A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചെകുത്താന്റെ അപരൻ (The Devil's Double)- ലത്തീഫ്‌ യഹ്യ.

ജീവിതത്തിന്റെ ദിശ മാറ്റി മറിക്കുന്നത്‌ ചില നിമിഷങ്ങളാണു. ഏത്‌ രൂപത്തിലെന്നോ ഭാവത്തിലെന്നോ അറിയാതെ എപ്പോഴോ കടന്നെത്തുന്ന ചില നിർണ്ണായക നിമിഷങ്ങൾ. യുദ്ധ മുഖത്തെ ഒരു സാധാരണ പട്ടാളക്കാരനായിരുന്ന ലത്തീഫ്‌ യഹ്യയുടെ ജീവിതവും മാറി മറിഞ്ഞത്‌ നിമിഷങ്ങൾ കൊണ്ടായിരുന്നു, ഒരേ ഒരു സന്ദേശം കൊണ്ടായിരുന്നു.
1980 കളുടെ മധ്യത്തിൽ ഇറാൻ-ഇറാഖ്‌ യുദ്ധം നടക്കുന്ന സമയത്ത്‌ അതിർത്തിയിൽ യുദ്ധം ചെയ്തു കൊണ്ടിരുന്ന ഇറാഖി പട്ടാളക്കാരനായ ലത്തീഫ്‌ യഹ്യയോട്‌ 72 മണിക്കൂറിനുള്ളിൽ സദ്ധാം ഹുസ്സൈന്റെ റിപ്പബ്ലിക്കൻ പാലസിൽ എത്തിച്ചേരണം എന്നുള്ള സന്ദേശമായിരുന്നു അത്‌.
ഇരുപത്തി മൂന്ന് വയസ്സ്‌ മാത്രം പ്രായമുള്ള കുർദ്ധിഷ്‌ വംശജനായ യഹ്യയെ പിടിച്ച്‌ കുലുക്കാൻ അത്‌ ധാരാളം ആയിരുന്നു. കാരണം സദ്ധാം എന്ന ഏകാധിപതിയുടെ കൊട്ടാരത്തിൽ നിന്നും സന്ദേശമെത്തുക എന്ന് പറഞ്ഞാൽ ആശ്വാസത്തിനു വക നൽകുന്നതല്ല എന്നാണു ഇറാഖികളുടെ മുൻകാല അനുഭവം.
ആശങ്കകളെ തകിടം മറിച്ചു കൊണ്ട്‌ അതിശയിപ്പിക്കുന്ന സ്വീകരണം ആയിരുന്നു പാലസിൽ ലഭിച്ചത്‌ . യഹ്യയുടെ സഹപാഠിയും സദ്ധാം ഹുസ്സൈന്റെ മകനുമായ ഉദയ്‌ സദ്ധാം ഹുസ്സൈൻ ആയിരുന്നു കൂടിക്കാഴ്‌ച്ച ഒരുക്കിയത്‌. പക്ഷേ യഹ്യയുടെ ആശ്വാസത്തിന്റെ കടക്കൽ കത്തി വെച്ച്‌ കൊണ്ട്‌ ഉദയ്‌ തന്റെ ആവശ്യം ഉന്നയിച്ചു. കാഴ്‌ച്ചയിൽ തന്നെ താനുമായി വളരെ അധികം സാദൃശ്യം ഉള്ള യഹ്യ തന്റെ അപരൻ ആകണം എന്നതായിരുന്നു ഉദയുടെ ആവശ്യം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും, അപകടകരമായ സാഹചര്യങ്ങളിൽ തനിക്ക്‌ പകരം നിൽക്കാനും, യഹ്യ തന്റെ ബോഡി ഡബിൾ ആകണമെന്ന് ഉദയ്‌ ആവശ്യപ്പെട്ടു.
തനിക്കെതിരെ ശബ്ദം ഉയർത്തുന്നവരെ മുഴുവൻ നിശബ്ദരാക്കുകയോ കൊന്നൊടുക്കയോ ചെയ്തിരുന്ന പിശാചായിരുന്നു ഉദയ്‌ സദ്ധാം. മദ്യവും മയക്ക്‌ മരുന്നും ക്രൂരകൃത്യങ്ങളും അടങ്ങിയ ഒരു ഭ്രാന്തൻ. അതുകൊണ്ട്‌ തന്നെ യഹ്യക്ക്‌ ആ വാഗ്ദാനം നിരസിക്കേണ്ടി വന്നു. അതോടെ അയാൾ തുറങ്കിലടക്കപ്പെട്ടു. ഏഴുനാൾ നീണ്ട കൊടിയ പീഡനങ്ങൾ യഹ്യയെ തളർത്തിയില്ല എങ്കിലും കുടുംബാംഗങ്ങളെ വധിക്കുമെന്ന ഭീഷണി അയാളെ ഉദയുടെ മുൻപിൽ മുട്ട്‌ കുത്തിച്ചു. ഗത്യന്തരമില്ലാതെ യഹ്യക്ക്‌ സമ്മതിക്കേണ്ടി വന്നു.
