A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

രാമായണം: ഇന്ത്യയിലും വിദേശ നാടുകളിലും‍

രാമായണം: ഇന്ത്യയിലും വിദേശ നാടുകളിലും‍
ഇന്ഡോളജിയിൽ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള വൈദികനായിരുന്ന "കാമില്‍ ബുല്കെ" 300 ഓളം രാമായണങ്ങള്‍ പല രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട് ,അതില്‍ ചിലതാണ്. ഇന്‍ഡോനേഷ്യന്‍ രാമായണം, ടിബറ്റന്‍ രാമായണം, ഖോത്താനീരാമായണം, ബര്‍മീസ് രാമായണം, തായ്‌ലന്‍ഡ് രാമായണം, ഫിലിപ്പൈന്‍ രാമായണം, മലേഷ്യന്‍ രാമായണം, ജപ്പാന്‍ രാമായണം, എന്നിവ. ഇതില്‍ പലതിലും കഥകള്‍ പലതാണ് . ചിലതില്‍ രാമന്‍ നായകന്‍ ആവുമ്പോള്‍ ചിലതില്‍ ഹനുമാനാണ് പ്രാധാന്യം .ലങ്കയില്‍ രാവണന്‍ നായകനായ രാമായണമുണ്ട്. ഇവ ഭാരതത്തില്‍ നിനാണ് പുറത്തേക്കു പ്രചരിച്ചത് എന്ന് ചിലര്‍ വാദിക്കുമ്പോള്‍ പല രാജ്യക്കാരും അത് സമ്മതിക്കുന്നില്ല . കഥയിലെ സ്ഥലങ്ങള്‍ തങ്ങളുടെ നാട്ടിലെ സ്ഥലങ്ങള്‍ ആണെന്ന് ഉദാഹരണ സഹിതം സമര്ധിക്കുന്നു.
ബെൽജിയംകാരനായ കാമിൽ ബുൽക്കെ, തുളസീദാസിന്റെ രാമചരിതമാനസം വായിക്കൻ ഇടയാവുകയും തുടര്‍ന്ന് ഇന്ത്യയുടെ ചരിത്രത്തിലും പൌരാണികതയിലും ആകൃഷ്ടനായി നമുക്ക് കണ്ടെത്തിതന്നത് വിലമതിക്കാനാവാത്ത വിവരങ്ങളാണ്. എന്നാല്‍ നാം എന്താണ് ചെയ്തത് ഇതൊക്കെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഭാഗമായി കണാതെ,പുരാണങ്ങള്‍ക്ക് ദൈവീക പരിവേഷങ്ങള്‍ കല്‍പിച്ചു നല്‍കി അമിത വൈകാരിക തിരുകി രാമരാജ്യം സ്ഥാപിക്കുവാനും മത സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുവാനും ദുരുപയോഗം ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച ഹിന്ദി- ഇന്ഗ്ലീഷ് നിഘണ്ടുവില്‍ ഒന്ന് കാമില്‍ ബുല്‍ക്കെയുടെ രചനയാണ്.
രാമായണം ഏഷ്യന്‍ രാജ്യങ്ങളുടെ പൊതുസ്വത്താണ്. ഹൈന്ദവരുടേതു മാത്രമല്ല, ബൗദ്ധ-ജൈന-മുസ്‌ലിം മതവിഭാഗങ്ങളുടെയും ആദിവാസികള്‍ അടക്കമുള്ള കീഴാളവിഭാഗങ്ങളുടെയും സംസ്‌കാരവുമായോ വിശ്വാസങ്ങളുമായോ അതിന് ഏറിയോ കുറഞ്ഞോ ബന്ധമുണ്ട്. ഇന്ത്യയിലെപ്പോലെ മറ്റുപല ഏഷ്യന്‍ രാജ്യങ്ങളിലും രാമായണം വരമൊഴിയായും വാമൊഴിയായും നിലനില്‍ക്കുന്നുണ്ട്. അവിടങ്ങളിലെ സാഹിത്യത്തിലും കലയിലും രാമായണത്തിന് മഹത്തായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
ഓരോ മണ്ണിലും പെയ്യുന്ന മഴവെള്ളം ആ മണ്ണിന്റെ നിറം കലര്‍ന്നൊഴുകുന്നതുപോലെ ഓരോ ദേശത്തും പെയ്ത രാമായണകഥ ആ നാടിന്റെ ദേശമുദ്രകളണിഞ്ഞ് പരന്നൊഴുകുന്നതായി കാണാം. ഇങ്ങനെ പരന്നൊഴുകി വളര്‍ന്ന വിപുലമായ രാമായണപാരാവാരത്തെ മൊത്തമായിട്ടാണ് രാമായണത്തിന്റെ ബഹുരൂപങ്ങളില്‍ പരിഗണിക്കുന്നത്.
