അശോക് ലൈലാന്റ് മോട്ടോഴ്സിന് മൂവാറ്റുപുഴ നഗരവുമായുള്ള ബന്ധം ഒരു ആദ്യ വില്‍പ്പനയുടേതാണ്. മൂവാറ്റുപുഴയുടെ മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ഹാജി പി. വി. സെയ്തുമുഹമ്മദിന് ഒരു വാങ്ങലിന്റേതും. അശോക് ലൈലാന്റ് ട്രക്ക് കേരളത്തില്‍ ആദ്യം സ്വന്തമാക്കുന്നത് പി. വി. സെയ്തുമുഹമ്മദാണ്. ടി. വി. എസ്സായിരുന്നു വിതരണക്കാര്‍. എവറസ്റ്റ് കോര്‍പ്പറേഷന്‍ എന്ന് നെറ്റിയിലെഴുതി ദീര്‍ഘകാലം അന്നത്തെ ദുര്‍ഘടം പിടിച്ച നിരത്തുകളിലൂടെ ചരക്ക് കയറ്റി സഞ്ചരിച്ച വാഹനത്തിന്റെ താക്കോല്‍ തിരുവനന്തപുരത്ത് പോയാണ് സെയ്തുമുഹമ്മദ് ഏറ്റുവാങ്ങിയത്. 1962ല്‍ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ വച്ച് കമ്പനി സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍, ബ്രിട്ടീഷുകാരായ കമ്പനിയുടെ ഉദ്യോഗസ്ഥരില്‍ നിന്നും സെയ്തുമുഹമ്മദ് താക്കോല്‍ സ്വീകരിച്ചതിന് സാക്ഷികളായി നാട്ടില്‍ നിന്നും സുഹൃത്തുക്കളായ ഇടപ്പിള്ളി ഇബ്രാഹിം, തെറ്റിലയില്‍ ടി. എ. മുഹമ്മദ്, ടി. പി. കാദിര്‍കുഞ്ഞ് എന്നിവരും ഉണ്ടായിരുന്നു. മൂവാറ്റുപുഴ എവറസ്റ്റ് ഹോട്ടലിന്റെ പൂമുഖക്കാഴ്ചയായി സായിപ്പിന്റെ പക്കല്‍ നിന്നും താക്കോല്‍ സ്വീകരിക്കുന്ന പി. വി. സെയ്തുമുഹമ്മദിന്റെ ഫോട്ടോ പ്രദര്‍ശിപ്പിച്ചിരുന്നത് പഴയ തലമുറ ഇന്നും ഓര്‍ക്കുന്നു. നാട്ടില്‍ അന്ന് പ്രചാരത്തിലിരുന്ന ബെഡ്ഫോര്‍ഡ്, ശക്തിമാന്‍, ഷെവര്‍ലെ തുടങ്ങിയ കമ്പനികളുടെ ട്രക്കുകളാണ് സെയ്തുമുഹമ്മദിന് അതുവരെ സ്വന്തമായുണ്ടായിരുന്നത്. പുതുതായി വിപണിയില്‍ ലൈലാന്റ് ട്രക്ക് എത്തുന്നത് അപ്പോഴാണ്. ട്രക്കിന്റെ ചെയ്സിസ് മദ്രാസിലെ ഫാക്ടറിയില്‍ നിന്നും കൊണ്ടുവന്ന് മൂവാറ്റുപുഴയില്‍ വച്ച് ബോഡി ചെയ്ത് എടുക്കുകയായിരുന്നു. വാളകത്തെ രാഘവന്‍ ചേട്ടന്റെ നേതൃത്ത്വത്തില്‍, ഏതാനും സഹായികളും ചേര്‍ന്ന് ബോഡി ഒരുക്കി. മൂവാറ്റുപുഴ മാര്‍ക്കറ്റിലെ എവറസ്റ്റ് കവലയിലുള്ള ചാത്തംകംണ്ടം വീടിന്റെ തറവാടിനോട് ചേര്‍ന്നുള്ള