സ്ത്രീധനം പേരിനു പോലുമില്ലാത്ത നാടാണ് ലക്ഷദ്വീപ്. സ്ത്രീപീഡനങ്ങളോ കൊലപാതകങ്ങളോ ഇവിടെയില്ല. സ്ത്രീക്ക് വിലയും നിലയും കല്‍പ്പിക്കുന്ന ഒരു സംസ്‌കാരമുള്ള ലക്ഷദ്വീപില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്
ലക്ഷദ്വീപിലെ ഒരു പെണ്‍കുട്ടി ബിരുദ പഠനത്തിനായി കരയിലെത്തി(കരയെന്നാല്‍ കേരളം). കോളജിലെ സഹപാഠികളെല്ലാം വളരെ പെട്ടെന്ന് അവളുടെ സുഹൃത്തുക്കളായി. ഒരിക്കല്‍ ഒരു കൂട്ടുകാരി അവളെ വിവാഹത്തിന് ക്ഷണിച്ചു. വിവാഹത്തലേന്നാള്‍ അടുത്ത ദിവസം ധരിക്കേണ്ട വസ്ത്രങ്ങള്‍ തേയ്ക്കുന്നതിനിടയില്‍ ഹോസ്റ്റല്‍ മുറിയുടെ വാതില്‍ക്കലില്‍ മുട്ടുകേട്ടു. വാതില്‍ തുറന്നപ്പോള്‍ അവള്‍ ഞെട്ടി. നാളെ വിവാഹിതയാവേണ്ട കൂട്ടുകാരിയതാ തൊട്ടുമുന്നില്‍. തോളത്ത് ഒരു വലിയ ബാഗും.
‘ നാളെ നിന്റെ കല്ല്യാണമല്ലേ, എന്നിട്ടെന്താ ഇപ്പോള്‍..?’
കൂട്ടുകാരി പൊട്ടിക്കരഞ്ഞു. അവളുടെ വിവാഹം മുടങ്ങിയിരുന്നു. പറഞ്ഞുറപ്പിച്ച സ്ത്രീധന തുക കല്ല്യാണത്തലേന്ന് നല്‍കേണ്ടതായിരുന്നു. എന്നാല്‍ പെണ്ണിന്റെ അച്ഛന് പെട്ടെന്ന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. സ്ത്രീധന തുക നല്‍കാന്‍ കുറച്ചുകൂടി സാവകാശം പെണ്‍വീട്ടുകാര്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ചെക്കന്റെ വീട്ടുകാരും. ഒന്നുകില്‍ തന്റെ കല്ല്യാണം. അല്ലെങ്കില്‍ അച്ഛന്റെ ജീവന്‍. അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നാളെ കല്ല്യാണത്തിനായി ആരും വീട്ടിലേക്ക് വരേണ്ടെന്ന് അറിയിക്കാനായി കോളജില്‍ എത്തിയതായിരുന്നു അവള്‍.
ലക്ഷദ്വീപുകാരി അത്ഭുതപ്പെട്ടു. കേരളമെന്നാല്‍ സ്വര്‍ഗമാണെന്നാണ് അവള്‍ ദ്വീപില്‍ പറഞ്ഞുകേട്ടിരുന്നത്. മലയാളികള്‍ പണക്കാര്‍. ഏറെ പഠിപ്പും പത്രാസുമുള്ളവര്‍. രാജ്യവും ലോകവും ഭരിക്കുന്നവര്‍. അവളുടെ നാട് പിന്നാക്കമാണ്. എന്നാല്‍ അവളുടെ നാട്ടില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലാത്ത ഒരു സമ്പ്രദായമാണ് സ്ത്രീധനം.
കരയില്‍ നിന്ന് ഏറെ അകലെ നടുക്കടലില്‍ ഒറ്റപ്പെട്ടുകിടക്കുന്ന 10 ജനവാസ ദ്വീപുകള്‍ ഉള്‍പ്പെടെ 34 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഈ കേന്ദ്ര ഭരണ പ്രദേശത്തെ ജനസംഖ്യ വെറും 60,000 മാത്രം. വര്‍ഷകാലത്ത് കടല്‍ ക്ഷോഭിക്കുന്നതോടൊപ്പം കരയെ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന കപ്പല്‍ സര്‍വിസുകള്‍ നിലയ്ക്കും. അതോടെ ദ്വീപുകള്‍ വറുതിയിലാവും. ഉന്നത നിലവാരമുള്ള ആശുപത്രികല്‍ ലക്ഷദ്വീപിലില്ല. വ ിദഗ്ധ ചികിത്സ ലഭിക്കാതെ രോഗികള്‍ മരിച്ചു വീഴാറുണ്ട്. ഉന്നത വിദ്യാഭ്യാസം വേണമെങ്കില്‍ കരയ്ക്ക് കപ്പല്‍ കയറുക എന്നതാണ് ഏക മാര്‍ഗം. കരയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നുമില്ല. കര സ്വര്‍ഗമാണെന്ന് കരുതിയ പെണ്‍കുട്ടി ആദ്യമായി തിരുത്തി. ‘സ്വര്‍ഗം ലക്ഷദ്വീപ് തന്നെ.’