ഈ പ്രകരണത്തില്‍, വ്യത്യസ്ത രാജ്യങ്ങളിലെ രാമായണ പാരമ്പര്യ ത്തെക്കുറിച്ചും, അവ എവ്വിധം വാല്മീകിരാമായണത്തില്‍നിന്നും വ്യതിരിക്തത പുലര്‍ത്തുന്നുവെന്നതും വ്യക്തമാക്കുന്നതാണ്. തുടര്‍ന്ന്, ബൗദ്ധ-ജൈന-ഇസ്‌ലാം-ആദിവാസി വിഭാഗങ്ങള്‍ രാമായണത്തെ എങ്ങനെയെല്ലാം സ്വീകരിച്ചു എന്നു വിശകലനം ചെയ്യുന്നതുമാണ്.
പ്രാചീന ബൗദ്ധസാഹിത്യത്തില്‍ രാമകഥയെ സംബന്ധിച്ച മൂന്നു ജാതകങ്ങള്‍ ഉണ്ട്. ദശരഥ ജാതകം, അനാമകം ജാതകം, ദശരഥകഥാനം എന്നിവയാണവ. അനാമകജാതകം ക്രി.വ. മൂന്നാം ശതാബ്ദത്തില്‍ കാങ്-സേങ്- ഹുയി ചീനഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. ഇതില്‍ രാമന്റെയും സീതയുടെയും വനവാസം, സീതാഹരണം, ജടായുവൃത്താന്തം, ബാലി-സുഗ്രീവ യുദ്ധം, സേതുബന്ധനം, സീതയുടെ അഗ്‌നിപരീക്ഷ ഇവയുടെയെല്ലാം സൂചന ലഭിക്കുന്നുണ്ട്. ദശരഥജാതകത്തില്‍ രാമനെ ബോധിസത്വനായി കണക്കാക്കുന്നു. രാമനും സീതയും വിവാഹിതരാകുന്ന സഹോദരീ-സഹോദരന്മാരാണ്.
ജൈനര്‍ രാമനെയും ലക്ഷ്മണനെയും രാവണനെയും ത്രിഷഷ്ടിമഹാപുരുഷന്മാരുടെ കൂട്ടത്തില്‍പെടുത്തിയിട്ടുണ്ട്. 24 തീര്‍ഥങ്കരന്മാര്‍. 12 ചക്രവര്‍ത്തിമാര്‍, 9 ബലദേവന്മാര്‍. 9 വാസുദേവന്മാര്‍, 9 പ്രതിവാസുദേവന്മാര്‍ എന്നിവരടങ്ങിയതാണ്. ത്രിഷഷ്ടി മഹാപുരുഷന്മാര്‍. ഇവരുടെ ജീവചരിത്രങ്ങള്‍ ജൈനമതത്തില്‍ മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും സ്ഥാനമാണ് വഹിക്കുന്നത്. രാമനും ലക്ഷ്മണനും രാവണനും യഥാക്രമം എട്ടാമത്തെ ബലദേവനും വാസുദേവനും പ്രതിവാസുദേവനും ആണെന്ന് കരുതപ്പെടുന്നു. വിമലസൂരിയുടെ പൗമാചാരിയമാണ് രാമയണത്തിന്റെ ജൈന വ്യാഖ്യാനങ്ങളില്‍ പ്രമുഖം.
