക്കും സ്വന്തം മകനെപോലുള്ള പരിചരണം കിട്ടി
ശരഭംഗൻ – അത്രിമഹർഷിയോട് വിടചൊല്ലി യാത്രയിൽ വിരാധനെന്ന രാക്ഷസനെയും വധിച്ച് എത്തിയ ആശ്രമമാണ് ശരഭംഗന്റേത്. ഉടലോടെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ ദേവേന്ദ്രൻ വന്നിട്ടും ശ്രീരാമ ദർശനമാണ് ശ്രേഷ്ഠമെന്നു പറഞ്ഞ് മടക്കിയയച്ച മഹർഷിയാണിദ്ദേഹം.
സുതീഷ്ണൻ – ശരഭംഗൻ നിർദ്ദേശിച്ചതനുസരിച്ച് ശ്രീരാമനും കൂട്ടരും എത്തുന്ന ആശ്രമമാണ് ഇത്. അവിടെ 12 വർഷങ്ങൾ സമീപത്തുള്ള മുനികുടീരങ്ങൾ സന്ദർശിച്ച് കടന്നുപോയി.
അഗസ്ത്യൻ – വിശേഷപ്പെട്ട വില്ലും വാളും അമ്പൊഴിയാത്ത ഇരട്ട ആവനാഴിയും നൽകി ശ്രീരാമനെ രാക്ഷസനിഗ്രഹത്തിന് കരുത്തനാക്കുംവിധം പടച്ചട്ട അണിയിച്ചുവിട്ടയാളാണ് അഗസ്ത്യമുനി.
വിശ്രവസ്സ് – പുലസ്ത്യമഹർഷിയുടെ പുത്രൻ. ഇദ്ദേഹത്തിന്റെ പുത്രനാണ് വിഭീഷണൻ, രാവണകുംഭകർണ്ണൻ. അതിനാൽ രാമപക്ഷത്തിനും രാവണപക്ഷത്തിനും മദ്ധ്യേയാണ് ഈ മുനി ശ്രേഷ്ഠൻ.
വൈശ്രവണൻ – വിശ്രവസ്സിന് മുനിപുത്രിയായ ദേവവണ്ണിനിയില്‍ ഉണ്ടായ ആദ്യ പുത്രനാണ് ധനേശ്വരനായ വൈശ്രവണൻ.
14. രാമായണം മനുഷ്യന്റെ ജീവിതത്തിന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന വഴികാട്ടിയായ സന്ദേശങ്ങൾ.
ശുദ്ധാത്മാക്കളായവർ ദുഷ്ടന്മാരുടെ ഉപദേശം സ്വീകരിച്ചാൽ തിന്മയുടെ വഴിയില്‍ ചലിച്ച് നാശത്തിന്റെ പടുകുഴിയില്‍ വീഴുമെന്ന് കൈകേയി മന്ദരമാരിൽ നിന്നും പഠിക്കാം. വാഗ്ദാനം ചെയ്യുമ്പോൾ പരിണിതഫലം അതീവസൂക്ഷ്മമായി ചിന്തിക്കണമെന്നും ജീവിതത്തിലാർക്കെങ്കിലും വാക്കുകൊടുത്താൽ അത് എന്തുസംഭവിച്ചാലും പാലിക്കപ്പെടണമെന്നും ദശരഥൻ കാട്ടിത്തരുന്നു.
അച്ഛന്റെ കടമകൾ നിർവ്വഹിക്കേണ്ടത് മകന്റെ കർമ്മമാണെന്ന് ശ്രീരാമനിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. സഹ ഉദരബന്ധത്തിന്റെ തിളങ്ങുന്ന മാതൃകയാണ് ലക്ഷ്മണൻ ശ്രീരാമനോടൊപ്പം കാട്ടിൽ പോയി കാണിച്ചു തന്നിരിക്കുന്നത്. ഭരതന്റെ രാജ്യഭരണത്തിലൂടെ തന്നിലർപ്പിച്ച ഉത്തരവാദിത്വം എങ്ങനെ നിറവേറ്റണമെന്ന് കാണിച്ചു തരുന്നു. ഭാര്യാധർമ്മത്തിന്റെ കടമകൾ എന്തെന്ന് സുഖത്തിലും ദുഃഖത്തിലും ഭർത്താവിനൊപ്പം കാട്ടിൽ സുഖദുഃഖങ്ങൾ അനുഭവിച്ചു കാണിച്ചു തന്നതിലൂടെ സീതാദേവി വെളിപ്പെടുത്തുന്നു.
എളിമയോടെ ജീവിതം നയിക്കണമെന്നും ദശരഥപുത്രന്മാർ നമുക്കു കാണിച്ചു തരുന്നു. എല്ലാവരും ഒരു വംശത്തിലെ ദുഷ്ടന്മാരാകണമെന്നില്ല എന്ന തത്വം കബന്ധൻ കാണിച്ചു തരുന്നു. നന്മയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ശബരി, കബന്ധൻ, ജഡായു എന്നിവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചതിലൂടെ ശ്രീരാമൻ വെളിവാക്കുന്നു. കാര്യസാധ്യത്തിന് ഈശ്വരീയ ശക്തിക്കൊപ്പം പലരുടേയും സഹായം നേടേണ്ട ആവശ്യകത ശ്രീരാമലക്ഷ്മണന്മാർ സുഗ്രീവന്റെയും മറ്റും സഹായം അധർമ്മിയായ രാവണനെ നേരിടാൻ സ്വീകരിച്ചതിലൂടെ വ്യക്തമാക്കുന്നു.
ഏതുകാര്യവും തീരുമാനിക്കുന്നതിനു മുന്‍പ് എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് ആദ്യം വേണ്ടതെന്ന സന്ദേശമാണ് ശ്രീരാമൻ ഹനുമാനെ ലങ്കയിലേക്ക് അയച്ചതിലൂടെ വെളിവാക്കുന്ന വലിയ തത്വം.
Image may contain: 5 people, people sitting