തകരം മേഞ്ഞ ഷെഡ്ഡില്‍ വച്ചായിരുന്നു ബോഡി നിര്‍മ്മാണം. KLE 1500 ആയിരുന്നു വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍. കച്ചേരിത്താഴത്ത് താമസിച്ചിരുന്ന വാസു ചേട്ടന്‍, വെള്ളൂര്‍ക്കുന്നത്തെ പത്മനാഭ പിള്ള, കെ. എസ്. ആര്‍. ടി. സി.യില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞ അക്കാ മുഹമ്മദ് എന്ന് വിളിച്ചിരുന്ന മുഹമ്മദ്, പാലായി മമ്മുക്കുഞ്ഞ്, കെ. എസ്. ഇ. ബി. യില്‍ നിന്നും പെന്‍ഷന്‍ പറ്റിയ പെനാങ്ക് ഹമീദ് തുടങ്ങി നിരവധി പേര്‍ ഈ ട്രക്ക് മുത്തച്ഛന്റെ സാരഥികളായി പലകാലങ്ങളില്‍ ജോലി ചെയ്തിരുന്നു. എയര്‍ ബ്രേക്കിംഗ് സംവിധാനത്തില്‍ നിന്നും വിഭിന്നമായി ഫ്ലൂയിഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രേക്കിംഗ് സംവിധാനമായിരുന്നു ഈ ട്രക്കിനുണ്ടായിരുന്നത്. പമ്പ് ചെയ്ത് വേണമായിരുന്നു ഈ ബ്രേക്ക് പ്രവര്‍ത്തിപ്പിക്കാനെന്ന് അന്നത്തെ ഡ്രൈവര്‍മാര്‍ പറയുന്നു. ഇടുക്കി ഡാമിന്റെ നിര്‍മ്മാണത്തിനായി സിമന്റ് എത്തിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാരിലൊരാളായിരുന്നു പി. വി. സെയ്തുമുഹമ്മദ്, ഈ ആവശ്യത്തിനാണ് ട്രക്ക് ദീര്‍ഘകാലം ഉപയോഗിച്ചിരുന്നതെന്ന് മകന്‍ അഷ്റഫ് പറയുന്നു. റെയില്‍വേ വാഗണുകളില്‍ ഏറ്റുമാനൂരെത്തുന്ന സിമന്റ് കുളമാവിലെ സിമന്റ് ഡിപ്പോയില്‍ എത്തിക്കണം. യാത്ര ക്ലേശകരമായിരുന്ന അന്നത്തെ ദുര്‍ഘടപാതയിലൂടെ പരിമിതികളെ അതിജീവിച്ചും തന്റെ ജോലി നന്നായി തന്നെ ചെയ്തു ഈ വാഹനം.
കേരളത്തിലെ രണ്ടാമത് ട്രക്ക് സമീപനഗരമായ തൊടുപുഴയിലാണ് വിറ്റത്. വെങ്ങല്ലൂര്‍ ആനിയവീട്ടില്‍ ഗോപാലന്‍ നായരായിരുന്നു ട്രക്ക് സ്വന്തമാക്കിയത്. ആനിയവീട്ടില്‍ കുടുംബക്കാരുടെ തൊടുപുഴയിലെ ശ്രീകൃഷ്ണാ ഓയില്‍ മില്ലില്‍ നിന്നും എറണാകുളത്തേയ്ക്ക് വെളിച്ചെണ്ണ കൊണ്ടുപോകാനാണത്രെ ഈ ട്രക്ക് അദ്ദേഹം വാങ്ങിയത്. ഏതാണ്ട് ഇരുപത് വര്‍ഷം മുന്‍പ് വരെ ഈ വാഹനം നിരത്തില്‍ ഓടിയിരുന്നതിന് സാക്ഷികളുണ്ട്.