പെണ്‍സുരക്ഷയുടെ തുരുത്ത്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ലക്ഷദ്വീപിനെ എന്തുചെയ്യുമെന്നതിനെക്കുറിച്ച് ഡല്‍ഹിയില്‍ കൂലങ്കഷമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഭൂമിശാസ്ത്രപരമായി തികച്ചും ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്തെ ജനസഞ്ചയത്തെ നിലനിര്‍ത്തണമെങ്കില്‍ നല്‍കേണ്ടിവരുന്ന കേന്ദ്ര വിഹിതത്തെക്കുറിച്ചായിരുന്നു പലര്‍ക്കും ആശങ്ക. ദ്വീപ് നിവാസികളെ മുഴുവന്‍ കേരളത്തിലേക്ക് മാറ്റിയ ശേഷം ദ്വീപുകള്‍ ബോംബിട്ട് തകര്‍ക്കണമെന്ന് കേന്ദ്രത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തമാശ രൂപേണ നിര്‍ദേശിച്ചു. ക്രൂരമായ തമാശയുടെ അര്‍ഥം അന്നത്തെ ലക്ഷദ്വീപിലെ ഒരു പ്രമുഖ നേതാവിന് മനസിലായില്ല. എന്തോ ഒരു വലിയ കാര്യമാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് കരുതിയ നേതാവ് അനുകൂലഭാവത്തില്‍ ഒപ്പം തലകുലുക്കിയത്രെ.
60,000 പേര്‍ മാത്രം താമസിക്കുന്ന ലക്ഷദ്വീപിനെ നിലനിര്‍ത്താനായി കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത് കോടി രൂപയാണ്. ചൂര മത്സ്യവും കുറെ നാളികേര ഉല്‍പന്നങ്ങളും പിന്നെ പവിഴ പുറ്റുകളുമല്ലാതെ ലക്ഷദ്വീപ് എന്താണ് തിരിച്ചുനല്‍കിയതെന്ന ചോദ്യത്തിന് ലക്ഷദ്വീപുകാര്‍ എണ്ണം പറഞ്ഞ് മറുപടി നല്‍കും. ‘ഇന്ത്യയിലെ ഏറ്റവും ശാന്തമായ പ്രദേശമാണ് ലക്ഷദ്വീപ്. ഇവിടെ കൊലപാതകങ്ങളില്ല, സ്ത്രീപീഡനങ്ങളില്ല. സ്ത്രീധനമില്ല. ഇത്രയും സമാധാനത്തോടെ ജീവിക്കുന്ന ഒരു ജനസഞ്ചയത്തെ ലോകത്ത് മറ്റെവിടെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല…’
ലക്ഷദ്വീപുകാരുടെ അവകാശവാദം സത്യസന്ധമാണെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ മണിക്കൂറിലും ഓരോ സ്ത്രീധന മരണങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. 2012, 2013, 2014 വര്‍ഷങ്ങളിലായി രാജ്യത്തൊട്ടാകെ നടന്നത് 24,771 സ്ത്രീധന മരണങ്ങളാണ്. (2012ല്‍ 8,233, 2013ല്‍ 8,083, 2014ല്‍ 8,455). സംസ്ഥാനം തിരിച്ചുള്ള കണക്കെടുത്താല്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍. മൂന്ന് വര്‍ഷത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ നടന്നത് 7,048 മരണങ്ങള്‍. ബിഹാറും (3,830) മധ്യപ്രദേശുമാണ് (2,252)തൊട്ടുപിറകില്‍. ഈ കാലയളവില്‍ രാജ്യത്തൊട്ടാകെ 3.48 ലക്ഷം സ്ത്രീപീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീപീഡനക്കേസുകളുടെ കാര്യത്തില്‍ ഒന്നാമത് പശ്ചിമബംഗാളാണ്(65,259). രാജസ്ഥാന്‍ (44,311), ആന്ധ്രാപ്രദേശ്(34,855) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
എന്നാല്‍ ലക്ഷദ്വീപില്‍ ഈ കാലയളവില്‍ ഒരൊറ്റ സ്ത്രീധന മരണമോ സ്ത്രീധനക്കേസോ സ്ത്രീ പീഡനക്കേസോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ലക്ഷദ്വീപിന് കൂട്ടായി ഒരു പ്രദേശം ഇന്ത്യയിലുണ്ട്-നാഗാലാന്‍ഡ്. സ്ത്രീ കേന്ദ്രീകൃത ഗോത്ര പാരമ്പര്യമാണ് നാഗാലാന്‍ഡിന്റെ തനിമ. എന്നാല്‍ ഭീകരവാദത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന നാഗാലാന്‍ഡ് ഒട്ടും ശാന്തമല്ല. ലക്ഷദ്വീപിന്റെ സ്ഥിതി തികച്ചും വ്യത്യസ്തവുമാണ്. ഇന്ത്യയില്‍ ഏറ്റവും കുറച്ച് കുറ്റകൃതൃങ്ങള്‍ നടക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്.
