വയനാട്ടിലെ ആദിവാസികളിൽ ജനസംഖ്യയിൽ മൂന്നാംസ്‌ഥാനത്തു നിൽക്കുന്ന വർഗ്ഗമാണ് കാട്ടുനായ്‌ക്കർ.കാട്ടുനായ്ക്കരുടെ പൂർവ്വീകർ കർണ്ണാടകയിൽ നിന്നും വയനാട്ടിലേയ്ക്ക് കുടിയേറിയവരാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവർ ഒരിടത്തും സ്ഥിരമായി താമസിക്കാറില്ല. ഒന്നോ രണ്ടോ മാസം ഒരു പ്രദേശത്ത് കൂട്ടമായി താമസിക്കും. അവിടെയുള്ള ഭക്ഷണ വിഭവങ്ങൾ തീർന്നാൽ മറ്റൊരിടം തേടി യാത്രയാകും. കന്നടയുമായി വളരെ അധികം സാമ്യമുള്ള ലിപിയില്ലാത്ത ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ശിവ സങ്കൽപ്പമായ മാസ്തിയും, ഗുളികനും ആണ് ഇവരുടെ പ്രധാന ആരാധന മൂർത്തികൾ, വസ്ത്രധാരണത്തിൽ മൈസൂർ ശൈലി ഇന്നും ഇവർ കാത്തു സൂക്ഷിക്കുന്നുണ്ട്. സ്ത്രീകളുടെ വേഷം ചേലയും മുണ്ടുമാണ്. പുരുഷൻമാർ മുണ്ടും ഷർട്ടും ധരിക്കും. തങ്ങളുടെ സമുദായത്തെ അവരുടെ ഭാഷയിൽ വിശേഷിപ്പിക്കുന്നത് കുറുവാറ് എന്നാണ്. ജേന് കുറുവ എന്നും പറയാറുണ്ട്. ഇതിന്റെ മലയാള അർത്ഥം കുറുവാറ് എന്നാൽ കുടുംബനാഥൻ അല്ലെങ്കിൽ ഭർത്താവ് എന്നാണ്. ജേന് കുറുവ എന്നാൽ തേൻ എടുക്കുന്ന കുടുംബനാഥൻ എന്നാണ്. ഇവരുടെ വസസ്ഥലങ്ങളുള്ള ഭൂരിഭാഗം സെറ്റിൽമെന്റുകളും വനത്തിനുള്ളിലോ, വനാതിർത്തിയിലോ ആയാണ് സ്ഥിതി ചെയ്യുന്നത്. ഇതിനാലാവും കാടിന്റെ നാഥൻഎന്ന അർത്ഥത്തിൽ കാട്ടുനായ്ക്കൻ എന്ന് കാലന്തരത്തിൽ അറിയപ്പെടാൻ കാരണം വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന വയനാട്ടിലെ ഒരേ ഒരു ആദിവാസി സമുദായവും ഇവർതന്നെയാണ്.
കാടിനോട് കൂടുതൽ ഇഴുകിജീവിക്കുന്ന കാട്ടുനായ്‌ക്കർ കാട്ടിൽനിന്നുതേൻ ശേഖരിച്ചും നായാടിയും മറ്റുമാണ് ഉപജീവനം നടത്തുന്നത്. തേന്‍കൂടുള്ള മരം കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യുന്നത്. കണ്ടുപിടിച്ചാലതിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കണം. അതിന് ചില അലിഖിതമായ രീതികളുണ്ട്. മരത്തിന്റെ ചുറ്റുമുള്ള അടിക്കാട് തെളിക്കുകയാണ് ആദ്യം ചെയ്യുക. അവകാശത്തിനായി മരത്തിനു മുകളില്‍ ഒരിടത്ത് രണ്ടു പടികള്‍ സ്ഥാപിക്കുകയും ചെയ്യാറുണ്ട്. തേനെടുക്കാനുള്ള ദിവസം തീരുമാനിച്ച് ഒരുക്കങ്ങള്‍ നടത്തുകയാണ് പിന്നീട് ചെയ്യുക. നാലഞ്ചാളുകളുടെ കൂട്ടങ്ങളായിട്ടാണ് പുറപ്പെടുക. കാട്ടില്‍ നിന്നു തന്നെ മുളവെട്ടി വള്ളികള്‍ കൊണ്ട് കെട്ടിയ ഏണിയുണ്ടാക്കുന്നു. തേന്‍കൂടുള്ള മരങ്ങളുടെ ചുവട്ടില്‍ പൂജയും ചെയ്യാറുണ്ട്. തേങ്ങ, പഴം, വെല്ലം, മലര്, ചന്ദനത്തിരി തുടങ്ങിയവയാണ് സമീപകാലങ്ങളിലെ പൂജാസാമഗ്രികള്‍. അപകടമില്ലാതെ തേനധികം ലഭിക്കാനാണ് പൂജ ചെയ്യുന്നത്. തേന്‍കൂടില്‍ നിന്ന് മെഴുക് ശേഖരിക്കാനുള്ള പാത്രങ്ങള്‍ കരുതിയിട്ടുണ്ടാകും. ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും സാമഗ്രികളും കൂടി കരുതുന്ന രീതി ഇന്നുണ്ട്. പണ്ട് കാട്ടില്‍ നിന്നു തന്നെ പഴങ്ങളോ മറ്റു തരം കിഴങ്ങുകളോ ശേഖരിക്കാനാകുമായിരുന്നു. എടുക്കുന്നതില്‍ നിന്നുള്ള തേനിന്റെ ഒരു ഭാഗം പങ്കിട്ടു കഴിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് തേനെടുക്കുന്നത് വില്‍ക്കാനായതുകൊണ്ട് ഭക്ഷണം വേറെ കരുതുന്നത് നിര്‍ബന്ധമായിത്തീര്‍ന്നു. രാത്രിയിലാവും തേനെടുക്കാന്‍ മരത്തില്‍ കയറുക. തേനെടുക്കുമ്പോള്‍ ഈച്ചകള്‍ ആക്രമിക്കാതെ അകന്നു പോകാന്‍ ചൂട്ടിന്റെ പ്രയോഗമുണ്ട്. തീ ആളിക്കത്താതെ പുക സൃഷ്ടിക്കുന്ന രീതിയില്‍ ചൂട്ട് കത്തിക്കാനായി നേരത്തെ തന്നെ ഒക്കെ തയാറാക്കുന്നു. തീയാളിയാല്‍ തേനീച്ചകള്‍ അതിലാകര്‍ഷിക്കപ്പെട്ട് ചത്തു പോകാനിടയുണ്ട്. കാട്ടിലെ ചെടികളായ ജേനുകിഡും കൈരി കിഡുമാണ് അതിനുത്തമം. അവയുണക്കിയ രീതിയില്‍ ശേഖരിച്ചിട്ടുണ്ടാവും.
മുളയേണിയിലൂടെ ചൂട്ടും കയറുമായി രണ്ടുപേര്‍ മരത്തില്‍ കയറുന്നു. പണ്ട് വള്ളിയാണ് കയറിനായി ഉപയോഗിച്ചിരുന്നത്. ചൂട്ടില്ലാതെ തന്നെ തേനെടുക്കാനുള്ള വൈദഗ്ധ്യം പണ്ടുള്ളവര്‍ക്കുണ്ടായിരുന്നു. തേനീച്ച ആക്രമിക്കാതെ അവയെ കൈകാര്യം ചെയ്യാനുള്ള കാട്ടറിവ് ഇന്ന് ഇല്ലാതായിട്ടുണ്ട്. ഒരാള്‍ ചൂട്ടു കത്തിച്ച് തേന്‍കൂടിനു താഴെയായി വീശിക്കൊണ്ടിരിക്കും. തേനീച്ച മുഴുവന്‍ അവിടെ നിന്ന് മാറിപ്പോയാല്‍ രണ്ടാമന്‍ ഒരു മുളങ്കോലിന്റെ ചെത്തിയ ഭാഗം കൊണ്ട് തേനീച്ചക്കുഞ്ഞുങ്ങളുള്ള തേന്‍കൂടിന്റെ മൂടുഭാഗം മുറിച്ച് മാറ്റിവയ്ക്കുന്നു. പിന്നെ തേനടരുകള്‍ മുറിച്ച് പാത്രത്തില്‍ നിറച്ച് കയറുവഴി താഴെയെത്തിക്കുന്നു. ചൂട്ടും പാത്രവുമെല്ലാം കയറുവഴിയാണ് എത്തുന്നത്. പിന്നീട് മെഴുകു വേര്‍തിരിച്ച് തേന്‍ പിഴിഞ്ഞ് മുളങ്കുറ്റികളില്‍ അടച്ചു സൂക്ഷിക്കുന്നു. തേനില്‍ ചില പ്രത്യേക തരം ഇലച്ചാറുകള്‍ ചേര്‍ത്ത് ഔഷധഗുണമുണ്ടാക്കാറുണ്ടത്രേ. കരിമരുതിന്റെ ഇലയുടെ കുഴമ്പ് തേനില്‍ ചേര്‍ക്കാറുണ്ട്.
