അനുഭവങ്ങളുടെ ചൂടുള്ള ആ അക്ഷരക്കൂട്ടിലെ മാസ്മരികതയെ മലയാളി, എം.ടി എന്നു വിളിച്ചു. 84 നീണ്ട കർക്കിടകങ്ങൾ പെയ്തൊഴിഞ്ഞ ആയുസ്സ്. മഴയെ തന്‍റെ മാറിൽ ഒളിപ്പിച്ച് ആയിരം പൂർണ്ണചന്ദ്ര ലബ്ധി ആ ജന്മത്തിന് ഏകി. അതെ, മലയാളി പേരു ചൊല്ലി വിളിച്ച പഞ്ഞകർക്കിടകം, *മലയാളിക്ക് ഏകിയ വരദാനം.* 1933 ജൂലായ് 15 ന്, കർക്കിടകത്തിലെ ഉത്രട്ടാതിയിൽ ലഭിച്ച വരപ്രസാദം-പുന്നയൂർക്കുളം ടി.നാരായണൻ നായരുടേയും മാടത്ത് തെക്കേപ്പാട്ട് അമ്മാളു അമ്മയുടേയും മുജ്ജന്മ സുകൃതം, *മലയാളിയുടെ സുകൃതമായി.*
കാച്ചെണ്ണയുടെ സുഗന്ധവും, കൈതപ്പൂവിന്‍റെ നിറവുമുള്ള സുന്ദരിമാരായ നായികമാരെ അദ്ദേഹം മലയാളത്തിന് തന്നു.
മലയാളത്തിന് ഇത്രമേൽ സൗന്ദര്യമുണ്ടെന്നറിഞ്ഞത്, അതിൽ കണ്ണാന്തളിപ്പൂക്കളും, കാട്ടുകുറിഞ്ഞിയും ഓണപ്പൂക്കളം തീർത്തതും അടുത്തറിഞ്ഞത്, ഞാവൽക്കൂട്ടങ്ങളും, കുന്നിൻചെരുവുകളുമുള്ള നാട്ടിൽ, കുടുക്കു പൊട്ടിയ ട്രൗസറിനെ അരഞ്ഞാൺ ചരടിൽ തിരുകി വച്ച്, കുന്തിപ്പുഴയുടെ തീരത്തൂടെ ഓടി നടന്ന ആ ബാലനിലൂടെയല്ലേ.? പുന്നോക്കാവിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ തെങ്ങോലത്തലപ്പുകളുടെ നിഴലുകളെ നാണിപ്പിച്ച് ചിരിച്ചു മയങ്ങിക്കിടക്കുന്ന ധനുമാസ നിലാവിന്‍റെ ചിത്രം മനസ്സിൽ കോറിയിട്ട ആ കൗമാരക്കാരനിലൂടെയല്ലേ.?
ഗഹനമായ ഭാഷയോ,കഠിനമായ പദവിന്യാസങ്ങളോ ഒന്നും വേണ്ട വായനക്കാരെ കീഴടക്കാൻ എന്ന് ലളിതമോഹന പദങ്ങളാൽ പറഞ്ഞു തന്ന എം.ടി.അനുഭവങ്ങളുടെ കൊടും ചൂളയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന പൊള്ളുന്ന അക്ഷരങ്ങൾ കോർത്തിണക്കിയ പദങ്ങൾ മാത്രം മതി,മനുഷ്യ മനസ്സിനെ കീഴടക്കാൻ എന്ന് തന്‍റെ കൃതികളിലൂടെ പറയാതെ പറഞ്ഞു തന്ന എം.ടി. പൊള്ളുന്ന അനുഭവങ്ങളുടെ ചൂടിൽ പിടഞ്ഞ ആത്മാവ്, കത്തുന്ന താളുകളിൽ രക്തം കിനിയുന്ന അക്ഷരങ്ങളായി പുനർജനിച്ചപ്പോൾ അവ അനുപമ കാവ്യങ്ങളായി.
എം.ടിയുടെ സിനിമാജീവിതം അദ്ദേഹത്തിന്റെ സാഹിത്യജീവിതം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നു. വിശ്വേത്തര ക്ലാസ്സിക്കുകളോട് കിടപിടിക്കുന്ന കാലാതിവർത്തിയായ പല ചെറുകഥകളും, നോവലുകളും, അഭ്രപാളിയിലെ വിസ്മയങ്ങളായി. ഓളവും തീരവും, മുറപ്പെണ്ണു്, നഗരമേ നന്ദി, അസുരവിത്തു്, പകൽക്കിനാവു്, ഇരുട്ടിന്റെ ആത്മാവു്, കുട്ട്യേടത്തി, നിർമ്മാല്യം, ബന്ധനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, മഞ്ഞു്, വാരിക്കുഴി, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, ഉയരങ്ങളിൽ, ഋതുഭേദം, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, താഴ്വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, ഒരു ചെറുപുഞ്ചിരി, തീർത്ഥാടനം, കടവു്, പഴശ്ശിരാജ തുടങ്ങിയവ അവയിൽ ചിലതു മാത്രം. ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന സ്വന്തം കൃതിയെ മുൻനിർത്തി തിരക്കഥ എഴുതി. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നിർമ്മാല്യം, സ്വന്തം വിശ്വാസത്തിന്‍റെ കുരുതിത്തറയിലേക്ക് രക്തം പകർന്ന് ആത്മബലി നടത്തിയ കോമരത്തിന്‍റെ കഥക്ക്, മലയാള സിനിമാ ചരിത്രത്തിൽ വഴിത്തിരിവുകൾ സൃഷ്ടിക്കാൻ കഴിഞ്ഞു.
സാഹിത്യരംഗത്തും ചലച്ചിത്രരംഗത്തും ഉള്ള എം.ടിയുടെ സമുന്നതവും ഉൽകൃഷ്ടവുമായ പ്രവർത്തനങ്ങൾ മുൻനിർത്തി അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള പുരസ്കാരങ്ങൾ നിരവധിയാണ്.
'കവികളോട് തനിക്ക് എന്നും അസൂയയാണ് എന്ന് എം.ടി.ഒരിക്കൽ പറഞ്ഞപ്പോൾ , ഓ.എൻ .വി.അതിനു മറുപടിയായി പറയുകയുണ്ടായി,
ഗദ്യത്തിൽ പോലും കവിത സൃഷ്ടിക്കാൻ കഴിയുന്ന എം.ടി.യോടാണ് ഞങ്ങൾക്ക് അസൂയ എന്ന്''..എത്ര വാസ്തവം..?
വൃത്തങ്ങളുടെയോ,അലങ്കാരങ്ങളുടെയോ അകമ്പടി ഒന്നും അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് വേണ്ട, അതിനപ്പുറമുള്ള ഒരു മനോഹാരിത, ആർക്കും അവകാശപ്പെടാൻ അർഹതയില്ലാത്ത ചാരുത എം.ടി.ക്ക് മാത്രം സ്വന്തം.
അക്ഷരം കൊണ്ട് വിപ്ലവം തീർത്ത ആ അതുല്യ പ്രതിഭക്ക്,
മലയാളത്തിന്റെ സ്വന്തം എം.ടി ക്ക്,
ഒരായിരം പിറന്നാൾ ആശംസകൾ