ചെലവ് വധുവിനല്ല, വരന്
ലക്ഷദ്വീപിലെ വിവാഹങ്ങള്‍ വര്‍ണാഭമാണ്. പണ്ടെല്ലാം വിവാഹങ്ങള്‍ ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളായിരുന്നു. ആഘോഷ ദിനങ്ങള്‍ ചുരുങ്ങിയെങ്കിലും ഇന്നും പൊലിമയ്ക്ക് ഒട്ടും കുറവില്ല. വിവാഹം നടക്കുന്നത് വധുവിന്റെ വീട്ടിലാണ്. കല്ല്യാണ ദിവസം ഉച്ചയ്ക്ക് വധൂഗൃഹത്തിലായിരിക്കും പ്രധാന സദ്യ. വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ ഒത്തുകൂടുന്നു. സദ്യയ്ക്ക് ശേഷം വരന്‍ സ്വവസതിയിലേക്ക് മടങ്ങിപ്പോവുന്നു. രാത്രിയില്‍ നടക്കുന്ന അടുത്ത ചടങ്ങാണ് പുതിയാപ്പിള വരവ്. വരനും സുഹൃത്തുക്കളുമടങ്ങുന്ന സംഘം രാത്രിയില്‍ ഭക്ഷണത്തിനായി വധുവിന്റെ വീട്ടിലെത്തും. പുതിയാപ്പിള വരവിനും വധൂഗൃഹത്തില്‍ വിഭവസമൃദ്ധമായ സദ്യ വേണം. മൂന്നാം രാത്രിയാണ് അടുത്ത ചടങ്ങ്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാംരാത്രിയില്‍ നടക്കുന്ന ഈ വിരുന്ന് സല്‍ക്കാരവും ചെലവേറിയതുതന്നെ.
പകല്‍വിളിയാണ് അടുത്ത ചടങ്ങ്. പകല്‍സമയത്ത് വധുവിന്റെ വീട്ടില്‍ വരന് പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന ചടങ്ങാണിത്. കാലികപ്രസക്തിയില്ലെങ്കിലും ഇന്നും ആര്‍ഭാടപൂര്‍വം പകല്‍വിളി ആഘോഷിക്കുന്നു. ഈ ചടങ്ങും ചെലവേറിയതു തന്നെ. സല്‍ക്കാരം കഴിഞ്ഞ് വരന്‍ വധുവിന്റെ വീട്ടിലെത്തിയാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കണം. ഒട്ടുമിക്ക വധൂവരന്മാരും ഒരേ ദ്വീപില്‍ താമസിക്കുന്നവരായിരിക്കും. ദ്വീപുകളിലെ നാട്ടുനടപ്പനുസരിച്ച് വേണമെങ്കില്‍ ഉച്ചഭക്ഷണത്തിനായി ഭര്‍ത്താവിന് സ്വന്തം വീട്ടില്‍ പോവാം. രാത്രിയുറക്കവും പ്രഭാത ഭക്ഷണവും നിര്‍മ്പന്ധമായും ഭാര്യവീട്ടിലായിരിക്കണം.