കാട്ടുനായ്ക്കര്‍ തേനെടുക്കുന്നത് രാത്രിയില്‍ തന്നെയാണ്. കിഴങ്ങുകള്‍ കഴിഞ്ഞാല്‍ അവരുടെ മുഖ്യാഹാരം തേനായിരുന്നു. നാലുതരം തേനുïെന്നാണ് അവര്‍ പറയുന്നത്. ഒരു വലിയ തേനും മൂന്നു ചെറിയ തേനും. തറയിലും പുരയിലുമാണ് കൊതുകുതേനുണ്ടാകുന്നത്. മരപ്പൊത്തുകളിലാണ് പുറ്റുതേനുണ്ടാകുന്നത്. കോലുകളില്‍ കോലുതേനുണ്ടാകുന്നു. ഇവ മൂന്നുമാണ് ചെറുതേന്‍. കൊച്ചുതേന്‍ കൊച്ചിടങ്ങളിലുണ്ടാകുന്നു. പൂവത്തി, കരിമരുത്, താന്നി എന്നിവ പൂക്കുമ്പോള്‍ തേനിന് കയ്പു രസം വരുന്നു. ഇവയുടെ പൂമ്പൊടികള്‍ തേനീച്ചകള്‍ വഴിയെത്തുന്നു. എത്ര വലിയ മരത്തിലും ആദിവാസികള്‍ അനായാസം കയറുന്നു. മരത്തില്‍ ഒരാള്‍മാത്രമായും കയറാറുണ്ട്. ബര എന്ന തേന്‍കൂട്ടില്‍ നിന്ന് തേനെടുത്താല്‍ വീണ്ടും അതേ കൂട്ടില്‍ത്തന്നെ തേനീച്ചകള്‍ തേന്‍ ശേഖരിക്കാറുണ്ട്. ഒരു മരത്തില്‍ പത്തിലധികം ബരകള്‍ ഉണ്ടാകാറുണ്ട്. ഒരു ബരയില്‍ നിന്ന് 30 ലിറ്റര്‍ വരെ തേന്‍ ലഭിക്കുന്നു.നീലഗിരിയിലെ കാട്ടുനായ്ക്കര്‍ തേനിന് ജേന്‍ എന്നാണ് പറയുക. കൊമ്പുതേന്‍ (വലിയ മരങ്ങളില്‍ നിന്നെടുക്കുന്ന തേന്‍), തുടെജേന്‍ (മരപൊത്തുകളില്‍ താഴേയ്ക്ക് പറ്റിപ്പിടിച്ചിരിക്കുന്നവ), നസര്‍ജേന്‍(കൊതുകുതേന്‍), കടിജേന്‍ (പൊന്തകളിലും കാപ്പിച്ചെടികളിലും കാണുന്നവ) എന്നിങ്ങനെ പലതരമാണിവര്‍ക്ക്. കൊമ്പുതേനാണ് വേനലില്‍ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂലായ് വരെയാണിവര്‍ക്ക് തേന്‍ സുലഭമായി ലഭിക്കുന്നത്
കുറ്യച്യരെയും പോലെ വിദഗ്ദരായ വേട്ടക്കാരല്ലെങ്കിലും പക്ഷി, മുയൽ, മറ്റു ചെറു ജന്തുക്കൾ എന്നിവയെ വേട്ടയാടാൻ ഇവർക്ക് അസാമാന്യ കഴിവുണ്ട്. അത്തിമരത്തിന്റെയും ചക്കമരത്തിന്റെയും കോളിമരത്തിന്റെയും പശ എടുത്ത് പ്രത്യോക അനുപാതത്തിൽ കൂട്ടിച്ചേർത്ത് അടുപ്പിൽ വേവിച്ച് ചെത്തിമിനുക്കിയ മുളയുടെ അരമീറ്ററോളം നീളമുള്ള കമ്പിൽ പശ തേച്ച് പിടിപ്പിച്ച് പക്ഷികൾ എത്താറുള്ള മരങ്ങളിൽ കുത്തിവെയ്ക്കും പഴം തിന്നാൻ വരുന്ന പക്ഷികൾ അവയുടെ ചിറകിൽ പശയുള്ള ഈ കമ്പ് ഒട്ടി പക്ഷികൾ പറക്കാൻ കഴിയാതെ നിലത്തുവാഴുമ്പോൾ അവയെ പിടിക്കും. മണ്ണ് ഉരുട്ടി ചെറിയ ഉണ്ടകളാക്കി വെയിലത്ത് ഉണക്കി എടുത്ത് രണ്ട് ഞാണുകൾ കെട്ടിയ വില്ലിൽ മധ്യഭാഗത്തായി മണ്ണ് ഉണ്ടവെയ്ക്കാൻ ഒരു വലയുണ്ടാക്കി ചെറിയ വില്ലിൽ പക്ഷികളെയും ചെറു മൃഗങ്ങളെയും എയ്തു പിടിക്കുവാനും അവർ സമർഥ്ഥരാണ്. വേട്ട നായ്ക്കളെ മെരുക്കുന്നതിന് ഇവർക്ക് പ്രത്യേകം കഴിവുതന്നെയുണ്ട്.