**********************
ഇനി ഒരല്‍പ്പം അശോക് ലൈലാന്റ് ചരിത്രം - ഇംഗ്ലണ്ടില്‍ നിന്നുള്ള ഓസ്റ്റിന്‍ കാറുകളുടെ അസംബ്ലിംഗിന് വേണ്ടിയാണ് 1949ല്‍ രഘുനന്ദന്‍ ശരണ്‍ എന്ന പഞ്ചാബ്കാരനായ സ്വാതന്ത്ര്യ സമരസേനാനി തന്റെ മകന്‍ അശോക് ശരണിന്റെ പേരില്‍ അശോക് മോട്ടോഴ്സ് സ്ഥാപിച്ചത്. മദ്രാസിലെ രാജാജി ശാലയില്‍ ഹെഡ്ഡ് ഓഫീസും നഗരത്തിന് അല്‍പം അകലെ, എന്നൂരില്‍ ഒരു പ്ലാന്റുമായാണ് അശോക് മോട്ടോഴ്സിന്റെ തുടക്കം. ഓസ്റ്റിന്‍ എ40 കാറുകളുടെ നിര്‍മ്മാണവും വിപണനവുമായിരുന്നു ആദ്യം. ഇന്ത്യയില്‍ കച്ചവടത്തിന് കൂടുതല്‍ ഭാവി വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ നിര്‍മ്മാണത്തിനാണ് എന്ന ദീര്‍ഘദര്‍ശിത്വത്തിന്റെ വെളിച്ചത്തില്‍ ഇംഗ്ളണ്ടിലെ നിര്‍മ്മാതാക്കളായ ലൈലാന്റ് മോട്ടോഴ്സുമായി രഘുനന്ദന്‍ ശരണ്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ദൗര്‍ഭാഗ്യകരമായി അശോക് ശരണ്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെങ്കിലും കമ്പനി സര്‍ക്കാര്‍ ഇടപെടലുകളിലൂടെ പ്രതിസന്ധികളെ തരണം ചെയ്തു. 1950ല്‍ അശോക് മോട്ടോഴ്സും ലൈലാന്റ് യു. കെ. യും കരാറിലെത്തി. ട്രക്കിന്റെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്നതിനായിരുന്നു ഏഴ് വര്‍ഷത്തെ കരാര്‍. 1951ല്‍ മാംഗ്ലൂര്‍ ടൈല്‍ ഫാക്ടറിക്കായി കോമെറ്റ് 350 എഞ്ചിനുകള്‍ ഘടിപ്പിച്ച നാല് ടിപ്പറുകളായിരുന്നു എന്നൂര്‍ ഫാക്ടറിയില്‍ അസംബിള്‍ ചെയ്ത ആദ്യത്തെ ലൈലാന്റ് ചേസ്സിസുകള്‍. തുടര്‍ന്ന് 1954ല്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് അംഗീകാരം നല്‍കി. 1955ല്‍ അശോക് മോട്ടോഴ്സും ലൈലാന്റ് മോട്ടോഴ്സ് ലിമിറ്റഡും തുല്ല്യ പങ്കാളിത്തത്തോടെ അശോക് ലൈലാന്റ് എന്ന പുതിയ പേര് സ്വീകരിച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച പകുതിയോളം വാഹനഭാഗങ്ങള്‍ ഉപയോഗിച്ച ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ഡബിള്‍ ഡക്കര്‍ ബസ് 1967ല്‍ അശോക് ലൈലാന്റ് പുറത്തിറക്കി. പവര്‍ സ്റ്റീയറിംഗ് ആദ്യമായി വാണിജ്യ വാഹനങ്ങളില്‍ സൗകര്യപ്പെടുത്തിയത് 1969ലാണ്. രാജ്യത്തെ മിലിട്ടറിക്കായി 1970ല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രക്കുകള്‍ നിര്‍മ്മിച്ച് നല്‍കി അശോക് ലൈലാന്റ് മികവ് തെളിയിച്ചു. പ്രതിവര്‍ഷം പതിനായിരം വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് കമ്പനി നേടുന്നത് 1972ലാണ്. കമ്പനിയുടെ ടേണോവര്‍ ചരിത്രത്തിലാദ്യമായി ആയിരം മില്ല്യണ്‍ കടന്നു. വൈക്കിംഗ്, ചീറ്റാ തുടങ്ങി വിവിധതരത്തിലുള്ള പാസഞ്ചര്‍ ബസ്സുകളും ട്രക്കുകളും തുടര്‍ന്ന് അശോക് ലൈലാന്റ് ഇന്ത്യന്‍ നിരത്തുകളിലിറക്കി. 