ഭാരതീയ ഭാഷകളില്‍ വാല്മീകിയുടെ രാമായണത്തെ ആധാരമാക്കി നിരവധി കൃതികളാണ് പിറവിയെടുത്തിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, സിംഹള, കശ്മീരി, ആസാമി, ബംഗാളി, ഒറിയ, ഹിന്ദി, മറാഠി, ഗുജറാത്തി തുടങ്ങിയ നിരവധി ഭാഷകളിലാണ് രാമായണകഥകള്‍ പ്രചരിച്ചിരിക്കുന്നത്.
ദ്രാവിഡഭാഷകളിലെ രാമകഥ സംബന്ധിച്ച ഏറ്റവും പ്രാചീനമായ കാവ്യഗ്രന്ഥം കമ്പരുടെ രാമായണം ആണ്. ക്രി.വ. 12-ാം ശതകത്തിലാണിത് രചിച്ചത്. വാല്മീകി രാമായണത്തിന്റെ ആദ്യത്തെ ആറു കാണ്ഡങ്ങളിലെ മുഴുവന്‍ കഥയും സ്വതന്ത്രരൂപത്തില്‍ വര്‍ണിക്കുകയും അനേകം പുതിയ വൃത്താന്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. തമിഴ് രാമായണത്തിന്റെ ഉത്തരകാണ്ഡം ഓട്ടക്കൂതനാണ് രചിച്ചത്.
തെലുങ്ക് സാഹിത്യത്തില്‍ രാമായണകഥയെ സംബന്ധിച്ച ഏറ്റവും മഹത്തായ ഗ്രന്ഥമാണ് രംഗനാഥന്റെ ദ്വിപദ രാമായണം. 14-ാം ശതകത്തിലാണ് രചിച്ചത്. ഇത് രംഗനാഥ രാമായണമെന്ന പേരില്‍ പ്രസിദ്ധമാണ്. ജനപ്രീതി നേടിയ ദ്വിപദം എന്ന ഛന്ദസ്സും ലളിതഭാഷയും മൂലം ഈ രാമായണത്തിന് തെലുങ്കിലെ സാധാരണ ജനങ്ങളുടെയിടയില്‍ വളെരയേറെ പ്രചാരമുണ്ട്. എങ്കിലും മൊല്ല വിരചിതമായ രാമായണത്തിനാണ് ഇതിലും കൂടുതല്‍ പ്രചാരം. തെലുങ്കുരാമ സാഹിത്യത്തിലെ ഏറ്റവും ആദ്യത്തെ കൃതി തിക്കണ്ണ വിരചിതമായ നിര്‍വചനോത്തര രാമായണമാണ്. പതിന്നാലാം നൂറ്റാണ്ടിലെ ഭാസ്‌കര രാമായണമാണ് ഏറ്റവും കൂടുതല്‍ കലാത്മകവും സാഹിത്യപരവുമായി കരുതുന്നത്.
ദക്ഷിണ തിരുവിതാംകൂറിലെ രാമനെന്ന കവി 14-ാം ശതകത്തില്‍ രചിച്ചതാണ് രാമചരിതം. മലയാളസാഹിത്യത്തിലെ ഏറ്റവും പ്രാചീനവും സുരക്ഷിതവുമായ ഗ്രന്ഥം ഇതാണ്. ഈ കൃതിയുടെ യഥാര്‍ഥ പേര് ഇരാമചരിതം എന്നാണ്. 15-ാം ശതകത്തില്‍ കണ്ണശ്ശപ്പണിക്കര്‍ രചിച്ച കണ്ണശ്ശ രാമായണം വാല്മീകി രാമായണത്തിന്റെ വിവര്‍ത്തനം മാത്രമാണ്. പുനം നമ്പൂതിരി രാമായണം ശംബു മണിപ്രവാള ശൈലിയില്‍ എഴുതിയിട്ടുണ്ട്. മലയാളികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ രാമായണം തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ്. രാജാ വീരകേരളവര്‍മയുടെ കേരളവര്‍മ രാമായണം എന്ന കൃതി വാല്മീകി രാമായണത്തിന്റെ സ്വതന്ത്ര തര്‍ജമയാണ്.