ഇവരുടെ ജീവിതശൈലിയും ആചാരാനുഷ്ഠാനങ്ങളും മറ്റ് ആദിവാസി ഗോത്രങ്ങളിൽ നിന്നും വിഭിന്നമാണ് കൂട്ടംകൂട്ടമായി ജീവിക്കുന്ന ഇവരുടെ ഭക്ഷണരീതിയിൽ ഇതേ കൂട്ടായ്‌മകാണാം. ഒരു ജനസമൂഹം എന്തുഭക്ഷണം കഴിക്കുന്നു എന്നത് ഏറിയകൂറും അവർക്ക് എന്തു ഭക്ഷണമാണ് എളുപ്പം ലഭ്യമായിട്ടുളളത് എന്നതിനെ ആശ്രയിച്ചിരിക്കും. ജീവിതരീതിയ്‌ക്കനുസരിച്ചാണ് ഭക്ഷണസമയവും ക്രമവും നിർണ്ണയിക്കപ്പെടുന്നത്. ഒരുസമൂഹം എങ്ങനെ ഭക്ഷണംകഴിക്കുന്നുവെന്നത് അവരുടെ സംസ്‌ക്കാരസവിശേഷതയെ തുറന്നുകാട്ടുന്നു. കാലാവസ്‌ഥയും ജനതയുടെ ജൈവപരമായ സവിശേഷതകളുമാണ് അവരുടെ രുചിസങ്കല്പത്തെ രൂപപ്പെടുത്തന്നത്.നെല്ല്, വാഴ, ഇഞ്ചി, കപ്പ എന്നിവയാണ് ഇവർ കൃഷി ചെയ്യുന്നത്. സ്വന്തമായി സ്‌ഥലമുളളവരിൽത്തന്നെ വളരെക്കുറച്ചുപേർ മാത്രമേ കൃഷിചെയ്‌ത് ജീവിക്കുന്നുളളൂ.തേനിനു പുറമെ വിറക്, മെഴുക്, കുറുന്തോട്ടി, പുത്തരിചുണ്ട വിവിധയിനം കൂണുകൾ, മുളയുടെ കൂമ്പ് കാട്ടുകിഴങ്ങുകളായ നാരക്കിഴങ്ങ്, നൂറക്കിഴങ്ങ്, വെണ്ണിക്കിഴങ്ങ്, നെല്ലിക്ക എന്നിവയെല്ലാമാണ് പ്രധാനമായും വനത്തിൽ നിന്നും ഇവർ ശേഖരിച്ച് വിവണിയിൽ വിൽക്കുന്നത്. അതിന്റെ തുച്ഛമായ വരുമാനത്തിലാണ് ഇവരിൽ ഏറിയ പങ്കും ജീവിക്കുന്നത്. തേന്‍ എവിടെക്കണ്ടാലും എടുക്കും. അതിന്റെ കുഞ്ഞുങ്ങളുള്ള അട തേനില്‍മുക്കിയും തീയില്‍ ചുട്ടും കഴിക്കും.