വിവാഹം ചെലവേറിയതാണ്. സദ്യയ്ക്കാവശ്യമായ ഇറച്ചിയും പച്ചക്കറികളുമെല്ലാം കപ്പല്‍ മാര്‍ഗം കേരളത്തില്‍ നിന്നാണ് കൊണ്ടുവരുന്നത്. പ്രധാന സല്‍ക്കാരങ്ങള്‍ നടക്കുന്നത് വധൂഗൃഹത്തിലാണെങ്കിലും ചെലവിന്റെ വലിയ പങ്ക് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കണം. വധു ആഭരണങ്ങള്‍ അണിയാറുണ്ട്. എന്നാല്‍ വധുവിന് ആഭരണങ്ങള്‍ വാങ്ങിച്ചു നല്‍കേണ്ടത് വരന്റെ വീട്ടുകാരാണ്. അഞ്ചു ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ ചെലവ് വരുന്ന വിവാഹങ്ങള്‍ ലക്ഷദ്വീപില്‍ നടക്കാറുണ്ട്. എന്നാല്‍ വിവാഹചെലവിലെ മുക്കാല്‍ പങ്കിലേറെ വഹിക്കേണ്ടിവരുന്നത് വരനാണ്. വിവാഹം വധുവിന് ഒരു സാമ്പത്തിക ബാധ്യതയാവുന്നില്ല എന്നു ചുരുക്കം. മറ്റിടങ്ങളില്‍ നിന്ന് വിഭിന്നമായി ഇസ്‌ലാമിക വിവാഹാചാരങ്ങളുടെ സ്ത്രീകേന്ദ്രീകൃത രൂപകല്‍പനയാണ് ലക്ഷദ്വീപില്‍ കാണാനാവുന്നത്. വിവാഹത്തില്‍ മാത്രമല്ല വിവാഹമോചനത്തിലും സ്ത്രീപക്ഷ ആചാരങ്ങള്‍ പ്രകടമാണ്. കവരത്തി ഗ്രാമപഞ്ചായത്ത് അധ്യക്ഷ റസിയാ ബീഗത്തിന്റെ വാക്കുകള്‍: ‘കല്ല്യാണ സമയത്ത് വധു അണിയേണ്ട ആഭരണങ്ങളെല്ലാം വരനാണ് വാങ്ങിച്ചു കൊടുക്കേണ്ടത്. എന്നാല്‍ ഇവര്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞാല്‍ ആഭരണങ്ങള്‍ തിരികെ വാങ്ങാന്‍ ദ്വീപ് നിയമങ്ങള്‍ ഭര്‍ത്താവിനെ അനുവദിക്കുന്നില്ല. സ്വര്‍ണം ഒരിക്കല്‍ സ്ത്രീ അണിഞ്ഞാല്‍ പിന്നീടൊരിക്കലും തിരികെ വാങ്ങരുതെന്നാണ് ദ്വീപിലെ അലിഖിത നിയമം.’
ലക്ഷദ്വീപ് പ്രത്യേക അവകാശങ്ങളുള്ള ഗോത്ര വര്‍ഗമേഖലയാണ്. പ്രത്യേക പാസുണ്ടെങ്കില്‍ മാത്രമേ പുറംനാട്ടുകാര്‍ക്ക് ദ്വീപുകളില്‍ പ്രവേശിക്കാനാവൂ. പുറത്തുള്ളവര്‍ക്ക് ദ്വീപുകളില്‍ ഭൂമിവാങ്ങാനാവില്ല. സംസ്‌കാരത്തിന്റെ നന്മകള്‍ പുറംനാട്ടുകാര്‍ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഇത്തരം നിയമങ്ങള്‍ക്കു പിറകിലെ അടിസ്ഥാന വികാരം. പുറംനാട്ടുകാരോടുള്ള ഈ സമീപനം വിവാഹത്തിലുമുണ്ട്. ദ്വിപിന് പുറത്തുള്ള പുരുഷന്മാര്‍ ദ്വീപിലെ സ്ത്രീകളെ വിവാഹം ചെയ്ത് ഇവിടെത്തന്നെ സ്ഥിരതാമസമാക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ അവരോടൊപ്പം മറ്റു നാടുകളിലേക്ക് കുടിയേറുന്ന സംഭവങ്ങള്‍ നന്നേ കുറവാണ്. ഇതിന്റെ കാരണം റസിയാബീഗം ഇങ്ങനെ വിശദീകരിക്കുന്നു: ‘ഒരു കേരളീയനെ കല്ല്യാണം കഴിക്കണമെങ്കില്‍ ഞങ്ങളുടെ പെണ്‍കുട്ടി വന്‍തുക സ്ത്രീധനം നല്‍കേണ്ടിവരും. പല പെണ്‍കുട്ടികള്‍ക്കും അതിനുള്ള ശേഷിയുണ്ടെങ്കിലും ആത്മാഭിമാനം അവരെ വിലക്കുന്നു.’ പവിഴപ്പുറ്റുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ദ്വീപുകളുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിലുപരി സ്ത്രീധനം പേരിനുപോലുമില്ലാത്ത, തികച്ചും സ്ത്രീകേന്ദ്രീകൃതമായ ഒരു ജനസഞ്ചയത്തിന്റെ സംസ്‌കാരമാണ് ലക്ഷദ്വീപില്‍ നിന്ന് രാജ്യം പഠിക്കേണ്ടത്.
കടപ്പാട്
(കൈരളി ടി.വി സീനിയര്‍ ന്യൂസ് എഡിറ്ററായ ലേഖകന്‍ നാഷനല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ മാധ്യമ ഫെലോഷിപ്പിന്റെ ഭാഗമായി തയാറാക്കിയതാണ് ഫീച്ചര്‍