കന്നഡ ഭാഷയില്‍ 11-ാം ശതകം മുതല്‍ ജൈനരാമകഥാ സാഹിത്യസൃഷ്ടി ഉണ്ടായിത്തുടങ്ങിയിരുന്നു. ആ ജൈനരാമ സാഹിത്യത്തെക്കാള്‍ ബ്രാഹ്മണ-കന്നഡ രാമസാഹിത്യമാണ് ആധുനികമായിട്ടുള്ളത്. 16-ാം ശതകത്തില്‍ തോരവെ നിവാസിയായ നരഹരി എഴുതിയ തോരവെ രാമായണമാണ് കന്നഡത്തില്‍ ഏറെ പ്രസിദ്ധം.
18-ാം ശതകത്തില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ചതാണ് കശ്മീരി രാമായണം. ഇതില്‍ ദശരഥന്റെ യാഗം മുതല്‍ സീതയുടെ ഭൂമിപ്രവേശവും രാമന്റെ സ്വര്‍ഗാരോഹണവും വരെയുള്ള മുഴുവന്‍ കഥയും കൂടുതലും വാല്മീകി രാമായണം അനുസരിച്ചുള്ളതാണ്.
ഭാരതത്തിലെ പ്രാദേശിക ആര്യഭാഷകളിലെ അതിപ്രാചീനമായ രാമസാഹിത്യം ആസാമി, ബംഗാളി, ഒറിയ എന്നീ ഭാഷകളില്‍ സുരക്ഷിതമാണ്. ആസാമിയില്‍ മാധവ കന്ദളിയുടെയും ബംഗാളില്‍ കൃത്തിവാസന്റെയും ഒറിയയില്‍ ബാലരാമദാസന്റെയും രാമായണങ്ങളാണ് ഏറെ പ്രസിദ്ധം.
കൃത്തിവാസന്‍െ ശ്രീരാമപാഞ്ചാലിയും രഘുനന്ദന ഗോസ്വാമിയുടെ രാമരസായനവും ബംഗാളി സാഹിത്യത്തിലെ സര്‍വശ്രേഷ്ഠങ്ങളാണ്. ഒറിയ സാഹിത്യത്തിലെ അതിപ്രാചീനമായ രാമകഥാകാരന്‍ 15-ാം ശതകത്തിലെ സിദ്ധേശ്വര പരിഡാ ആണ്.
ഹിന്ദി സാഹിത്യത്തില്‍ തുളസീദാസന്റെ രാമചരിതമാനസമാണ് ഏറ്റവും ജനപ്രീതി നേടിയിരിക്കുന്നത.് രാമായണകഥയുടെ വികാസത്തിന്റെ കാഴ്ചപ്പാടില്‍ രാമചരിതമാനസത്തിലും തുളസീദാസന്റെ അന്യകൃതികളിലും യാതൊരു പ്രധാന പരിവര്‍ത്തനവും കാണുന്നില്ല. അധ്യാത്മ രാമായണത്തെപ്പോലെ രാമചരിതമാനസവും ശിവപാര്‍വതി സംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. തുളസീദാസന്റെ സമകാലീന കവികളില്‍ രാമസാഹിത്യത്തിന്റെ വികാസത്തിന്റെ കാഴ്ചപ്പാടില്‍ അഗ്രദാസനും നാഭാദാസനും പ്രമുഖരാണ്.
മറാഠി സാഹിത്യത്തിലെ അതിപ്രാചീനമായ രാമകഥ ഏകനാഥകൃതമായ ഭാവാര്‍ഥരാമായണമാണ്. 16-ാം ശതകത്തിലാണ് ഇത് രചിച്ചിരിക്കുന്നത്. മറാഠി രാമസാഹിത്യത്തിന്റെ ഒരു പ്രത്യേകത സീതാസ്വയംവരം എന്ന പേരിലുള്ള കൃതികളുടെ ബാഹുല്യമാണ്.
രാമദാസന്‍, വാമനന്‍, ആനന്ദതനയന്‍, നാഗേഷ് എന്നിവരെല്ലാം വ്യത്യസ്തങ്ങളായ സീതാസ്വയംവരത്തിന്റെ രചയിതാക്കളാണ്. നിലവില്‍ മറാഠി സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിനേടിയ കൃതി ശ്രീധരന്‍ രചിച്ച രാമവിജയമാണ്.