യഹ്യയുടെ ജീവിതത്തിന്റെ രണ്ടാമത്തെ അധ്യായം അവിടെ തുടങ്ങുകയായിരുന്നു. ഇറാൻ ഇറാഖ്‌ യുദ്ധത്തിൽ ലത്തീഫ്‌ യഹ്യ കൊല്ലപ്പെട്ടു എന്നും, ശരീരം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും പട്ടാള മേധാവി യഹ്യയുടെ കുടുംബത്തെ അറിയിച്ചു. അതോടെ ലത്തീഫ്‌ യഹ്യ എന്ന മനുഷ്യൻ ജീവിച്ചു കൊണ്ട്‌ തന്നെ മരണം വരിച്ചു. പിന്നീട്‌ ഒരു കൂടുമാറ്റം ആയിരുന്നു, മനുഷ്യനിൽ നിന്നും ചെകുത്താന്റെ രൂപത്തിലേക്കുള്ള കൂടുമാറ്റം. മൂന്ന് മാസം നീണ്ട പരിശീലനവും മുഖത്ത്‌ നടത്തിയ പ്ലാസ്റ്റിക്‌ സർജ്ജറിയും കഴിഞ്ഞപ്പോൾ "യഹ്യ" "ഉദയ്‌" ആയി രൂപാന്തരം പ്രാപിച്ചു. തന്നെ എതിർത്ത്‌ കൊണ്ട്‌ മുഴങ്ങിയ ശബ്ദങ്ങളൊക്കെ പീഡനങ്ങളും ബലാൽസംഘങ്ങളും കൊലപാതകങ്ങളുമായി ഉദയ്‌ അവസാനിപ്പിച്ചപ്പോൾ എല്ലാത്തിനും മൂക സാക്ഷി ആയി ചെകുത്താന്റെ രൂപവും പേറി പ്രതിമ കണക്ക്‌ നിൽക്കാനെ യഹ്യക്ക്‌ കഴിഞ്ഞുള്ളു.
1988 ഒക്റ്റോബറിൽ ആണു ഈജിപ്ഷ്യൻ പ്രസിഡന്റ്‌ ഹുസ്നി മുബാറിക്കിന്റെ പത്നി സൂസേൻ മുബാറക്‌ ഇറാഖ്‌ സന്ദർശ്ശിച്ചത്‌. അവർക്കൊരു വിരുന്ന് നൽകാൻ സദ്ധാം തന്റെ വിശ്വസ്ഥനായ കാമിൽ ഹന്നയെ ചുമതലപ്പെടുത്തി. കാമിൽ ഹന്ന രുചിച്ച്‌ നോക്കിയ ഭക്ഷണം മാത്രമേ സദ്ധാം ഹുസ്സൈൻ കഴിക്കാറുള്ളു. സൈന്യത്തിലെ ഒരു സാദാ പട്ടാളക്കാരനായിരുന്ന ഹന്ന സദ്ധാമിന്റെ ഏറ്റവും വിശ്വസ്തനായ അനുചരനായതിനു പിന്നിൽ സദ്ധാമിന്റെ രണ്ടാം ഭാര്യ ആയിരുന്നു. പക്ഷേ പിതാവിന്റെ വിശ്വസ്ഥൻ മകനുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല.തന്റെ അമ്മയുടെ സ്ഥാനം പങ്കുവെക്കാൻ എത്തിയ പിതാവിന്റെ രണ്ടാം ഭാര്യയെ അമ്മയെ പോലെ തന്നെ ഉദയും വെറുത്തിരുന്നു.അതുകൊണ്ട്‌ തന്നെ ആ വെറുപ്പ്‌ കാമിൽ ഹന്നയിലേക്കും നീണ്ടു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ എല്ലാവരെയും ക്ഷണിച്ച ചടങ്ങിൽ കാമിൽ ഹന്ന മനപ്പൂർവം ഉദയ്‌യെ ഒഴിവാക്കി. കലിപൂണ്ട ഉദയ്‌ ഈ വിരുന്നിനോട്‌ ചേർന്ന് മറ്റൊരു വിരുന്ന് സംഘടിപ്പിച്ചു. ലഹരിയിൽ ആയിരുന്ന ഉദയ്ക്‌ കാമിൽ ഹന്നയുടെ വിരുന്നിലെ അമിതമായ ശബ്ദം രുചിച്ചില്ല. ശബ്ദം കുറക്കാൻ ആവശ്യപ്പെട്ട്‌ അംഗരക്ഷകനെ അയച്ചുവെങ്കിലും " കുട്ടികളിൽ നിന്നും ഞാൻ ആഞ്ജ സ്വീകരിക്കില്ല, സദ്ധാമിന്റെ ഉത്തരവുകൾ മാത്രമേ ചെവിക്കൊള്ളുകയുള്ളു" എന്ന കാമിൽ ഹന്നയുടെ വാക്കുകൾ ഉദയെ ഭ്രാന്തനാക്കി. വിരുന്നിലേക്ക്‌ കടന്ന് ചെന്ന ഉദയ്‌ കാമിൽ ഹന്നയെ കൊലപ്പെടുത്തി. സ്വന്തം മാതാവും സൂസേൻ മുബാറക്കും നോക്കി നിൽക്കേ ആണു ഈ ക്രൂരകൃത്യം അരങ്ങേറിയത്‌. യഹ്യയും മൂകസാക്ഷി ആയി.സദ്ധാമിന്റെ അപ്രീതിക്ക്‌ പാത്രമായ ഉദയ്‌ സ്വിറ്റ്സർലാന്റിലേക്ക്‌ നാടുകടത്തപ്പെട്ടു. കൊലപാതക പരമ്പര അവസാനിപ്പിക്കാത്ത ഉദയ്‌ രണ്ടാഴ്ച്ചക്കുള്ളിൽ തന്നെ ഒരു മൊറോക്കൻ ബിസിനസുകാരനെ കൊലപ്പെടുത്തുകയും സ്വിസ്സ്‌ സർക്കാർ തന്നെ ഉദയിനെ ഇറാഖിലേക്ക്‌ തിരിച്ചയക്കുകയും ചെയ്തു.