മറ്റുളളവരെല്ലാം കൂലിപ്പണി ചെയ്‌ത് ജീവിതം നയിക്കുന്നു. ഇവരുടെ പ്രധാന ഭക്ഷണം കാട്ടുകിഴങ്ങുകൾ, മാംസം, മുളയരിക്കഞ്ഞി, തേൻ ഇവയാണ്. പലതരത്തിലുളള ഇലകൾ മുളങ്കൂമ്പ് ഇവയുപയോഗിച്ച് കറികൾ ഉണ്ടാക്കുന്നു. തോട്ടങ്ങളിൽ പണിയില്ലാത്തസമയത്ത് ഇവർ കൂട്ടത്തോടെ കാട്ടിലേയ്‌ക്ക് കിഴങ്ങുകൾ ശേഖരിക്കാൻപോകുന്നു. മൊണ്ണി, നൂറ തുടങ്ങിയ കിഴങ്ങുകൾ ശേഖരിച്ച് തീയീൽ ചുട്ടും പുഴുങ്ങിയും ഭക്ഷിക്കുന്നു. കാട്ടുകുരുമുളക്, കാട്ടിൽനിന്നുശേഖരിക്കുന്ന പുളി ഇവയുപയോഗിച്ച് കൂട്ടാനോ ചമ്മന്തിയോ ഉണ്ടാക്കുന്നു.മുളയരിക്കഞ്ഞിയും പുട്ടും മുളയരികൊണ്ട് ഇവർ കഞ്ഞിയും പുട്ടും ഉണ്ടാക്കാറുണ്ട്. മുളപൂത്ത് അരിവയ്‌ക്കുന്ന കാലങ്ങളിൽ ഓരോ മുളങ്കൂട്ടത്തിന്റേയും ചുവട് അടിച്ചു വൃത്തിയാക്കിയിടുന്നു. മൂത്തുകഴിഞ്ഞ മുളയരികൊഴിഞ്ഞുവീഴുന്നത് അടിച്ചു വാരിയെടുത്ത് കുത്തി ഉമി കളഞ്ഞ് കഞ്ഞിയുണ്ടാക്കുന്നു. അരിനുറുക്ക് (മുളയരി) കുതിർത്ത് ആവിയിൽ വേവിച്ച് പുട്ടുണ്ടാക്കുന്നു. മാളങ്കുറ്റിയിൽ ഉണ്ടാക്കുന്ന മുളയരിപ്പുട്ടിന് പ്രത്യേക സ്വാദുണ്ടത്രേ.മുളങ്കൂമ്പ് ഉപ്പേരി മുളങ്കൂമ്പുകൊണ്ടുണ്ടാക്കുന്ന ഉപ്പേരി കാട്ടുനായ്‌ക്കരുടെ ഇഷ്‌ടഭോജ്യമാണ്. മാളങ്കൂമ്പ് വെട്ടിയെടുത്ത് ചെറുതായി അരിഞ്ഞ് അടുപ്പത്തുവച്ച് തിളപ്പിച്ച് ഊറ്റുന്നു. മാളങ്കൂമ്പിന്റെ ‘കട്ട് ’ കളയാനാണ് ഇപ്രകാരം തിളപ്പിച്ച് ഊറ്റുന്നത്. അതിനുശേഷം ചേരുവകൾ ചേർത്ത് പാകംചെയ്‌ത് ഉപ്പേരി ഉണ്ടാക്കുന്നു. കാട്ടുനായ്‌ക്കർ ഭക്ഷണം ശേഖരിക്കാൻ പോകുന്നത് കൂട്ടത്തോടെയാണ്. വട്ടം കൂടിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. വീട്ടിൽ മാത്രമല്ല, നായാട്ടിനോ ഭക്ഷണശേഖരത്തിനോ പോകുമ്പോഴും ഇതേ രീതിതന്നെയാണ്. ഭക്ഷണപദാർത്‌ഥങ്ങളുടെ ലഭ്യത ഭക്ഷണശീലത്തേയും ക്രമത്തേയും നിർണ്ണയിക്കുന്നു. വിശക്കുമ്പോൾ ലഭ്യമായ ഭക്ഷണം കഴിക്കുക, ഇല്ലെങ്കിൽ ഭക്ഷണം കിട്ടുന്നതുവരെ വിശപ്പ്‌സഹിച്ചിരുന്ന് ചെയ്യുന്ന ജോലിതീർക്കുക എന്നതാണ് കാട്ടുനായ്‌ക്കരുടെ ശീലം. കൃത്യസമയത്ത് ഇന്നയിന്ന ഭക്ഷണം എന്ന ക്രമമൊന്നും ഇവർക്കില്ല. ദാഹിക്കുമ്പോൾ കാട്ടിലാണെങ്കിൽ പുല്ലാഞ്ഞിയുടെ വളളി വെട്ടിയെടുത്ത് അതിൽനിന്നിറ്റു വീഴുന്നവെളളം കുടിച്ച് ദാഹംമാറ്റുന്നു. പോത്തിറച്ചി (കാട്ടുപോത്തിന്റെ) ഇവര്‍ കഴിക്കില്ല. കാട്ടുപോത്ത് ആനയുടെ എതിരാളി ആണെന്ന വിശ്വാസത്താല്‍, അതു കഴിച്ചാല്‍ ആന ഉപദ്രവിക്കും എന്ന ധാരണയുള്ളതുകൊണ്ടാണിത്.