1980ല്‍ ഹൊസൂരില്‍ കമ്പനിയുടെ പുതിയ പ്ലാന്റ് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം. ജി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അതേ വര്‍ഷം ഇന്ത്യയിലെ ആദ്യത്തെ 13ടണ്‍ ഭാരശേഷിയുള്ള ട്രക്ക് ടസ്ക്കര്‍ എന്ന പേരിലും ആദ്യത്തെ മള്‍ട്ടി ആക്സില്‍ ട്രക്ക് ടോറസ് എന്ന പേരിലും പുറത്തിറങ്ങി. മഹാരാഷ്ട്രയിലെ ഭണ്ടാരയിലും രാജസ്ഥാനിലെ ആല്‍വാറിലുമായി രണ്ട് പ്ലാന്റുകള്‍ കൂടി 1982ല്‍ ആരംഭിച്ചു. 1990ല്‍ ചെന്നൈയിലെ വെള്ളിവൊയല്‍ചാവടിയില്‍ പൂര്‍ണ്ണ സജ്ജമായ സൗകര്യങ്ങളും അത്യാവശ്യമായിരുന്ന ടെസ്റ്റിംഗ് ട്രാക്കുകളോടും കൂടി ഒരു ടെക്നിക്കല്‍ സെന്റര്‍ അശോക് ലൈലാന്റ് സ്ഥാപിച്ചു. 1993ല്‍ ഐ. എസ്. ഒ. നേടുന്ന ആദ്യത്തെ ഓട്ടോമൊബൈല്‍ കമ്പനിയായി അശോക് ലൈലാന്റ്. സ്വകാര്യമേഖലയിലെ ആദ്യത്തെ ഡ്രൈവര്‍ ട്രെയിനിംഗ് സൗകര്യമേര്‍പ്പെടുത്തിയതും ഇവര്‍ തന്നെയാണ്. തമിഴ്നാട്ടിലെ നാമക്കലിലാണ് ഈ കേന്ദ്രം. 1996ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ ഹൊസൂരിലെ രണ്ടാമത്തെ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. മിലിട്ടറിക്കായി സ്റ്റാലിയണ്‍ എന്ന മോഡല്‍ നിര്‍മ്മിച്ചും ആദ്യത്തെ സി. എന്‍. ജി. ഇന്ധനമായി ഉപയോഗിക്കുന്ന ബസ് നിര്‍മ്മിച്ചും തൊണ്ണൂറുകളുടെ അവസാനം കമ്പനി ശ്രദ്ധ നേടി. രണ്ടായിരാമാണ്ടിന്റെ തുടക്കത്തോടെ മറ്റേതൊരു അന്താരാഷ്ട്ര ട്രക്ക് നിര്‍മ്മാതാക്കളോടും കിടപിടിക്കാവുന്ന സാങ്കേതിക വിദ്യയും വാഹനങ്ങളുടെ ശ്രേണിയുമായി അശോക് ലൈലാന്റ് മുന്‍ നിരയിലെത്തി. 2006ല്‍ അവയ എന്ന ചെക്ക് റിപ്പബ്ലിക്ക് കമ്പനിയെ അശോക് ലൈലാന്റ് ഏറ്റെടുത്തു. നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ അശോക് ലൈലാന്റ് ആരംഭിച്ചത് 2011ലാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കാലത്തിന്റെ ആവശ്യത്തിനനുസൃതമായ ചെറു വാഹനങ്ങളും സ്ക്കൂള്‍ ബസ്സുകളും മുതല്‍ പരിസ്ഥിതി സൗഹൃദ യാത്രാവാഹനങ്ങളും ഉയര്‍ന്ന ഭാരവാഹനക്ഷമതയുള്ള ട്രക്കുകള്‍ വരെ നിര്‍മ്മിച്ച് അശോക് ലൈലാന്റ് ജൈത്രയാത്ര തുടരുകയാണ്. ട്വന്റി-ട്വന്റി ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം കപ്പുമായി മുംബൈ നഗരം ചുറ്റിയതോര്‍മ്മയില്ലേ... അതും അശോക് ലൈലാന്റിന്റെ ഡബിള്‍ ഡക്കര്‍ ബസ്സിലേറിയാണ്...
ചരിത്രാന്വേഷിയെന്ന നിലയില്‍ എനിക്ക് കിട്ടുന്ന വിവരങ്ങള്‍ ഇവിടെ പങ്കു വയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തെറ്റുകളോ, വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളോ ഉണ്ടെങ്കില്‍, ആയത് ബോധ്യപ്പെടുത്തിയാല്‍ തിരുത്തുന്നതിന് സന്തോഷമേയുള്ളൂ.
കടപ്പാട് : മോഹൻ ദാസ് സൂര്യനാരായണൻ
മുവാറ്റുപുഴ