ഉദയ്‌ ഹുസ്സൈൻ ആണെന്ന് ധരിച്ച്‌ യഹ്യക്ക്‌ നേരെ പതിനൊന്ന് തവണ വധശ്രമങ്ങൾ ഉണ്ടായി. പേർഷ്യൻ ഗൾഫ്‌ യുദ്ധം നടക്കുന്ന സമയത്ത്‌ ഇറാഖി പട്ടാളക്കാരെ അഭിസംബോധന ചെയ്യാനായി ഉദയ്‌ ആയി യഹ്യ മൊസൂൾ സന്ദർശ്ശിച്ചു. യുദ്ധമുന്നണിയിൽ നിന്ന് തിരികേ വരുന്ന സമയത്ത്‌ കുർദ്ധിഷ്‌ സേനയുടെ ആക്രമണത്തിൽ സാരമായി പരുക്ക്‌ പറ്റി. അദ്ഭുദകരമായി രക്ഷപ്പെട്ട യഹ്യക്ക്‌ സദ്ധാം ഹുസ്സൈൻ മിലിറ്ററിയുടെ വിലയേറിയ മൂന്ന് മെഡലുകൾ സമ്മാനിച്ചു.
ഗൾഫ്‌ യുദ്ധം അവസാനിച്ച്‌ മാസങ്ങൾക്ക്‌ ശേഷം ( നവംബർ 1991) ഒരു വിരുന്ന് സൽക്കാരത്തിനിടെ ഉദയ്‌ ഹുസ്സൈൻ , യഹ്യക്ക്‌ നേരെ നിറയൊഴിച്ചു. സദ്ധാം നൽകിയ മെഡലുകൾ തനിക്ക്‌ അവകാശപ്പെട്ടതാണെന്ന് ഉദയ്‌ വാദിച്ചപ്പോൾ നൽകാനാവില്ലെന്ന യഹ്യയുടെ മറുപടി ആണു ഉദയെ ചൊടിപ്പിച്ചത്‌. തോളിൽ വെടിയേറ്റ യഹ്യ, നൂസ എന്ന കാമുകിയോടൊപ്പം വിരുന്ന് സൽക്കാരത്തിൽ നിന്ന് രക്ഷപ്പെട്ടു.
ചെകുത്താന്റെ കുപ്പായം വലിച്ചെറിഞ്ഞുകൊണ്ടുള്ള ഒരോട്ടാമായിരുന്നു പിന്നീട്‌. CIA യുടെ സഹായത്തോടെ ഇറാഖിൽ നിന്നും രക്ഷപ്പെട്ട്‌ ഓസ്ട്രിയയിലും പിന്നീട്‌ അയർലാന്റിലും എത്തി. അങ്ങനെ , കെട്ടിയ വേഷങ്ങളൊക്കെ അഴിച്ച്‌ കളഞ്ഞ്‌ വീണ്ടും മനുഷ്യനായി ഒരു പുനർജ്ജന്മം. അയർലെന്റിലെ ഒരു റെസ്റ്റോറന്റിൽ ജോലിക്ക്‌ കയറുകയും പിന്നീട്‌ വിവാഹം കഴിച്ച്‌ അവിടെ തന്നെ രാഷ്ട്രീയ അഭയം തേടുകയും ചെയ്തു. 2003 ഇൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിൽ ചെകുത്താൻ (ഉദയ്‌) കൊല്ലപ്പെട്ടു, അപരൻ (യഹ്യ) ഇന്നും ജീവിക്കുന്നു, ഒരു മനുഷ്യനായി.
ലത്തീഫ്‌ യഹ്യയുടെ ജീവിതത്തെ ആസ്പദമാക്കി 2011 ഇൽ പുറത്തിറങ്ങിയ ചിത്രമാണു "The Devil's Double".