ഗുജറാത്തി സാഹിത്യത്തില്‍ 19-ാം ശതകത്തിലെ ഗിരിധരദാസന്‍ രചിച്ച രാമായണമാണ് ഏറെ ശ്രേഷ്ഠം. ആധുനികകാലത്ത് യോഗവാസിഷ്ഠം, അധ്യാത്മരാമായണം, രാമചരിതമാനസം തുടങ്ങിയവ ഗുജറാത്തിയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഉര്‍ദുവിനെക്കാള്‍ പേർഷ്യൻ രാമകഥാസാഹിത്യമാണ് കൂടുതല്‍ പ്രാചീനം. അക്ബറുടെ ആജ്ഞാനുസരണം അല്‍ബദായൂനി വാല്മീകി രാമായണം 1584-89 ല്‍ പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്തിരുന്നു. ജഹാംഗീറിന്റെ കാലത്ത് ഗിരിധരദാസന്‍ വാല്മീകിരാമായണം പദ്യരൂപത്തില്‍ വിവര്‍ത്തനം ചെയ്യുകയും മുള്ളാമസീഹ തന്റെ രാമായണമസീഹി രചിക്കുകയും ചെയ്തിട്ടുണ്ട്.
രാമായണം മറ്റു രാജ്യങ്ങളില്‍
സിംഹള സാഹിത്യത്തില്‍ സീതാത്യാഗത്തിന്റെ കഥകള്‍ക്കാണ് പ്രാധാന്യം. സിംഹള രാമകഥയില്‍ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ സീത അപഹരിക്കപ്പെടുന്നു. ഹനുമാന്റെ സ്ഥാനത്ത് ബാലിയാണ്. ബാലി ലങ്കാദഹനം നടത്തി സീതയെ രാമന്റെ അടുത്തെത്തിക്കുന്നു.
ഇന്‍ഡോനേഷ്യന്‍ രാമായണം
ബാലി, ജാവ, സുമ്രാത്ര (സുമിത്ര) മുതലായ പ്രദേശങ്ങളുള്‍പ്പെടുന്ന പ്രദേശമാണ് ഇന്‍ഡോനേഷ്യ. പ്രാചീനകാലം മുതല്‍ അവിടെ രാമായണകഥകള്‍ പലവിധത്തില്‍ പ്രചരിച്ചിരുന്നു. ഇന്‍ഡോനേഷ്യന്‍ രാമായണകഥകള്‍ ഇന്ത്യന്‍ രാമായണവുമായി ഏറെ ബന്ധമുള്ളതാണെങ്കിലും അവിടുത്തെ പ്രബല ജനവിഭാഗമായ മുസ്‌ലിംകളും കഥയിലേക്കു കടന്നുവരുന്നു. അതിനാല്‍ ഇന്‍ഡോനേഷ്യന്‍ രാമായണം മറ്റു രാമകഥാസാഹിത്യത്തില്‍നിന്നും ഏറെ വിഭിന്നമാണ്.
പത്താംനൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന 'രാമായണകകവിന'യാണ് ഇന്‍ഡോനേഷ്യയിലെ ഏറ്റവും പ്രാക്തനവും രാമകഥാസംബന്ധിയുമായ സാഹിത്യസൃഷ്ടി. ഇതിന്റെ കര്‍ത്താവ് യോഗീശ്വരനെന്ന ഒരു കവിയാണെന്നായിരുന്നു ഏറെക്കാലത്തെ ധാരണ. എന്നാല്‍, ഏറ്റവും ആധുനികമായ ചില പഠനങ്ങള്‍ ഇതു നിരാകരിക്കുകയും അജ്ഞാതനാണ് ഇതിന്റെ കര്‍ത്താവെന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ ജനപ്രീതിയുള്ള ഒരാധുനിക രൂപവും ഇന്‍ഡോനേഷ്യയില്‍ പ്രചാരത്തിലുണ്ട്. സംഗീത- നാടക രംഗത്ത് രാമകഥയ്ക്ക് അനിഷേധ്യമായ സ്ഥാനം അവര്‍ നല്‍കുന്നു. ജാവയിലെ നാടകസാഹിത്യം മിക്കവാറും 'സേരത്തുകാണ്ഡ'ത്തെയും 'തമകേലിംഗ'ത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ബാലിയിലെ വയാംഗ വോംഗ എന്ന നാടകത്തിലെ മുഴുവന്‍ സര്‍ഗങ്ങളും രാമായണത്തിലെ രംഗങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഫാദര്‍ കാമില്‍ ബുല്‍ക്കെ അഭിപ്രായപ്പെടുന്നു.