കറിയില്‍ പുളി ചേര്‍ക്കാന്‍ ഇവര്‍ ചെയ്യുന്നതെന്താണെന്നോ? വാളന്‍പുളിയ്ക്കു (മരപ്പുളി) പകരം കാട്ടുമാമ്പഴമാണ് ഉപയോഗിക്കുന്നത്. എങ്ങനെയെന്നോ? കാട്ടുമാമ്പഴം പിഴിഞ്ഞ് ഒരാഴ്ചയോളം തിളപ്പിച്ച്, വറ്റിച്ച് കല്‍ക്കമാക്കി (കുഴമ്പ് പരുവത്തില്‍) എടുക്കും. ഇത് ഒരു സ്പൂണ്‍ മതി പിന്നെ കറിക്കുള്ള പുളിക്ക്.ഞണ്ടിനെപ്പിടിച്ച് ഈ പുളിയൊഴിച്ച് ഉഗ്രന്‍ കറിവയ്ക്കും.തീര്‍ന്നില്ല ഇവരുടെ ഭക്ഷണരീതി. പൂവത്തിന്‍കായ്, പാണല്‍, തൊടലി, ചടച്ചി, ഞാവല്‍, നെല്ലിക്ക, താന്നിക്ക, പുതുങ്ങ, ഞൊട്ടാഞൊടിയന്‍, കാട്ടുകാന്താരി (മണിത്തക്കാളി), കാട്ടുതക്കാളി പിന്നെ, ചക്കേം മാങ്ങേം തുടങ്ങി എല്ലാ കായ്കളും ഫലങ്ങളും കഴിക്കുന്നു
ആശയത്തിന്റേയും വികാരത്തിന്റേയും വിനിമയോപാധികൂടിയാണ് ഭക്ഷണം. വിശേഷാവസരങ്ങളിൽ (തിരണ്ടുകല്യാണം, കാതുകുത്ത്, വിവാഹം, ഉൽസവങ്ങൾ, മരണാനന്തര ചടങ്ങുകൾ) വിശേഷ ഭക്ഷണങ്ങൾ ഉണ്ടാക്കി ബന്ധുക്കൾക്കും അയൽക്കാർക്കും കൊടുക്കുന്നു. ഇതിലൂടെ കുടുംബങ്ങൾ തമ്മിലും അയൽക്കാർ തമ്മിലും സ്നേഹബന്ധം സ്‌ഥാപിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു. അതിഥികളെ തേൻകൊടുത്ത് സ്വീകരിക്കുക ഇവരുടെ ഒരുരീതിയാണ്. പരിഷ്‌കൃതരായ മറ്റ് സമൂഹങ്ങളെപ്പോലെ ചായയും കാപ്പിയും സർവ്വസാധാരണമായി ഇവർ ഉപയോഗിക്കുന്നില്ല. പകരം കാപ്പിയിലയിട്ട് തിളപ്പിച്ച പാനീയം ഉപയോഗിക്കുന്നു. ഓണം, വിഷു, തുലാപ്പത്ത്, പുത്തരിയുണ്ണൽ എന്നിവ പ്രധാന ആഘോഷങ്ങളാണ്. ഓണത്തിന് സദ്യയുണ്ടാവും. തുലാപ്പത്തിന് നായാട്ടുനടത്തുന്നു. പന്നി, മുയൽ, കാട്ടുകുരങ്ങ് എന്നിവയെ നായാടിപിടിക്കുന്നു. വേട്ടയാടിക്കിട്ടിയത് ബന്ധുക്കൾക്കും അയൽക്കാർക്കും പങ്കുവയ്‌ക്കുന്നു. നായാട്ടിനുശേഷം രാത്രി ദൈവത്തിനുകൊടുക്കുന്ന ചടങ്ങുണ്ട്. ചോറ്, ചാരായം, വെറ്റില, അടയ്‌ക്ക, നായാടിക്കിട്ടിയ മാംസം ഇവയാണ് ദൈവത്തിനു നിവേദിക്കുക. എല്ലാ ഉൽസവാഘോഷവേളകളിലും ഈ ചടങ്ങ് പതിവുണ്ട്. വിളവെടുപ്പിന് ശേഷമുളള ആദ്യത്തെ സദ്യദൈവത്തിനുകൊടുക്കുന്ന ചടങ്ങാണ് പുത്തരിയുണ്ണൽ. ഇതിനുശേഷംമാത്രമേ പുതിയധാന്യങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കുപയോഗിക്കുകയുളളൂ.