ഹികായത്ത് സേരിരാമ വിസ്തൃതമായ ഒരു കൃതിയാണ്. രാവണചരിതം മുതല്‍ സീതാ ത്യാഗത്തിനുശേഷം രാമസീതാസംയോഗം വരെയുള്ള കഥ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഇതില്‍ രാവണന്റെ ചിത്രത്തിന്റെ കഥ അല്‍പ്പം പരിവര്‍ത്തനവിധേയമായ രൂപത്തില്‍ ലഭിക്കുന്നു. ഹികായത്ത് സേരിരാമ പോലെ എടുത്തുപറയേണ്ട മറ്റൊരു കൃതിയാണ് ശ്രീരാമ പാതായനി രാമായണം. ഹികായത് സേരിരാമിന്റെ വിവിധ പതിപ്പുകള്‍, ഹികായത് മഹാരാജരാവണം, ശ്രീരാമ പാതായനി രാമായണം, രാമകേലിംഗ, സേരത്കാണ്ഡം എന്നിവയാണ് ഇന്‍ഡോനേഷ്യന്‍ രാമായണങ്ങളില്‍ മുഖ്യമായവ. കൂടാതെ നാടോടിക്കഥകളായും നാടന്‍ പാട്ടിന്റെ രൂപത്തിലും രാമകഥ അവിടെ പ്രചാരത്തിലുണ്ട്.
ടിബറ്റന്‍ രാമായണം
ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ ടിബറ്റിലേക്ക് എട്ടാംശതകത്തിലോ ഒമ്പതാംശതകത്തിലോ രാമകഥ പ്രചരിക്കുവാന്‍ തുടങ്ങിയിരുന്നു. രാവണചരിതം മുതല്‍ സീതാത്യാഗവും രാമസീതാസംയോഗവും വരെയുള്ള മുഴുവന്‍ രാമകഥയുടെയും കൈയെഴുത്തു പ്രതികള്‍ ടിബറ്റില്‍നിന്നു ലഭിച്ചിട്ടുണ്ട്.
ഖോത്താനീരാമായണം
പഴയ തുര്‍ക്കിസ്താന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന സ്ഥലമാണ് ഖോത്താന്‍. ടിബറ്റിലെ രാമായണകഥകളുമായി വളരെയേറെ സാമ്യമുള്ള രാമായണമാണ് ഖോത്താനീരാമായണം. ക്രിസ്തുവര്‍ഷം ഒമ്പതാം ശതകത്തിലാണ് ഖോത്താനീരാമായണത്തിന്റെ രചനാകാലമെന്നു കണക്കാക്കിയിരിക്കുന്നു. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന പ്രദേശത്ത് പ്രചരിച്ച രാമായണമായതുകൊണ്ടാവണം ഖോത്താനീരാമായണത്തില്‍ രാമനും ലക്ഷ്മണനും സീതയെ വിവാഹം ചെയ്യുന്നുണ്ട്.
ബര്‍മീസ് രാമായണം
ബര്‍മ്മയിലെ രാമായണസാഹിത്യം ഏറെ പ്രാചീനമല്ല; വളരെ ആധുനികമാണ്. ലാവോസ് രാമായണം:-
ഏകദേശം 625 മൈല്‍ മാത്രം നീളമുള്ള കൊച്ചുരാജ്യമാണ് ലാവോസ്. കലാസാഹിത്യരൂപങ്ങളിലൂടെയാണ് ലാവോസില്‍ രാമായണം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നാടോടി ആവിഷ്‌കാരരൂപങ്ങളിലൂടെയും രാമായണം അവിടെ വേരോടിയിട്ടുണ്ട്.