ചില ഭക്ഷണപദാർത്‌ഥങ്ങൾ ചിലർക്ക് പ്രത്യേകാവസരങ്ങളിൽ വിലക്കപ്പെട്ടിരിക്കുന്നു. ആരോഗ്യസംബന്ധമായ തിരിച്ചറിവുകളോ പാരമ്പര്യവിശ്വാസങ്ങളോ ആകാം ഇതിന് കാരണം. മിക്ക ആദിവാസിവിഭാഗങ്ങളും വിശേഷിച്ച് കാട്ടുനായ്‌ക്കർ ഋതുമതികളാവുന്ന സമയത്ത് പെൺകുട്ടികൾക്ക് കൂടുതൽ എരിവുളള ഭക്ഷണപദാർത്‌ഥങ്ങൾ നൽകാറില്ല. ഗർഭിണികൾക്കും എരിവുളള ഭക്ഷണം വിലക്കപ്പെട്ടിരിക്കുന്നു. . വൈദ്യൻമാർ മന്ത്രവാദികൾ, കോമരങ്ങൾ എന്നിവർക്ക് മൽസ്യമാംസാദികൾ നിഷിദ്ധമാണ്. ദൈവികതയും പരിശുദ്ധിയും സംരക്ഷിക്കാനുളള മുൻകരുതലാവാം ഇതെല്ലാം.
ചടങ്ങുകളീല്‍ ഏറ്റവും പ്രധാനം പെൺകുട്ടി ഋതുമതിയായാൽ നടത്തുന്ന വയസ്സ് കല്ല്യാണമാണ്. ഇത് 7 ദിവസം മുതൽ ചിലപ്പോൾ മാസങ്ങളോളം നീണ്ടു നിൽക്കും. എന്നാൽ താലികെട്ട് കല്ല്യാണം ഇവരുടെ ഇടയിൽ വളരെ അപൂർവ്വമായി മാത്രമേ നടക്കാറുള്ളു താനും ഒരു പെൺകുട്ടി ഋതുമതിയായാൽ ആ പെൺകുട്ടിയെ സഹായത്തിനായി പ്രായംകുറഞ്ഞ മറ്റൊരു പെൺകുട്ടിയോടൊപ്പം വീടിനടുത്ത് ചെറിയ കൂടാരം ഒരുക്കി അതിലേയ്ക്ക് മാറ്റും ആ പെൺകുട്ടിക്കുവേണ്ട ഭക്ഷണവും മറ്റ് ആവശ്യ വസ്തുക്കളും സഹായി ആയ പെൺകുട്ടി എത്തിച്ചുകൊടുക്കണം. കല്യാണ മുഹൂർത്തം വരെ ഈ പെൺകുട്ടിയെ മറ്റാരും കാണാനോ മിണ്ടാനോ അനുവദിക്കില്ല. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്താൻ തയ്യാറായി അതിന് വേണ്ട ഒരുക്കങ്ങൾ നടത്തി എന്ന് കോളനിയുടെ അധികാരിയായ മൂപ്പനോട് പറയും. മൂപ്പൻ ഒരു ദിവസം നിശ്ചയിച്ച് വിവാഹദിവസം മറ്റ് പ്രായമായ ആൾക്കാരും ബന്ധുക്കളോടൊപ്പം കോളനിയിൽ എത്തും. തുടർന്നുള്ള ദൈവം കാണൽ ചടങ്ങിനുശേഷം ഋതുമതിയായ പെൺകുട്ടിയെ കുളിപ്പിച്ച് ശുദ്ധിയാക്കി മൂപ്പന്റെയും മറ്റ് മുതിർന്നവരു#െയും അനുഗ്രഹം വാങ്ങാൻ കൊണ്ടുവരും അപ്പോഴായിരിക്കും മാതാവും പിതാവും പുറമേ ഉള്ളവരുമടക്കം പെൻകുട്ടിയെ ആദ്യമായി കാണുന്നത്. അതുവരെ സഹായിയും പെൺകുട്ടിയും മാത്രമായിരിക്കും ആ കൂടാരത്തിൽ താമസിക്കുക. മൂപ്പന്റെയും പ്രായം ചെന്നവരുടെയും കാലുവണങ്ങി വെറ്റില അടയ്ക്ക വാങ്ങുന്നതോടെ വിവാഹം തുടങ്ങും. ഏതെങ്കിലും ചെറു മൃഗത്തിന്റെയോ കോഴിയുടെയോ മാംസം നിർബന്ധമായും ബന്ധു മിത്രാദികൾക്ക് നൽകിയിരിക്കണം.