മലേഷ്യന്‍ രാമായണം
സമ്പന്നമായ രാമായണ-മഹാഭാരത പാരമ്പര്യവും സാഹിത്യ സമ്പത്തുമുള്ള രാജ്യമാണ് മലേഷ്യ. വാമൊഴി - വരമൊഴി രൂപങ്ങളിലൂടെ ജനതയുടെ സാമൂഹ്യ - സാംസ്‌കാരിക ജീവിതത്തില്‍ അവ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു. ഹികായത്ത് യുദ്ധ എന്ന പേരില്‍ മഹാഭാരതം ലിഖിതരൂപത്തില്‍ മലേഷ്യയില്‍ ലഭ്യമാണ്.
ഫിലിപ്പൈൻ രാമായണം
രാമായണകഥകള്‍ക്ക് ഏറെ വേരോട്ടമുള്ള രാജ്യമാണ് ഫിലിപ്പൈന്‍.1968-ല്‍ ജോണ്‍ ആര്‍. ഫ്രാന്‍സിസ്‌കോ കണ്ടെത്തിയ 'മഹാരാധ്യലാവണ' എന്ന പാഠത്തില്‍ ഇതു വ്യക്തമായിക്കാണാം. രാവണന് ഈ കൃതിയില്‍ മുഖ്യസ്ഥാനമുണ്ട്. പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് ഈ കൃതിയില്‍ രാവണന്‍.
ജപ്പാന്‍ രാമായണം
തായ്‌ലന്‍ഡില്‍നിന്നും ചൈനയില്‍നിന്നുമാണ് രാമായണകഥ ജപ്പാനില്‍ എത്തിയത്. നൃത്തസംഗീതരൂപങ്ങളിലൂടെയാണ് ജപ്പാനില്‍ രാമായണം പ്രചാരം സിദ്ധിച്ചത്. 'ദോരാഗാകു' എന്നാണ് ഈ നൃത്തരൂപത്തിന്റെ പേര്. ഈ നൃത്തരൂപത്തില്‍ രാമായണകഥയുടെ പ്രധാന ഭാഗങ്ങളെല്ലാം അവതരിപ്പിക്കുന്നു.
തായ്‌ലന്‍ഡ് രാമായണം
തായ്‌ലന്‍ഡിലെ പൂര്‍വ്വികരായ ലാവാസ് വിഭാഗവുമായി ബി.സി. മൂന്നാംശതകം മുതല്‍ ഭാരതം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. അക്കാലത്ത് ഈ പ്രദേശം സുവര്‍ണ്ണഭൂമി എന്നാണറിയപ്പെട്ടിരുന്നത്. സുവര്‍ണ്ണ ഭൂമി പിന്നീട് സയാമായി മാറി. സയാം പിന്നീട് തായ്‌ലന്‍ഡായി. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടുവരെ തുടര്‍ന്ന സമ്പര്‍ക്കത്തിന്റെ ഫലമായി ബ്രാഹ്മണമതവും ബുദ്ധിസവും അവിടെ പ്രചരിച്ചു. തായ് ഭാഷയ്ക്ക് ദക്ഷിണേന്ത്യയിലെ ചില ഭാഷകളുമായി സാമ്യമുണ്ട്. തായ് ഭാഷയില്‍ സംസ്‌കൃത-പാലീ ഭാഷകളിലെ പദങ്ങള്‍ ഒട്ടേറെയുണ്ട്. ബുദ്ധമതമാണ് അവിടത്തെ രാഷ്ട്രമതം. എന്നാല്‍, ബുദ്ധനെ ആരാധിക്കുന്നതിന് അവര്‍ക്ക് രാമായണവും രാമനും വിഷ്ണുവും വിഷ്ണുവാഹനമായ ഗരുഡനും നാഗങ്ങളുമെല്ലാം വേണം. ഹിന്ദു സങ്കല്പങ്ങളിലുള്ള ഒരു രഥത്തിന്റെ മാതൃകയിലുള്ള സിംഹാസനത്തിലാണ് മരതകബുദ്ധനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വിശ്വസിക്കുന്ന തായ് ജനത, തങ്ങളുടെ രാജാവ് രാമന്റെ പ്രതിരൂപമാണെന്നു കരുതുന്നു. തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമാണ് രാജാവ് എന്നവര്‍ വിശ്വസിക്കുന്നു. ചാക്രി വംശകാലംവരെ ഏതാണ്ട് 417 വര്‍ഷക്കാലം തായ്‌ലന്‍ഡിന്റെ തലസ്ഥാന നഗരം അയുദ്ധ്യാ ആയിരുന്നു.
രാമായണം വിദേശത്ത് എത്തിയ വിധം
ഭിന്നവഴികളിലൂടെയാണ് രാമായണം ഇന്ത്യയ്ക്കു പുറത്ത്, മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രചരിച്ചത്. അതില്‍ പ്രധാന പങ്കുവഹിച്ചത് ബൗദ്ധരും ഹൈന്ദവരും ജൈനമതസ്തരുമാണ്. വിദേശങ്ങളിലെ ചില രാമായണങ്ങള്‍ക്ക് കടപ്പാട് വാല്മീകിയോടാണെങ്കില്‍ ചിലതിനു ബന്ധം ബൗദ്ധരുടെ അനാമകം ജാതകത്തോടും ദശരഥജാതകത്തോടുമാണ്. ഏറ്റവുമാദ്യം വിദേശത്ത് രാമകഥ പ്രചരിപ്പിച്ചത് ബൗദ്ധരാണ്.
നിരണം കവികളിൽ ഒരാളായ രാമപ്പണിക്കര്‍ രചിച്ച കണ്ണശ്ശരാമായണമാണ് മലയാളത്തിലെ ആദ്യ രാമായണം എന്ന് കരുതപ്പെടുന്നു , എന്നാല്‍ കൂടുതല്‍ ജനകീയമായത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമാണ്.
ആദിവാസികൾക്കിടയിൽ പൂർണ്ണരൂപത്തിൽ രാമായണം പ്രചാരമില്ലെങ്കിലും നിരവധി ഉപകഥകൾ അവർ ഇന്നും വായ്മൊഴിയായി പകർന്നു പോരുന്നു. പലജാതികളും ശബരിയുടെ ഐതിഹ്യങ്ങൾ വിശ്വസിക്കുന്നുണ്ട്. ബോഡോ ജാതിയിൽ സീതാത്യാഗത്തിന്റെ കാര്യത്തിൽ രജകന്റെ കഥയുടെ വികൃതരൂപം ലഭിക്കുന്നു. ഉംറാവ് ജാതിയിൽ ലങ്കാ ദഹനത്തിന്റെ കഥക്ക് ഒരു പുതിയ രൂപം പ്രചാരത്തിലുണ്ട്.
ബീഹാറിലെ സാന്ധാൾ വംശത്തിൽ പെട്ടവരുടെ (സൈന്ധവ നിവാസികളുടെ പിൻഗാമികൾ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു) ഇടയിൽ പ്രചാരമുള്ള രാമകഥക്ക് രാമായണവുമായി അടുത്ത സാമ്യമുണ്ട്.
മറ്റൊരു രസകരമായ കാര്യം അറബിയിലും രാമായണം ഉണ്ടെന്നു ഉള്ളതാണ് .പക്ഷെ ഇതിന് അര നൂറ്റാണ്ടോളമേ പഴക്കമുള്ളൂ . കൂടാതെ മാപ്പിള പാട്ടിന്റെ ഭാഷയും കഥന ശൈലിയുമായി മലബാറില്‍ ഒരു നാടോടി രാമായണം ഉണ്ട് "മാപ്പിളരാമായണം" എന്നാണ് പേര്.
ഇന്‍ഡോനേഷ്യയിലെ പ്രംബനൻ ക്ഷേത്രത്തിൽ നടക്കുന്ന രാമായണം ബാലൈയിലെ ദൃശ്യങ്ങളാണ് താഴെ കാണുന്നത്.