ഭക്ഷണം കഴിഞ്ഞാൽ പിറ്റേ ദിവസം ഉച്ചവരെ ചെണ്ടയും കുഴലും ഊതി പരമ്പാരാഗത നൃത്ത ചുവടുകളും വെച്ച് എല്ലാവരും കല്ല്യാണം ആഘോഷിക്കും. അതിനു ശേഷം എല്ലാവരും പിരിഞ്ഞുപോകും. എന്നാൽ താലികെട്ട് കല്ല്യാണം ഇത്തരത്തിലല്ല. പെൺകുട്ടിക്കിഷ്ടപ്പെട്ട സ്വന്തം സമുദായത്തിലെ ഏതു ചെറുക്കനൊപ്പവും കുടുംബ ജീവിതം തുടങ്ങാം. ചെറുക്കനും പെണ്ണും ഇഷ്ടപ്പെട്ടാൽ ചെറുക്കൻ മാത്രം പെണ്ണിന്റെ കോളനിയിലെത്തി രണ്ടുമൂന്നു ദിവസം താമസിക്കും അതോടെ അവർ ഭാര്യാഭർത്താക്കൻമാരായി ജീവിതം തുടങ്ങും. ഭാര്യയ്‌ക്കോ, ഭർത്താവിനോ പിരിഞ്ഞുപോകുന്നതിനോ, മറ്റൊരു വിവാഹം കഴിക്കുന്നതിനോ യാതൊരു വിലക്കും ഈ സമുദായത്തിലില്ല. ഇഷ്ടമുള്ളപ്പോൾ ബന്ധം പിരിയും അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കും. ഇവിരിൽ ഒരു വ്യക്തി മരിച്ചാലും ചടങ്ങുകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്. മരിച്ച വ്യക്തിയെ അടക്കം ചെയ്യണമെങ്കിൽ ആ കോളനിയുടെ അധികാരിയായ മൂപ്പനുള്ള കോളനിയിൽ അത്തി മൂപ്പനെ കൊണ്ടുവന്ന് ഒരു തൂമ്പ മണ്ണു വെട്ടി അടക്കം ചെയ്യാൻ ആവശ്യമായ സ്ഥലം ഗോത്രദൈവങ്ങളെ പ്രാർത്ഥിച്ച് മൂപ്പൻ സ്വന്തം കാലടിയിൽ അളന്നുകൊടുത്താൽ മാത്രമേ കുഴിപ്പണി തുടങ്ങാൻ സാധിക്കുകയുള്ളൂ. മരിച്ച വ്യക്തി ഉപയോഗിച്ച സാധനങ്ങൾ മുഴുവൻ മൃതദേഹത്തോടൊപ്പം അടക്കം ചെയ്യും. അതിനുശേഷം കുഴിമൂടി കൊട്ടമരത്തിന്റെ മുള്ളുവെയ്ക്കും അതിനുശേഷം കുഴിമാടത്തിൽ ഒരു പാത്രത്തിൽ വെള്ളവും ഒരു ഇലയിൽ വയലിൽ നിന്നു പിടിച്ച ഞണ്ടും വെക്കും ഇത് പരേതാത്മാവിന് മോക്ഷം ലഭിക്കുന്നതുവരെ കഴിക്കാനുള്ള ഭക്ഷണമെന്നാണ് വിശ്വാസം. കുഴിമാടത്തിൽ വെച്ച വെള്ളവും ഞണ്ടും തീരുമ്പോൾ ആ ആത്മാവിന് മോക്ഷം കിട്ടിയെന്നു വിശ്വസിക്കുന്നു.